ലോക സി ഒ പി ഡി ദിനം നവംബര്‍ - 18

ശ്വാസംമുട്ടലും വിട്ടുമാറാത്ത ചുമയും പ്രായത്തിന്റെ സ്വാഭാവിക ലക്ഷണങ്ങളായി കണ്ട് അവഗണിക്കുന്നവരിൽ പലരും തിരിച്ചറിയാതെ പോകുന്ന ഗുരുതരമായ ശ്വാസകോശ രോഗമാണ് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി.). രോഗലക്ഷണങ്ങൾ പ്രകടമായിട്ടും കൃത്യമായ രോഗനിർണയം നടക്കാതെ പോകുന്നത് രോഗത്തിന്റെ തീവ്രത വർധിപ്പിക്കാനും ജീവിതനിലവാരത്തെ ബാധിക്കാനും ഇടയാക്കുന്നു.
ഈ സാഹചര്യത്തിൽ, സി.ഒ.പി.ഡി.യുടെ നേരത്തെയുള്ള രോഗനിർണയത്തിന്റെയും ഫലപ്രദമായ ചികിത്സയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി 2026 നവംബർ 18-ന് ലോക സി.ഒ.പി.ഡി. ദിനം ആചരിക്കുന്നു. ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ക്രോണിക് ഒബ്സ്ട്രക്റ്റീവ് ലംഗ് ഡിസീസ് (GOLD) യുടെ നേതൃത്വത്തിൽ ആചരിക്കുന്ന ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം 'മെച്ചപ്പെട്ട ജീവിതത്തിനായി നേരത്തെയുള്ള രോഗനിർണയവും ചികിത്സയും' (Early Diagnosis and Management for a Better Life) എന്നതാണ്. പുകവലി മാത്രമല്ല, വായുമലിനീകരണം, വീടിനുള്ളിൽ പാചകത്തിനായി വിറക് ഉൾപ്പെടെയുള്ള ഖര ഇന്ധനങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുക, തൊഴിൽസംബന്ധമായ പൊടി, രാസവസ്തുക്കൾ എന്നിവയും രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണെന്ന സന്ദേശവും ഈ ദിനാചരണം മുന്നോട്ടുവയ്ക്കുന്നു.
ശ്വാസകോശ പ്രവർത്തന പരിശോധന അല്ലെങ്കിൽ സ്പൈറോമെട്രിയിലൂടെ ശ്വാസകോശാരോഗ്യം മാത്രമല്ല, നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പറ്റിയും അറിയാൻ കഴിയുന്നു. സിഒപിഡി ഉൾപ്പെടെയുള്ള മറ്റു ശ്വാസകോശ രോഗങ്ങളുടെ നേരത്തെയുള്ള രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും കൃത്യമായ ഇടവേളകളിലുള്ള സ്പൈറോമെട്രി പരിശോധന വഴിയൊരുക്കുന്നു. പുകയിലയുടെ ഉപയോഗം, വായുമലിനീകരണം, ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവ ഭാവിയിൽ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ ശീലങ്ങൾ പിന്നീട് ജീവിതത്തിൽ വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ മാത്രം ചികിത്സിച്ചാൽ പോരാ, ആസ്ത്മയും സി.ഒ.പി.ഡി.യും; കരുതൽവേണം
എന്താണ് COPD?
സിഒപിഡി (COPD- Chronic Obstructive Pulmonary Disease) ശ്വാസനാളങ്ങൾ അടഞ്ഞു പോവുകയും ശ്വാസകോശങ്ങളുടെ പ്രവർത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ്. സിഒപിഡിയുടെ പ്രധാന ലക്ഷണം ആയാസമുള്ള ജോലികൾ ചെയ്യുമ്പോൾ അനുഭവപ്പെടുന്ന കിതപ്പും ശ്വാസതടസ്സവുമാണ്. സിഒപിഡി പുരോഗമിക്കുമ്പോൾ, പതിവായി ചുമ, ശ്വാസതടസ്സം, എന്നിവ അനുഭവപ്പെടാം. ഇത് തീവ്രമാകുമ്പോൾ, ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുകയും ക്രമേണ ശ്വാസോച്ഛ്വാസം നിലയ്ക്കാനും സാദ്ധ്യതയുണ്ട്.
സിഒപിഡിയുടെ അപകട ഘടകങ്ങൾ
- പുകവലി
- വായു മലിനീകരണം
- ജനിതകം
- കുട്ടിക്കാലത്ത് ആവർത്തിച്ചുള്ള ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാവുക
- പ്രായം
സ്ഥായിയായി ശ്വാസനാളങ്ങളെ ബാധിക്കുന്ന ഈ രോഗം ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മരണകാരണമായ രോഗങ്ങളിൽ മൂന്നാമത്തെ സ്ഥാനത്താണ്.
90% സിഒപിഡി മരണങ്ങളും അവികസിത- വികസ്വര രാജ്യങ്ങളുലെ 70 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നത്. ലോകമെമ്പാടുമുള്ള അനാരോഗ്യത്തിന്റെ ഏഴാമത്തെ പ്രധാന കാരണമാണ് സിഒപിഡി. വികസിത രാജ്യങ്ങളിൽ 70% സിഒപിഡിയുടെ കാരണം പുകവലിയാണ്. അതേസമയം അവികസിത - വികസ്വര രാജ്യങ്ങളിൽ, 30-40% സിഒപിഡി കേസുകളാണ് പുകവലി മൂലം ഉണ്ടാകുന്നത്, അന്തരീക്ഷ മലിനീകരണവും പുകയടുപ്പിലെ പുകയുമാണ് മറ്റു കാരണങ്ങൾ.
പ്രതിരോധ മാർഗ്ഗങ്ങൾ എന്തെല്ലാം?
സിഒപിഡിയെക്കുറിച്ചുള്ള അറിവ് രോഗ പ്രതിരോധത്തിന് വഴിയൊരുക്കുന്നു. സിഒപിഡിയെ ചെറുക്കുന്നതിൽ അപകടസാധ്യതാ ഘടകങ്ങളുമായി സമ്പർക്കം പുലർത്തുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്.
ശ്വാസകോശത്തെ പരിപാലിക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ
- പുകവലി ഉപേക്ഷിക്കുക, അതോടൊപ്പം മറ്റൊരാൾ പുകവലിക്കുമ്പോൾ ആ പുക ശ്വസിക്കാതിരിക്കുക.
- വീട്ടിലെ പുകയടുപ്പിൽനിന്നു മാലിന്യം കത്തിക്കുമ്പോഴും ഉള്ള പുക ശ്വസിക്കുന്നത് ഒഴിവാക്കുക.
- വ്യായാമം ചെയ്യുന്നത് ശീലമാക്കുക, അതുവഴി നിങ്ങളുടെ ശ്വാസകോശ പ്രവർത്തനവും പൊതുവായ ആരോഗ്യവും മെച്ചപ്പെടുത്താനാകും.
- പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതാനായി സമികൃതാഹാരം ശീലമാക്കുക.
- ആസ്ത്മ, പ്രമേഹം, ഹൈപ്പർടെൻഷൻ തുടങ്ങിയ അസുഖങ്ങൾ നിയന്ത്രണ വിധേയമാക്കുക.
- സിഒപിഡിയെക്കുറിച്ച് അവബോധരാവുക.
- പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും പ്രകൃതിസൗഹൃദമായ ശീലങ്ങൾ പിന്തുടരാനും ഓരോരുത്തരും ശ്രദ്ധിക്കണം.
ചുരുക്കിപ്പറഞ്ഞാൽ, ലോക സിഒപിഡി ദിനം ഒരാളുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഈ ദിനം നമ്മെ പ്രചോദിപ്പിക്കുന്നു.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് പൾമമോളജിസ്റ്റ് ആണ് ലേഖിക.
Content Highlights: World COPD Day 2026 highlights the importance of early diagnosis and management of chronic obstructive pulmonary disease for improved quality of life.
Published: 18 Nov 2026, 04:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented