ആരോഗ്യ സൂചികകളിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളം ഇന്ന് മറ്റൊരു വലിയ വെല്ലുവിളിയുടെ നിഴലിലാണ്; അവയവങ്ങളെ നിശബ്ദമായി കാർന്നുതിന്നുന്ന വൃക്കരോഗങ്ങൾ. 'ക്രോണിക് കിഡ്നി ഡിസീസ്' അഥവാ സി.കെ.ഡി. ബാധിക്കുന്നവരുടെ എണ്ണം സമീപവർഷങ്ങളിൽ കേരളത്തിൽ വൻതോതിൽ വർദ്ധിച്ചുവരികയാണ്. ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ 'നിശബ്ദ കൊലയാളി' എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.

To advertise here,

രക്തത്തിലെ മാലിന്യങ്ങളും അധികമുള്ള ദ്രാവകങ്ങളും അരിച്ചെടുത്ത് മൂത്രത്തിലൂടെ പുറന്തള്ളുകയാണ് വൃക്കകളുടെ പ്രധാന ജോലി. എന്നാൽ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെ വൃക്കകളുടെ ഈ ശേഷി ക്രമേണ കുറഞ്ഞു വരുന്ന അവസ്ഥയെയാണ് ക്രോണിക് കിഡ്നി ഡിസീസ് എന്ന് വിളിക്കുന്നത്. രോഗം അഞ്ചാംഘട്ടത്തിൽ എത്തുമ്പോൾ വൃക്കകൾ പൂർണ്ണമായും പ്രവർത്തനരഹിതമാകുന്നു. ഈ ഘട്ടത്തിൽ ജീവൻ നിലനിർത്താൻ ഡയാലിസിസോ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയോ അനിവാര്യമായി വരുന്നു. കേരളത്തിലെ ഉയർന്ന ജീവിതനിലവാരവും മാറിയ ജീവിതശൈലിയും ഈ രോഗവ്യാപനത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്:

നിയന്ത്രണമില്ലാത്ത പ്രമേഹവും അമിത രക്തസമ്മർദ്ദവും

കേരളത്തിലെ കിഡ്നി രോഗികളിൽ ഭൂരിഭാഗത്തിനും രോഗമുണ്ടാകാൻ കാരണം പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമാണ്. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവും സമ്മർദ്ദവും വൃക്കകളിലെ സൂക്ഷ്മമായ രക്തക്കുഴലുകളെ നശിപ്പിക്കുന്നു.

മാറിയ ഭക്ഷണരീതികൾ

ഉപ്പും കൊഴുപ്പും കൂടിയ ഫാസ്റ്റ് ഫുഡ് സംസ്കാരം, കൃത്രിമ പാനീയങ്ങൾ, പുകവലി എന്നിവ വൃക്കകളുടെ ആയാസം വർധിപ്പിക്കുന്നു.

വേദനാസംഹാരികളുടെ അമിത ഉപയോഗം

ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങി കഴിക്കുന്ന പെയിൻ കില്ലറുകൾ വൃക്കകളെ നേരിട്ട് ബാധിക്കുന്ന വില്ലന്മാരാണ്.

പ്രായം ചെന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്

കേരളത്തിൽ ആയുർദൈർഘ്യം കൂടിയതിനാൽ പ്രായമായവരുടെ ജനസംഖ്യ കൂടുതലാണ്. പ്രായമാകുന്തോറും സ്വാഭാവികമായും വൃക്കകളുടെ പ്രവർത്തനശേഷി കുറയാൻ സാധ്യതയേറുന്നു.

പ്രധാന ലക്ഷണങ്ങൾ

തുടക്കത്തിൽ ലക്ഷണങ്ങൾ ഉണ്ടാകാറില്ലെങ്കിലും രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് താഴെ പറയുന്ന ലക്ഷണങ്ങൾ പ്രകടമാകാം:

  • മുഖത്തും കൈകാലുകളിലും ഉണ്ടാകുന്ന നീര് (പ്രത്യേകിച്ച് രാവിലെകളിൽ കണ്ണുകൾക്ക് താഴെ) അമിതമായ ക്ഷീണവും ശ്വാസംമുട്ടലും
  • മൂത്രത്തിന്റെ അളവിൽ വരുന്ന വ്യത്യാസം, മൂത്രത്തിൽ പത കാണപ്പെടുക
  • വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി
  • ത്വക്കിൽ ഉണ്ടാകുന്ന ചൊറിച്ചിലും വിളർച്ചയും .

പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവർ വർഷത്തിൽ ഒരിക്കലെങ്കിലും ലളിതമായ ഒരു മൂത്രപരിശോധനയും (Microalbuminuria), രക്തത്തിലെ ക്രിയാറ്റിനിൻ (Creatinine) പരിശോധനയും നടത്തുന്നത് വഴി രോഗം തുടക്കത്തിലേ കണ്ടെത്താനാകും

പ്രതിരോധ മാർഗ്ഗങ്ങൾ

ലളിതമായ ചില ജീവിതശൈലി മാറ്റങ്ങളിലൂടെ നമുക്ക് വൃക്കകളെ സംരക്ഷിക്കാം:

പ്രമേഹവും ബിപിയും നിയന്ത്രിക്കുക: ഇവയുള്ളവർ കൃത്യമായി മരുന്ന് കഴിക്കുകയും രക്തത്തിലെ അളവ് സാധാരണ നിലയിൽ നിലനിർത്തുകയും ചെയ്യുക.

വ്യായാമം ശീലമാക്കുക: ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കുകയോ മറ്റ് വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കും.

ആരോഗ്യകരമായ ഭക്ഷണം: ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ധാരാളം പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ആവശ്യത്തിന് വെള്ളം കുടിക്കുക: ശരീരത്തിന് ആവശ്യമുള്ള അത്രയും വെള്ളം (സാധാരണയായി 2-3 ലിറ്റർ) കുടിക്കുന്നത് വൃക്കകളുടെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കും. (എന്നാൽ നിലവിൽ കിഡ്നി രോഗമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വെള്ളത്തിന്റെ അളവ് നിജപ്പെടുത്തണം).

സ്വയംചികിത്സ ഒഴിവാക്കുക: ചെറിയ വേദനകൾക്ക് പോലും ഗുളികകൾ വാങ്ങി കഴിക്കുന്ന ശീലം പൂർണ്ണമായും ഉപേക്ഷിക്കുക.

കേരളത്തിലെ കുടുംബങ്ങളെ സാമ്പത്തികമായും മാനസികമായും തകർക്കുന്ന ഒന്നായി ഡയാലിസിസ് ചെലവുകൾ മാറിക്കൊണ്ടിരിക്കുകയാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഭേദം അത് വരാതെ സൂക്ഷിക്കുന്നതാണ്. കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും ബോധവൽക്കരണത്തിലൂടെയും മാത്രമേ കേരളത്തിന് ഈ നിശബ്ദ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കൂ.

 

(അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ആണ് ലേഖിക)