ഇന്ന് ലോക അനസ്തേഷ്യ ദിനമാണ്. 1846 ഒക്ടോബർ 16 ന് അമേരിക്കയിലെ ബോസ്റ്റണിലെ മസ്സാചുസ്സെറ്റ്സ് ജനറൽ ആശുപത്രിയുടെ ഡോമിനു കീഴിൽ ഡോ: വില്യം തോമസ് ഗ്രീൻ മോർട്ടൻ എന്ന ഡെന്റിസ്റ്റ്, ഗിൽബെർട് ആബട്ട് എന്ന വ്യക്തിയിൽ ഈതർ ( ഡൈഈതൈൽ ഈതർ ) അനസ്തേഷ്യ നൽകി, ഡോ.ജോൺ കോളിൻസ് വാറൻ എന്ന സർജൻ അദ്ദേഹത്തിന്റെ കഴുത്തിന്റെ പാർശ്വഭാഗത്തുണ്ടായിരുന്ന ഒരു ട്യൂമർ നീക്കം ചെയ്തു.

To advertise here,

ആധുനിക അനസ്തേഷ്യയുടെ ആവിർഭാവം ആയിരുന്നു അത്. അതിനു മുന്‍പും ശസ്ത്രക്രിയകൾ നടന്നിരുന്നു. പക്ഷെ അതൊക്കെ രോഗിയെ ബന്ധനസ്ഥനാക്കി വേദനാശമനികൾ ഒന്നും നൽകാതെ അതിക്രൂരമായാണ് ചെയ്തുപോന്നത്. 

ആധുനിക അനസ്തേഷ്യയുടെ ആവിർഭാവത്തോടെ  ശസ്ത്രക്രിയകൾ വേദനാരഹിതമായി എന്നുമാത്രമല്ല സുരക്ഷിതമാവുകയും ചെയ്തു. രോഗത്തിന്റെ വേദനയും ശസ്ത്രക്രിയയുടെ സങ്കീർണതയും ആകുലതകളും ഭയപ്പാടുമെല്ലാം ലഘൂകരിച്ചുകൊണ്ട് രോഗിയെ ശാന്തമാക്കി ഉറക്കി
അബോധാവസ്ഥയിലാക്കി ശസ്ത്രക്രിയാവിദഗ്ധന്  അതിസങ്കീർണ്ണമായ ശത്രക്രിയ ചെയ്യാൻ സാഹചര്യം ഒരുക്കുമ്പോഴും രോഗിയുടെ ശിരസ്സിന്റെ ഭാഗത്ത് അതീവ ജാഗ്രതയോടെ,  രോഗിയുടെ നാഡീ സ്പന്ദനങ്ങളെയും ശ്വാസഗതിയെയും രക്ത സമ്മർദത്തെയും രക്തത്തിലെ ഓക്സിജന്റെ  അളവും ഒക്കെ നിരീക്ഷിച്ചു കൊണ്ട് ഒരു അനസ്തേഷ്യ വിദഗ്ധൻ  നിലയുറപ്പിച്ചിട്ടുണ്ടാവും

അവരുടെ സാന്നിധ്യമാണ് സർജനുപോലും ഏതു സങ്കീർണ്ണമായ ശസ്ത്രക്രിയയും നടത്താനുള്ള  ആത്മവിശ്വാസം നൽകുന്നത്. ഓരോ രോഗിയും ഓപ്പറേഷൻ മേശയിൽ ശാന്തമായി ഉറങ്ങുമ്പോഴും ഓരോ അനസ്തേഷ്യ വിദഗ്ദ്ധനും മനസ്സിൽ ഉരുവിടുന്ന ഒരു മന്ത്രമുണ്ട്. " നീ ശാന്തമായി ഉറങ്ങുക   ഞാൻ കാവലാളാകാം."

അനസ്തേഷ്യ വിഭാഗത്തിന്റെ സേവനം ഇന്ന് ശസ്ത്രക്രിയ മുറിയുടെ നാലു ചുവരുകള്‍ക്കിടയിൽ ഒതുങുന്നതല്ല. തീവ്രപരിചരണ മേഖലയിലേക്കും, വേദനാശമന രംഗത്തും സാന്ത്വന പരിചരണ മേഖലയിലേക്കും വ്യാപിച്ചു കിടക്കുന്നു. ഈ വർഷത്തെ ( 2023 ) ലോക അനസ്തേഷ്യ ദിനത്തിന്റെ ആപ്ത വാക്യം തന്നെ " അനസ്തേഷ്യയും കാൻസർ പരിചരണവും " എന്നതാണ്.

കാൻസർ പരിചരണത്തിൽ പ്രത്യേകിച്ച് അർബുദ സംബന്ധിയായിട്ടുള്ള വേദന ശമിപ്പിക്കുന്നതിലും അർബുദം മാരകമായി ചികിൽസിച്ചു ഭേദമാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ സാന്ത്വന പരിചരണത്തിനായും അനസ്തേഷ്യ വിദ​ഗ്ധരുടെ സേവനം ലഭ്യമാണ്.

വൈദ്യശാസ്ത്ര രംഗത്തെ വിശേഷിച്ച് ഔഷധ നിർമാണ രംഗത്തെ സാങ്കേതികവളർച്ചയും ആധുനികവൽക്കരണവും ബയോമെഡിക്കൽ രംഗത്തെ വികാസവും അനസ്തേഷ്യ മേഖലയിൽ സുരക്ഷിതമായി ഒരു രോഗിയെ മയക്കുന്നതിനും ബോധം വീണ്ടെടുക്കുന്നതിനും ഉതകുന്ന വിധത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. മനുഷ്യ ശരീരത്തിൽ അതിവേഗം പ്രവർത്തിക്കുകയും എന്നാൽ ഹ്രസ്വകാല പ്രവർത്തനം മാത്രമുള്ളതുമായ ഒട്ടനവധി ഔഷധങ്ങളും ബയോമെഡിക്കൽ ഉപകരണങ്ങളും  ഇന്ന് അനസ്തേഷ്യ വളരെ ആയാസരഹിതവും സുരക്ഷിതവും ആക്കി മാറ്റിയിട്ടുണ്ട് 

(ആലപ്പുഴ പ്രൊവിഡൻസ് ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറ് അനസ്തീസിയോളോജിസ്റ്റ് ആണ് ലേഖകൻ)