നിരവധി ആരാധകരുള്ള ഓസ്ട്രേലിയൻ അഭിനേതാവാണ് ഹ്യൂ ജാക്മാൻ. ബേസൽ സെൽ കാർസിനോമ എന്ന ചർമത്തെ ബാധിക്കുന്ന കാൻസറിനെക്കുറിച്ച് കഴിഞ്ഞ ദിവസം ജാക്മാൻ പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിസിസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ രോഗസ്ഥിരീകരണത്തിനായുള്ള ബയോപ്സി കഴിഞ്ഞതിനുശേഷമുള്ള വീഡിയോ ആണ് ജാക്മാൻ പങ്കുവെച്ചിരുന്നത്. മൂക്കിൽ ബാൻഡേജ് ചുറ്റിയിരിക്കുന്ന ജാക്മാൻ രോഗത്തെക്കുറിച്ചും സൺസ്ക്രീൻ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇരുപത്തിയഞ്ചു വർഷം മുമ്പ് നടന്നിട്ടുള്ള കാര്യങ്ങളാണ് ഇപ്പോൾ ഈ രൂപത്തിൽ പുറത്തുവരുന്നതെന്നും വെയിലത്ത് ഇറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കാൻ മറക്കരുത് എന്നും പറയുകയാണ് ജാക്മാൻ. പിന്നീട് ബയോപ്സി ഫലം നെഗറ്റീവായെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് നടൻ. അതിലും സൺസ്ക്രീൻ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം കുറിക്കുകയുണ്ടായി. 2013ലാണ് ആദ്യമായി ജാക്മാന് സ്കിൻ കാൻസർ സ്ഥിരീകരിക്കുന്നത്.
എന്താണ് ബേസൽ സെൽ കാർസിനോമ?
ചർമത്തെ ബാധിക്കുന്ന കാൻസറാണിത്. ചർമത്തിലെ പഴയ കോശങ്ങൾ നശിക്കുന്ന മുറയ്ക്ക് പുതിയവ ഉത്പാദിപ്പിക്കുന്ന ഒരുതരം കോശമാണ് ബേസൽ സെൽ. ചർമത്തിൽ ചെറിയൊരു വീക്കമായാണ് പലപ്പോഴും ഇവ പ്രത്യക്ഷപ്പെടുക. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന തല, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് ബേസൽ സെൽ കാർസിനോമ കൂടുതലും ബാധിക്കുക. അൾട്രാവയലറ്റ് റേഡിയേഷന് ഏറെനേരം വിധേയമാകുന്നതു വഴിയാണ് രോഗസാധ്യത വർധിക്കുന്നത്. ചർമത്തിലെ ബേസൽ സെല്ലുകളുടെ ഡിഎൻഎയിൽ വ്യതിയാനം സംഭവിക്കുന്നതാണ് കാൻസറിലേക്ക് വഴിവെക്കുന്നത്.
ലക്ഷണങ്ങൾ
ചർമത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ നിന്ന് രോഗലക്ഷണങ്ങൾ പ്രകടമാകും. ചർമത്തിലെ വീക്കമോ ഏറെ നാളായിട്ടും ഉണങ്ങാത്ത മുറിവോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. പിങ്ക് നിറത്തിലോ പേളീ വൈറ്റ് നിറത്തിലോ ആവും വീക്കം പ്രകടമാവുക. ഇരുണ്ട ചർമക്കാരിൽ ബ്രൗൺ നിറത്തിലോ ഗ്ലോസി ബ്ലാക്ക് നിറത്തിലോ ആയിരിക്കും. വീക്കത്തിൽ നിന്ന് ചിലപ്പോൾ രക്തസ്രാവവും കണ്ടേക്കാം. കറുപ്പ്, ബ്രൗൺ, നീല നിറങ്ങളിലുള്ള ക്ഷതത്തിന്റെ പാടുകൾ തുടങ്ങിയവയൊക്കെ ശ്രദ്ധിക്കേണ്ടതാണ്.
അപകടസാധ്യതകൾ
ഏറെ നേരം വെയിൽ ഏൽക്കുന്നത് രോഗസാധ്യത വർധിപ്പിക്കും. വെളുത്ത ചർമക്കാരിൽ ഈ കാൻസറിനുള്ള സാധ്യത കൂടുതലാണ്. നേരത്തേ ബേസൽ സെൽ കാർസിനോമ വന്നവരിൽ വീണ്ടും വരാനുള്ള സാധ്യതയുണ്ട്. കുടുംബാംഗങ്ങൾക്ക് ചർമത്തിൽ കാൻസർ ഉണ്ടെങ്കിലും ബേസൽ സെൽ കാൻസർ വരാനിടയുണ്ട്. രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്ന വിധത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരിലും ഈ കാൻസർ സാധ്യതയുണ്ട്. ആർസെനിക് എന്ന കെമിക്കലുമായി ഇടപഴകുന്നവരിലും രോഗസാധ്യതയുണ്ട്. ഒപ്പം അപൂർവമായ ചില ജനിതകരോഗങ്ങളും ബേസൽ സെൽ കാർസിനോമ സാധ്യത കൂട്ടുന്നു.
രോഗം ചികിത്സിച്ചു ഭേദമാക്കിയാലും ഇടയ്ക്കിടെ വരാനിടയുണ്ട് എന്നതും ഒരിക്കൽ ബേസൽ സെൽ കാർസിനോമ വന്നുകഴിഞ്ഞാൽ squamous cell carcinoma പോലുള്ള മറ്റ് ചർമത്തെ ബാധിക്കുന്ന കാൻസറുകൾക്ക് സാധ്യതയുണ്ട് എന്നതും വെല്ലുവിളിയാണ്. വളരെ അപൂർവമായി ബേസൽ സെൽ കാൻസർ എല്ലുകൾ, ശ്വാസകോശം തുടങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാറുണ്ട്.
പ്രതിരോധം
- കടുത്ത വെയിൽ ഏൽക്കാൻ ഇടയുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക. ജോലിസമയം അതിനനുസരിച്ച് ക്രമീകരിക്കാൻ ശ്രമിക്കുക.
- പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ക്രീം തേക്കുന്നത് ശീലമാക്കുക. SPF30 എങ്കിലും ഉള്ള സൺസ്ക്രീനുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഓരോ രണ്ടുമണിക്കൂറിനിടയിലും അവ പുരട്ടാൻ ശ്രദ്ധിക്കുക.
- അമിത വെയിൽ ഏൽക്കാതിരിക്കാൻ തിരഞ്ഞെടുക്കുന്ന വസ്ത്രത്തിലും ശ്രദ്ധ വേണം. കൈകാലുകളും മറ്റും മറഞ്ഞിരിക്കും വിധത്തിൽ അമിത സൂര്യപ്രകാശം ഏൽക്കാത്ത വിധം വസ്ത്രമാണ് ധരിക്കേണ്ടത്.
- ചർമത്തിൽ അസ്വാഭാവികമായ ലക്ഷണങ്ങളും മാറ്റങ്ങളും കണ്ടാലുടൻ വിദഗ്ധ ഉപദേശം തേടുക.
Content Highlights: What is basal cell carcinoma, the skin cancer Hugh Jackman got screened for
Published: 06 Apr 2023, 01:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented