അടുത്തിടേയാണ് WWE താരവും നടനുമായ ജോൺ സീന തനിക്ക് ചർമാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. പീപ്പിൾ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് ജോൺ സീന തുറന്നുപറച്ചിൽ നടത്തിയത്. ഇപ്പോഴിതാ സൺസ്ക്രീൻ ഉപയോ​ഗം ചർമാർബുദത്തെ പ്രതിരോധിക്കുന്നതിൽ എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജോൺ സീന. 

To advertise here,

ചർമാർബുദം സ്ഥിരീകരിച്ചതോടെ തനിക്ക് സൺ സ്ക്രീനുകളുടെ ഉപയോ​ഗത്തേക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്നാണ് ജോൺ സീന പറയുന്നത്. താൻ ജീവിതത്തിലൊരിക്കലും സൺ സ്ക്രീൻ ഉപയോ​ഗിച്ചിരുന്നില്ല. സാധാരണ ചെയ്യാറുള്ള ചെക്കപ്പിനിടെ ഡെർമറ്റോളജിസ്റ്റാണ് അസ്വാഭാവികത കണ്ട് വിദ​ഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചത്. നെഞ്ചിലെ കാൻസറസായ അടയാളം ഉടനടി നീക്കം ചെയ്യുകയും ചെയ്തു. ആ അനുഭവം ഒരു തിരിച്ചറിവായിരുന്നുവെന്നും ജോൺ സീന പറഞ്ഞു. 

ഒരുവർഷത്തിനുശേഷം വീണ്ടും വലത്തേ തോളിന്റെ ഭാ​ഗത്തുനിന്ന് മറ്റൊരു അടയാളം നീക്കം ചെയ്തുവെന്നും ജോൺ സീന പറയുന്നു. നെഞ്ചിലും തോൾഭാ​ഗത്തും വെള്ളനിറത്തിലുള്ള പോൾക ഡോട്ടിന്റെ രൂപത്തിലാണ് പ്രകടമായത്. WWE കണ്ടിട്ടുണ്ടെങ്കിൽ അതിൽ തീർച്ചയായും തന്റെ ശരീരത്തിലെ ഈ അടയാളങ്ങൾ കാണാനാകുമെന്നും ജോൺ സീന പറഞ്ഞു. 

ഡെർമറ്റോളജിസ്റ്റിന്റെ ഇടപെടലാണ് തന്നെ തുണച്ചതെന്നും ജോൺ സീന പറഞ്ഞു. താൻ ഒറ്റയ്ക്കല്ലെന്ന തോന്നൽ പകർന്നത് ആ ഡെർമറ്റോളജിസ്റ്റാണ്. ഇന്ന് താൻ സൺസ്ക്രീൻ പുരട്ടാതെ പുറത്തിറങ്ങാറില്ലെന്നും എല്ലാവരും അക്കാര്യം ​ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആരോ​ഗ്യകരമായ ശരീരത്തിന് വെയിൽ കൊള്ളുന്നത് അനിവാര്യമാണെങ്കിലും അമിതമാകുന്നത് ​ഗുണത്തേക്കാളേറെ ​ദോഷമാണ് വരുത്തിവെക്കുക. ചർമാർബുദ മരണങ്ങളിൽ മൂന്നിലൊന്നിനും പിന്നിൽ അമിതമായി വെയിൽ കൊള്ളുന്നതാണെന്ന് ലോകാരോ​ഗ്യസംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഏറെക്കാലം അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് ഡി.എൻ.എ. തകരാറുകൾക്ക് കാരണമാവുകയും മെലനോമ, മറ്റ് ചർമാർബുദങ്ങൾ തുടങ്ങിയവയുടെ സാധ്യത കൂട്ടുകയും ചെയ്യും.

അമിതമായ സൂര്യരശ്മികളിൽ നിന്ന് നമ്മുടെ ചർമത്തെ സംരക്ഷിക്കാൻ സഹായിക്കുന്നവയാണ് സൺസ്ക്രീനുകൾ. സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ മാത്രമല്ല ചർമാർബുദത്തെ പ്രതിരോധിക്കുന്നതിലും സൺസ്ക്രീനുകൾക്ക് പങ്കുണ്ട്. 

പുറത്തുപോകുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും സൺസ്ക്രീൻ പുരട്ടുന്നത് ​ഗുണംചെയ്യും. മുഖത്ത് മാത്രമല്ല, കഴുത്തിന്റെ പിന്‍ഭാഗം, കൈകാലുകള്‍ തുടങ്ങി സൂര്യപ്രകാശം തട്ടുന്ന മറ്റ് ഭാഗങ്ങളിലും സണ്‍സ്‌ക്രീന്‍ പുരട്ടണം. തുടര്‍ച്ചയായി വെയില്‍ കൊള്ളുന്നുണ്ടെങ്കില്‍, രണ്ടു മണിക്കൂര്‍ ഇടവിട്ടെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടാം.