
ചർമാർബുദത്തോടുള്ള പോരാട്ടത്തിന്റെ പേരിൽ ശ്രദ്ധേയയായ ഇരുപത്തിയാറുകാരിയാണ് ടെക്സാസിൽ നിന്നുള്ള അലോൻഡ്ര സിയേറ എന്ന ഇരുപത്തിയാറുകാരി. ടിക്ടോക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമത്തിലൂടെ കാൻസറിനേക്കുറിച്ച് അവബോധം പകർന്നിരുന്ന അലോൻഡ്രയുടെ ജീവിതം അവസാനിച്ചിരിക്കുകയാണ്. സ്റ്റേജ് 4 മെലനോമയോടുള്ള പോരാട്ടത്തിനൊടുവിൽ അലോൻഡ്ര മരിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ജൂലൈ പതിനേഴിനായിരുന്നു അലോൻഡ്രയുടെ അന്ത്യം. മരണത്തിനുമുമ്പും ചർമത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ അവഗണിക്കരുതെന്ന മുന്നറിയിപ്പു പങ്കുവെച്ചാണ് അലോൻഡ്ര പോയത്. കാൻസറിന്റെ കാര്യത്തിൽ നേരത്തേകണ്ടെത്തി ചികിത്സ തേടുന്നത് എത്രത്തോളം പ്രധാനമാണെന്നു പങ്കുവെക്കുകയായിരുന്നു അലോൻഡ്ര.
അലോൻഡ്രയ്ക്കു പത്തൊമ്പതു വയസ്സുള്ളപ്പോഴാണ് നെറ്റിയിൽ ഒരു കറുത്തപാട് ഉണ്ടായത് ശ്രദ്ധിക്കുന്നത്. ക്രമേണ അത് ഇളം നിറത്തിൽ നിന്ന് കടുത്ത നിറത്തിലേക്ക് മാറുകയും ചെയ്തു. ശേഷം ഏകദേശം മൂന്ന് വർഷത്തിനുശേഷമാണ് മെലനോമ സ്ഥിരീകരിച്ചതെന്നും അപ്പോഴേക്കും രോഗം വ്യാപിച്ചിരുന്നുവെന്നും അലോൻഡ്ര പറയുന്നു. നിരവധി ശസ്ത്രക്രിയകളും ഇമ്മ്യൂണോതെറാപ്പിയും റേഡിയേഷനുമൊക്കെ ചെയ്തെങ്കിലും രോഗമുക്തി നേടാനായില്ല.
മെലനോമ ശരീരമാകെ വ്യാപിച്ചുവെന്ന് 2024-ലാണ് അലോൻഡ്ര തുറന്നുപറഞ്ഞത്. തലയോട്ടി, നട്ടെല്ല്, പെൽവിസ്, വാരിയെല്ലുകൾ, പുറംഭാഗം, വയറ് എന്നീഭാഗങ്ങളിലെല്ലാം കാൻസർ വ്യാപിച്ചിരുന്നു. മസ്തിഷ്കത്തിലേക്കു വ്യാപിച്ച കാൻസറിനെ പിടിച്ചുകെട്ടാൻ റേഡിയേഷൻ തെറാപ്പിയും ആരംഭിച്ചെങ്കിലും ഫലംകണ്ടില്ല.
രോഗസ്ഥിരീകരണത്തിനു പിന്നാലെ തന്നെക്കൊണ്ടാവുംവിധം മെലനോമയേക്കുറിച്ച് അവബോധം പകരാൻ അലോൻഡ്ര ശ്രമിച്ചിരുന്നു. അമിതമായി വെയിലേൽക്കാതിരിക്കണമെന്നും ചർമം പതിവായി പരിശോധിക്കണമെന്നും നിരന്തരം പറഞ്ഞിരുന്നു. രോഗം നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിലെന്നും ലക്ഷണങ്ങൾ നിസ്സാരമാക്കാതിരുന്നെങ്കിലെന്നും അലോൻഡ്ര പങ്കുവെച്ചിരുന്നു.
ശരീരത്തിലുണ്ടാകുന്ന നിറത്തിലും വലിപ്പത്തിലും വ്യത്യാസമുണ്ടാകുന്ന പാടുകളെ ഒരിക്കലും അവഗണിക്കരുതെന്നും അലോൻഡ്ര പറഞ്ഞിട്ടുണ്ട്.
തലയോട്ടി മുതൽ ചെവികൾക്കു പിന്നിൽ വരെയും ശരീരത്തിന്റെ പുറംഭാഗത്തും സ്തനങ്ങളിലും പാദങ്ങളിലും ജനനേന്ദ്രിയങ്ങളിലുമൊക്കെ ഇത്തരം പാടുകളുണ്ടെങ്കിൽ ശ്രദ്ധിക്കണമെന്നും അലോൻഡ്ര പറഞ്ഞു.
സ്കിൻ കാൻസർ, ശ്രദ്ധിക്കേണ്ടത്
ആരോഗ്യകരമായ ശരീരത്തിന് വെയിൽ കൊള്ളുന്നത് അനിവാര്യമാണെങ്കിലും അമിതമാകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുക. ചർമാർബുദ മരണങ്ങളിൽ മൂന്നിലൊന്നിനും പിന്നിൽ അമിതമായി വെയിൽ കൊള്ളുന്നതാണെന്ന് ലോകാരോഗ്യസംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഏറെക്കാലം അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് ഡി.എൻ.എ. തകരാറുകൾക്ക് കാരണമാവുകയും മെലനോമ, മറ്റ് ചർമാർബുദങ്ങൾ തുടങ്ങിയവയുടെ സാധ്യത കൂട്ടുകയും ചെയ്യും.
അമിതമായ സൂര്യരശ്മികളിൽ നിന്ന് നമ്മുടെ ചർമത്തെ സംരക്ഷിക്കാൻ സഹായിക്കുന്നവയാണ് സൺസ്ക്രീനുകൾ. സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ മാത്രമല്ല ചർമാർബുദത്തെ പ്രതിരോധിക്കുന്നതിലും സൺസ്ക്രീനുകൾക്ക് പങ്കുണ്ട്.
പുറത്തുപോകുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും സൺസ്ക്രീൻ പുരട്ടുന്നത് ഗുണംചെയ്യും. മുഖത്ത് മാത്രമല്ല, കഴുത്തിന്റെ പിൻഭാഗം, കൈകാലുകൾ തുടങ്ങി സൂര്യപ്രകാശം തട്ടുന്ന മറ്റ് ഭാഗങ്ങളിലും സൺസ്‌ക്രീൻ പുരട്ടണം. തുടർച്ചയായി വെയിൽ കൊള്ളുന്നുണ്ടെങ്കിൽ, രണ്ടു മണിക്കൂർ ഇടവിട്ടെങ്കിലും സൺസ്‌ക്രീൻ പുരട്ടാം.
ലക്ഷണങ്ങൾ
ചർമത്തിലുണ്ടാകുന്ന പുതിയ മുഴയോ, പാടുകളോ
ചർമത്തിലെ ഉണങ്ങാത്ത വ്രണം
നിറവും വലിപ്പവും മാറുന്ന പാടുകളും മറുകുകളും
ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്ന മുഴ
Content Highlights: Alondra Sierra passed away at 26 following a battle with stage 4 melanoma., Early detection is critical; initial symptoms like changing moles were overlooked., Melanoma can spread rapidly to vital organs including the brain and spine., Sun protection through sunscreen and limiting UV exposure is essential for prevention
Published: 27 Jul 2026, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented