ചർമാർബുദത്തിനെതിരായ (skin cancer) പോരാട്ടത്തേക്കുറിച്ച് വീണ്ടും തുറന്നുപറഞ്ഞ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്ക്. മുഖത്ത് ശസ്ത്രക്രിയ ചെയ്തതിനേക്കുറിച്ചും രോ​ഗപ്രതിരോധത്തേക്കുറിച്ചുമാണ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ ക്ലാർക്ക് തുറന്നുപറഞ്ഞത്. നേരത്തേ രോ​ഗസ്ഥിരീകരണം നടത്തേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

To advertise here,

സ്കിൻ കാൻസർ എന്നത് യഥാർഥ്യമാണെന്നും മൂക്കിൽ നിന്ന് ഒന്നിനെ നീക്കംചെയ്തുവെന്നും ക്ലാർക്ക് കുറിച്ചു. ചർമത്തെ നിരീക്ഷിക്കണമെന്നും പ്രതിരോധം വൈകരുതെന്നും അദ്ദേഹം പറയുന്നു. നിരന്തരമായ ചെക്കപ്പും നേരത്തേ രോ​ഗം സ്ഥിരീകരിക്കലുമാണ് പ്രധാനമെന്നും അദ്ദേഹം കുറിക്കുന്നുണ്ട്.

ഇതാദ്യമായല്ല ക്ലാർക്ക് കാൻസർ പോരാട്ടത്തേക്കുറിച്ച് തുറന്നുപറയുന്നത്. 2006-ലാണ് ആദ്യമായി മൈക്കൽ ക്ലാർക്കിന് ചർമാർബുദം സ്ഥിരീകരിക്കുന്നത്. അവിടുന്നിങ്ങോട്ട് ആറു തവണ പല ഭാ​ഗങ്ങളിലായി ശസ്ത്രക്രിയ ചെയ്ത് കാൻസർ നീക്കം ചെയ്തിരുന്നു. 2023- ൽ നെറ്റിയിലും മുഖത്തും കാൻസർ നീക്കം ചെയ്യുകയും കഴിഞ്ഞ വർഷം നെഞ്ചിൽ നിന്ന് ബേസൽ സെർ കാർസിനോമ നീക്കം ചെയ്യാനുള്ള സർജറിയും ചെയ്തിരുന്നു. 2023-ൽ ഓസ്ട്രേലിയൻ സ്കിൻ കാൻസർ ഫൗണ്ടേഷനുമായി ചേർന്ന് രോ​ഗം സംബന്ധിച്ച അവബോധം പരത്താനുള്ള കാമ്പയിനുകളുടെ ഭാ​ഗമാവുകയും ചെയ്തിട്ടുണ്ട്.

ആ​ഗോളതലത്തിൽ ചർമാർബുദം സ്ഥിരീകരിക്കുന്ന രാജ്യങ്ങളിൽ മുന്നിലാണ് ഓസ്ട്രേലിയ. എഴുപത് വയസ്സ് പ്രായമാകുമ്പോഴേക്കും ഓസ്ട്രേലിയക്കാരിൽ മൂന്നിൽ രണ്ടുപേർക്ക് ഏതെങ്കിലും തരത്തിലുള്ള ചർമാർബുദം സ്ഥിരീകരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്. 

ഓസ്ട്രേലിയക്കുവേണ്ടി 115 ടെസ്റ്റും 245 ഏകദിനവും 34  ടി20യും കളിച്ചിട്ടുണ്ട് ക്ലാർക്ക്. 74 ടെസ്റ്റിലും 139 ഏകദിനത്തിലും ടീമിനെ നയിച്ചു. 2014-ൽ ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ, ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 

അടുത്തിടെ WWE താരവും നടനുമായ ജോൺ സീനയും തനിക്ക് ചർമാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു, സാധാരണ ചെയ്യാറുള്ള ചെക്കപ്പിനിടെ ഡെർമറ്റോളജിസ്റ്റാണ് അസ്വാഭാവികത കണ്ട് വിദ​ഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചത്. നെഞ്ചിലെ കാൻസറസായ അടയാളം ഉടനടി നീക്കം ചെയ്യുകയും ചെയ്തുവെന്നും ഒരുവർഷത്തിനുശേഷം വീണ്ടും വലത്തേ തോളിന്റെ ഭാ​ഗത്തുനിന്ന് മറ്റൊരു അടയാളം നീക്കം ചെയ്തുവെന്നും ജോൺ സീന പറഞ്ഞിരുന്നു. നെഞ്ചിലും തോൾഭാ​ഗത്തും വെള്ളനിറത്തിലുള്ള പോൾക ഡോട്ടിന്റെ രൂപത്തിലാണ് പ്രകടമായത്. WWE കണ്ടിട്ടുണ്ടെങ്കിൽ അതിൽ തീർച്ചയായും തന്റെ ശരീരത്തിലെ ഈ അടയാളങ്ങൾ കാണാനാകുമെന്നും ജോൺ സീന പറഞ്ഞിരുന്നു. 

സ്കിൻ കാൻസർ, ശ്രദ്ധിക്കേണ്ടത്

ആരോ​ഗ്യകരമായ ശരീരത്തിന് വെയിൽ കൊള്ളുന്നത് അനിവാര്യമാണെങ്കിലും അമിതമാകുന്നത് ​ഗുണത്തേക്കാളേറെ ​ദോഷമാണ് വരുത്തിവെക്കുക. ചർമാർബുദ മരണങ്ങളിൽ മൂന്നിലൊന്നിനും പിന്നിൽ അമിതമായി വെയിൽ കൊള്ളുന്നതാണെന്ന് ലോകാരോ​ഗ്യസംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഏറെക്കാലം അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് ഡി.എൻ.എ. തകരാറുകൾക്ക് കാരണമാവുകയും മെലനോമ, മറ്റ് ചർമാർബുദങ്ങൾ തുടങ്ങിയവയുടെ സാധ്യത കൂട്ടുകയും ചെയ്യും.

അമിതമായ സൂര്യരശ്മികളിൽ നിന്ന് നമ്മുടെ ചർമത്തെ സംരക്ഷിക്കാൻ സഹായിക്കുന്നവയാണ് സൺസ്ക്രീനുകൾ. സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ മാത്രമല്ല ചർമാർബുദത്തെ പ്രതിരോധിക്കുന്നതിലും സൺസ്ക്രീനുകൾക്ക് പങ്കുണ്ട്. 

പുറത്തുപോകുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും സൺസ്ക്രീൻ പുരട്ടുന്നത് ​ഗുണംചെയ്യും. മുഖത്ത് മാത്രമല്ല, കഴുത്തിന്റെ പിന്‍ഭാഗം, കൈകാലുകള്‍ തുടങ്ങി സൂര്യപ്രകാശം തട്ടുന്ന മറ്റ് ഭാഗങ്ങളിലും സണ്‍സ്‌ക്രീന്‍ പുരട്ടണം. തുടര്‍ച്ചയായി വെയില്‍ കൊള്ളുന്നുണ്ടെങ്കില്‍, രണ്ടു മണിക്കൂര്‍ ഇടവിട്ടെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടാം.