സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്. ആര്‍ത്തവചക്രത്തില്‍ വരുന്ന വ്യതിയാനങ്ങള്‍, മുഖക്കുരു രൂപപ്പെടുന്നത്, ശരീരഭാരം കൂടുന്നത്, മുടി കൊഴിയുന്നത്, ഇന്‍സുലിന്‍ പ്രതിരോധമുണ്ടാവുന്നത് എന്നിവയാണ് പിസിഒഎസിന്റെ ചില ലക്ഷണങ്ങള്‍. ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കിയെടുക്കുന്നതില്‍നിന്ന് ഇത് സ്ത്രീകളെ തടയുകയാണ്. ഒപ്പം മറ്റനേകം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഹോര്‍മോണുകളെ നിയന്ത്രിച്ചും ബാലന്‍സ് ചെയ്തും നിര്‍ത്തുക എന്നതാണ് പിസിഒഎസിനെ വരുതിയിലാക്കാനുള്ള ഏകമാര്‍ഗം. അതിനാല്‍, ആരോഗ്യകരമായ ജീവിതശൈലിയും രീതികളും ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കണം.

To advertise here,

പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ നിയന്ത്രണത്തിന് സഹായിക്കുന്ന ഏതാനും പൊടിക്കൈകള്‍ താഴെപ്പറയുന്നവയാണ്:

  • ആരോഗ്യകരമായ ജീവിതശൈലി ഉണ്ടാക്കിയെടുക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് പരമപ്രധാനമായ കാര്യം. സമീകൃതാഹാരമാണ് ഇതിനുള്ള പോംവഴി. സംസ്‌കരിച്ച ഭക്ഷണവും കൃത്രിമമായി ചേര്‍ക്കുന്ന പഞ്ചസാരയുള്ള ഭക്ഷണവുമടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പകരം, പഴങ്ങളും പച്ചക്കറികളും ലീന്‍ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണവും ശീലമാക്കുക. ഇത് ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കും. 
  • അമിതവണ്ണം കുറയ്ക്കുന്നതും ഇന്‍സുലിന്‍ ലെവല്‍ നിയന്ത്രിക്കുന്നതും ആര്‍ത്തവചക്രം ക്രമമാക്കും. നിരന്തരമായ വ്യായാമമാണ് മറ്റൊരു സംഗതി. ഇത് പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും. പിസിഒഎസ് ഉള്ള സ്ത്രീകള്‍ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതാണ് നല്ലത്.
  • മാനസിക ഉത്കണ്ഠതകളും വ്യാകുലതകളുമാണ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കുപിന്നിലെ പ്രധാന കാരണം. ഉത്കണ്ഠ കുറയ്ക്കാനായി മെഡിറ്റേഷന്‍, യോഗ, ഡീപ്പ് ബ്രീതിങ് എന്നീ വിദ്യകള്‍ പരീക്ഷിക്കുകയോ തെറപ്പി ചെയ്യുകയോ ചെയ്യാവുന്നതാണ്.
  • ഹോര്‍മോണുകളെ നിയന്ത്രിക്കാനായി സപ്ലിമെന്റുകള്‍ കഴിക്കുന്നതും നല്ല ഓപ്ഷനാണ്. ക്രോമിയം, മഗ്നീഷ്യം, ഒമേഗ-3 എന്നിവ നമ്മുടെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കൂട്ടുകയും ആര്‍ത്തവചക്രം ക്രമപ്പെടുത്തുകയും ചെയ്യും. പിസിഒഎസ് ഉള്ള സ്ത്രീകള്‍  മദ്യപിക്കുന്നതും പുകവലിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍ ഇത്തരം ശീലങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം.
  • പിസിഒഎസിന്റെ ലക്ഷണങ്ങളെ തടയുന്നതിന് മികച്ച മാര്‍ഗമാണ് ഹോര്‍മോണല്‍ ബര്‍ത്ത് കണ്‍ട്രോള്‍. ഇത് ആര്‍ത്തവചക്രം ക്രമപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് തങ്ങള്‍ക്ക് പറ്റിയ മാര്‍ഗമാണോ എന്ന് ഓരോരുത്തരും ഡോക്ടറോട് ചോദിച്ചതിനുശേഷം മാത്രമേ തീരുമാനിക്കാവൂ. 
  • പിസിഒഎസിന്റെ വളരെ സാധാരണമായ ലക്ഷണമാണ് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്. ഇത് മറ്റു ലക്ഷണങ്ങളേയും വഷളാക്കും. പൊണ്ണത്തടിയോടൊപ്പം ഹോര്‍മോണല്‍ അസന്തുലിതാവസ്ഥ കൂടിയാവുമ്പോള്‍ അത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സിലേക്ക് നയിക്കും. ഇതിനെ മരുന്നിലൂടെയോ മറ്റ് ജീവിതശൈലീമാര്‍ഗങ്ങലിലൂടെയോ തിരുത്തിയെടുക്കേണ്ടതുണ്ട്.
  • പിസിഒഎസ് ഉള്ളവര്‍ക്ക് ഫലപ്രദവും എളുപ്പവുമായ ഭക്ഷണക്രമവും വ്യായാമത്തിന്റെ പ്ലാനും ഉണ്ടാക്കിയെടുക്കാന്‍ ഒരു ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡറുമായി ഒന്നിച്ചാലോചിക്കുന്നത് നല്ലതാണ്. പിസിഒഎസ് ഉള്ള സത്രീകള്‍ക്ക് സമഗ്രമായ ഒരു ചികിത്സാരീതി വികസിപ്പിച്ചെടുക്കാനും ഇവര്‍ സഹായിക്കും.
  • ശരിയായ ഉറക്കം ലഭിക്കുക എന്നത് ഹോര്‍മോണ്‍ നിയന്ത്രണത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പിസിഒഎസ് ഉള്ള സ്ത്രീകള്‍ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങുന്നതാണ് ആരോഗ്യകരം. 

ധാരാളം ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞതാണ് പിസിഒഎസ് ഉള്ളവരുടെ ജീവിതം. എന്നാല്‍, ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയെ തരണം ചെയ്ത് ഹോര്‍മോണ്‍ ലെവല്‍ നിയന്ത്രിക്കാനായാല്‍, പിസിഒഎസിന്റെ ലക്ഷണങ്ങളെ നമുക്ക് നന്നായി നിയന്ത്രിച്ചുനിര്‍ത്താവുന്നതേയുള്ളൂ.