
ആർത്തവവിരാമം വന്നവരിൽ കൂടുതലായി കണ്ടുവരുന്ന രോഗാവസ്ഥയാണ് ഗർഭപാത്രത്തിന്റെ തള്ളൽ അഥവാ യൂട്ടറൈൻ പ്രൊലാപ്സ്. ഗർഭപാത്രം മാത്രമല്ല, ചിലപ്പോൾ മൂത്രസഞ്ചി, മലാശയം തുടങ്ങിയ അവയവങ്ങളും യോനിയിലേക്ക് തള്ളിയിറങ്ങാറുണ്ട്. ഈ അവയവങ്ങളെ ഇടുപ്പിൽ യഥാസ്ഥാനത്ത് ഉറപ്പിച്ചുനിർത്തുന്നത് ലിഗ്മെന്റുകളും പെൽവിക് പേശികളുമാണ്. ഈ ലിഗ്മെന്റുകൾക്കും പേശികൾക്കും ബലക്ഷയം ഉണ്ടായാൽ അവയ്ക്ക് ഈ അവയവങ്ങളെ താങ്ങിനിർത്താനുള്ള കഴിവ് നഷ്ടപ്പെടും. ഇതോടെ ഇടുപ്പിലെ അവയവങ്ങൾ പതുക്കെ യോനിയിലേക്ക് തള്ളിയിറങ്ങാൻ തുടങ്ങും. ഈ അവസ്ഥയെയാണ് പെൽവിക് ഓർഗൻ പ്രൊലാപ്സ് എന്ന് പറയുന്നത്.
ഈസ്ട്രജൻ കുറയുമ്പോൾ
ആർത്തവവിരാമത്തിനുശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നു. ഇത് ഗർഭപാത്രത്തെ താങ്ങിനിർത്തുന്ന പേശികളുടെ ബലം കുറയ്ക്കും. അതുകൊണ്ടാണ് ആർത്തവവിരാമത്തിനുശേഷം യൂട്ടറൈൻ പ്രൊലാപ്സ് കൂടുതലായി ഉണ്ടാകുന്നത്. എന്നാൽ ചിലരിൽ ജന്മനാതന്നെ ഗർഭപാത്രത്തെ താങ്ങിനിർത്തുന്ന പേശികളുടെ ബലക്കുറവ് ഉണ്ടാകാം. അങ്ങനെയുള്ളവരിൽ ഈ രോഗാവസ്ഥ സങ്കീർണമാകാൻ ഇടയുണ്ട്.
ആയാസകരവും ദൈർഘ്യമേറിയതുമായ പ്രസവം, പ്രസവസമയത്ത് ഗർഭാശയമുഖം പൂർണമായി വികസിക്കുന്നതിനുമുൻപ് ബലം കൊടുക്കാൻ ശ്രമിക്കുക എന്നിവ പെൽവിക് ഫ്ളോർ പേശികൾക്ക് ക്ഷതം സംഭവിക്കാൻ ഇടയാക്കും. ഇത് ഗർഭപാത്രത്തെ താങ്ങിനിർത്തുന്ന പേശികളുടെ ബലക്കുറവ് ഉണ്ടാകാനുള്ള കാരണമാണ്. എന്നാൽ ഇതുമൂലമുള്ള പ്രശ്നങ്ങൾ ആർത്തവവിരാമത്തിനുശേഷമാണ് പൂർണതോതിൽ കണ്ടുതുടങ്ങുക.
പ്രസവാനന്തരം മൂന്നുമാസത്തിന് മുമ്പ് ആയാസകരമായ പ്രവൃത്തികളിൽ ഏർപ്പെടുക, വിട്ടുമാറാത്ത ചുമ, തുമ്മൽ, മലബന്ധം, അമിതവണ്ണം (ബി.എം.ഐ. 30 ന് മുകളിൽ), സ്ഥിരമായി ഭാരമെടുക്കൽ എന്നിവയും ഈ അവസ്ഥയെ ഗൗരവമുള്ളതാക്കും. യൂട്ടറൈൻ പ്രൊലാപ്സ് ലൈംഗിക ജീവിതത്തെയും ബാധിക്കാം. ഗർഭപാത്രം തള്ളിവരുന്നത് യോനീമുഖത്ത് തടസ്സങ്ങളുണ്ടാക്കും. യോനിയിൽ വരൾച്ചയും ഉണ്ടാകാം.
ലക്ഷണങ്ങൾ
- യോനീഭാഗത്ത് എന്തോ താഴേക്കിറങ്ങി വരുന്നതുപോലെയോ തള്ളൽ അനുഭവപ്പെടുന്നതുപോലെയോ തോന്നുന്നു.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അറിയാതെ മൂത്രം പോവുക.
- ഇടയ്ക്കിടെ മൂത്രസഞ്ചിയിൽ അണുബാധയുണ്ടാകുക.
- മലശോധനയ്ക്ക് ബുദ്ധിമുട്ട്.
- നടുവേദന.
നാല് ഘട്ടങ്ങൾ
ഗർഭപാത്രം താഴേക്ക് തള്ളുന്നതിന് നാല് ഘട്ടങ്ങളുണ്ട്. ഗർഭപാത്രം യോനിയിലേക്ക് എത്രത്തോളം ഇറങ്ങിയിട്ടുണ്ടെന്നതിന് അനുസരിച്ചാണ് ഈ ഘട്ടങ്ങൾ തരംതിരിച്ചിരിക്കുന്നത്.
ആദ്യഘട്ടം: ഗർഭപാത്രം അതിന്റെ സ്ഥാനത്തുനിന്ന് ചെറിയ തോതിൽ ഇറങ്ങിയ അവസ്ഥ.
രണ്ടാംഘട്ടം: ഗർഭപാത്രം തള്ളിയിറങ്ങി യോനീമുഖത്ത് എത്തുന്നു.
മൂന്നാംഘട്ടം: ഗർഭപാത്രം യോനിയിലൂടെ ഭാഗികമായി പുറത്തേക്ക് വരുന്നു.
നാലാംഘട്ടം: ഗർഭപാത്രം പൂർണമായും യോനിയിലൂടെ പുറത്തേക്കുവരുന്നു
ചികിത്സ എന്തൊക്കെ?
യൂട്ടറൈൻ പ്രൊലാപ്സിന്റെ ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ഗൈനക്കോളജിസ്റ്റിനെ കണ്ട് വിശദമായ പരിശോധനകൾ നടത്തണം. പ്രായവും രോഗതീവ്രതയും കണക്കിലെടുത്താണ് ചികിത്സ നിശ്ചയിക്കുന്നത്.
ആദ്യം പെൽവിക് ഫ്ളോർ വ്യായാമങ്ങൾ
ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ ഉള്ളവർക്ക് പെൽവിക് ഫ്ളോർ വ്യായാമങ്ങൾ നിർദേശിക്കും. കീഗൽസ് വ്യായാമങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ വ്യായാമങ്ങൾ കൃത്യമായി ചെയ്യുന്നത് പെൽവിക് പേശികൾക്ക് ബലം നൽകുന്നു. എട്ടുതവണവീതമുള്ള മൂന്ന് സെറ്റ് ആയി ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ചെയ്യണം.
മൂത്രമൊഴിക്കുമ്പോൾ അത് ഇടയ്ക്കുവെച്ച് നിർത്താൻ ശ്രമിക്കുക. അപ്പോൾ പെൽവിക് ഫ്ളോർ പേശികൾ സങ്കോചിക്കുന്നത് അറിയാനാകും. മൂത്രമൊഴിക്കാത്ത സമയങ്ങളിലും ഈ വ്യായാമം ചെയ്യാം. ഇരുന്നോ കിടന്നോ ഇത് ചെയ്യാം. പെൽവിക് പേശികൾ മുകളിലേക്ക് വലിച്ചുപിടിക്കുന്നതുപോലെ ഏതാനും സെക്കൻഡുകൾ മുറുക്കിപ്പിടിക്കുക. തുടർന്ന് പൂർണമായും അയച്ചുവിടുക. ഇങ്ങനെയാണ് കീഗൽസ് വ്യായാമം ചെയ്യേണ്ടത്.
റിങ് വജൈനൽ പെസ്സറി ചികിത്സ
യോനിയിൽ നിക്ഷേപിക്കുന്ന സിലിക്കോൺ നിർമിത വളയമാണ് റിങ് പെസ്സറി. മറ്റുചില രോഗങ്ങൾമൂലം ശസ്ത്രക്രിയ താത്കാലികമായി മാറ്റിവയ്ക്കേണ്ട അവസ്ഥയുള്ളവർ, പ്രായാധിക്യം ഉള്ളവർ എന്നിവർക്ക് പെസ്സറി ചികിത്സ നൽകും. ഡോക്ടറുടെ സഹായത്തോടെയായിരിക്കണം റിങ് പെസ്സറി യോനിയിൽ നിക്ഷേപിക്കേണ്ടത്. തുടർന്ന് ഓരോ മൂന്നുമാസം കൂടുമ്പോഴും ഇത് മാറ്റിയിടണം.
ശസ്ത്രക്രിയ
യൂട്ടറൈൻ പ്രൊലാപ്സിന്റെ മൂന്ന്, നാല് ഘട്ടങ്ങൾ ശസ്ത്രക്രിയയിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കുകയുള്ളൂ. ഗർഭപാത്രം നീക്കം ചെയ്യാതെതന്നെ യൂട്ടറൈൻ പ്രൊലാപ്സ് ഭേദമാക്കാനുള്ള സ്ലിങ് സർജറികൾ ഇന്നുണ്ട്. പെൽവിക് ഫ്ളോർ പേശികൾക്ക് ബലം നൽകുന്ന ശസ്ത്രക്രിയകളാണിവ.
സാക്രോസ്പൈനസ് ഹിസ്റ്ററോപെക്സി: ഗർഭപാത്രത്തെ സാക്രോസ്പൈനസ് ലിഗ്മെന്റിലേക്ക് ഉറപ്പിക്കുന്ന ശസ്ത്രക്രിയയാണ് സാക്രോസ്പൈനസ് ഹിസ്റ്ററോപെക്സി (Sacrospinous Hysteropexy). ഈ ശസ്ത്രക്രിയയിൽ മെഷ് ഉപയോഗിക്കുന്നില്ല. ഇത് യോനിവഴിയാണ് ചെയ്യുന്നത്. ഇപ്പോൾ ഏറ്റവും കൂടുതലായി ചെയ്യുന്നത് ഈ രീതിയാണ്.
യൂട്ടെറോസാക്രൽ ലിഗ്മെന്റ് സസ്പെൻഷൻ: യൂട്ടെറോസാക്രൽ ലിഗ്മെന്റിന്റെ സഹായത്തോടെ തള്ളലുള്ള ഗർഭപാത്രത്തെ സംരക്ഷിക്കുന്ന ശസ്ത്രക്രിയാരീതിയാണ് യൂട്ടെറോസാക്രൽ ലിഗ്മെന്റ് സസ്പെൻഷൻ (Uterosacral Ligament Suspension) രീതി. ഇത് യോനിയിലൂടെയാണ് ചെയ്യുന്നത്.
സാക്രോഹിസ്റ്ററോപെക്സി: മെഷ് ഉപയോഗിച്ച് ഗർഭപാത്രത്തെ നട്ടെല്ലിന്റെ താഴത്തെ ഭാഗത്തുള്ള സാക്രം എന്ന അസ്ഥിയുമായി (Sacral Promontory) ബന്ധിപ്പിക്കുന്ന ശസ്ത്രക്രിയയാണ് സാക്രോഹിസ്റ്ററോപെക്സി. ഇത് ലാപ്രോസ്കോപ്പി ആയും ചെയ്യാം.
പെക്റ്റോപെക്സി: മെഷ് ഉപയോഗിച്ച് ഇടുപ്പിലെ പെക്റ്റീനിയൽ ലിഗ്മെന്റിൽ (Bilateral Pectineal Ligament) ഗർഭപാത്രത്തെ ഉറപ്പിക്കുന്ന ശസ്ത്രക്രിയയാണ് പെക്റ്റോപെക്സി (Pectopexy).
ഈ ചികിത്സകൾക്കുശേഷം ലൈംഗികജീവിതത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല.
യൂട്ടറൈൻ പ്രൊലാപ്സ് വരാതിരിക്കാൻ
- അമിതവണ്ണം കുറയ്ക്കണം. ഉയരത്തിനനുസരിച്ചുള്ള ഭാരം നിലനിർത്തണം.
- അമിതഭാരമെടുക്കരുത്.
- മലബന്ധം വരാതെ നോക്കണം. ഇതിനായി നാരുകൾ അടങ്ങിയ ഭക്ഷണം ശീലമാക്കാം.
- ധാരാളം വെള്ളം കുടിക്കുക.
ശക്തിയായ ചുമയോ തുമ്മലോ ഉണ്ടെങ്കിൽ അത് പരിഹരിക്കണം.
യോനീഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുന്ന കീഗൽസ്
വ്യായാമങ്ങൾ ശീലമാക്കണം.
കൊല്ലം കിൻഡർ വിമൻസ് ഹോസ്പിറ്റൽ & ഫെർട്ടിലിറ്റി സെന്ററിൽ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ലാപ്രോസ്കോപ്പിക് സർജനുമാണ് ലേഖിക.
Content Highlights: Uterine prolapse is common post-menopause. Learn about its causes, symptoms, and treatment options to manage this condition effectively.
Published: 27 Oct 2026, 12:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented