ദീർഘകാലമായി ശരീരത്തിന്റെ പല ഭാഗങ്ങളിലും വിട്ടുമാറാത്ത വേദന അനുഭവപ്പെടുക. ഡോക്ടർമാരെ മാറിമാറി കണ്ടിട്ടും നിരവധി രക്തപരിശോധനകൾ ചെയ്തിട്ടും രോഗസ്ഥിരീകരണം നടത്താൻ കഴിയാതാവുക. ഇത്തരത്തിൽ സങ്കീർണ്ണമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന, പലപ്പോഴും വൈകിമാത്രം തിരിച്ചറിയുന്ന രോഗാവസ്ഥയാണ് ഫൈബ്രോമയാൾജിയ. കേരളത്തിൽ 3 - 4% ആളുകളിൽ ഇത് കണ്ടുവരുന്നു. അതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം. തൊഴിലിടങ്ങളിൽ അമിത സമ്മർദം അനുഭവിക്കുന്നവരിൽ ഫൈബ്രോമയോൾജിയയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
ഫൈബ്രോമയാൾജിയ രോഗികളിൽ മറ്റുള്ളവരെ അപേക്ഷിച്ച് തൊഴിലിടങ്ങളിലെ ഉത്പാദനക്ഷമത കുറവായിരിക്കുകയും ചെയ്യും. കുടുംബത്തിലെയും തൊഴിലിടത്തിലെയും ഉത്തരവാദിത്തങ്ങൾ പൂർത്തീകരിക്കുന്നതിൽ വെല്ലുവിളി നേരിടുകയും ഇത് ബന്ധങ്ങളേയും മാനസികാരോഗ്യത്തേയും തകരാറിലാക്കുകയും ചെയ്യുന്നു.
ഫൈബ്രോമയാൾജിയ രോഗികൾക്ക് മതിയായ ഇടവേള നൽകുക, സൗകര്യപ്രദമായ ഷിഫ്റ്റുകൾ അനുവദിക്കുക തുടങ്ങി തൊഴിൽസ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. ദീർഘനേരം നിൽക്കുക, ആയാസമുള്ള ജോലികൾ, ഭാരം ചുമക്കുക തുടങ്ങിയവ ഫൈബ്രോമയാൾജിയ രോഗികളുടെ ലക്ഷണങ്ങൾ വീണ്ടും വർധിപ്പിക്കുകയാണ് ചെയ്യുക.
ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങൾ, രോഗനിർണയം, ചികിത്സാരീതി എന്നിവയെക്കുറിച്ച് റുമാറ്റോളജിസ്റ്റ് ഡോ. ഗ്ലാക്സൺ അലക്സ് പങ്കുവെക്കുന്നു.
ഫൈബ്രോമയാൾജിയയുടെ രോഗലക്ഷണങ്ങൾ എന്തൊക്കെ?
- ശരീരത്തിന്റെ ഒരു വശത്തോ ഒരു ഭാഗത്തോ തുടങ്ങി പിന്നീട് ദേഹമാസകലമുള്ള വേദനയായി കാലങ്ങളോളം നിൽക്കുന്നു (Wide spread body pain).
- ചില പേശികളിൽ തൊട്ടാൽ അതികഠിനമായ വേദനയായി രോഗികൾക്ക് അനുഭവപ്പെടാം (Trigger point).
- അകാരണമായ ക്ഷീണമാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷണം.
- ചിലർക്ക് ശരീരത്തിൽ കഴപ്പായോ, പുകച്ചിലായോ തരിപ്പായോ അനുഭവപ്പെടാം.
- അകാരണമായ വ്യാകുലത (Anxiety), വിഷാദം (Depression) എന്നിവയും ഭൂരിഭാഗം രോഗികളിലും കാണാറുണ്ട്.
- ഉറക്കക്കുറവ്, നന്നായി ഉറങ്ങിയാലും രാവിലെ ഉന്മേഷമില്ലായ്മ.
- ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ്, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ബുദ്ധിമുട്ട് (Cognitive Dysfunction).
ഫൈബ്രോമയാൾജിയ രോഗികളിൽ കണ്ടുവരുന്ന മറ്റു അനുബന്ധ രോഗങ്ങൾ
- ചെന്നിക്കുത്ത് (Migraine headache).
- 3ഉം 4ഉം തവണ വയറൊഴിയുക, മലബന്ധം (Irritable Bowel Syndrome - IBS).
- വേദനയോടു കൂടിയ ആർത്തവം.
- ദീർഘകാലം നിലനിൽക്കുന്ന അകാരണമായ ക്ഷീണം (Chronic Fatigue Syndrome).
ഇവയിൽ എല്ലാ ലക്ഷണങ്ങളും ഒരു രോഗിയിൽ ഉണ്ടാകണമെന്നില്ല.
എന്തുകൊണ്ടാണ് ഫൈബ്രോമയാൾജിയ ഉണ്ടാകുന്നത്?
ഇതിന് ഒരു വ്യക്തമായ കാരണം നിർവ്വചിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും തലച്ചോറിൽ നിന്നും വേദന നിയന്ത്രിക്കുന്ന ചില രാസപദാർത്ഥങ്ങളുടെ (Neuro chemicals) വ്യതിയാനങ്ങൾ ഈ രോഗികളിൽ കണ്ടുവരാറുണ്ട്. അതുപോലെ തന്നെ കേന്ദ്രനാഡീ വ്യവസ്ഥയുടെ വ്യതിയാനങ്ങളും പഠനങ്ങളിൽ വ്യക്തമാണ്.
ചിലർക്ക് മാനസികമോ ശാരീരികമോ ആയ ഒരു ആഘാതത്തിനു ശേഷം ഇത് കണ്ടു വരാറുണ്ട് (Post traumatic stress disorder). Osteo arthritis, Rheumatoid arthritis (ആമവാതം), SLE, Seronegative spindylo arthritis, Sjogren's syndrome തുടങ്ങിയ റുമറ്റിക് അസുഖങ്ങളുടെ അനുബന്ധമായി വളരെ സാധാരണമായി ഫൈബ്രോമയാൾജിയ കണ്ടു വരാറുണ്ട് (Secondary Fybromyalgia).
രോഗനിർണ്ണയം എങ്ങനെ?
പ്രമേഹമോ, അമിത രക്തസമ്മർദ്ദമോ പോലെ ഒന്നോ രണ്ടോ ടെസ്റ്റിൽ കണ്ടുപിടിക്കാൻ സാധിക്കുന്ന രോഗമല്ല. ഈ അനവധ്യങ്ങളായ രോഗലക്ഷണങ്ങൾ ഉള്ളതിനാൽ പല ഡോക്ടർമാരെയും കണ്ട് ഒട്ടുമിക്ക ബ്ലഡ് ടെസ്റ്റുകളും സ്കാനിംഗ് റിപ്പോർട്ടുകളുമായി ആയിരിക്കും ഫൈബ്രോമയാൾജിയ വരാറുള്ളത്. എല്ലാ ടെസ്റ്റുകളും ഇവരിൽ നോർമൽ ആയിരിക്കും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. അതിൽ പ്രധാനമായും ESR, CRP മുതലായ നീർക്കെട്ടിനെ കാണിക്കുന്ന ടെസ്റ്റുകൾ മിക്ക ഫൈബ്രോമയാൾജിയ രോഗികളിലും നോർമൽ ആയിരിക്കും.
ഫൈബ്രോമയാൾജിയ പോലെ തോന്നിപ്പിക്കുന്ന മറ്റു അസുഖങ്ങളായ വിറ്റമിൻ ഡി ഡെഫിഷ്യൻസി, ഓസ്റ്റിയോപോറോസിസ്, ഹൈപ്പോതൈറോയ്ഡിസം, Sjogren's syndrome മുതലായവ വേർതിരിച്ചറിയാൻ കാൽസ്യം, വിറ്റാമിൻ ഡി, ANA test, Thyroid test, Bone scan മുതലായവ ആവശ്യമായി വരാം. സ്കോറിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഫൈബ്രോമയാൾജിയ നിർണ്ണയിക്കുന്നത്. വ്യാപകമായ വേദന സൂചികയും രോഗ ലക്ഷണങ്ങളുടെ തീവ്രതയും അടിസ്ഥാനപ്പെടുത്തിയാണ് സ്കോറിംഗ് നിർണ്ണയിക്കുന്നത്. ഈ ലക്ഷണങ്ങൾ മൂന്നു മാസത്തിലധികം നീണ്ടു നിൽക്കുകയും വേണം.
ചികിത്സാ രീതികൾ
മരുന്നുകളും ഫിസിയോതെറാപ്പിയും സൈക്കോളജിക്കൽ തെറാപ്പിയും സമന്വയിപ്പിച്ച ചികിത്സാ രീതിയാണ് ഫൈബ്രോമയാൾജിയക്ക് പ്രധാനമായും നിർദ്ദേശിക്കുന്നത്. ഒരു റുമറ്റോളജിസ്റ്റിന്റെ നേതൃത്വത്തിൽ ദൈനംദിന ജീവിതം സുഖകരമാക്കാൻ സാധിക്കുന്ന രീതിയിലേക്ക് രോഗിയെ മാറ്റിയെടുക്കാൻ ഇന്ന് സാധ്യമാണ്. അടുത്തതായി ജീവിതശൈലിയിലെ മാറ്റങ്ങളാണ് പ്രധാനം. കൃത്യസമയത്തെ ഉറക്കം, ദിവസേനയുള്ള വ്യായാമം എന്നിവ ശീലമാക്കുക. മാനസിക സമ്മർദ്ദം കുറയ്ക്കുക, അധിക അളവിലുള്ള കാർബോഹൈഡ്രേറ്റ്, ചുവന്ന മാംസം, കൃത്രിമ മധുരങ്ങൾ (Artificial sweetners), അമിതമായ ഉപ്പിന്റെ ഉപയോഗം മുതലായവ എന്നിവ പരമാവധി കുറയ്ക്കാം. ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയുള്ള കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും ചികിത്സയിൽ ആവശ്യമായി വരാം.
ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയെക്കുറിച്ചുള്ള പൊതുഅവബോധം ഇപ്പോഴും വളരെ കുറവാണ്. അതുകൊണ്ടു തന്നെ വീട്ടുകാരിൽ നിന്നു രോഗികൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നത് കുറവായാണ് കണ്ടുവരുന്നത്. ഇത് ഈ രോഗികളിൽ മാനസിക സമ്മർദ്ദം, വിഷാദം, മുൻകോപം മുതലായ ലക്ഷണങ്ങൾ കൂട്ടാനും വിട്ടുമാറാത്തതും നീണ്ടകാലം നിലനിൽക്കുന്നതുമായ രോഗാവസ്ഥയായി ഫൈബ്രോമയാൾജിയ മാറാനും കാരണമാകാം.
ഈ രോഗാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞ്, ഒരു റുമറ്റോളജിസ്റ്റിന്റെ സഹായത്തോടെ ഉചിതമായ ചികിത്സകൾ അവലംബിച്ചാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ഒരു രോഗമാണ് ഫൈബ്രോമയാൾജിയ.
Content Highlights: Fibromyalgia affects 3-4% of Kerala's population, mostly women, causing chronic pain and fatigue. Learn about symptoms, diagnosis, and treatment options.
Published: 09 Nov 2026, 01:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented