സംസ്ഥാനത്ത് മഴ കനക്കുകയാണ്. വെള്ളക്കെട്ടും പരിസരശുചിത്വമില്ലാത്തതുമൊക്കെ പലവിധത്തിലുള്ള സാംക്രമികരോഗങ്ങൾക്കും വഴിവെക്കുന്നു. ഇക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് എലിപ്പനി. സംസ്ഥാനത്ത് എലിപ്പനി മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. പനി വന്നാൽ സ്വയംചികിത്സ നടത്തി വഷളാകുമ്പോൾ ആസ്പത്രികളിൽ എത്തുന്നവരാണ് കൂടുതൽ. രോഗനിർണയത്തിലും ചികിത്സയിലും കാലതാമസം വരുമ്പോൾ എലിപ്പനി സങ്കീർണമാവുകയാണ് ചെയ്യുന്നത്. എലിപ്പനിയുടെ ലക്ഷണങ്ങളേക്കുറിച്ചും ഗുരുതരമാകുന്ന സാഹചര്യത്തേക്കുറിച്ചമൊക്കെ പരിശോധിക്കാം.
എന്താണ് എലിപ്പനി?
ലോകത്തേറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു ജന്തുജന്യ രോഗമാണ് ലെപ്‌റ്റോസ്‌പൈറ വിഭാഗത്തിൽപ്പെട്ട ബാക്ടീരിയ മൂലമുണ്ടാകുന്ന എലിപ്പനി. എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത്. സ്ഥിര രോഗാണുവാഹകരായ എലികളെ കൂടാതെ കന്നുകാലികളും പട്ടി, പന്നി തുടങ്ങിയ വളർത്തുമൃഗങ്ങളും രോഗാണുവാഹകരായി മാറിയേക്കാം. ശരീരത്തിലുള്ള ചെറിയ മുറിവുകളിലൂടെയാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്. എന്നാൽ, എലിപ്പനി ബാധിച്ചവർക്കെല്ലാം ശരീരത്തിൽ പ്രകടമായ മുറിവുകൾ ഉണ്ടാകണമെന്നില്ല. കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിലെ കട്ടികുറഞ്ഞ ശ്ലേഷ്മസ്തരത്തിലൂടെയും രോഗാണുക്കൾ പ്രവേശിക്കാം. അതുകൊണ്ടാണ് മലിനജലംകൊണ്ട് മുഖവും വായും കഴുകരുതെന്നും കുടിവെള്ളം തിളപ്പിച്ചശേഷം മാത്രമേ കുടിക്കാവൂ എന്നും നിർദേശിക്കുന്നത്.
തുടക്കം സാധാരണ വൈറൽ പനിപോലെയാണെങ്കിലും അതിശക്തമായ പേശിവേദന, കണ്ണിനു ചുവപ്പ്, ശക്തമായ തലവേദന, മഞ്ഞപ്പിത്തം തുടങ്ങിയവ എലിപ്പനിയുടെ സവിശേഷ ലക്ഷണങ്ങളാണ്. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങളായ മൂക്കൊലിപ്പ്, തുമ്മൽ തുടങ്ങിയവ ഉണ്ടായിരിക്കുകയില്ല. ഉദരസംബന്ധമായ പ്രശ്നങ്ങളായ വയറുവേദന, ചർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. എലിപ്പനി ബാധിച്ച മിക്കവാറുമാളുകളിൽ ഏഴുമുതൽ പത്തു ദിവസത്തിനകം രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായി രോഗി സുഖം പ്രാപിക്കും.
എങ്ങനെയാണ് മരണകാരണമാകുന്നത്?
ശരീരത്തിലെ ആന്തരാവയവങ്ങളായ കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി മാരകമാകുന്നത്. വീൽസ് സിൻഡ്രോം (Weil's Sindrome) എന്നു വിളിക്കുന്ന ഈ അവസ്ഥയിൽ മഞ്ഞപ്പിത്തം, വൃക്കസ്തംഭനത്തെ തുടർന്ന് മൂത്രത്തിന്റെ അളവ് കുറയുക, ഗുരുതരമായ രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. രക്തം ചുമച്ചുതുപ്പുക, മൂത്രത്തിലൂടെ രക്തം പോകുക, മലം കറുത്ത നിറത്തിൽ പോവുക തുടങ്ങിയവയൊക്കെ ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങളാണ്. പ്രായമേറിയവരിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് എലിപ്പനി കൂടുതൽ സങ്കീർണമാകുന്നത്. ശ്വാസകോശ രക്തസ്രാവം, വൃക്കസ്തംഭനം, ഹൃദയപ്രവർത്തനങ്ങളെ ബാധിക്കുന്ന മയോകാർഡൈറ്റിസ് തുടങ്ങിയ സങ്കീർണതകളാണ് പ്രധാനമായും മരണകാരണമാകുന്നത്. ഗുരുതരമായ എലിപ്പനി ബാധയെത്തുടർന്ന് മരണനിരക്ക് 50 ശതമാനംവരെ ഉയരാം.
ഫലപ്രദമായ ചികിത്സയുണ്ട്
മറ്റു പകർച്ചപ്പനികളെ അപേക്ഷിച്ച് എലിപ്പനിയുടെ ഒരു പ്രത്യേകത രോഗത്തെ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് കൃത്യമായി ചികിത്സിക്കാമെന്നതാണ്. ചികിത്സ രോഗാരംഭത്തിൽതന്നെ തുടങ്ങണമെന്നുമാത്രം. എലിപ്പനി ശരീരത്തിലെ ആന്തരാവയവങ്ങളെ ബാധിച്ചതിനുശേഷം ആന്റിബയോട്ടിക്കുകൾ ഫലപ്രദമാകണമെന്നില്ല. അതുകൊണ്ടാണ് രോഗനിർണയത്തിനു കാത്തുനിൽക്കാതെ എലിപ്പനി സാധ്യതാലക്ഷണങ്ങളുമായി എത്തുന്ന എല്ലാവർക്കും ആന്റിബയോട്ടിക്കുകൾ നൽകാൻ ലോകാരോഗ്യസംഘടനയുടെ ഉൾപ്പെടെ എല്ലാ ഏജൻസികളുടെയും മാനദണ്ഡങ്ങൾ നിർദേശിക്കുന്നുണ്ട്.
പെനിസിലിൻ ആണ് എലിപ്പനിക്കെതിരായ ഏറ്റവും ഫലപ്രദമായ ആന്റിബയോട്ടിക്. കൂടാതെ ഡോക്സിസൈക്ലിൻ, സിഫാലോസ്പോറിനുകൾ, ക്വിനലോണുകൾ, അസിത്രോമൈസിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകളും ഫലപ്രദമാണ്. പ്രളയബാധിതപ്രദേശങ്ങളിൽ കഴിയുന്നവരും ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും പനി ഉണ്ടായാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഒരു ദിവസംപോലും വൈകാതെ വൈദ്യസഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനം. ആന്തരാവയവങ്ങളെ ബാധിക്കാത്ത താരതമ്യേന ലഘുവായ എലിപ്പനിബാധയ്ക്ക് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെയോ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെയോ ഒ.പി. ചികിത്സയും നിരീക്ഷണവും മതിയാകും. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും എലിപ്പനി ചികിത്സയ്ക്കുള്ള മരുന്നുകൾ ലഭ്യമാണ്.
നാല് അവയവങ്ങൾ അപകടത്തിലാകും
എലിപ്പനി സങ്കീർണമായാൽ പല ആന്തരിക അവയവങ്ങളെയും ബാധിക്കും. പ്രവർത്തനം നിലയ്ക്കും. മൾട്ടി ഓർഗൻ സിസ്റ്റം ഫെയിലിയർ എന്നാണിത് അറിയപ്പെടുന്നത്. പ്രധാനമായും നാലുതരത്തിലാണ് സങ്കീർണത വരുന്നത്.
കരൾ: കരളിനെ ബാധിച്ച് മഞ്ഞപ്പിത്തം വരാം. കരളിന്റെ പ്രവർത്തനം നിലയ്ക്കാം. വീൽസ് സിൻഡ്രോം എന്ന സങ്കീർണാവസ്ഥ ഉണ്ടാകുന്നു.
ശ്വാസകോശം: അക്യൂട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്ന അവസ്ഥ വരും. കഠിനമായ ശ്വാസംമുട്ട്, ചുമ എന്നിവ ഉണ്ടാകും.
വൃക്കകൾ: അക്യൂട്ട് കിഡ്നി ഇൻജ്വറി എന്ന അവസ്ഥ വന്ന് വൃക്കയ്ക്ക് പരാജയം സംഭവിക്കും. മൂത്രം കുറയും. ക്രിയാറ്റിനിൻ കൂടും.
ഹൃദയം: മയോഗാർഡൈറ്റിസ് എന്ന സങ്കീർണത വരും. ബി.പി. താഴും. ശ്വാസംമുട്ടും. ഹൃദയപരാജയം വരും.
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസറാണ് ലേഖകൻ.
Content Highlights: rat bite fever causes symptoms and treatment
Published: 20 May 2024, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented