സംസ്ഥാനത്ത് ആശങ്കയുയണർത്തി എലിപ്പനി. കഴിഞ്ഞ ദിവസം എറണാകുളത്തും കോഴിക്കോട്ടുമായി രണ്ടുപേർക്ക് ജീവൻ നഷ്ടമായി. സ്ഥിതി കണക്കിലെടുത്ത് സംസ്ഥാനത്ത് എലിപ്പനി ചികിത്സാ മാനദണ്ഡണ്ഡങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഈ മാസം ഒരാഴ്ച പിന്നിടുമ്പോൾ മാത്രം ആറുപേർക്കാണ് എലിപ്പനിമൂലം ജീവൻ നഷ്ടമായത്.
കേരളത്തിൽ ഇപ്പോഴുണ്ടാകുന്ന പകർച്ചവ്യാധി മരണങ്ങളിൽ അമ്പതു ശതമാനത്തിലധികവും എലിപ്പനി മൂലമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. എ. അൽത്താഫ് പറഞ്ഞു. ഓരോ വർഷവും മുന്നൂറിനും നാനൂറിനും ഇടയിൽ മരണം സംഭവിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങൾ പ്രകടമാവുമ്പോൾതന്നെ കൃത്യമായ ചികിത്സ തേടിയാൽ മരണം ഒഴിവാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിക്കുന്നവരിൽ ഏറ്റവും കൂടുതൽപ്പേർ കൂലിത്തൊഴിലാളികളാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ആരോഗ്യവകുപ്പിന്റെ 2025-ലെ തൊഴിൽവിഭാഗം തിരിച്ചുള്ള വിശകലനത്തിലാണ് എലിപ്പനി ബാധിച്ച് മരിച്ചവരിൽ 36.72% കൂലിത്തൊഴിലാളികളാണെന്ന് കണ്ടെത്തിയത്. മഴക്കാലത്ത് ചെളിവെള്ളത്തിലും വെള്ളക്കെട്ടിലും ജോലിചെയ്യുന്നവരാണ് രോഗത്തിന്റെ ഏറ്റവും വലിയ ഇരകൾ. കൃഷിയും അനുബന്ധജോലികളും ചെയ്യുന്നവർ (10.94%), വീട്ടുവളപ്പിൽ കൃഷിയിലും ഗാർഡനിങ്ങിലും ഏർപ്പെടുന്നവർ (10.16%), നിർമാണത്തൊഴിലാളികൾ (9.38%), തൊഴിലുറപ്പ് തൊഴിലാളികൾ (7.81%) എന്നിങ്ങനെയാണ് തുടർന്നുള്ള മരണക്കണക്ക്.
എലി, അണ്ണാൻ, പൂച്ച, പട്ടി, കന്നുകാലി എന്നിവയുടെ വിസർജ്യത്താൽ മലിനമായ വെള്ളവും മണ്ണുമായി സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് എലിപ്പനി പ്രധാനമായും പകരുന്നത്.
പ്രതിരോധമരുന്ന് ഡോക്‌സിസൈക്ലിൻ
ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ആഴ്ചയിൽ ഒരിക്കൽ 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിൻ ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധമരുന്നായി കഴിക്കാം.
എലിപ്പനി വരുന്നതെങ്ങനെ?
എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോൾ ഉണ്ടാകുന്ന വിറയൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. കാൽവണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തിൽ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.
എലിപ്പനി തടയാൻ പ്രതിരോധം പ്രധാനം
- മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
- കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ മലിനജലത്തിൽ ഇറങ്ങുന്നത് ഒഴിവാക്കുക.
- മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
- ഭക്ഷണം തുറന്നു വയ്ക്കാതിരിക്കുക. എലികൾക്ക് കടന്നു ചെല്ലാൻ സാധ്യതയില്ലാത്ത രീതിയിൽ അടച്ചു സൂക്ഷിക്കുക.
- വെള്ളത്തിലിറങ്ങിയാൽ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.
- കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാനോ കുളിക്കാനോ പാടില്ല
- മണ്ണുമായും മലിനജലവുമായും സമ്പർക്കം വരുന്ന കാലയളവിൽ ആഴ്ചയിലൊരിക്കൽ ഡോക്‌സിസൈക്ലിൻ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കുന്നത് വഴി എലിപ്പനി പ്രതിരോധം ലഭിക്കുന്നു.
- ഡോക്‌സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭ്യമാണ്.
- എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ, ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
- യാതൊരു കാരണവശാലും സ്വയംചികിത്സ പാടില്ല.
Content Highlights: Over 50% of infectious disease deaths in Kerala are linked to Leptospirosis., 2025 health report identifies laborers and agricultural workers as the highest risk groups., Early symptoms include high fever, severe headache, and muscle pain., Doxycycline 200mg is recommended as a weekly preventive measure under medical supervision
Published: 08 Aug 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented