തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിക്കുന്നവരിൽ ഏറ്റവും കൂടുതൽപ്പേർ കൂലിത്തൊഴിലാളികൾ. ആരോഗ്യവകുപ്പിന്റെ 2025-ലെ തൊഴിൽവിഭാഗം തിരിച്ചുള്ള വിശകലനത്തിലാണ് ഈ വിവരം. എലിപ്പനിബാധിച്ച് മരിച്ചവരിൽ 36.72 ശതമാനമാണ് കൂലിത്തൊഴിലാളികൾ. മഴക്കാലത്ത് ചെളിവെള്ളത്തിലും വെള്ളക്കെട്ടിലും ജോലിചെയ്യുന്നവരാണ് രോഗത്തിന്റെ ഏറ്റവും വലിയ ഇരകൾ.

To advertise here,

കൃഷിയും അനുബന്ധജോലികളും ചെയ്യുന്നവർ (10.94%), വീട്ടുവളപ്പിൽ കൃഷിയിലും ഗാർഡനിങ്ങിലും ഏർപ്പെടുന്നവർ (10.16%), നിർമാണത്തൊഴിലാളികൾ (9.38%), തൊഴിലുറപ്പ് തൊഴിലാളികൾ (7.81%) എന്നിങ്ങനെയാണ് തുടർന്നുള്ള മരണക്കണക്ക്. എലി, അണ്ണാൻ, പൂച്ച, പട്ടി, കന്നുകാലി എന്നിവയുടെ വിസർജ്യത്താൽ മലിനമായ വെള്ളവും മണ്ണുമായി സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് എലിപ്പനി പ്രധാനമായും പകരുന്നത്.

മറ്റ് തൊഴിൽവിഭാഗങ്ങൾ(ശതമാനത്തിൽ)

  • പെയിന്റർ - 4.69
  • മത്സ്യത്തൊഴിലാളി, കന്നുകാലി വളർത്തൽ, ഡ്രൈവർ - 3.13 വീതം
  • ടൈൽ തൊഴിലാളി, തുന്നൽ തൊഴിലാളി - 2.34 വീതം
  • പ്ലംബർ, സെക്യൂരിറ്റി ജീവനക്കാരൻ, തൊഴിലില്ലാത്തവർ - 1.56 വീതം
  • ചുമട്ടുതൊഴിലാളി, ഇറച്ചിവെട്ടുകാർ - 0.78 വീതം

പ്രതിരോധമരുന്ന് ഡോക്‌സിസൈക്ലിൻ

ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ആഴ്ചയിൽ ഒരിക്കൽ 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിൻ ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധമരുന്നായി കഴിക്കാം.

ശ്രദ്ധിക്കുക

  • വെള്ളക്കെട്ടിൽ അനാവശ്യമായി ഇറങ്ങരുത്
  • മുറിവുകളോടെ ചെളിവെള്ളത്തിൽ ജോലിചെയ്യരുത്
  • വെള്ളത്തിൽ ഇറങ്ങിയാൽ സോപ്പുപയോഗിച്ച് ശരീരം കഴുകുക
  • രോഗസാധ്യതയുള്ള ജോലി ചെയ്യുമ്പോൾ കൈയുറയും കാലുറയും ധരിക്കുക
  • 2025-ൽ സംസ്ഥാനത്ത് എലിപ്പനിമരണം-392
  • ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ല-58
  • രണ്ടാമത് മലപ്പുറം-49, മൂന്നാമത് എറണാകുളം-44
  • ഏറ്റവും കുറവ് കാസർകോട്-ഒൻപത്
  • സംസ്ഥാനത്ത് മരിച്ചവരിൽ 125 പേരും 50-59 വയസ്സുകാർ