സൈബീരിയയിലെ പ്ലേഗ് റിസർച്ച് ലാബിലെ ലാബ് ടെക്നീഷ്യന്റെ മരണത്തിനു പിന്നാലെ പ്ലേഗ് ആശങ്കയിലാണ് റഷ്യ. രോഗപ്രതിരോധത്തിന്റെ ഭാഗമായി നൂറുകണക്കിനുപേർ ക്വാറന്റീനിൽ കഴിയുകയും അഞ്ചോളം ആശുപത്രികൾ പൂട്ടുകയും ചെയ്തിരുന്നു. സാമൂഹികമാധ്യമത്തിലും പ്ലേഗ് സംബന്ധിച്ച വാർത്തകളും വീഡിയോകളും നിറയുകയാണ്. അതിലൊന്ന് ക്ലാസിക് പ്ലേഗ് ഡോക്ടർ കോസ്റ്റ്യൂമിലുള്ള വീഡിയോകളാണ്. യൂറോപ്പിൽ പതിനേഴാം നൂറ്റാണ്ടിൽ പ്ലേഗ് വ്യാപനകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പ്ലേഗ് ഡോക്ടർ കോസ്റ്റ്യൂം ധരിച്ചുള്ള വീഡിയോകളാണ് അവയിലേറെയും. ഇതിനുപിന്നാലെ പലരും കോവിഡ് കാലത്തെ നീലനിറത്തിലുള്ള പി.പി.ഇ. കിറ്റും പ്ലേഗ് കാലത്തെ ഡോക്ടർ കോസ്റ്റ്യൂമും തമ്മിലുള്ള താരതമ്യങ്ങളും നട‌ത്തുന്നുണ്ട്.

To advertise here,

പക്ഷിയു‌ടെ കൊക്കിനു സമാനമായ, ഗ്ലാസ് കവചങ്ങളുള്ള, വെള്ളനിറത്തിലുള്ള മാസ്കും കറുത്ത വട്ടത്തൊപ്പിയും കറുത്തനിറത്തിൽ തന്നെയുള്ള നീളൻ വസ്ത്രവും ബൂ‌‍ട്ടും വാക്കിങ് കെയ്നും ഉൾപ്പെട്ടതാണ് പ്ലേഗ് കാലത്തെ ഡോക്ടർ കോസ്റ്റ്യൂം. പ്ലേഗ് ബാധിച്ച രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ ഇത്തരത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്.

ഒറ്റനോട്ടത്തിൽ ഹാലോവീൻ കോസ്റ്റ്യൂം പോലെ തോന്നിക്കുമെങ്കിലും ഈ വസ്ത്രരീതിക്കു പിന്നിലും ഒരു കാരണമുണ്ട്. പ്ലേഗ് അതിവ്യാപനശേഷിയുള്ള രോഗമായിരുന്നതിനാൽ രോഗികളിൽ നിന്ന് രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് ഡോക്ടർമാർ ഇതു ധരിച്ചിരുന്നത്.

ദുർഗന്ധം വമിക്കുന്ന വായുവിലൂടെയാണ് രോഗം പടരുന്നത് എന്നായിരുന്നു അന്നത്തെ വിശ്വാസം. ഇതിനെ തടയാനും അണുബാധയിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനുമായി മാസ്കിൽ പക്ഷിയുടെ കൊക്കിനു സമാനമായ ഭാഗത്ത് ഔഷധസസ്യങ്ങളും ഉണങ്ങിയ പൂക്കളും മറ്റ് സുഗന്ധദ്രവ്യങ്ങളും നിറക്കുമായിരുന്നു. 

രക്തം, ചുമ, എന്നിവയിലൂടെ അണുബാധയേൽക്കുന്നതു തടയാനും മൃതശരീരങ്ങൾ പരിപാലിക്കുമ്പോൾ സംരക്ഷണം നേടാനുമായി വാക്സും ലെതർ മെറ്റീരിയലും കൊണ്ടാണ് നീളൻ വസ്ത്രം ചെയ്തത്. വലിയ വട്ടത്തൊപ്പികളും ലെതർ ഗ്ലൗസുകളും ബൂട്ടുകളും ഡോക്ടറാണെന്നു തിരിച്ചറിയാനും മരവടി രോഗികളെ തൊടാതെ പരിശോധിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. ഫ്രാൻസിലെ രാജാവായ ലൂയി XIII-ന്റെ മുഖ്യ ഫിസിഷ്യനായ ചാർൾസ് ഡി ലോർമെയാണ് ഈ വസ്ത്രം കണ്ടുപിടിച്ചതെന്നാണ് ചരിത്രം പറയുന്നത്.

കറുത്ത മരണം (Black Death)

ഷെലെഖോവിലെ ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലുള്ള ലാബ് ടെക്നീഷ്യൻ ഡാരിയ ഷിപിലോവ എന്ന ഇരുപത്തിയെട്ടുകാരിയാണ് കഴി‍ഞ്ഞദിവസം മരിച്ചത്. ഒരുകാലത്ത് ലോകത്തെയാകെ മരണഭീതിയിലാഴ്ത്തിയിരുന്ന രോഗമാണ് പ്ലേഗ്. പതിനാലാം നൂറ്റാണ്ടിൽ "കറുത്ത മരണം" (Black Death) എന്നറിയപ്പെട്ടിരുന്ന ഇത് യൂറോപ്പിൽ 50 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമായി. ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ പ്ലേഗ് മഹാമാരികൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാൽ 1990-കൾ മുതലുള്ള മിക്ക കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ആഫ്രിക്കയിലാണ്. ഇന്ത്യയിൽ ഏറ്റവും ഒടുവിലായി പ്ലേഗ് റിപ്പോർട്ട് ചെയ്തത് 2004-ൽ ഉത്തരകാശി ജില്ലയിലെ ദൻഗൗഡിലാണ്. 1896 മുതൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചും അണുബാധ തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിച്ചും ഇന്നത്തെ കാലത്ത് പ്ലേഗ് എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാം.

പ്ലേഗിനു കാരണമാകുന്നതെന്ത്?

യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന സാംക്രമിക രോഗമാണ് പ്ലേഗ്. സാധാരണയായി ഇത് ചെറിയ സസ്തനികളിലും അവയുടെ ശരീരത്തിലുള്ള ചെള്ളുകളിലുമാണ് കാണപ്പെടുന്നത്. ചെള്ളുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്നത്. രോഗബാധിതമായ ചെള്ളുകളുടെ കടിയിലൂടെയും രോഗാണുക്കൾ അടങ്ങിയ ശരീരദ്രവങ്ങളുമായോ മലിനമായ വസ്തുക്കളുമായോ ഉള്ള സുരക്ഷിതമല്ലാത്ത സമ്പർക്കത്തിലൂടെയും ശ്വാസകോശ പ്ലേഗ് ബാധിച്ച രോഗിയുടെ ശ്വാസകോശ കണികകൾ ശ്വസിക്കുന്നതിലൂടെയുമൊക്കെ മനുഷ്യരിലേക്കും രോഗം പടരാം.

ബാക്ടീരിയ രക്തത്തിലൂടെ പടരുന്ന സെപ്റ്റിസെമിക് പ്ലേഗ്, ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോണിക് പ്ലേഗ് എന്ന അവസ്ഥകൾ ഗുരുതരവും ചികിത്സ വൈകിയാൽ മരണസാധ്യത കൂടുതലുള്ളതുമാണ്. വളരെ വേഗത്തിൽ പടരുന്നതും ശ്വാസകോശ കണികകൾ വഴി വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് പകരുകയും വലിയതോതിൽ രോഗവ്യാപനത്തിന് കാരണമാവുകയും ചെയ്യുന്നതാണ് ന്യുമോണിക് പ്ലേഗ്.

മൂന്നുവിധം

ന്യുമോണിക്, ബ്യൂബോമിക്, സെപ്റ്റിസെമിക് എന്നീ മൂന്നുവിഭാഗങ്ങളാണ് പ്ലേഗിനുള്ളത്. പ്ലേഗിന്റെ ഏറ്റവും സാധാരണമായ രൂപമാണ് ബ്യൂബോണിക്. രോഗബാധയുള്ള ചെള്ളുകടിക്കുന്നത് വഴിയാണ് ഇത് ഉണ്ടാകുന്നത്. ബ്യൂബോണിക് പ്ലേഗ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂർവമാണ്. എന്നാൽ ശ്വാസകോശത്തിലേക്ക് പടർന്ന് ന്യൂമോണിക് പ്ലേഗ് ആയോ, അല്ലെങ്കിൽ രക്തത്തിലേക്ക് പടർന്ന് സെപ്റ്റിസെമിക് പ്ലേഗ് ആയോ മാറാനുള്ള സാധ്യത കൂടുതലാണ്.

പ്ലേഗിന്റെ ഏറ്റവും തീവ്രമായ രൂപമാണ് ന്യൂമോണിക് പ്ലേഗ്. രോഗബാധയേറ്റ് 24 മണിക്കൂറിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ പ്രകടമാകും. ന്യൂമോണിക് പ്ലേഗ് ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗം എളുപ്പത്തിൽ പടരും. ചികിത്സിച്ചാൽ മരണസാധ്യത വളരെ കൂടുതലാണ്. രക്തത്തിൽ പ്ലേഗ് ബാക്ടീരിയ വേഗത്തിൽ പെരുകുമ്പോഴാണ് സെപ്റ്റിസെമിക് പ്ലേഗ് ഉണ്ടാകുന്നത്. അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുക, ടിഷ്യൂകൾ നശിക്കുക, ശ്വാസതടസ്സം, ചർമത്തിന് അടിയിൽ രക്തസ്രാവം തുടങ്ങിയ ഗുരുതരമായ സങ്കീർണതകളിലേക്ക് ഇത് നയിക്കാം. ചികിത്സിച്ചില്ലെങ്കിൽ ന്യൂമോണിക് പ്ലേഗ് പോലെ തന്നെ മരണസാധ്യത കൂടുതലുള്ള വിഭാഗമാണിത്.

ലക്ഷണങ്ങൾ

പ്ലേഗിന്റെ ഓരോ വിഭാഗങ്ങൾക്കനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാകും. പെട്ടെന്നുള്ള പനി, വിറയൽ, തലവേദന, ശരീരവേദന, ബലഹീനത, ഛർദ്ദി, ഓക്കാനം എന്നിവയാണ ബ്യൂബോണിക് പ്ലേഗിൽ സാധാരണയായി കാണപ്പെടുന്നത്. ശ്വാസതടസ്സം, രക്തം കലർന്ന കഫത്തോടുകൂടിയ ചുമ തുടങ്ങിയ തീവ്രമായ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളാണ് ന്യൂമോണിക് പ്ലേഗിൽ പ്രകടമാവുക.

ചർമത്തിന് അടിയിൽ രക്തസ്രാവം, ചർമം നീലനിറമാവുക , കൈകാലുകളിലെ ടിഷ്യൂകൾ നശിക്കുക, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുക, കടുത്ത ശ്വാസതടസ്സം തുടങ്ങിയവ സെപ്റ്റിസെമിക് പ്ലേഗിന്റെ ലക്ഷണങ്ങളാണ്.

ചികിത്സ

ചികിത്സിച്ചില്ലെങ്കിൽ മാരകമാകുന്നതും മരണസാധ്യത കൂട്ടുന്നതുമായ വിഭാഗമാണ് ന്യൂമോമിക് പ്ലേഗ്. ആന്റിബയോട്ടിക്കുകളും സപ്പോർട്ടീവ് തെറാപ്പിയുമാണ് നൽകുക. ന്യൂമോണിക് പ്ലേഗ് ബാധിച്ച് 18 മുതൽ 24 മണിക്കൂറിനുള്ളിൽ ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കാം.

പ്രതിരോധം

അണുബാധയുടെ ഉറവിടം കണ്ടെത്തി വ്യാപനം തടയുക, പ്ലേഗ് രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യപ്രവർത്തകർക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE) നൽകുക,രോഗികൾക്ക് ഉചിതമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, രോഗികളെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുക, രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുക,സാമ്പിളുകൾ ശ്രദ്ധാപൂർവ്വം ശേഖരിച്ച് പരിശോധനയ്ക്ക് ലബോറട്ടറികളിലേക്ക് അയക്കുക, അണുനശീകരണം, പ്ലേഗ് ബാധിച്ചു മരിച്ചയാളെ സുരക്ഷിതമായി സംസ്കരിക്കുക തുടങ്ങിയവയാണ് പ്രതിരോധത്തിൽ പ്രധാനം.