‘’ഷുഗർകട്ടിന്റെ പേരുപറഞ്ഞ് ചായയിൽ മധുരം ഒഴിവാക്കും, അത്താഴത്തിന് വയറുനിറച്ച് ചോറും ചപ്പാത്തിയും കഴിക്കും. ഇതുകൊണ്ടെന്തു പ്രയോജനം? ‘’- തരംഗമാകുന്ന ഷുഗർകട്ട് യഥാർഥത്തിൽ ഷുഗർ കട്ട് ആകണെങ്കിൽ കഴിക്കുന്ന അന്നജത്തിന്റെ അളവിലും നിയന്ത്രണം വേണമെന്നു പറയുകയാണ് കോഴിക്കോട്ടെ ഹൃദ്രോഗവിദഗ്ധനായ ഡോ. മുഹമ്മദ് മുസ്തഫ. സമ്മർദവും ആഹാരരീതിയും ഉറക്കക്കുറവുമൊക്കെ ഹൃദയാഘാത സാധ്യത എത്രത്തോളം കൂട്ടുന്നുവെന്നും അതുപ്രായത്തിൽ എന്തെല്ലാം ടെസ്റ്റുകൾ ചെയ്ത് ഹൃദയാരോഗ്യം സംരക്ഷിക്കാമെന്നും മാതൃഭൂമി ഡോക്ടേഴ്സ് ഡയറിയിലൂടെ പങ്കുവെക്കുകയാണ് അദ്ദേഹം.
മുൻ ഇന്ത്യൻ ഷൂട്ടറും പരിശീലകനുമായ ജസ്പാൽ റാണ ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. ജസ്പാലിന് നേരത്തേയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടാകുന്നതിനേക്കുറിച്ച് പങ്കുവെക്കാമോ?
ഹൃദയാഘാതത്തിൽ പെട്ടെന്നുള്ള മരണങ്ങൾ സാധാരണമാണെങ്കിലും അധികംപേർക്കും ലക്ഷണങ്ങൾ പറയാനുള്ള സമയം കിട്ടും. നെഞ്ചുവേദന വരുന്നുവെന്നോ, ആളുകളെ വിളിച്ചുകൂട്ടാനോ ഒക്കെയുള്ള സാവകാശം ലഭിക്കും. പെട്ടെന്ന് മരിക്കുന്നതിന് മിക്കവാറും കാരണമാകുന്നത്, അരിത്മിയ മൂലമാണ്. ഹൃദയാഘാതം വന്നവർക്ക് ഹൃദയത്തിന്റെ പമ്പിങ് ബലഹീനമായാൽ അവരിൽ പെട്ടെന്നുള്ള മരണത്തിനുള്ള സാധ്യത കൂടുതലാണ്. ഹൃദയത്തിന്റെ പമ്പിങ് 35 ശതമാനത്തിൽ താഴെ പോകുന്നവർക്കൊക്കെ പെട്ടെന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടായി മരിക്കാനിടയുണ്ട്.
ഹാർട്ട് അറ്റാക്ക് പ്രതിരോധത്തിൽ പ്രധാനം അപകടസാധ്യതകളെ നേരത്തേ തിരിച്ചറിയുക. എന്നതാണ്.
പൊതുവേ ഹൃദയാരോഗ്യം കാക്കാനുള്ള പരിശോധനകൾ നാൽപതുകളിലും അമ്പതുകളിലുമൊക്കെ ചെയ്താൽ മതിയെന്നു കരുതുന്നവരുണ്ട്. യഥാർഥത്തിൽ ഏതുപ്രായത്തിൽ ടെസ്റ്റുകൾ ആരംഭിക്കണം?
സ്കൂളിലേക്കുപോകുന്ന കുട്ടികളിൽ പോലും കൊളസ്ട്രോൾ നോക്കണമെന്നാണ് ഇപ്പോൾ പറയാറുള്ളത്. കുട്ടികളിൽ ഭാവിയിൽ ജീവിതശൈലീരോഗങ്ങൾ വരാതിരിക്കാനുള്ള മാർഗങ്ങൾ ചെറുപ്പത്തിലേ തുടങ്ങണം. കുട്ടികളിലെ അമിതവണ്ണം ഇന്ന് സാധാരണമാണ്. അതൊഴിവാക്കാൻ അവർക്ക് നൽകുന്ന ആഹാരത്തിൽ ശ്രദ്ധിക്കുകയും അവരെക്കൊണ്ട് വ്യായാമം ചെയ്യിക്കുകയുമൊക്കെ വേണം. പ്രത്യേകിച്ച് മാതാപിതാക്കൾ ജീവിതശൈലീ രോഗങ്ങൾ ഉള്ളവരാണെങ്കിൽ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം.
അപകടസാധ്യത കൂടുതലുള്ള കുടുംബത്തിൽ നിന്നുള്ളവരാണെങ്കിൽ വളരെ നേരത്തേ രോഗസാധ്യത പരിശോധിക്കണം. അല്ലാത്തപക്ഷം ഇരുപതുകളിൽ തന്നെ ഷുഗറും പ്രഷറും കൊളസ്ട്രോളുമൊക്കെ പരിശോധിക്കണം. നാൽപതു കഴിഞ്ഞവരാണെങ്കിൽ ഒട്ടും വിട്ടുവീഴ്ച്ച ചെയ്യരുത്. മാതാപിതാക്കൾ രണ്ടുപേർക്കും ഷുഗറുണ്ടെങ്കിൽ അവരുടെ മക്കൾക്കും ഷുഗർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. നേരത്തേ തന്നെ തിരിച്ചറിഞ്ഞാൽ ജീവിതശൈലി മെച്ചപ്പെടുത്തി ഷുഗർ സാധ്യത വൈകിക്കാനാവും. വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി അപകടസാധ്യതാഘടകങ്ങളെ തിരിച്ചറിഞ്ഞ് ജീവിതശൈലി മെച്ചപ്പെടുത്തിയാൽ രോഗം വൈകിക്കാനാവും.
ഹൃദയാരോഗ്യം കാക്കുന്നതിൽ വൈറ്റ് പോയ്സൺ എന്നു വിളിക്കുന്ന പഞ്ചസാര, മൈദ, ഉപ്പ് എന്നിവ പരമാവധി ഒഴിവാക്കണമെന്നു പറയാറുണ്ട്. ഇതിൽ എത്രത്തോളം യാഥാർഥ്യമുണ്ട്?
ഒന്നും പാടെ ഒഴിവാക്കണമെന്നല്ല മറിച്ച് മിതത്വം പാലിക്കണമെന്നാണ് ഞാൻ പറയാറുള്ളത്. ഉപ്പില്ലാത്ത ഒരു കറിപോലും നമുക്ക് സങ്കൽപ്പിക്കാനാവില്ല. ഉപ്പില്ലാതെ ഒരു കറി സ്വാദുണ്ടാകില്ല. വൈറ്റ് പോയ്സൺ ആണെന്നു പറഞ്ഞ് കറിയിലെ ഉപ്പ് ഒഴിവാക്കുകയല്ല, മറിച്ച് അച്ചാർ, ഉപ്പിലിട്ടവ തുടങ്ങിയവ കഴിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. അതുപോലെ തന്നെ ഷുഗർ കട്ട് ട്രെൻഡായ കാലമാണിത്. പഞ്ചസാര ഇടാതെ കഴിക്കുന്നത് നല്ലതാണ്. പക്ഷേ പലരും ചായയിൽ പഞ്ചസാര ഒഴിവാക്കുകയും നാലഞ്ച് ചപ്പാത്തി കഴിക്കുകയും ചെയ്യും. അത്രയും ചപ്പാത്തിയിലുള്ള ഷുഗർ തന്നെയേ ഒരു കപ്പ് ചായയിലുമുള്ളൂ. അന്നജമായിട്ടുള്ള എല്ലാം ഷുഗർ ആയാണ് മാറുന്നതെന്ന് മനസ്സിലാക്കണം. ചായയിൽ ഷുഗർ കട്ട് ചെയ്ത് രാത്രി വയറുനിറച്ച് ചോറോ, ചപ്പാത്തിയോ കഴിച്ചിട്ടു കാര്യമില്ല. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുക എന്നതാണ് പ്രധാനം.
പുകവലി, മദ്യപാനം, കൊഴുപ്പ് തുടങ്ങിയവയൊക്കെ ഹൃദ്രോഗാസധ്യത കൂട്ടുന്ന കാര്യങ്ങളാണെന്ന് മിക്കവർക്കും അറിയും. പക്ഷേ ശരീരത്തിലുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം അഥവാ ഇൻഫ്ലമേഷൻ ഹൃദയാഘാത സാധ്യത കൂട്ടുന്നുവെന്ന് അടുത്തിടെ ഒരു പഠനം കണ്ടെത്തിയിരുന്നു. വീക്കം എത്രത്തോളം ഹൃദയാഘാതത്തിലേക്ക് നയിക്കും? പ്രതിരോധിക്കാൻ എന്തുചെയ്യാം?
നമ്മുടെ ശരീരത്തിൽ വീക്കം അധികമാണെങ്കിൽ രക്തക്കുഴലിന്റെ അകത്തുള്ള എൻഡോതീലിയത്തിലും വീക്കമുണ്ടാക്കുകയും അത് പിന്നീട് ബ്ലോക്കിന് കാരണമാവുകയും ചെയ്യും. ശരീരത്തിൽ വീക്കം കൂട്ടുന്നതിൽ സമ്മർദം, ഭക്ഷണരീതി, വ്യായാമക്കുറവ് എന്നിവയൊക്കെ വലിയ പങ്കുവഹിക്കുന്നുണ്ട്. വ്യായാമം ശീലമാക്കുന്നതിനൊപ്പം മനസ്സിനെ ശാന്തമാക്കുന്ന മെഡിറ്റേഷൻ, പ്രാർഥന തുടങ്ങിയവ ശീലമാക്കാം. ഒപ്പം ഭക്ഷണരീതിയും ആരോഗ്യകരമാക്കണം. ഒന്നിലേറെ ഘടകങ്ങളാണ് വീക്കമുണ്ടാക്കാൻ കാരണമെന്നു മനസ്സിലാക്കണം. അതുപോലെ ശരീരം ഏറ്റവും സമ്മർദ രഹിതമാക്കുന്ന പ്രധാന ഘടകം ഉറക്കമാണ്. കുറഞ്ഞത് ആറുമുതൽ എട്ടുമണിക്കൂർ വരെ ഉറങ്ങുന്നത് ശരീരത്തെ പുനരുജ്ജീവനത്തിന് സഹായിക്കും.
ഇന്ത്യയിൽ പ്രായപൂർത്തിയായ പത്തിൽ ഒമ്പതുപേരിലും കൊളസ്ട്രോൾ നില കൂടുതലെന്ന് ICMR നടത്തിയ പഠനം കണ്ടെത്തിയിരുന്നു. ഇത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്നും പഠനറിപ്പോർട്ട് പറഞ്ഞിരുന്നു. ഇന്നത്തെ ജീവിതശൈലിമൂലം മിക്കവരിലും കൊളസ്ട്രോൾ നില കൂടുതലായിരിക്കും. ഇതെത്രത്തോളം ശ്രദ്ധിക്കണം?
ഭക്ഷണത്തിൽ മിതത്വം പാലിക്കുക എന്നതാണ് അതിൽ പ്രധാനം. നമ്മുടെ പരമ്പരാഗത ഭക്ഷണരീതിയിൽ കാർബോഹൈഡ്രേറ്റ് കൂടുതലും പ്രോട്ടീൻ കുറവുമായിരിക്കും. മാംസാഹാരങ്ങൾ കഴിക്കുന്നവർക്ക് മികച്ച രീതിയിൽ പ്രോട്ടീൻ കിട്ടുന്ന ഭക്ഷണങ്ങൾ മുട്ട, മീൻ, ചിക്കൻ എന്നിവയാണ്. പച്ചക്കറികൾ മാത്രം കഴിക്കുന്നവരാണെങ്കിൽ പനീർ, സോയ, പരിപ്പ്, പയർ, കടല തുടങ്ങിയവ തിരഞ്ഞെടുക്കാം. പ്രോട്ടീൻ നിലവിൽ കഴിക്കുന്നതിനേക്കാൾ അൽപം കൂട്ടുകയും കാർബോഹൈഡ്രേറ്റ് നിലവിൽ കഴിക്കുന്നതിനേക്കാൾ കുറയ്ക്കുകയും വേണം. പഴങ്ങളിൽ ഷുഗർ പെട്ടെന്ന് കൂട്ടാനിടയുള്ള ചക്ക, മാങ്ങ, മുന്തിരി, പൈനാപ്പിൾ തുടങ്ങിയവ കുറച്ച് പപ്പായ, പേരക്ക, ഓറഞ്ച്, മുസംബി, ആപ്പിൾ തുടങ്ങിയവ കഴിക്കുന്നതിലൂടെ ആഹാരരീതി സന്തുലിതമാകും. ഇതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൊളസ്ട്രോളിനു പിന്നിൽ ജനിതകഘടകവും കാരണമാണെന്നതാണ്. മറ്റ് ജീവിതശൈലീ രോഗങ്ങൾക്കൊപ്പം കൊളസ്ട്രോളും ഉള്ളയാളാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ഷുഗർ ഉള്ള ഒരാൾക്ക് കൊളസ്ട്രോളും വരികയാണെങ്കിൽ കരുതലോടെ നേരിടണം. ട്രൈഗ്ലിസറൈഡ് എന്ന കൊളസ്ട്രോൾ കൂടിക്കഴിഞ്ഞാൽ മരുന്നിലൂടെ തന്നെവേണം പരിഹരിക്കാൻ.
അൽപനേരത്തേക്കുള്ള ദേഷ്യംപോലും രക്തക്കുഴലുകളെ ബാധിക്കുകയും രക്തചംക്രമണം തടസ്സപ്പെടുത്തുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് ഒരു പഠനം പറഞ്ഞിരുന്നു. ദേഷ്യം, സങ്കടം, വിഷാദം പോലുള്ള വികാരപ്രകടനങ്ങൾ ഹൃദയാരോഗ്യത്തെ ബാധിക്കുന്നതെങ്ങനെയാണ്?
നമ്മുടെ മറ്റ് അവയവങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഹൃദയം. മനസ്സിനും വികാരപ്രകടനങ്ങൾക്കും അനുസരിച്ച് ഹൃദയമിടിപ്പിലും വ്യത്യാസമുണ്ടാവും. അമിതമായി ദേഷ്യവും സങ്കടവുമൊക്കെ വരുമ്പോൾ ഹൃദയം പടപടാ മിടിക്കും. കടുത്ത സമ്മർദം ഉള്ള സമയത്തും ഹൃദയമിടിപ്പ് കൂടും. അതുകൊണ്ടാണ് സമ്മർദം കുറച്ചില്ലെങ്കിൽ ഹൃദയത്തെ ബാധിക്കുമെന്ന് പറയുന്നത്. ഇതിനുകാരണം ഹൃദയത്തെയും മനസ്സിനെയും ബന്ധിപ്പിക്കുന്ന ഡോപമൈൻ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകളുണ്ട്. ഹൃദയത്തെ സംരക്ഷിക്കാൻ ദേഷ്യം പ്രത്യേകം കുറയ്ക്കണം. ഒരാളോട് ദേഷ്യപ്പെടുമ്പോൾ മറ്റുള്ളവരെയല്ല വേദനിപ്പിക്കുന്നത് അവനവന്റെ ഹൃദയത്തെ തന്നെയാണ് എന്നു തിരിച്ചറിയണം. സമ്മർദം കുറഞ്ഞവരുെ ഹൃദയവും ആരോഗ്യത്തോടെയിരിക്കും.
മരണസാധ്യത ഏറ്റവും കൂടുതലുള്ള രോഗങ്ങളുടെ വിഭാഗമാണ് ഡോക്ടർ കൈകാര്യം ചെയ്യുന്നത്. പൊതുവേ ഡോക്ടർമാർ ഇമോഷണലി എല്ലാം അപ്രോച്ച് ചെയ്യില്ലെന്നു പറയാറുണ്ട്. ഡോക്ടർ ഇമോഷണലായിപ്പോയ സമയമുണ്ടോ?
അത്തരത്തിൽ ഒരുപാട് അനുഭവങ്ങളുണ്ട്. മരിച്ചു എന്നുറപ്പിക്കാൻ ആശുപത്രിയിലെത്തിക്കുകയും സിപിആറും പിന്നാലെ ആൻജിയോപ്ലാസ്റ്റിയും ചെയ്ത് രക്ഷപ്പെടുത്തിയ സന്ദർഭമുണ്ടായിട്ടുണ്ട്. മരിച്ചുവെന്നുകരുതിയ ഒരാൾ നമ്മൾ നിമിത്തം ജീവിതത്തിലേക്കു തിരിച്ചുകയറുന്നത് ഏറ്റവും സംതൃപ്തി തോന്നുന്ന കാര്യമാണ്. അതുപോലെ കടുത്ത ഹൃദയാഘാത വേദനയോടെയും രക്തക്കുഴലിൽ 100 ശതമാനം ബ്ലോക്കോടെ വരികയും ചെയ്ത രോഗിക്ക് ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്ത് വേദന വിട്ടയുടൻ രോഗി കൈയിൽ ഒരുമ്മ തരുന്ന അവസരമുണ്ട്. അത്രയും ആത്മനിർവൃതി തന്നിട്ടുള്ള മറ്റൊരു സാഹചര്യവുമില്ല.
എഐ എല്ലാ മേഖലയും കീഴടക്കിയ കാലമാണിത്. ആരോഗ്യമേഖലയിൽ എത്രത്തോളം സഹായകമാണ്? അതുപോലെതന്നെ ഭീഷണിയാകുന്നുണ്ട്?
എഐ ആരോഗ്യമേഖലയിൽ കൂടുതൽ ഉപയോഗപ്രദമാകും എന്നാണ് ഞാൻ കരുതുന്നത്. ഒരാളുടെ എക്സ്റേയോ, ആൻജിയോഗ്രാമോ കണ്ടാൽ എന്റെ ജീവിതത്തിലുള്ള അനുഭവത്തിലൂടെയാണ് ഞാൻ വിലയിരുത്തുക. എന്നാൽ എന്നെപ്പോലുള്ള ആയിരക്കണക്കിന് ഡോക്ടർമാരുടെ അനുഭവങ്ങൾ ആറ്റിക്കുറുക്കിയ ഫലമാണ് എഐ നൽകുക. ഇതൊക്കെയുണ്ടെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിനുപിന്നിൽ ഒരു മനുഷ്യൻ ഉണ്ടായിരിക്കണം എന്നതു പ്രധാനമാണ്.
Content Highlights: Learn about heart attack symptoms, risk factors, and effective prevention strategies to maintain heart health and reduce the risk of sudden cardiac events.
Published: 08 Oct 2026, 04:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented