അയൽരാജ്യമായ ബംഗ്ലാദേശിലെ മീസിൽസ്(അഞ്ചാംപനി) വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ. മലപ്പുറം ജില്ലയിലും രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുട്ടികളിൽ പ്രതിരോധകുത്തിവെപ്പ് ഉറപ്പുവരുത്തണമെന്ന് കോഴിക്കോട് കളക്ടർ ഉൾപ്പെടെയുള്ളവർ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു.
ബംഗ്ലാദേശിൽ ഇതിനകം മൂന്നുപേർ രോഗബാധിതരായി മരിച്ചു, ഈ വർഷം രോഗബാധിതരായി മരിച്ചവരുടെ എണ്ണം 1,125 ആയതായി ഞായറാഴ്ച ആരോഗ്യവിഭാഗം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ മീസിൽസ് ലക്ഷണങ്ങളോടെ ആകെ 1,218 രോഗികൾ ചികിത്സ തേടുകയും, അതിൽ 1,122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ വർഷം അഞ്ചാംപനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവരുടെ ആകെ എണ്ണം 174,149 ആയി ഉയർന്നു. 196,418 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്.
ഇക്കഴിഞ്ഞ സെപ്തംബറിൽ മീസിൽസ് ബാധിച്ച് മലപ്പുറത്ത് ഒന്നരവയസ്സും പത്തുമാസവും പ്രായമുള്ള ആൺകുട്ടികൾ മരിച്ചിരുന്നു. 103 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. രോഗത്തിനെതിരേ കൃത്യമായ മുൻകരുതലും വാക്‌സിനേഷനും എടുക്കുകയാണെങ്കിൽ ഇതിനെ പ്രതിരോധിക്കാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരുവർഷം 25 ലക്ഷം കുട്ടികളെ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രോഗലക്ഷണങ്ങൾ
മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് അഞ്ചാംപനി. വൈറസ് ശരീരത്തിലെത്തിയാൽ 10 മുതൽ 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കാണുക. ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ കാണപ്പെടും. കൂടാതെ പനി, ചുമ, ജലദോഷം, ചിലരിൽ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയ്ക്കും സാധ്യതയുണ്ട്.
രോഗം പകരുന്നത്
വൈറസുകൾ വായുവിലൂടെയാണ് പകരുക. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മൽ എന്നിവയിലൂടെയാണ് പ്രധാനമായും പകരുക. അസുഖമുള്ളവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്കുതെറിക്കുന്ന ചെറിയ കണികകളിൽ വൈറസുകളും ഉണ്ടാകും.
രോഗം ബാധിക്കുന്നത്
കൗമാരപ്രായക്കാരിലും മുതിർന്നവരിലും അഞ്ചാംപനി ഉണ്ടാകാറുണ്ട്. എന്നാൽ ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികളിലാണ് രോഗം ഗുരുതരമാകുക.
ചികിത്സയും പ്രതിരോധവും
മീസൽസ് റുബല്ല അഥവാ (എം.ആർ. വാക്‌സിൻ) കൃത്യമായി എടുക്കുന്നതുവഴി രോഗത്തെ തടയാം. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നത്. കുട്ടിയുടെ ഒൻപതാംമാസം കഴിഞ്ഞാലുടൻ ആദ്യ ഡോസ് വാക്‌സിനും 16-ാം മാസം കഴിഞ്ഞാൽ രണ്ടാം ഡോസും നൽകണം. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് അഞ്ചുവയസ്സുവരെ വാക്‌സിൻ എടുക്കാം. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിൻ സൗജന്യമാണ്
കൃത്യമായി വാക്സിനെടുക്കണം
വാക്സിനേഷനോട് പലരും വിമുഖത കാണിക്കുന്നുണ്ട്. ഇതൊരു ഗുരുതരപ്രശ്നമാണ്. കൃത്യമായി വാക്സിനെടുത്താൽ രോഗത്തെ പ്രതിരോധിക്കാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ തേടരുത്. സാമൂഹിക അകലം പാലിക്കുകയും സോപ്പുപയോഗിച്ച് കൈ കഴുകുകയും ചെയ്യണം. പനിയുള്ളവർ നിർബന്ധമായും മാസ്‌ക് ഉപയോഗിക്കണം. രോഗം പൂർണമായും ഭേദമാകുന്നതുവരെ കുട്ടികളെ യാതൊരു കാരണവശാലും സ്‌കൂളുകളിൽ അയക്കരുത്.
Content Highlights: With Bangladesh's measles outbreak, Kerala emphasizes vaccination to protect children, as the disease claims lives and spreads rapidly.
Published: 05 Oct 2026, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented