ആർത്തവം കൃത്യമല്ലെന്ന പരാതിയുമായി വിദഗ്ധരുടെ അടുക്കലെത്തുന്ന പെൺകുട്ടികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും വ്യായാമമില്ലായ്മയും ഒക്കെയാണ് ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കു പിന്നിലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(പി.സി.ഒ.എസ്.)  എന്ന പ്രശ്നം മൂലം ദുരിതം അനുഭവിക്കുന്ന പെൺകുട്ടികളുടെ എണ്ണവും കൂടുകയാണ്. വ്യായാമമില്ലാത്തതും ജങ്ക് ഫുഡ് പോലുള്ള കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തിയുമൊക്കെയാണ് ഇത്തരത്തിലുള്ള ഹോർമോൺ അസന്തുലിതാവസ്ഥയിലേക്കും അതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നത്. പി.സി.ഒ.എസ്. എന്ന അവസ്ഥയും അതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളും പങ്കുവെക്കുകയാണ് തൃശ്ശൂർ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ​ഗൈനക്കോളജിസ്റ്റായ ഡോ. വിനീത വേണുഗോപാല്‍.

To advertise here,
placeholder
ഡോ. വിനീത വേണുഗോപാല്‍

എന്താണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം?

പി.സി.ഒ.എസ്. എന്നത് അണ്ഡാശയങ്ങളിൽ നിന്ന് ക്വാളിറ്റി കുറവുള്ള അണ്ഡം വലുതായിവരുന്ന അവസ്ഥയാണ്. ഗുണമേന്മയുള്ള അണ്ഡം വന്നുപൊട്ടുന്നതിനു പകരം ഗുണമില്ലാത്ത പല അണ്ഡം വലുതായി വരികയാണ് ഇവിടെ ചെയ്യുന്നത്. ഇവ വലുതായി നിൽക്കുമ്പോൾ അതിൽനിന്ന് ടെസ്റ്റോസ്റ്റിറോൺ പോലുള്ള പുരുഷ ഹോർമോണുകൾ പുറത്തുവരും. അമിതരോമവളർച്ച, കഴുത്തിനു പുറകിലെ കറുപ്പുനിറം, വയറുചാടുക. അമിതവണ്ണം, മുഖക്കുരു എന്നിങ്ങനെ ഒട്ടേറെ ലക്ഷണങ്ങൾ ഒന്നിച്ചുവരികയും അൽപംകൂടി ഗൗരവകരമായ സാഹചര്യത്തിലേക്ക് പോവുകയും ചെയ്യുമ്പോഴാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നുപറയുന്നത്.

ഇന്ന് ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ടല്ലോ, എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?

പാരസെറ്റാമോൾ കഴിച്ചാൽ‌ പനി മാറുന്നതുപോലെ ഈ അവസ്ഥ മാറ്റാനാവില്ല. ശരീരത്തിൽ എല്ലാ മാസവും ഒരു അണ്ഡം വലുതാവുന്നതിന് പകരം ഗുണമില്ലാത്ത പല അണ്ഡങ്ങൾ വരുന്ന രീതിയിൽ ഓവറിയുടെ സ്വഭാവം മാറുകയാണ് ഇവിടെ സംഭവിക്കുന്നത്. ശരീരത്തിൽ കൊഴുപ്പ് കൂടുന്നത്, അമിതസമ്മർദമുണ്ടാകുന്നതൊക്കെ കാരണമാണ്. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടി ഹോസ്റ്റൽ അന്തരീക്ഷത്തിലേക്ക് മാറുമ്പോൾ ഭക്ഷണരീതി മാറുന്നത് പ്രധാന കാരണമാകാം. ഫാസ്റ്റ്ഫുഡ് തന്നെ ആകണമെന്നുമില്ല, നേന്ത്രപ്പഴം കഴിക്കുന്നതിന് പകരം പഴംപൊരി കഴിക്കുന്നതും ദോശയ്ക്കും ഇഡ്ഡലിക്കും പകരം വറുത്ത പലഹാരങ്ങളിലേക്ക് മാറുന്നതുമൊക്കെ ശരീരഭാരം വർധിപ്പിക്കും. ഇതിനൊപ്പം ഉദാസീനമായ ജീവിതരീതി കൂടിയാകും പലരുടേതും. ശരീരത്തിന് മതിയായ വ്യായാമമില്ലാതെ വരുമ്പോഴും വണ്ണം പെട്ടെന്നുവെക്കും. ഇങ്ങനെ തുടരുന്നത് ആർത്തവം തെറ്റാനും മുഖത്തെ രോമവളർച്ച കൂടാനുമൊക്കെ കാരണമാകും. എന്തുചെയ്താലും വണ്ണം കുറയുന്നില്ലെന്ന് പറയുന്നവരുമുണ്ട്. പി.സി.ഒ.എസ്. ഉള്ളവരിലെ വണ്ണം മറ്റുള്ളവരുടേതുപോലെ പെട്ടെന്ന് കുറയ്ക്കാനാകില്ല. ഭക്ഷണനിയന്ത്രണത്തിനൊപ്പം കടുത്ത വ്യായാമവും ചെയ്യേണ്ടതുണ്ട്. എന്നാൽ മാത്രമേ വണ്ണംകുറയ്ക്കാനാവൂ. ഭക്ഷണം ചെറുതായി നിയന്ത്രിച്ചും അൽപം നടന്നുമൊക്കെ ഈ വണ്ണം കുറയ്ക്കാനാവില്ല. അതിനാൽ നേരത്തേ കണ്ടെത്തി നിയന്ത്രണങ്ങൾ ആരംഭിക്കുന്നത് എളുപ്പമാക്കും.

പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ- https://mbi.page.link/mbplus

ചികിത്സാരീതി ?

പി.സി.ഒ.എസ്. ഉള്ള കുട്ടികളെ കണ്ടുതുടങ്ങുമ്പോഴേ വണ്ണംവച്ചിരിക്കുന്നല്ലോ എന്നെല്ലാം പലരും പറയും. ഇത് അവരെ കൂടുതൽ തളർത്തുകയേ ഉള്ളൂ. പി.സി.ഒ.എസ്. മാറ്റാനായി അലോപ്പതിയിൽ ഒരു മരുന്ന് കണ്ടെത്തിയിട്ടില്ല. ഇതുമൂലമുള്ള മറ്റു പ്രശ്നങ്ങളെ ശരിയാക്കാനുള്ള ചികിത്സയാണ് നൽകുക. ആർത്തവം തെറ്റിയാണ് വരുന്നതെങ്കിൽ അതിനുള്ള മരുന്ന് നൽകുക, കുട്ടികൾ ഇല്ലാത്തതാണ് പ്രശ്നമെങ്കിൽ അതിനുള്ള ചികിത്സ നൽകുക തുടങ്ങിയവയാണ് ചെയ്യാറുള്ളത്. പി.സിഒ.എസ്. മൂലമുള്ള ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

ആർത്തവം കൃത്യമാകുന്നതുവരെ മരുന്നു ചികിത്സ തുടരേണ്ടി വരും. കുറഞ്ഞത് 45 ദിവസത്തിനുള്ളിൽ ആർത്തവം വരുന്നുണ്ടെങ്കിൽ ഡയറ്റിലും വ്യായാമത്തിലും നിയന്ത്രിക്കാം. അതിനും അപ്പുറം പോവുകയാണെങ്കിൽ ചികിത്സ എടുക്കണം. ഡ്രഗ് തെറാപ്പി എന്നത് അവസാനവഴിയാണ്. വ്യായാമവും ഭക്ഷണശീലവും തന്നെയാണ് പ്രധാനം.

ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയാണല്ലോ ഇത്. എന്തെല്ലാം മാറ്റങ്ങൾ വരുത്തുന്നതാണ് ഗുണംചെയ്യുക?

ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടത് പ്രധാനമാണ്. വ്യായാമത്തിനു സമയമില്ലാത്തവരാണെങ്കിൽ ബസ് സ്റ്റോപ്പിന്റെ രണ്ടു സ്റ്റോപ് മുമ്പെ ഇറങ്ങി വേഗത്തിൽ നടക്കുക, സൈക്കിളിൽ പോവുക തുടങ്ങിയവയൊക്കെ ഗുണം ചെയ്യും. സ്കൂളിലെ ശാരീരിക വ്യായാമങ്ങൾ പങ്കെടുക്കാനും ശ്രദ്ധിക്കണം. ദിവസവും അര മണിക്കൂർ കുട്ടികൾ വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. അത് ശരീരവണ്ണം കുറയ്ക്കുന്നതിനൊപ്പം ഓർമശക്തി വർധിപ്പിക്കുകയും വിഷാദസാധ്യത കുറയ്ക്കുകയുമൊക്കെ ചെയ്യും.

ഭക്ഷണരീതിയിൽ കാതലായ മാറ്റങ്ങൾ വന്നിട്ടുള്ള കാലമാണ്. ഇതുമൂലം പലതരം ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്. പി.സി.ഒ.എസ്. പ്രതിരോധിക്കാൻ ഭക്ഷണരീതിയിൽ വരുത്തേണ്ട പ്രധാനമാറ്റങ്ങൾ എന്തൊക്കെയാണ്?

പി.സി.ഒ.എസിന്റെ കാര്യത്തിൽ ഭക്ഷണനിയന്ത്രണം പ്രധാനമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണമെന്നു പറഞ്ഞാലും അതിനു മുതിരുന്ന എത്ര വീടുകളുണ്ട്? ചോറു കൂടുതൽ കഴിച്ച് പച്ചക്കറികൾ അളവു കുറച്ച് കഴിക്കുന്ന ശീലമാണ് ഇവിടുത്തേത്. കുട്ടികൾ സ്കൂളിൽനിന്നു വരുമ്പോഴെങ്കിലും ബേക്കറി പലഹാരങ്ങൾക്ക് പകരം വീട്ടിലുണ്ടാക്കുന്നവ കൊടുക്കാൻ ശ്രദ്ധിക്കാം. പ്രാതലിന് കഴിക്കുന്നവ തന്നെ വൈകുന്നേരങ്ങളിൽ കൊടുക്കാം. അല്ലെങ്കിൽ അട, കൊഴുക്കട്ട, അവിൽ നനച്ചത്, ഉപ്പുമാവ് തുടങ്ങിയവയൊക്കെ കൊടുക്കാം. പിസ, ബർഗർ തുടങ്ങിയവ കുറയ്ക്കാനും ശ്രദ്ധിക്കണം. മുമ്പൊക്കെ സാമ്പത്തികനിലവാരം കൂടിയ വീടുകളിലും ഹോസ്റ്റലുകളിൽ നിൽക്കുന്നവരിലുമൊക്കെയാണ് പി.സി.ഒ.എസ്. കണ്ടിരുന്നത്. പക്ഷേ, ഇന്ന് മിക്കയാളുകളിലും കാണുന്നുണ്ട്. ചോറു കുറയ്ക്കാൻ പറഞ്ഞാൽ മറ്റെന്താണ് അവർക്കു കൊടുക്കുക എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ഡയറ്റിൽ അത്തരത്തിലുള്ള കൂടുതൽ നിയന്ത്രണങ്ങൾ വരുത്തുന്നതിന് പകരം വ്യായാമം ശീലമാക്കണം. അതിനൊപ്പം തന്നെ തൈറോയ്ഡ് നിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടോ എന്നും ശ്രദ്ധിക്കണം.

പി.സി.ഒ.എസ്. മൂലം മാസങ്ങളോളം ആർത്തവമില്ലാതിരിക്കുന്നവരുണ്ട്. അവരോട് നിർദേശിക്കാനുള്ളത്?

പി.സി.ഒഎസ്. ഉള്ളപ്പോൾ തുടക്കത്തിലൊക്കെ ഒന്നര മാസത്തിൽ ആർത്തവം വരും, പിന്നീടതിന്റെ ഇടവേള കൂടിവരും. ഒരു കാരണവശാലും മൂന്നു മാസത്തിനപ്പുറത്തേക്ക് ആർത്തവം ഇല്ലാത്ത അവസ്ഥ നീളരുത്. ഒന്നര-രണ്ടുമാസത്തിനുള്ളിൽ ആർത്തവം വന്നില്ലെങ്കിൽ ചികിത്സ തേടേണ്ടത് പ്രധാനമാണ്. പോളിസിസ്റ്റിക് പാറ്റേൺ തുടങ്ങുന്ന സമയത്ത് ആർത്തവം ക്രമരഹിതമായിരിക്കില്ല. രോമവളർച്ച, വണ്ണം കൂടിവരിക തുടങ്ങിയവയൊക്കെയാണ് പ്രകടമാവുക. ആ സമയത്ത് സ്കാൻ ചെയ്യുമ്പോൾ പി.സി.ഒ.എസ് സാധ്യത കാണാം. വ്യായാമം ശീലമാക്കുക എന്നാണ് അപ്പോൾ ചെയ്യേണ്ടത്. വ്യായാമത്തിന്റെ കാര്യം എത്രപറഞ്ഞാലും പലർക്കും മനസ്സിലാകില്ല. ഭക്ഷണം കഴിക്കുന്നതിന് അനുസരിച്ച് വ്യായാമവും ചെയ്യണം. കുട്ടികളിൽ ആ ശീലം ചെറുപ്പത്തിലേ തുടങ്ങണം. സ്കൂൾ വിട്ടുവന്നാൽ സ്കിപ്പിങ് ചെയ്യുക, ശാരീരികാധ്വാനമുള്ള മറ്റു വ്യായാമങ്ങളിൽ ഏർപ്പെടുക തുടങ്ങിയവ കുട്ടികളെ ശീലമാക്കണം.

മുറതെറ്റാതെ ആർത്തവം ഉള്ളവരിലും പി.സി.ഒ.എസ് സ്ഥിരീകരിക്കപ്പെടാറില്ലേ? അതിനേക്കുറിച്ച്?

സ്ഥിരമായി ആർത്തവം വരുന്നവരിലും പി.സി.ഒ.എസിന്റെ ലക്ഷണങ്ങൾ കാണാം. അമിതമായ രോമവളർച്ചയൊക്കെ കാണുമ്പോൾ സ്കാൻ ചെയ്താൽ പോളിസിസ്റ്റിക് അപ്പിയറിങ് ഓവറീസ് ആയി കാണാം. പതിയെ ആർത്തവം ക്രമംതെറ്റുകയും വണ്ണംവെക്കുകയും ചെയ്യും.

 പി.സി.ഒ.എസ്. ഉള്ളവരിലെ മാനസികപ്രശ്നങ്ങളേക്കുറിച്ച്? മൂഡ്സ്വിങ്സ് പോലുള്ളവ ഇവരിൽ കൂടുതലായിരിക്കുമോ?

വിഷാദം സംബന്ധിച്ച പ്രശ്നങ്ങൾ കാണാറുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ബാഹ്യരൂപത്തിൽ വരുന്ന മാറ്റങ്ങളാണ്. ഹോർമോൺ അസന്തുലിതാവസ്ഥയും കാരണങ്ങളാണ്. വിഷാദത്തെ പ്രതിരോധിക്കുന്നതിലും വ്യായാമത്തിന് വലിയ പങ്കുണ്ട്.

പ്രീമിയം ആര്‍ട്ടിക്കിളുകള്‍ വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ- https://mbi.page.link/mbplus