പ്രായമായവര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അസ്ഥി ബലക്ഷയവും (ഓസ്റ്റിയോപൊറോസിസ്) അതുമൂലമുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും. സന്ധിവാത ചികിത്സാമേഖലയില്‍ ഈ രോഗാവസ്ഥയുടെ നിയന്ത്രണത്തിന് പ്രാധാന്യം കൂടുതലാണ്. സന്ധിവാതത്തെ കൃത്യമായി ചികിത്സിക്കാത്തവരില്‍ അസ്ഥിബലക്ഷയത്തിന് സാധ്യത കൂടുതലാണ്. അതുപോലെ തന്നെ സന്ധിവാതചികിത്സയുടെ പ്രാഥമിക ഘട്ടത്തില്‍ ചിലപ്പോള്‍ ഉപയോഗിക്കേണ്ടി വരുന്ന സ്റ്റിറോയിഡുകളും അസ്ഥിയുടെ ബലം കുറയുന്നതിന് കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ ഈ പ്രതിസന്ധി മറികടക്കാന്‍ സഹായകരമാകുന്ന ഫലപ്രദമായ മറ്റ് മരുന്നുകളും ഉപയോഗിക്കേണ്ടി വരാറുണ്ട്.    

To advertise here,

പ്രായമേറുമ്പോള്‍ അസ്ഥികളുടെ ബലം കുറയും എന്നത് സാമാന്യമായ തത്വമാണ്. പ്രായം വര്‍ധിക്കുന്നതിന് അനുസരിച്ച് ബലക്ഷയം വര്‍ധിക്കുകയും ചെറിയ പരിക്കുകള്‍ പോലും അസ്ഥികള്‍ ഒടിയുന്ന അവസ്ഥയിലേക്കും രോഗി കിടപ്പിലാകുന്ന അവസ്ഥയിലേക്കും നയിക്കാനിടയാവുകയും ചെയ്യും. സ്ത്രീകളില്‍ ആര്‍ത്തവ വിരാമാനന്തരം സ്‌ത്രൈണ ഹോര്‍മോണുകളില്‍ വരുന്ന വ്യതിയാനം മൂലം അസ്ഥികളുടെ ബലം കുറയുന്നത് കൂടുതലായി കാണാറുണ്ട്. ഈ കാരണം കൊണ്ട് തന്നെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഓസ്റ്റിയോപൊറോസിസ് കൂടുതലായി കാണാറുമുണ്ട്. 

അസ്ഥികള്‍ക്ക് ബലക്ഷയം അനുഭവപ്പെട്ട് കഴിഞ്ഞാല്‍ തീര്‍ച്ചയായും ഡോക്ടറെ സന്ദര്‍ശിക്കണം. ഒപ്പം ഡോക്ടര്‍ നിര്‍ദേശിക്കുന്ന വ്യായാമങ്ങള്‍ കൃത്യമായി പിന്‍തുടരണം. കൂടാതെ കാത്സ്യം, വൈറ്റമിന്‍ ഡി , ബിസ്‌ഫോസ്ഫനേറ്റ്, ഡിനോസമാബ്, ടെറിപറാറ്റൈഡ് മുതലായ മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവ നിര്‍ബന്ധമായും നിര്‍ദ്ദേശിച്ച രീതിയില്‍ സ്വീകരിക്കുകയും വേണം.

പൊതുവായ ഈ കാര്യങ്ങള്‍ക്ക് പുറമെ പ്രായമേറുന്ന ഘട്ടത്തില്‍ ഒരോ വ്യക്തിയും നിര്‍ബന്ധമായും മനസ്സില്‍ ഉരുവിട്ടുകൊണ്ടിരിക്കേണ്ട ഒരു മന്ത്രം കൂടിയുണ്ട്. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. 

'ശ്രദ്ധിക്കുക, ശ്രദ്ധിക്കുക, ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക'  എന്നതാണത്.

ഇത് പൂര്‍ണമായും പ്രാവര്‍ത്തികമാകണമെങ്കില്‍ ഇനി പറയുന്ന 11 കാര്യങ്ങള്‍ എപ്പോഴും മനസ്സിലുണ്ടാകണം.

  1. എത്ര താഴ്ന്നതായാല്‍ പോലും സ്റ്റൂളിലോ അതുപോലെയുള്ള ഉയര്‍ന്ന പ്രതലങ്ങളിലോ നില്‍ക്കരുത്.
  2. മഴയുള്ള ദിവസങ്ങളില്‍ പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.
  3. കുളിക്കുമ്പോഴും ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴും തെന്നിവീഴാതിരിക്കാന്‍ ശ്രദ്ധിക്കുക.
  4. അടിവസ്ത്രം കുളിമുറിയില്‍ വെച്ച് ഊരുവാനോ ധരിക്കുവാനോ ശ്രമിക്കരുത്. വീഴുന്നതിനും എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിക്കുന്നതിനും ഏറ്റവും പ്രധാനപ്പെട്ട കാരണം ഇതാണ്. കുളിക്കുവാന്‍ പോകുന്നതിന് മുന്‍പ് അടിവസ്ത്രം മുറിയില്‍ അഴിച്ച് വെക്കുക. കുളിച്ച് കഴിഞ്ഞ ശേഷം കസേരയിലോ കിടക്കയിലോ ഇരിക്കുക, അതിന് ശേഷം മാത്രം അടിവസ്ത്രം ധരിക്കുക.
  5. ടോയ്‌ലറ്റില്‍  പോകുമ്പോള്‍ കുളിമുറിയുടെ തറ വരണ്ടതാണെന്നും വഴുക്കലില്ലെന്നും ഉറപ്പിക്കുക. ബാത്ത് സ്റ്റൂളില്‍ ഇരുന്ന് കുളിക്കുക. ചുമരില്‍ താങ്ങുവാനായി ഒരു ഹാന്റ് റെസ്റ്റ് നിര്‍ബന്ധമായും ഫിക്‌സ് ചെയ്യണം.
  6. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് വീടിന്റെ തറ വൃത്തിയാക്കിയെന്നുറപ്പ് വരുത്തുക, തന നനഞ്ഞിരിക്കുന്ന സമയങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക.
  7. അര്‍ധരാത്രിയില്‍ എഴുന്നേല്‍ക്കുമ്പോള്‍ 3-4 മിനിറ്റ് കിടക്കയില്‍ തന്നെ ഇരിക്കുക. ലൈറ്റ് ഓണ്‍ ചെയ്ത ശേഷം മാത്രം എഴുന്നേല്‍ക്കുക.
  8. ടോയ്‌ലറ്റ് വാതില്‍ അകത്ത് നിന്നും അടയ്ക്കരുത്. സാധ്യമെങ്കില്‍ ടോയ്‌ലറ്റില്‍ ഒരു എമര്‍ജന്‍സി അലാറം സ്ഥാപിക്കുക. അടിയന്തര ഘട്ടങ്ങളില്‍ അത് പ്രവര്‍ത്തിപ്പിച്ച് കുടുംബാംഗങ്ങളുടെ ശ്രദ്ധ ക്ഷണിക്കുക.
  9. ഏതെങ്കിലും സാഹചര്യത്തില്‍ നിലത്ത് വീഴുമെന്ന് തോന്നിയാല്‍ കൈകള്‍ നീട്ടുക. ഇടുപ്പ്, തുടയെല്ല് തുടങ്ങിയ സ്ഥലങ്ങളില്‍ ഒടിവുണ്ടാകുന്നതിനേക്കാള്‍ സുരക്ഷിതം കൈത്തണ്ടയില്‍ ഒടിവുണ്ടാകുന്നതാണ്.
  10. ലളിതമായ വ്യായാമം നിര്‍ബന്ധമായും ചെയ്യുക, സാധിക്കാവുന്ന പരിധി വരെ നടക്കുന്നതാണ് ഏറ്റവും എളുപ്പം.
  11. ശരീരഭാരം അനുവദനീയമായ പരിധിയില്‍ തന്നെ നിലനിര്‍ത്തുക. ഭക്ഷണ നിയന്ത്രണത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക. 

ഓസ്റ്റിയോപൊറോസിസിന്റെ തീവ്രതയെ മരുന്നുകൊണ്ട് പ്രതിരോധിക്കാന്‍ സാധിച്ചേക്കും എന്നാല്‍ ആ അവസ്ഥ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ ചെറുക്കാന്‍ ഈ മുന്‍കരുതലുകള്‍ സ്വീകരിച്ചേ മതിയാകൂ, അതിനാല്‍ മുകളില്‍ പറഞ്ഞ മന്ത്രം ഓര്‍മിച്ചുകൊണ്ടേയിരിക്കുക.

'ശ്രദ്ധിക്കുക, ശ്രദ്ധിക്കുക, ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക..

കോഴിക്കോട് ഡോ. അനൂഫ്‌സ് റുമകെയർ ഫൗണ്ടര്‍ ചെയര്‍മാനും ചീഫ് കണ്‍സല്‍ട്ടന്റുമാണ് ലേഖകൻ