കഴുത്തിലും മടക്കുകളിലും കറുപ്പ് നിറം വരുത്തുന്ന ഒരു അവസ്ഥയാണ് അകന്തോസിസ് നി​ഗ്രിക്കൻസ് ( Acanthosis Nigricans).  ഇത് സാധാരണയായി മധ്യവയസ്കരിൽ ആണ് കണ്ടു തുടങ്ങുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുന്ന അവസ്ഥയാണിത്. ഇരുണ്ട ചർമമുള്ളവരിൽ കൂടുതലായി കാണാം. സാധാരണ കറുപ്പ് നിറത്തിൽ പ്രത്യക്ഷപ്പെട്ട് കാലക്രമേണ വെൽവെറ്റ് പോലെ കട്ടിയായി ആണ് ഇത് കാണപ്പെടുക. മടക്കുകളിൽ മാത്രമല്ല മുഖത്ത് നെറ്റിയിലും വശങ്ങളിലും മൂക്കിന്റെ ഇരുവശത്തും കൈമുട്ട്, വിരൽ മടക്കുകൾ, കാൽമുട്ട് എന്നിവിടങ്ങളിലും കാണാം.

To advertise here,

അകന്തോസിസ് നി​ഗ്രിക്കൻസ് പലകാരണങ്ങൾ കൊണ്ട് പ്രത്യക്ഷപ്പെടാം. അവ എന്തെല്ലാമാണെന്ന് നോക്കാം.

1. പാരമ്പര്യമായി:  അച്ഛനോ അമ്മയ്ക്കോ ഉണ്ടെങ്കിൽ കുട്ടികളിലും വരാം. ഇങ്ങനെയുള്ള സാഹചര്യത്തിൽ ജനിക്കുമ്പോൾ തന്നെയോ അല്ലെങ്കിൽ ചെറുപ്പത്തിലോ അകന്തോസിസ് നി​ഗ്രിക്കൻസ് പ്രത്യക്ഷപ്പെടുന്നു.

2. ഒബിസിറ്റി (അമിതഭാരം മൂലം): ഇത് കൂടുതലും മുതിർന്ന കുട്ടികളിലാണ് പ്രകടമാകുന്നത്. ആഹാരം നിയന്ത്രിക്കുകയും വ്യായാമം ചെയ്യുന്നതും ഭാരം കുറയ്ക്കുന്നതും അകന്തോസിസ് നി​ഗ്രിക്കൻസ് കുറയ്ക്കാൻ സഹായിക്കുന്നു. മരുന്നുകളുടെ പാർശ്വ ഫലമായും പ്രത്യക്ഷപ്പെടാം. സ്റ്റിറോയ്ഡുകൾ, ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി, ഓറൽ കോൺട്രാസെപ്റ്റീവ് പിൽസ് എന്നിവ ഉപയോഗിക്കുന്നവരിലും വരാം.

താഴെപറഞ്ഞിരിക്കുന്ന അസുഖങ്ങളുടെ ഭാഗമായും കാണപ്പെടാം.

A. ഹോർമോണൽ വ്യതിയാനം  

  •  തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ 
  •  ഓവറി സംബന്ധമായ അസുഖങ്ങൾ മൂലം

 B. ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ

ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ശരീരത്തോട് മല്ലിടുമ്പോൾ ഉണ്ടാകുന്ന രോഗങ്ങളായ എസ്.എ.ഇ, Sjogren's, സിസ്റ്റമിക് സ്ക്ലിറോസിസ് എന്നിങ്ങനെയുള്ള രോഗങ്ങളോടുകൂടെയും പ്രത്യക്ഷപ്പെടാം.

 C. വിവിധ തരത്തിലുള്ള അർബുദങ്ങൾ മൂലം

ഗർഭപാത്രം, ആമാശയം,  കുടൽ,  പ്രോസ്ട്രേറ്റ് കാൻസർ എന്നിവയോടൊപ്പം ഈ അവസ്ഥ വരാം.

അർബുദ രോഗികളിൽ അകന്തോസിസ് നി​ഗ്രിക്കൻസ് വരുമ്പോൾ പെട്ടെന്നാണ് കറുപ്പ് നിറത്തിൽ നിന്നും അരിമ്പാറ പോലുള്ള കട്ടിയിലേക്ക് മാറുന്നത്.

പലകാരണങ്ങളാൽ അകന്തോസിസ് നി​ഗ്രിക്കൻസ് പ്രത്യക്ഷപ്പെടാം എന്നതിനാൽ അത് കണ്ടുപിടിക്കപ്പെടുകയും ചികിത്സിക്കുകയും ചെയ്താൽ മാത്രമേ അകന്തോസിസ് നി​ഗ്രിക്കൻസ് സുഖപ്പെടുത്തുവാൻ കഴിയുകയുള്ളൂ. രോഗങ്ങളുടെ കൂടെ അല്ലാതെ പ്രത്യക്ഷപ്പെടുന്ന അകന്തോസിസ് നി​ഗ്രിക്കൻസ് കുറയ്ക്കാൻ ചില വഴികൾ ഉണ്ട്.

1. മോയ്സ്ചറൈസിങ് ക്രീം: Urea, lactic acid  എന്നിവ അടങ്ങിയ ലേപനങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.

2. കെരാറ്റോലിറ്റിക് ഏജന്റ്സ് : തൊലിയുടെ കട്ടി കുറയ്ക്കുന്ന  ലേപനങ്ങൾ (Retinol, Salicyclic acid, glycolic acid)

3.  കെമിക്കൽ പീലിങ്:  ലേസർ റീസർഫേസിങ് പോലുള്ള ചികിത്സകൾ.

കഴുത്തിലും മടക്കുകളിലും ഉണ്ടാകുന്ന എല്ലാ നിറവും അകന്തോസിസ് നി​ഗ്രിക്കൻസ് മൂലമാകണമെന്നില്ല. ഫം​ഗൽ ഇൻഫെക്ഷൻ, ബാക്ടീരിയൽ ഇൻഫെക്ഷൻ,ആഡിസൺസ് ഡിസീസ്,  പോഷകാഹാരക്കുറവ് എന്നിവ കാരണവും കറുപ്പ് നിറം പ്രത്യക്ഷപ്പെടാം. ഒരു ഡോക്ടറുടെ സഹായത്തോടെ രോഗകാരണം നിർണ്ണയിച്ചു  ചികിത്സ തേടുക.

പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ ഡെർമറ്റോളജി വിഭാ​ഗം കൺസൾട്ടന്റ് ആണ് ലേഖിക.