കണ്ണൂര്‍: മഴയും കാലാവസ്ഥയിലെ മാറ്റവും കാരണം സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപന സാധ്യതയേറി. മലിനജലത്തിലൂടെയും വായുവിലൂടെയും പടരുന്നതും കൊതുക് പരത്തുന്നതുമായ രോഗങ്ങളാണ് ഭീഷണിയായി മുന്നിലുള്ളത്. മഴക്കാലത്ത് സാധാരണ പടരുന്ന വൈറല്‍ പനിക്ക് പുറമേയാണ് പലവിധ ഭീഷണികള്‍. പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യകേന്ദ്രങ്ങളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.
വായുവിലൂടെ എച്ച് വണ്‍ എന്‍ വണ്‍
ഇന്‍ഫ്‌ലുവന്‍സ എ വൈറസിന്റെ ഉപവിഭാഗം. വായുവിലൂടെ പടരും. രോഗിയോട് അടുത്ത് ഇടപഴകുമ്പോള്‍ മറ്റൊരാളില്‍ എത്തുന്നു. പനി, മൂക്കൊലിപ്പ്, ചുമ എന്നിവയുണ്ടാകും. അമിത രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവ ഉള്ളവരിലും പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരിലും ജാഗ്രത വേണം. ന്യുമോണിയയാണ് സങ്കീര്‍ണത.
കൊതുക് വഴി ഡെങ്കിപ്പനി: ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കിപ്പനി വലിയ ഭീഷണിയാണ്. നാല് ഉപവിഭാഗങ്ങളുണ്ട്. പനി, അസ്ഥികളിലും പേശികളിലും കഠിന വേദന, കണ്ണുകള്‍ക്ക് പിറകില്‍ വേദന എന്നിവ ലക്ഷണങ്ങള്‍. ഒരുതവണ വന്നവര്‍ക്ക് വീണ്ടും വന്നാല്‍ സങ്കീര്‍ണതയ്ക്ക് സാധ്യത. ആന്തരിക രക്തസ്രാവമുണ്ടായി മാരകമാകാം.
ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമായ ചിക്കുന്‍ഗുനിയ, സിക്ക, ക്യൂലക്‌സ് കൊതുക് പരത്തുന്ന ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ പനി എന്നിവക്കെതിരെയും ജാഗ്രത വേണം.
മലിനവെള്ളത്തിലൂടെ എലിപ്പനി സംസ്ഥാനത്ത് കൂടുതല്‍ മരണത്തിന് വഴിവെക്കുന്ന പകര്‍ച്ചവ്യാധി. ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് രോഗാണു. എലി, മറ്റ് സസ്തനികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന മലിനവെള്ളവുമായി ബന്ധപ്പെടുമ്പോള്‍ രോഗാണു മുറിവുകളിലൂടെ അകത്തെത്തുന്നു. മലിനജലം കുടിക്കുന്നത് വഴിയും വരാം. പനി, പേശിവേദന, കണ്ണില്‍ ചുവപ്പ് എന്നിവ ലക്ഷണങ്ങള്‍. ഗുരുതരമായാല്‍ കരള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയെ ബാധിക്കും. ആന്റിബയോട്ടിക് മരുന്നുണ്ട്. ഈ വര്‍ഷം 780 കേസുകള്‍. സംശയിക്കുന്നത് 474. എലിപ്പനി സംശയിക്കുന്നത് ഉള്‍പ്പടെ 80 പേര്‍ മരിച്ചു.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം, എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.
മഞ്ഞപ്പിത്തം
മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെ പടരുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസ് ഉണ്ടാക്കുന്ന മഞ്ഞപ്പിത്തം ഒരുവര്‍ഷത്തിലേറെയായി കേരളത്തില്‍ ഭീഷണിയാണ്. തുടക്കത്തില്‍ ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി എന്നിവയുണ്ടാകും. പിന്നീട് ബിലുറുബിന്‍കൂടി കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്ക് കടുത്ത മഞ്ഞനിറം. മാരമകമായാല്‍ തലച്ചോറിന്റെയും കരളിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കും. ഈ വര്‍ഷം 44,281 രോഗികള്‍. സംശയിക്കുന്ന കേസ് 8183. 30 മരണം.
ടൈഫോയ്ഡ്
സാല്‍മൊണല്ല ടൈഫി എന്ന ബാക്ടീരിയയാണ് രോഗാണു. രോഗിയുടെ മലത്തിലൂടെ പുറത്തെത്തുന്ന അണുക്കള്‍ മലിന ജലം വഴി മറ്റുള്ളവരിലെത്തുന്നു. നീണ്ടുനില്‍ക്കുന്ന കടുത്ത പനി, ഉദര പ്രശ്‌നങ്ങള്‍, കറുത്ത മലം എന്നിവ ലക്ഷണങ്ങള്‍. ഈ വര്‍ഷം 172 രോഗികള്‍. സംശയിക്കുന്നത് 755.
കോളറ, ഛര്‍ദ്യതിസാരം എന്നിവയും മഴക്കാലത്ത് ഭീഷണിയായി മാറാം.
Content Highlights: Kerala Disease Outbreak Alert
Published: 28 May 2025, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented