മെഡിസെപ്പ് മാത്രമല്ല പൊതുജനത്തിന് പ്രയോജനം ചെയ്തിരുന്ന സര്‍ക്കാരിന്റെ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് പോലും വളരെ പരിതാപകരമാണെന്നതാണ് വസ്തുത. പക്ഷേ,  മെഡിസെപ്പിന് അതില്‍ നിന്ന് വ്യത്യാസമുണ്ട്. അതിന്റെ ഘടന തന്നെ സങ്കീര്‍ണമാണ്. മാത്രമല്ല, വേണ്ട എന്നുണ്ടെങ്കില്‍ ചേരാതിരിക്കാനുള്ള അവകാശം ജീവനക്കാര്‍ക്കോ പെന്‍ഷന്‍കാര്‍ക്കോ ഇല്ല. മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെല്ലാം തന്നെ വേണ്ടെന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യാനുള്ള അവകാശം ഉപഭോക്താക്കള്‍ക്കുണ്ട്. മെഡിസെപ്പിലാകട്ടെ ജീവനക്കാരും പെന്‍ഷന്‍കാരും അത് ഉപയോഗിച്ചാലും ഇല്ലെങ്കിലും 500 രൂപ പ്രീമിയം അടയ്ക്കുക തന്നെ വേണം. മാത്രമല്ല എത്ര രൂപ ശമ്പളം വാങ്ങുന്നവര്‍ ആയാലും പ്രീമിയം തുക ഒന്നുതന്നെ. പെന്‍ഷനായവരുടെ കാര്യവും അങ്ങനെ തന്നെ. 

To advertise here,

ഇന്‍ഷുറന്‍സ് കമ്പനിക്ക് മെഡിസെപ്പിന്റെ നടത്തിപ്പ് നഷ്ടമാണെങ്കില്‍ അക്കാര്യം വ്യക്തമാക്കേണ്ടതല്ലെ. എന്നാല്‍ സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള കരാര്‍ പോലും ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നത്. നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി സര്‍ക്കാര്‍ നല്‍കിയില്ല. മാത്രമല്ല ഇരുകൂട്ടരും ഒപ്പിട്ട കരാര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന വിവരങ്ങളും പുറത്തുവന്നു. 

കേരള ഗവണ്‍മെന്റ് ഓഫീസേഴ്‌സ് യൂണിയന്‍ സെക്രട്ടറി ഡോ. ആര്‍. രാജേഷ് വിവരാവകാശപ്രകാരം രേഖകള്‍ ആരാഞ്ഞപ്പോഴാണ് ഇത്തരത്തില്‍ വിചിത്രമായ മറുപടി കിട്ടിയത്. നിയമപരമായി ഒപ്പിട്ട കരാര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അതിന് എങ്ങനെ നിയമ സംരക്ഷണം ഉണ്ടാകുമെന്ന ചോദ്യമാണ് ഇദ്ദേഹം ഉയര്‍ത്തിയത്. ജീവനക്കാര്‍ക്കിടയില്‍ തന്നെ നിരവധി ആളുകള്‍ ഇക്കാര്യത്തില്‍ പരാതികളും പ്രശ്‌നങ്ങളും ഉന്നയിച്ചതോടെ ഭരണാനുകൂല സംഘടനകള്‍ പോലും പ്രതിരോധത്തിലാണ്. പ്രത്യക്ഷത്തില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെങ്കിലും ക്ലെയിമുകള്‍ സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടെന്ന് ഇവരും സമ്മതിക്കുന്നു. 

നിലവിലെ രീതി പരാജയം

ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് മി​കച്ചതാകുന്നത് അതില്‍ എത്ര രോഗങ്ങള്‍ക്ക് പരിരക്ഷയുണ്ട്, എത്ര ആശുപത്രികള്‍ പങ്കാളികളാണ്, ക്യാഷ്​ലെസ് സൗകര്യം എവിടൊക്കെ കിട്ടും, എമര്‍ജസി കെയര്‍ പരിരക്ഷ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ കണക്കിലെടുത്താണ് നിശ്ചയിക്കുക. ഇതെല്ലാം വെച്ച് നോക്കിയാല്‍ പോലും മെഡിസെപ്പ് ഒരു മികച്ച പദ്ധതിയല്ല.

പിഴച്ചത് എവിടെ?

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളെല്ലാം തന്നെ ബ്ലീഡിങ് പോളിസികള്‍ എന്നാണ് വിളിക്കുന്നത്. കാരണം അത്തരം പോളിസികളില്‍ കൂടി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കാര്യമായ ലാഭം ഉണ്ടാകാറില്ലെന്നാണ് വിലയിരുത്തല്‍. മറ്റ് പേഴ്‌സണല്‍ ഹെല്‍ത്ത് ഇന്‍ഷുറൻസുകള്‍ മുഖേനെയാണ് ഇത്തരത്തിലുണ്ടാകുന്ന നഷ്ടം ഒരുപരിധിവരെ കമ്പനികള്‍ നികത്തുന്നത്. മെഡിസെപ്പിന്റെ കാര്യത്തിലും ഇതുതന്നെയാണ് പ്രധാന പ്രശ്‌നം.

ഇവിടെ സര്‍ക്കാര്‍ ജീവനക്കാരും വിരമിച്ചവരും നിര്‍ബന്ധമായും മെഡിസെപ്പിന്റെ ഭാഗമാണ്. അവരുടെ ആശ്രിതരെ മാറ്റിനിര്‍ത്തിയാല്‍ പോലും ഇതിന്റെ ക്ലെയിം റേഷ്യോ എപ്പോഴും നൂറിന് മുകളില്‍ പോകും. അങ്ങനെ വന്നാല്‍ പിന്നെ കൂടുതല്‍ ആളുകളെ പദ്ധതിയുടെ ഭാഗമാക്കുക എന്നതാണ് ചെയ്യേണ്ടത്. ഇവിടെ നിലവിലെ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും മാത്രം ഉള്‍ക്കൊള്ളുന്നതാണ്. അതില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന തുച്ഛമായ പുതിയ സര്‍ക്കാര്‍ നിയമനം കൊണ്ട് പരിഹരിക്കാന്‍ സാധിക്കുകയുമില്ല. ഇവിടെ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമായി വരുന്നു. 

സര്‍ക്കാരിനും മെഡിസെപ്പിന്റെ ഉപയോക്താക്കള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനിക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന രീതിയില്‍ ഒരു പുനഃസംഘടന വേണം. കൂടുതല്‍ ആശുപത്രികളെ മെഡിസെപ്പിന്റെ ഭാഗമാക്കുകയാണ് വേണ്ടത്. കാരണം മെഡിസെപ്പില്‍ അംഗമായ ഒരാള്‍ക്ക് പെട്ടെന്നൊരു അടിയന്തര ആരോഗ്യപ്രശ്‌നം വന്നാല്‍ തൊട്ടടുത്ത ആശുപത്രിയെ സമീപിക്കാനാണ് ശ്രമിക്കുക. അല്ലാതെ മെഡിസെപ്പില്‍ ഉള്ള ആശുപത്രിയാണോ എന്ന് നോക്കിയിരിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ളപ്പോള്‍ എമര്‍ജന്‍സി കേസുകള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ് സൗകര്യം കൂടുതല്‍ വിഷയങ്ങളില്‍ ഉള്‍ക്കൊള്ളിക്കണം. ഇവിടെ മെഡിസെപ്പില്‍ മിക്ക മെഡിക്കല്‍ എമര്‍ജന്‍സികളെയും റീ ഇംബേഴ്‌സിന് പരിഗണിക്കുന്നില്ല എന്ന പ്രശ്‌നമുണ്ട്. ഹൃദയാഘാതം, അപകടം തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇപ്പോള്‍ എമര്‍ജന്‍സി എന്ന ഗണത്തില്‍ പെടുത്തി റീ ഇംബേഴ്‌സ്​മെന്റ്  ലഭിക്കുന്നുള്ളൂ. ഈ അവസ്ഥ മാറണം. 

പങ്കാളികളായ ആശുപത്രികള്‍ എല്ലാ ചികിത്സയും മെഡിസെപ്പിന്റെ കീഴില്‍ ആക്കിയിട്ടുമില്ല. കാഷ്‌ലെസ് സൗകര്യം കാര്യക്ഷമമാക്കണം. ഈ പ്രശ്‌നങ്ങള്‍ മാറ്റാന്‍ സാധിച്ചാല്‍ മാത്രമേ മെഡിസെപ്പ് പ്രയോജനം ചെയ്യുന്ന ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായി മാറൂ- ഡോ. ജോബി ജോയ്, ഡയറക്ടര്‍ - ഓപ്പറേഷന്‍സ്, സി.എം.ഐ.ഡി (സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്‌മെന്റ് ) 

ഓംബുഡ്‌സ്മാനെ സമീപിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമോ?

ഇന്‍ഷുറന്‍സ് മേഖലയിലെ തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാനാണ് ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാനുള്ളത്. ക്ലെയിമുകള്‍ നിരസിക്കുന്നതിനെതിരേ ഉപഭോക്താക്കള്‍ക്ക് ഇവിടെ പരാതികള്‍ സമര്‍പ്പിക്കാം. ഇരുഭാഗത്തിന്റെയും പരാതികളും വിശദീകരണങ്ങളും കേട്ട് ക്ലെയിമിന് അര്‍ഹതയുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഉപഭോക്താക്കള്‍ക്ക് അനുവദിക്കുകയും ചെയ്യും. എന്നാല്‍ മെഡിസെപ്പിന്റെ കൂടുതലും ഉപഭോക്താക്കളെന്നത് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പലര്‍ക്കും തങ്ങള്‍ എവിടെ പരാതി നല്‍കണമെന്ന കാര്യത്തില്‍ പോലും ധാരണയില്ല. സര്‍വീസ് സംഘടനകള്‍ വഴി സര്‍ക്കാരിന് പരാതി നല്‍കിയിട്ടും പ്രയോജനമില്ലാതിരുന്നിട്ടും നിര്‍ബന്ധിതമായി പണം അടയ്‌ക്കേണ്ട സാഹചര്യത്തിലാണ് ഇവരില്‍ പലരും. അങ്ങനെയുള്ള പ്രായമുള്ള പെന്‍ഷന്‍കാര്‍ക്ക് ഓംബുഡ്‌സ്മാനെ സമീപിക്കലും മാസങ്ങള്‍, ചിലപ്പോള്‍ ഒരുവര്‍ഷത്തിന് മുകളില്‍ വരെ സമയം ചെലവഴിച്ച് അതിന്റെ പുറമെ നടക്കാന്‍ സാധിച്ചെന്നും വരില്ല. 

വിരമിച്ച ജീവനക്കാരും ഉള്‍പ്പെടുന്നതിനാല്‍ തന്നെ മെഡിസെപ്പില്‍ ക്ലെയിം റേഷ്യോ എപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കും. ഇവിടെ ഒന്നുകില്‍ പ്രീമിയം വര്‍ധിപ്പിക്കാനോ അല്ലെങ്കില്‍ പ്രീമിയം ബാധ്യതയുടെ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കുകയോ വേണം. അങ്ങനെ ചെയ്യുന്നതിനൊപ്പം കൂടുതല്‍ ആശുപത്രികളിലേക്ക് മെഡിസെപ്പിനെ എത്തിക്കാനും പങ്കാളിയാകുന്ന ആശുപത്രിയിലെ ഭൂരിഭാഗം ചികിത്സയും മെഡിസെപ്പിന്റെ സൗകര്യം ലഭ്യമാക്കുകയും വേണമെന്നാണ് ജീവനക്കാരും പെന്‍ഷന്‍കാരുമടങ്ങുന്ന സംഘടനകള്‍ വാദിക്കുന്നത്. മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ എല്ലാം വേണമെന്നല്ല ആവശ്യപ്പെടുന്നത്. കുറഞ്ഞപക്ഷം നിസാര കാരണങ്ങള്‍ പറഞ്ഞ് ക്ലെയിമുകള്‍ നിരസിക്കുന്ന രീതി എങ്ങനെ മാറണം. അല്ലെങ്കില്‍ മെഡിസെപ്പില്‍ നിന്ന് പിന്മാറാനുള്ള അവകാശം നല്‍കണമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ വാദിക്കുന്നത്. ഇതിനായി കോടതിയെ സമീപിക്കുമെന്നാണ് കെ.ജി.ഒ.യു സെക്രട്ടറി ഡോ. ആര്‍. രാജേഷ് പറയുന്നത്. 

പഠനം വേണം

പദ്ധതി തുടങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. പരാതികളും ആരോപണങ്ങളും നിരന്തരം ഉയരുന്നു. അതിനാല്‍ ഇതിലെന്തെങ്കിലും കഴമ്പുണ്ടോയെന്ന് കണ്ടെത്താന്‍ വിശദമായ പഠനത്തിന് സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനത്ത് കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് നിരവധി ആരോഗ്യ പദ്ധതികള്‍ ഉണ്ടായിരുന്നു. കേന്ദ്രത്തിന്റെ രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന- സംസ്ഥാനത്തിന്റെ കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് എന്നിവയുടെ സംയുക്ത പദ്ധതി നടന്നിരുന്നു. ആര്‍.എസ്.ബി.വൈ- ചിസ് എന്ന പേരില്‍ നടപ്പിലാക്കിയ ആ പദ്ധതി പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സായിരുന്നു.

പദ്ധതിയില്‍ അംഗങ്ങളാകാന്‍ യോഗ്യതയുള്ള ആളുകളില്‍ ഭൂരിഭാഗവും അതിന്റെ ഭാഗമാക്കാന്‍ സാധിച്ചിരുന്നുവെങ്കിലും പദ്ധതിയുടെ പ്രയോജനം കിട്ടിയവര്‍ വളരെ കുറച്ച് ആളുകള്‍ക്കാണ്. അതിന് പ്രധാന കാരണങ്ങളിലൊന്നായി  2019ല്‍ എസ്.സി.എം.എസ് കോളേജ് സംസ്ഥാന ആസൂത്രണ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് പദ്ധതിയുടെ ഭാഗമായ ആശുപത്രികളുടെ എണ്ണവും അവിടേയ്ക്ക് ആളുകള്‍ക്ക് എത്തിപ്പെടാന്‍ സാധിച്ചിരുന്നില്ല എന്നുമായിരുന്നു.

കൂടുതല്‍ ആളുകളും ആശുപത്രികളില്‍ എത്തിയിരുന്ന പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്ന് വിവിധതരം പനികളാണ്. ഇതിനൊപ്പം പ്രസവം, ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാണ്. എന്നാല്‍ ഈ മൂന്ന് കാര്യങ്ങളിലും ആളുകള്‍ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുക. അവിടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട ആശുപത്രിയാണോ എന്ന് ആരും നോക്കാന്‍ മെനക്കെടാറില്ല. അതിനാല്‍ അര്‍ഹതയുണ്ടായിട്ടും അതിന്റെ പ്രയോജനം കിട്ടാത്ത ആളുകളായിരുന്നു അധികവും. എന്നുപറഞ്ഞാല്‍ 67 ശതമാനത്തിന് മുകളില്‍. എന്നാല്‍ ആര്‍.എസ്.ബി.വൈ- ചിസ് പദ്ധതിയുടെ പ്രയോജനം ലഭിച്ച ബാക്കിയുള്ളവര്‍ക്ക് അത് ഏറെ ആശ്വാസം നല്‍കിയെന്നതും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. വലിയൊരു വിഭാഗം ആളുകള്‍ക്ക് നല്ല രീതിയില്‍ പ്രയോജനം ചെയ്യുമായിരുന്ന ഒരു പദ്ധതി എങ്ങനെ ജനങ്ങള്‍ക്ക് പ്രയോജനമില്ലാതായി മാറി എന്ന് ഈ റിപ്പോര്‍ട്ട് പഠിച്ചാല്‍ മനസിലാകും.

ഇതേപോലെ മെഡിസെപ്പിന്റെ കാര്യത്തിലും വിഷയങ്ങള്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട്  തയ്യാറാക്കണം. എന്നാല്‍ മാത്രമേ ഇതിന്റെ കൃത്യമായ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും കണ്ടെത്താനാകു. ആ രീതിയിലൊരു മാറ്റം വരണമെന്ന ആവശ്യം ഇതിന്റെ ഭാഗമായവരില്‍ നിന്ന് ഉയര്‍ന്ന് വരണം.