കേരളത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ - സ്വകാര്യമേഖലകളിലെ 479 ആശുപത്രികളിലാണ് മെഡിസെപ്പ് പ്രകാരം സൗജന്യ ചികിത്സ നല്‍കുന്നത്. എന്നാല്‍, ഇപ്പോൾ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും ക്യാഷ്ലെസ് ചികിത്സ കിട്ടുന്നില്ല. ആശുപത്രിയില്‍ പണം നല്‍കിയാലേ ചികിത്സ ലഭിക്കൂവെന്ന സ്ഥിതിയാണ്. ക്ലെയിം ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച് പിന്നീട് ഈ തുക തിരിച്ചുകിട്ടുമെന്നു പറഞ്ഞാണ് ആദ്യം പണം വാങ്ങുന്നത്. എന്നാല്‍, പലര്‍ക്കും ചികിത്സയ്ക്ക് ചെലവാകുന്നതിന്റെ പകുതിത്തുക മാത്രമാണ് തിരിച്ചുകിട്ടുന്നത്. എല്ലാ ചികിത്സയും എല്ലാ ആശുപത്രികളിലും ലഭിക്കാത്തതിനാല്‍ പലയിടത്തായി ഓടേണ്ട അവസ്ഥയുമുണ്ട്.
ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ചികിത്സാച്ചെലവ് വാങ്ങിക്കുന്നു, ക്ലെയിം പാസായി വരുമ്പോള്‍ വാങ്ങിയ തുക മുഴുവന്‍ തിരിച്ചു നല്‍കുന്നില്ല തുടങ്ങിയ പരാതികളാണ് ഏറെയും. തിരുവനന്തപുരത്തുകാരനായ അബ്ദുള്‍ ലത്തീഫിന് സമാനമായ അവസ്ഥയാണ് ഉണ്ടായത്. പനങ്ങാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജീവനക്കാരനാണ് അബ്ദുള്‍ ലത്തീഫ്.
എന്തുപറ്റി മെഡിസെപ്പിന്?
മെഡിസെപ്പിന്റെ പ്രശ്നങ്ങളില്‍ പലതും സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള തര്‍ക്കമാണെന്നാണ് സൂചന. 2022ല്‍ തുടങ്ങിയ പദ്ധതി ആദ്യവര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെങ്കിലും രണ്ടാം വര്‍ഷത്തില്‍ സേവനം മെച്ചമല്ലെന്ന പരാതിയാണ് ഉയരുന്നത്. പ്രീമിയം വര്‍ധിപ്പിക്കണമെന്ന ഇന്‍ഷുറൻസ് കമ്പനിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് ഇത്തരത്തില്‍ പദ്ധതി ഉഴപ്പുന്നതെന്നാണ് അറിയുന്നത്. മെഡിസെപ്പ് വഴിയുള്ള ക്ലെയിം തുക കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ പ്രതിമാസ പ്രീമിയം 500 രൂപയില്‍നിന്ന് 550 ആയി വര്‍ധിപ്പിക്കണമെന്ന് നടത്തിപ്പുകാരായ ഓറിയന്റല്‍ ഇന്‍ഷുറൻസ് കമ്പനി ആവശ്യമുന്നയിച്ചത്. ഇത് പ്രകാരം വാര്‍ഷിക പ്രീമിയം 6,000 രൂപയില്‍നിന്ന് 6,600 രൂപയായി ഉയരും. എന്നാല്‍, പ്രീമീയം വര്‍ധിപ്പിക്കുന്നതിനോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ല.
ജീവനക്കാരുടെ അതൃപ്തി വരുത്തിവയ്ക്കാന് സര്‍ക്കാര്‍ തയ്യാറായില്ല. ഫലമോ പദ്ധതിയില്‍ ക്ലെയിമുകള്‍ നല്കുന്നതില് നിന്ന് ഇന്‍ഷുറന്‍സ് കമ്പനി ഉഴപ്പിത്തുടങ്ങി. പണം കിട്ടാതായതോടെ പദ്ധതിയില്‍ എം പാനല്‍ ചെയ്ത ആശുപത്രികള്‍ പല ചികിത്സകള്‍ക്കും മെഡിസെപ്പില്‍ നിന്ന് നിന്ന് പിന്മാറി. ഇതോടെ വെട്ടിലായത് ജീവനക്കാരും പെന്‍ഷന്‍കാരുമാണ്.
മെഡിസെപ്പില്‍ മൂന്ന് ലക്ഷം രൂപയാണ് ചികിത്സാ പരിധിയെങ്കിലും ആദ്യത്തെ ഒരു വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം രൂപ ഉപയോഗിച്ചിരിക്കണമെന്ന വ്യവസ്ഥയുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ ആ തുക പിന്നീട് ഇന്‍ഷുറന്‍സ് കാലയളവില്‍ ഉപയോഗിക്കാനാകാതെ ലാപ്സാകും. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിരസിക്കപ്പെടുകയും ആശുപത്രികള്‍ പിന്മാറുകയും ചെയ്യുമ്പോള്‍ മെഡിസെപ്പ് കരാര്‍ ജീവനക്കാര്‍ക്കു തന്നെ തിരിച്ചടിയാവുകയും ചെയ്യും.
2022 ജൂലായിൽ ആരംഭിച്ച മെഡിസെപ്പ് പദ്ധതിയില്‍ ആദ്യ വര്‍ഷം 500 കോടി രൂപ ആശുപത്രികള്‍ക്ക് കൈമാറേണ്ടി വരുമെന്നായിരുന്നു ഇന്‍ഷുറൻസ് കമ്പനിയുടെ കണക്കുകൂട്ടല്‍. എന്നാല്‍,പദ്ധതി ആരംഭിച്ച് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ കണക്കനുസരിച്ച് 697 കോടി രൂപയാണ് ക്ലയിം നല്‍കേണ്ടിവന്നത്. ആദ്യവര്‍ഷം തന്നെ 217 കോടിയുടെ നഷ്ടം പേറേണ്ടിവന്നുവെന്നാണ് കമ്പനിയുടെ പരാതി. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രീമിയം തുക വര്‍ധിപ്പിക്കണമെന്ന് കമ്പനി ആവശ്യപ്പെടുന്നത്.
ഇപ്പോള്‍ ക്ലെയിം നിരക്ക് 136 ശതമാനമാണ്. ഗുരുതര രോഗങ്ങളുടെ ചികിത്സക്കായി സര്‍ക്കാര്‍ മൂന്നു വര്‍ഷത്തേക്ക് നല്‍കിയിരുന്ന 35 കോടി രൂപയും എട്ടു മാസം കൊണ്ടു തന്നെ വിതരണം ചെയ്തു തീര്‍ന്നിരുന്നു. അതുകൊണ്ട് കമ്പനിക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിനായി ക്ളെയിം അനുവദിക്കുന്നതില്‍ ഉദാസീനത കാണിക്കുകയാണെന്നാണ് ആരോപണം.
ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉദാസീനതയ്ക്ക് പിന്നാലെ ചെലവേറിയ മുട്ടുമാറ്റിവെയ്ക്കല്‍, ഇടുപ്പെല്ല് ശസ്ത്രക്രിയകള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ മാത്രമേ ആശ്രയിക്കാവൂ എന്ന് പിന്നീട് ഉത്തരവിറങ്ങി. പ്രതിസന്ധി രൂക്ഷമാണെന്നതിന്റെ സൂചനയായിരുന്നു കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വന്ന ഉത്തരവുകള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാരിനും പ്രതിസന്ധി, പണമാണ് പ്രശ്നം
മെഡിസെപ്പ് വരുന്നതിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചികിത്സയ്ക്ക് ചെലവായ തുക റീ ഇംബേഴ്സ് വഴി തിരികെ ലഭിക്കുമായിരുന്നു. ഇത് ജീവനക്കാരുടെ സ്ഥാനവും മറ്റും അടിസ്ഥാനത്തില്‍ റീഇംബേഴ്സ് ചെയ്യാവുന്ന തുകയ്ക്ക് പരിധിയുമുണ്ടായിരുന്നു. ആദ്യം പണം ആശുപത്രിയില്‍ അടയ്ക്കുകയും ചെലവായ തുകയുടെ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ അത് തിരികെ കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംവിധാനം നിര്‍ത്തലാക്കിയതിന് ശേഷമാണ് മെഡിസെപ്പ് എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം അവതരിപ്പിച്ചത്.
എന്നാല്‍, ഇപ്പോള്‍ കൈയില്‍ നിന്ന് ചെലവാകുന്ന തുകയുടെ മൂന്നിലൊന്ന് പോലും ഇപ്പോള്‍ കിട്ടുന്നില്ല എന്നതാണ് ആക്ഷേപം. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കിട്ടാന്‍ വൈകുന്നതോടെ പിന്മാറുന്ന ആശുപത്രികള്‍ക്ക് പകരം പുതിയ ആശുപത്രികളെ ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്തതും പ്രശ്നം ഗുരുതരമാക്കുന്നു. മാത്രമല്ല പലപ്പോഴും മെഡിസെപ്പിലെ ആശുപത്രികളുടെ വിവരങ്ങള്‍ സമയാസമയം അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ ജീവനക്കാരും പെന്‍ഷന്‍കാരും ആശുപത്രികളുമായി തര്‍ക്കിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.
പദ്ധതി തുടങ്ങിയതിന് പിന്നാലെ ആദ്യം ചില പ്രശ്നങ്ങള്‍ തലപൊക്കിയെങ്കിലും പിന്നീട് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ വേഗത കൂടി. എന്നാല്‍ 2023 ആയപ്പോഴേക്കും ക്ലെയിമുകളില്‍ തീര്‍പ്പാക്കല്‍ വൈകുന്നത് തുടര്‍ക്കഥയായി.
പെന്‍ഷന്‍കാരോട് വിവേചനം
മെഡിസെപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മാതാപിതാക്കള്‍, 25 വയസ്സുവരെയുള്ള മക്കള്‍ എന്നിവര്‍ക്കു പദ്ധതിയില്‍ സൗജന്യചികിത്സ നല്കുമ്പോള്, പെന്‍ഷന്‍കാരുടെ ആശ്രിതരായി ഭാര്യയെയോ ഭര്‍ത്താവിനെയോ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവരുടെ മക്കളെയോ മാതാപിതാക്കളെയോ ചേര്‍ത്തിട്ടില്ല. പ്രതിമാസം ജീവനക്കാരും പെന്‍ഷന്‍കാരും 500 രൂപവീതം പ്രീമിയം നല്‍കുമ്പോഴാണ് ഈ വിവേചനം. അതേസമയം ഭാര്യയും ഭര്‍ത്താവും സര്‍വീസില്‍ നിന്ന് വിരമിച്ചവരാണെങ്കില്‍ പോലും ഇങ്ങനെ തന്നെയാണ്.
അക്കാര്യത്തില്‍ നിരവധി പരാതികളും നിയമ പോരാട്ടങ്ങളും നടത്തിയിട്ടും മാറ്റമൊന്നുമില്ല. ഇതിനിടെ പ്രീമിയം വര്‍ധിപ്പിക്കാനും നീക്കമുണ്ട്. സംസ്ഥാനത്തെ 5.71 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് സര്‍ക്കാര്‍ വിവേചനം തിരിച്ചടിയാകുന്നത്. ഒരേ തുക നല്കുന്ന രണ്ടുകൂട്ടരോട് രണ്ട് തരത്തില്‍ പെരുമാറുന്ന വിഷയം നിരവധി തവണ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടും അത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
(കാരുണ്യയിലുമില്ല കരുണ-അക്കഥ നാളെ)
Content Highlights: medisep insurance programme, government employees and pensioners
Published: 16 Jan 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented