
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി തുടങ്ങിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. പദ്ധതി തുടങ്ങി രണ്ട് വർഷമാകാറായിട്ടും ഇതുവരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ചെയ്യുന്നില്ല എന്ന പരാതി വ്യാപകമാവുകയാണ്. പല ചികിത്സകള്‍ക്കും നിലവില്‍ മെഡിസെപ്പില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. കാഷ്‌ലെസ്സായി സേവനങ്ങള്‍ ലഭിക്കുന്ന ആശുപത്രികളുടെ എണ്ണം കുറഞ്ഞു. മെഡിസെപ്പിലാണെങ്കില്‍ ജീവനക്കാരും പെൻഷൻകാരും നിർബന്ധമായും മുന്‍കൂറായി പണമടയ്ക്കുകയും വേണം.
സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചാണ് 2022 ജൂലായ് ഒന്നിന് മെഡിസെപ്പ് നടപ്പിലാക്കിത്തുടങ്ങിയത്. ഇതുപ്രകാരം പദ്ധതിയില്‍ അംഗങ്ങളായവര്‍ പ്രതിമാസം 500 രൂപ വീതം അടയ്ക്കണം. ഇതുപ്രകാരം കുടുംബത്തിന് മൂന്ന് ലക്ഷം രൂപവരെയാണ് മൂന്ന് വര്‍ഷത്തേക്ക് ചികിത്സയ്ക്കായി ലഭിക്കുക. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മെഡിസെപ്പില്‍ ചേര്‍ന്ന ജീവനക്കാര്‍ക്ക് ഇതിനു പുറമെ വരുന്ന ചികിത്സാച്ചെലവിന് മറ്റൊരു ആരോഗ്യ ഇന്‍ഷുറന്‍സ് കൂടി എടുക്കണം..
മെഡിസെപ്പിന് നോ പറഞ്ഞ് ആശുപത്രികള്‍
ഒരുവിധം എല്ലാ രോഗങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ ചികിത്സകള്‍ക്ക് മെഡിസെപ്പിന്റെ കവറേജുണ്ടായിരുന്നു. എന്നാല്‍, വര്‍ഷം ഒന്ന് കഴിഞ്ഞതോടെ അതല്ല സ്ഥിതി. ചില ചികിത്സകള്‍ക്ക് ആശുപത്രിയില്‍ പോയാല്‍ മെഡിസെപ്പിന്റെ സൗകര്യം ലഭ്യമാക്കില്ല. സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെങ്കില്‍ ചികിത്സയ്ക്ക് പണം അടയ്‌ക്കേണ്ടി വരും. ചുരുക്കത്തില്‍ മെഡിസെപ്പിന്റെ ഗുണം ലഭിക്കണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിക്കേണ്ട അസ്ഥയാണ് ഇപ്പോഴുള്ളത്.
മിക്ക രോഗങ്ങളുടെയും ചികിത്സയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറിയതാണ് ഉപയോക്താക്കളെ വെട്ടിലാക്കിയത്. സര്‍ക്കാരിന്റെ മെഡിസെപ്പും സ്വകാര്യ ഇന്‍ഷുറന്‍സും ഉണ്ടെങ്കില്‍ മാത്രമേ രക്ഷയുള്ളൂ എന്ന അവസ്ഥയിലാണ് ജീവനക്കാര്‍.
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഇടുപ്പെല്ല്, സന്ധി മാറ്റിവെക്കല്‍, തിമിര ശസ്ത്രക്രിയ തുടങ്ങിയവയ്ക്കാണ് കൂടുതലും മെഡിസെപ്പിന്റെ ആനുകൂല്യം കിട്ടണമെന്ന് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇടുപ്പെല്ല് മാറ്റിവെക്കലിനും മുട്ട് മാറ്റിവെക്കലിനുമൊന്നും ഇപ്പോള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകില്ല. മെഡിസെപ്പില്‍ ഇതിനുള്ള ചികിത്സയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറുകയാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, അവരുടെ ആശ്രിതര്‍ തുടങ്ങി 30 ലക്ഷം ആളുകളെയാണ് മെഡിസെപ്പിന്റെ സംരക്ഷണത്തില്‍ ഉള്‍ക്കൊള്ളിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ മെഡിസെപ്പില്‍ ചേരേണ്ടത് നിര്‍ബന്ധമായിരുന്നു.
ആദ്യമൊക്കെ കൂടിയ തുകയ്ക്ക് സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനേക്കാള്‍ മികച്ചതാണ് മെഡിസെപ്പെന്ന് ജീവനക്കാര്‍ കരുതിയിരുന്നു. എന്നാല്‍ പല ചികിത്സകളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്മാറിയതോടെ മെഡിസെപ്പിന് പുറമെ മറ്റൊരു ആരോഗ്യ ഇന്‍ഷുറന്‍സ് കൂടി എടുക്കേണ്ട ഗതികേടിലായി ഉദ്യോഗസ്ഥര്‍.
ചില സ്വകാര്യ ആശുപത്രികള്‍ ഇപ്പോള്‍ തന്നെ മെഡിസെപ്പില്‍ നിന്ന് പിന്മാറിക്കഴിഞ്ഞു. കൃത്യമായി ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതാണ് കാരണം. മെഡിസെപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആശുപത്രികളിലാകട്ടെ പല ചികിത്സകളും മെഡിസെപ്പിന്റെ പരിധിയില്‍ ഉള്ളവയുമല്ല. അടിയന്തര സാഹചര്യത്തില്‍ മെഡിസെപ്പിന്റെ പരിധിയിലുള്ള ആശുപത്രിയാണോ എന്ന് നോക്കിയിട്ടാണോ ചികിത്സയ്ക്കായി പോവുക എന്ന് പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു. ചില ആശുപത്രികള്‍ മെഡിസെപ്പിന്റെ പരിധിയില്‍ വരുന്നുണ്ടെങ്കിലും രോഗിയില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങാറുണ്ട്. അതുമാത്രമല്ല മെഡിസെപ്പില്‍ നിന്ന് തുക അനുവദിച്ച് വന്നില്ലെങ്കില്‍ സ്വമേധയാ പണം അടച്ചുകൊള്ളാം എന്ന് ചിലര്‍ രോഗികളിൽ നിന്ന് ഉറപ്പ് എഴുതി വാങ്ങാറുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ മെഡിസെപ്പിനെ ആശുപത്രികള്‍ക്ക് പോലും വിശ്വാസമില്ല എന്നല്ലെ ഇത് തെളിയിക്കുന്നത്?
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാഷ്‌ലെസ് ചികിത്സാസൗകര്യം നല്‍കുമെന്ന ഉറപ്പോടെ തുടങ്ങിയ മെഡിസെപ് പദ്ധതിയില്‍ 5000 രൂപയുടെ ചികിത്സ തേടിയ ആള്‍ക്ക് വെറും അഞ്ച് രൂപ അനുവദിച്ച് ഞെട്ടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. മ്യൂസിയം വകുപ്പിലെ ജീവനക്കാരിയായ ഗായത്രിക്കാണ് ഈ ദുരനുഭവം. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തിയ കിഡ്‌നി രോഗിയായ ഗായത്രി മെഡിസെപ് ക്‌ളെയിം കാഷ്‌ലെസ്സാക്കിയപ്പോഴാണ് പണികിട്ടിയത്.
കഴിഞ്ഞ ഒക്ടോബര്‍ 27നാണ് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലെ നെഫ്രോളജി വിഭാഗത്തില്‍ ഗായത്രി ചികിത്സയ്‌ക്കെത്തിയത്. പതിവ്‌പോലെ മെഡിസെപ്പിൽ അറിയിച്ചു. സാധാരണ രജിസ്റ്റര്‍ ചെയ്ത് അറിയിപ്പ് കിട്ടിയാല്‍ ലിസ്റ്റ് ചെയ്ത മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് മരുന്നും മറ്റ് ചികിത്സാ ഉപകരണങ്ങളും വാങ്ങാം. എന്നാല്‍, അനുവദിച്ചത് വെറും അഞ്ച് രൂപ. തെറ്റുപറ്റിയതാണെന്ന് കരുതി ബന്ധപ്പെട്ടെങ്കിലും തെറ്റുപറ്റിയിട്ടില്ലെന്നും ശരിയായ അലോട്ട്‌മെന്റാണെന്നുമുള്ള അറിയിപ്പാണ് കിട്ടിയത്.
അതോടെ മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി അയ്യായിരത്തില്‍പരം രൂപയുടെ ചെലവ് സ്വയം വഹിക്കേണ്ടിവന്നു. ഇന്‍ഷുറന്‍സിന്റെ പരിരക്ഷ കിട്ടിയില്ല. മെഡിക്കല്‍ കോളേജ് ആശുപത്രി വാര്‍ഡില്‍ തന്നെ കഴിഞ്ഞതുകൊണ്ടും മറ്റ് ചെലവുകള്‍ സൗജന്യമായത് കൊണ്ടും രക്ഷപ്പെട്ടു. സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ടി വന്നിരുന്നെങ്കില്‍ അവസ്ഥ കൂടുതല്‍ പരിതാപകരമാരുമായിരുന്നു.
2022ല്‍ തുടങ്ങിയ പദ്ധതി ആദ്യഘട്ടത്തില്‍ നന്നായി മുന്നോട്ടുപോയെങ്കിലും പിന്നീട് പദ്ധതിയില്‍ എന്തുകൊണ്ടാണ് പരാതികള്‍ വ്യാപകമായതെന്നാണ് ചോദ്യം. കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതിയില്‍ നിന്ന് എന്തിന് ആശുപത്രികള്‍ പിന്മാറണം. എന്തുകൊണ്ടാണ് ക്ലെയിമുകള്‍ നിരസിക്കപ്പെടുന്നത്. അങ്ങനെ ചോദ്യങ്ങള്‍ നിരവധിയാണ്.
(മെഡിസെപ്പിൽ പണമടച്ചവർ വെട്ടിലായോ?അന്വേഷണത്തിലെ കണ്ടെത്തൽ നാളെ)
Content Highlights: Medisep's work is in crisis
Published: 15 Jan 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented