കേരളത്തിന്റെ ആരോഗ്യരംഗത്തെക്കുറിച്ച് മലയാളിക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. പൊതുജനാരോഗ്യ സംവിധാനത്തിന്റെ രൂപപ്പെടലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ മികവും ഉയർന്ന ആരോഗ്യസാക്ഷരതയും ആരോഗ്യപ്രവർത്തകരുടെ കാര്യക്ഷമതയും കേരളത്തെ രാജ്യത്തിന് മാതൃകയാക്കിയിട്ടുണ്ട്. എന്നാൽ, ഈ നേട്ടങ്ങളുടെ മറവിൽ വളർന്നുവരുന്ന ഒരു പ്രതിസന്ധിയെ നാം വേണ്ടത്ര ഗൗരവത്തോടെ കാണുന്നുണ്ടോ?

To advertise here,

ആരോഗ്യപരിചരണം ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുമ്പോഴും ചികിത്സ താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയായി മാറുന്നുവെന്ന വൈരുധ്യമാണത്.

ആരോഗ്യം കറവപ്പശുവോ ?

ഒരു വശത്ത്, ആശുപത്രികൾ ആധുനിക ചികിത്സാസൗകര്യങ്ങളും സാങ്കേതികവിദ്യകളും വിദഗ്ധസേവനങ്ങളും ലോകോത്തരനിലവാരത്തിലേക്കുയരുന്നു. മറുവശത്ത്, പൊതുമേഖലയിൽനിന്ന് ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും സ്വകാര്യ മേഖലയിലേക്കും കേരളത്തിനു പുറത്തേക്കും വിദേശത്തേക്കും ഒഴുകുന്നു.

ചികിത്സയുടെ ചെലവ് താങ്ങാൻ കഴിയുന്നവർക്ക് മികച്ച സൗകര്യങ്ങൾ ലഭിക്കുമ്പോൾ, സാധാരണക്കാരന്റെ ആരോഗ്യസംരക്ഷണം കുടുംബത്തിന്റെ സാമ്പത്തികഭദ്രതയെപ്പോലും തകർക്കുന്ന അവസ്ഥയിലേക്കു നീങ്ങുന്നു. ഇത് കേവലം ആശുപത്രികളുടെ എണ്ണമോ ഡോക്ടർമാരുടെ കുറവോ എന്ന പ്രശ്നമല്ല. ആരോഗ്യസംരക്ഷണം ഒരു സാമൂഹിക ഉത്തരവാദിത്വത്തിൽനിന്ന് ലാഭംകൊയ്യുന്ന ഒരു വ്യവസായമായി മാറുമ്പോൾ ഉണ്ടാകുന്ന ഘടനാപരമായ പ്രതിസന്ധിയാണ്.

കഴിഞ്ഞ മൂന്നുദശാബ്ദമായി സ്വകാര്യ ആശുപത്രികൾ കേരളത്തിന്റെ ആരോഗ്യസംവിധാനത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. പൊതുമേഖലയ്ക്ക് സാധാരണനിലയിൽ നൽകാൻ കഴിയാത്ത പല വിദഗ്ധ ചികിത്സകളും സങ്കീർണമായ ശസ്ത്രക്രിയകളും ആധുനിക രോഗനിർണയ സംവിധാനങ്ങളും സ്വകാര്യമേഖല ലഭ്യമാക്കുന്നു. നിക്ഷേപവും സാങ്കേതികവിദ്യയും വിദഗ്ധരുടെ സേവനവും ആരോഗ്യരംഗത്തിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്.

എന്നാൽ, ഈ വളർച്ചയുടെ ലക്ഷ്യം എന്താണ്? രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയാണോ, അതോ ഓരോ രോഗിയിൽനിന്നും പരമാവധി വരുമാനം കണ്ടെത്തുകയാണോ?

ആരോഗ്യരംഗത്തേക്കു വൻതോതിൽ കോർപ്പറേറ്റ് നിക്ഷേപവും പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളും എത്തിയതോടെ ഈ ചോദ്യം കൂടുതൽ പ്രസക്തമായിക്കഴിഞ്ഞു. ആശുപത്രികൾ വൻകിട സ്വകാര്യശൃംഖലകളുടെ ഭാഗമായി മാറുമ്പോൾ, അവയുടെ പ്രവർത്തനത്തെ വിലയിരുത്താനുള്ള മാനദണ്ഡങ്ങളും മാറുന്നു. രോഗികളുടെ എണ്ണം, ചികിത്സയുടെ ഗുണനിലവാരം, രോഗമുക്തി എന്നിവയ്ക്കൊപ്പം ഒരു ബെഡിൽനിന്നുള്ള ശരാശരി വരുമാനം, ത്രൈമാസ വരുമാനം, നിക്ഷേപത്തിന്മേലുള്ള ആദായം തുടങ്ങിയ സാമ്പത്തിക സൂചകങ്ങളും നിർണായകമാകുന്നു.

സർക്കാർ നോക്കുകുത്തിയാകരുത്

കേരളത്തിന്റെ ആരോഗ്യരംഗത്തെ മറ്റൊരു ആശങ്ക പൊതുമേഖലയുടെ മനുഷ്യവിഭവശേഷിയുമായി ബന്ധപ്പെട്ടതാണ്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ഉറപ്പാക്കാനായില്ലെങ്കിൽ, അത് ചികിത്സയുടെ ഗുണനിലവാരത്തെയും ലഭ്യതയെയും ബാധിക്കും. ഒഴിവുകൾ നികത്തുന്നതിലെ കാലതാമസം, ജോലിഭാരം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, തൊഴിൽ സാഹചര്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ആരോഗ്യപ്രവർത്തകരെ മറ്റ് അവസരങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നു.

സ്വകാര്യ ആശുപത്രികൾ കൂടുതൽ ശമ്പളവും തൊഴിൽസാഹചര്യങ്ങളും വാഗ്ദാനം ചെയ്യുമ്പോൾ അവിടേക്കുമാറാൻ ഡോക്ടമാർക്കു സ്വാഭാവികമായും താത്‌പര്യമുണ്ടാകും. കേരളത്തിന് പുറത്തും വിദേശത്തും ലഭിക്കുന്ന അവസരങ്ങൾ നഴ്‌സുമാർ സ്വകാര്യ ആശുപത്രികളിലേക്ക് ചേക്കേറാൻ കാരണമാകുന്നു. മെച്ചപ്പെട്ട വേതനവും തൊഴിൽസുരക്ഷയും തേടിപ്പോകുന്ന ആരോഗ്യപ്രവർത്തകരെ കുറ്റപ്പെടുത്താനാകില്ല. അവരുടെ കഴിവുകൾക്കും അധ്വാനത്തിനും ന്യായമായ പ്രതിഫലം ലഭിക്കണം.

എന്നാൽ, പൊതുമേഖലയിൽനിന്ന് പരിശീലനവും അനുഭവവും നേടിയ ആരോഗ്യപ്രവർത്തകരെ നിലനിർത്താനും പുതിയവരെ നിയമിക്കാനും ആവശ്യമായ നയങ്ങളും നിക്ഷേപങ്ങളും സർക്കാർ ഉറപ്പാക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പൊതുമേഖലയുടെ ശേഷി ദുർബലമാകുമ്പോൾ ജനങ്ങൾ സ്വകാര്യ ആശുപത്രികളെ കൂടുതൽ ആശ്രയിക്കുന്നത് സ്വാഭാവികം. അതോടെ സ്വകാര്യ ചികിത്സയ്ക്കുള്ള ആവശ്യകത വർധിക്കും. ഈ വർധിച്ച ആവശ്യകതയുടെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികൾക്ക് വില നിശ്ചയിക്കാനുള്ള സ്വാധീനവും കൂടാം. അങ്ങനെ പൊതുമേഖലയിലെ വീഴ്ചകൾ സ്വകാര്യമേഖലയ്ക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ, അതിന്റെ ഭാരം വഹിക്കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണ്.

കോർപ്പറേറ്റ് വ്യവസായമോ ?

എന്റെ ‘The Silent Syndicate: How Big Finance Is Destroying India's Healthcare’ എന്ന പുസ്തകത്തിൽ പരിശോധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഇതാണ്: ആരോഗ്യരംഗത്തെ തീരുമാനങ്ങൾ ക്രമേണ ഡോക്ടർമാരുടെയും പൊതുതാത്‌പര്യത്തിന്റെയും പരിധിയിൽനിന്ന് മാറി നിക്ഷേപകരുടെയും കോർപ്പറേറ്റുകളുടെയും സാമ്പത്തിക താത്‌പര്യങ്ങൾക്ക് അനുസൃതമാകുമ്പോൾ എന്തു സംഭവിക്കുന്നു? ആശുപത്രി ഒരു വ്യവസായശാലയല്ല. ഇവിടെ ഉപഭോക്താവിന് ഉത്‌പന്നത്തിന്റെ ഗുണനിലവാരം മുൻകൂട്ടി വിലയിരുത്താനാകില്ല. ചികിത്സ വൈകിപ്പിക്കാൻ കഴിയാത്ത സാഹചര്യങ്ങളുമുണ്ട്. ഡോക്ടറുടെ നിർദേശത്തെ ചോദ്യംചെയ്യാൻ ആവശ്യമായ അറിവ് എല്ലാ രോഗികൾക്കുമുണ്ടാകണമെന്നില്ല. ഈ സാഹചര്യത്തിൽ, സാധാരണ വിപണിയിൽ പ്രവർത്തിക്കുന്ന ഉപഭോക്തൃസംവിധാനത്തിന്റെ നിയമങ്ങൾ ആരോഗ്യരംഗത്ത് അതേ രീതിയിൽ പ്രാവർത്തികമാകണമെന്നില്ല. ഒരു രോഗിക്ക് ചികിത്സ ആവശ്യമായിവരുമ്പോൾ, അയാൾക്ക് വിലകുറഞ്ഞ മറ്റൊരു ആശുപത്രി തിരഞ്ഞെടുക്കാൻ കഴിയുമോ എന്നത് മാത്രമല്ല പ്രശ്നം. യഥാർഥത്തിൽ ആവശ്യമുള്ള ചികിത്സ ഏതാണെന്നും അതിന്റെ ന്യായമായ ചെലവ് എത്രയാണെന്നും അറിയാനും കഴിയണം.

‘The Silent Syndicate, Vaccine Nation, Heavy Metal’ എന്നീ പുസ്തകങ്ങളുടെ രചയിതാവായ ലേഖകൻ പരിസ്ഥിതി പ്രവർത്തകൻകൂടിയാണ്‌

(തുടരും)

മലയാളികളുടെ ചികിത്സാച്ചെലവ് ആറുവർഷം കൊണ്ട് കൂടിയത് 200%, ആരോഗ്യരംഗത്ത് കുത്തകകളുടെ കുത്തൊഴുക്ക്

പൂട്ടിപ്പോകുന്ന സ്വകാര്യ ക്ലിനിക്കുകളും ചെറുകിട ആശുപത്രികളും, സ്വകാര്യ ആശുപത്രികളെ വിഴുങ്ങി കോർപ്പറേറ്റുകൾ

സർക്കാർ ആശുപത്രിയിൽ 12,000 രൂപയിൽതാഴെ വരുന്ന ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രിയിൽ ഒന്നരലക്ഷംരൂപയോളം !

അറവുശാലയാകുന്ന ചികിത്സാലയങ്ങൾ, പൊൻമുട്ടയിടുന്ന ആരോഗ്യരംഗം; ചികിത്സിച്ച് മരിക്കുന്ന കേരളം

150 കോടിയുടെ ഓഫറുകൾ, നിശ്ശബ്ദ ഏറ്റെടുക്കലുകൾ; ഗ്രാമീണ ആരോഗ്യമേഖല വിലയ്ക്ക്‌ വാങ്ങുമ്പോൾ

ബില്ലെത്ര? 97 ലക്ഷം! എന്തു ധൈര്യത്തിൽ ആശുപത്രിയിൽപ്പോകും? ഇൻഷുറൻസ് പരിരക്ഷപോലും എങ്ങുമെത്താത്തത്ര ചെലവ്