നിങ്ങൾ പടികൾ കയറുമ്പോൾ കാൽമുട്ടിൽ ഒരു ചെറിയ വേദന തോന്നിയിട്ടുണ്ടോ? കുപ്പിയുടെ അടപ്പ് തുറക്കാൻ പ്രയാസം തോന്നിയിട്ടുണ്ടോ? നമ്മൾ പലപ്പോഴും ഇതിനെ "ചെറിയ വേദനയല്ലേ" എന്ന് പറഞ്ഞ് തള്ളിക്കളയുന്നു. എന്നാൽ ആ ചെറിയ വേദന, ലോകത്ത് 35 കോടി മനുഷ്യരെ നിശബ്ദമായി ബാധിക്കുന്ന ആർത്രൈറ്റിസിന്റെ ആദ്യ തുടക്കമാകാം.
ഈ വർഷം, 2026 ഒക്ടോബർ 12-ന് ലോക ആർത്രൈറ്റിസ് ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് "നേരത്തെ കണ്ടെത്താം, പൂർണ്ണമായി ജീവിക്കാം" എന്ന സന്ദേശമാണ്.
ആർത്രൈറ്റിസ് എന്നത് വാർദ്ധക്യത്തിന്റെ മാത്രം രോഗമല്ല. ഇതിന് പ്രധാനമായും രണ്ട് മുഖങ്ങളുണ്ട്. ഒന്ന്, നമ്മുടെ സന്ധികൾ തേയ്മാനം സംഭവിച്ച് ഉണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ്. അമിതവണ്ണവും തെറ്റായ ജീവിതശൈലിയുമാണ് ഇതിന്റെ പ്രധാന കാരണം.
രണ്ട്, നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ നമ്മുടെ സന്ധികളെ ആക്രമിക്കുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. ഇത് ഇരുപതുകളിൽ പോലും തുടങ്ങാം, സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്.
എങ്ങനെ തിരിച്ചറിയും?
ശരീരം മൂന്ന് മുന്നറിയിപ്പുകൾ നൽകും. രാവിലെ എഴുന്നേൽക്കുമ്പോൾ അര മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ഒരു തരം കാഠിന്യം(സ്റ്റിഫിനസ്സ്) , വിശ്രമിച്ചിട്ടും മാറാത്ത സന്ധി വീക്കം, കാരണമില്ലാത്ത നിരന്തരമായ ക്ഷീണം. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.
പണ്ട് ആർത്രൈറ്റിസ് എന്നാൽ വീൽചെയറും ആജീവനാന്ത വേദനയുമായിരുന്നു. ഇന്ന് ചിത്രം മാറി. ആധുനിക വൈദ്യശാസ്ത്രം പറയുന്നു, ആദ്യത്തെ മൂന്ന് മാസം - അതാണ് സുവർണ്ണ സമയം. ഈ സമയത്ത് രോഗനിർണയം നടത്തിയാൽ സന്ധികൾ നശിക്കുന്നത് 90% വരെ തടയാൻ കഴിയും.
മരുന്നിനേക്കാൾ വലുത് നിങ്ങളുടെ മൂന്ന് തീരുമാനങ്ങളാണ്.
1. ചലനം/സഞ്ചാരം നിർത്തരുത്: വേദനയുണ്ടെന്ന് കരുതി അനങ്ങാതിരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. ദിവസവും 30 മിനിറ്റ് നടത്തം, നീന്തൽ, ഡോക്ടർ നിർദ്ദേശിക്കുന്ന സ്ട്രെച്ചിംഗ് - ഇതാണ് സന്ധികളുടെ ലൂബ്രിക്കന്റ് അഥവാ എണ്ണ.
2. ഭാരത്തെ നിയന്ത്രിക്കുക: നിങ്ങളുടെ ശരീരത്തിലെ ഓരോ അധിക കിലോയും കാൽമുട്ടിൽ നാല് കിലോയുടെ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്.
3. ഭക്ഷണം ശ്രദ്ധിക്കുക: പഞ്ചസാരയും പാക്കറ്റ് ഭക്ഷണങ്ങളും വീക്കം കൂട്ടും. മഞ്ഞൾ, ഇലക്കറികൾ, മത്സ്യം എന്നിവ ഉൾപ്പെടുത്തുക.
ആർത്രൈറ്റിസ് ജീവിതത്തിന്റെ അവസാനമല്ല. അത് ശരീരം നമ്മോട് പറയുന്ന ഒരു മുന്നറിയിപ്പാണ് - എന്നെ ഒന്ന് ശ്രദ്ധിക്കൂ എന്ന്.
വേദനയെ ഭയക്കാതെ, ചലനത്തെ സ്നേഹിക്കാൻ നമുക്ക് തീരുമാനിക്കാം.
(തലശ്ശേരി മിഷൻ ഹോസ്പിറ്റൽ ഓർത്തോ വിഭാഗം സീനിയർ കൺസൾട്ടന്റാണ് ലേഖകൻ)
Content Highlights: World Arthritis Day 2026 emphasizes early detection and living a full life.
Published: 12 Oct 2026, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented