ലോക രക്തസമ്മർദ്ദ ദിനത്തിൽ(മെയ് 17) എന്ത് സന്ദേശം നൽകണമെന്ന് വിചാരിച്ചപ്പോൾ എന്റെ രോഗിയായ പ്രകാശന്റെ ചിത്രമാണ് മനസ്സിലേക്ക് വന്നത്.  45 വയസ്സുള്ള അദ്ദേഹം ചുറുചുറുക്കുള്ള  വ്യക്തിയായിരുന്നു. ഏകദേശം ഒരു വർഷം മുമ്പ് പക്ഷാഘാതം ബാധിച്ച് ശരീരത്തിന്റെ ഒരു വശം തളർന്ന് ഭാര്യയുടെ സഹായത്തോടെ അദ്ദേഹം എന്റെ മുറിയിലേക്ക് പ്രയാസത്തോടെ വന്നു. അനിയന്ത്രിതമായ  രക്തസമ്മർദ്ദത്തിന്റെ ഇരയായിരുന്നു അദ്ദേഹം. 

To advertise here,

രക്തസമ്മർദത്തിന് ശരിയായ രീതിയിലുള്ള ചികിത്സ എടുക്കാത്തതുകൊണ്ട് പക്ഷാഘാതം, ഹൃദയാഘാതം, വൃക്ക തകരാറ് മുതലായ അസുഖങ്ങൾ ബാധിച്ചോ ആകസ്മിക ഹൃദയസ്തംഭനം മൂലമോ മരണപ്പെട്ട വ്യക്തികളുടെ ഓർമകൾ എല്ലാ ഡോക്ടർമാർക്കുമുണ്ടാകും. 

ലോകമെമ്പാടുമുള്ള 100 കോടി ആളുകളെ ബാധിക്കുന്ന ഒരു അസുഖമാണ് ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം (ബിപി). എന്നാൽ, അവരിൽ പകുതിയിൽ താഴെ പേർക്ക് മാത്രമേ തങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന കാര്യം അറിയൂ. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദ്രോഗങ്ങൾ വരാനുള്ള  സാധ്യത ഇരട്ടിയാണ്. തലച്ചോറിലേക്കുള്ള രക്തസ്രാവം മൂലമുണ്ടാകുന്ന പക്ഷാഘാതം ഉയർന്ന രക്തസമ്മർദ്ദമുള്ളവരിലും സാധാരണമാണ്. ഓർമ്മക്കുറവ്, അൽഷിമേഴ്സ് രോഗം, നേത്ര സംബന്ധമായ പ്രശ്നങ്ങൾ, വൃക്ക തകരാറുകൾ എന്നിവയും ഈ രോഗവുമായി ബന്ധപ്പെട്ട അപകടങ്ങളാണ്. 

മാർ​ഗനിർദ്ദേശങ്ങൾ അനുസരിച്ച് നോർമൽ രക്തസമ്മർദ്ദം 120/80 mmHg-ൽ താഴെയായി കണക്കാക്കപ്പെടുന്നു. ഇതിനു മുകളിലുള്ള അളവുകൾ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യതകൾ വർധിപ്പിക്കും. 130/80 mmHg-ൽ കൂടുതൽ ബി.പി കാണുകയാണെങ്കിൽ കൃത്യമായ ചികിത്സ നിർബന്ധമാണ്. ഓരോ വ്യക്തിക്കും അവരുടെ അപകടസാധ്യത അനുസരിച്ച് ചികിത്സ വ്യക്തിഗതമാക്കേണ്ടതുണ്ട്. കൂടാതെ മറ്റ് അടിസ്ഥാന ആരോഗ്യ അവസ്ഥകളും കണക്കിലെടുക്കണം. പ്രായമായവരിലും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് ഗുണം ചെയ്യും. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ 80 വയസ്സിനു മുകളിലുള്ളവരിൽ ഇത് ലഘൂകരിക്കാം.

രക്തസമ്മർദമുണ്ടാകാനുള്ള കാരണങ്ങൾ

ജനിതകമാണ് രക്തസമ്മർദമുണ്ടാകാനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. കൂടാതെ, അമിത ശരീരഭാരം, സ്ട്രെസ്, ഉറക്കക്കുറവ് എന്നിവയും രക്താതിമർദ്ദത്തിന് കാരണമായേക്കാം. വൃക്കകൾ, ഹൃദയം, രക്തക്കുഴലുകൾ അല്ലെങ്കിൽ തൈറോയ്ഡ് ഉൾപ്പെടെ ശരീരത്തിലെ ചില ഹോർമോൺ ഗ്രന്ഥികളെ  ബാധിക്കുന്ന രോഗങ്ങൾ കാരണവും രക്തസമ്മർദ്ദമുണ്ടാകാം. ഒരു ചെറുപ്പക്കാരനിൽ പുതിയതായി രക്തസമ്മർദ്ദം വരുന്നതിന് പിന്നിൽ ചില അപൂർവ കാരണങ്ങളാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ചികിത്സ ആവശ്യമാണ്.

നടക്കുമ്പോഴുള്ള  ശ്വാസതടസ്സം അല്ലെങ്കിൽ നെഞ്ചിൽ ഭാരമുള്ളപോലെ തോന്നൽ, തലവേദന അല്ലെങ്കിൽ തലകറക്കം എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ സാധാരണ ലക്ഷണങ്ങളാണ്. മിക്ക ആളുകൾക്കും രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെടുകയുമില്ല. അതിനാൽ, ആറ് മാസത്തിലൊരിക്കലെങ്കിലും ഒരു ഡോക്ടറെ സമീപിച്ച് രക്തസമ്മർദ്ദം പരിശോധിക്കേണ്ടത് പ്രധാനമാണ്. ഒരു വ്യക്തിക്ക് ഉയർന്ന രക്തസമ്മർദ്ദം കണ്ടെത്തുമ്പോൾ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, വൃക്കരോഗങ്ങൾ എന്നിവയ്ക്കായി പരിശോധിക്കേണ്ടതും പ്രധാനമാണ്.

വിശ്വസനീയമായ ഒരു ഡിജിറ്റൽ ഉപകരണം ഉപയോഗിച്ച് വീട്ടിൽ രക്തസമ്മർദ്ദം നിരീക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ആശുപത്രിയിൽ അളക്കുമ്പോൾ രക്തസമ്മർദ്ദം ഉയർന്നതാണെങ്കിൽ ചികിത്സ ഒപ്റ്റിമൈസ് ചെയ്യാൻ ഇത് ഡോക്ടറെ സഹായിക്കും. രക്താതിമർദ്ദം നിയന്ത്രിക്കുന്നതിൽ ജീവിതശൈലി മാറ്റങ്ങൾ ഒരു നിർണായക ഘട്ടമാണ്. അമിതഭാരമുള്ളവരിൽ ശരീരഭാരം കുറയ്ക്കുകയും നിലനിർത്തുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. ശരീരഭാരത്തിന്റെ ഏകദേശം അഞ്ച് ശതമാനം കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു

മിക്ക ആളുകളിലും രക്താതിമർദ്ദത്തിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉപ്പ് കഴിക്കുന്നത് കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്. അച്ചാറുകൾ, ഉണക്കമീൻ, പപ്പടം തുടങ്ങിയ ഉയർന്ന ഉപ്പ് ഭക്ഷണങ്ങളും ഒഴിവാക്കുക. മദ്യം, പുകവലി എന്നിവയും രക്താതിമർദ്ദം വഷളാക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ സ്ട്രെസ് കുറയ്ക്കുന്നതും വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. പതിവായി യോഗ, മെഡിറ്റേഷൻ എന്നിവ ചെയുന്നത് ബിപി കുറയ്ക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.

ബിപി നിയന്ത്രിക്കാൻ നിരവധി ആന്റിഹൈപ്പർടെൻസിവ് മരുന്നുകൾ ഇന്ന് ലഭ്യമാണ്. നിങ്ങൾക്ക് അനുയോജ്യമായ മരുന്ന് ഏതാണെന്ന് ഡോക്ടർ നിർദ്ദേശിക്കട്ടെ. കൂടാതെ, നിങ്ങളുടെ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഒരു ദിവസം പോലും മരുന്നുകൾ നിർത്തുന്നില്ലെന്ന് ഉറപ്പാക്കുക. ഈ മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. അവ വൃക്ക തകരാറിന് കാരണമാകുമെന്നത് തെറ്റിദ്ധാരണയാണ്. വൃക്കകളേയും ഹൃദയത്തേയും തലച്ചോറിനേയും സംരക്ഷിക്കുന്നതാണ് ഈ മരുന്നുകൾ. 

( കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ)