രക്തസമ്മർദം നിയന്ത്രിക്കാനുള്ള മരുന്നെടുക്കുന്നവർ ഡോസിന്റെ കാര്യത്തിൽ കൃത്യത പുലർത്തേണ്ടത് പ്രധാനമാണ്. ചിലർ സ്വയം മരുന്ന് നിർത്തുകയും ഡോസ് കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇനി ചിലരാകട്ടെ ചില നേരങ്ങളിൽ ഡോസ് വിട്ടുപോവുകയും അത് നിസ്സാരമാക്കുകയു ചെയ്യാറുണ്ട്. ഇവയെല്ലാം വലിയ പ്രത്യാഘാതങ്ങൾക്കു കാരണമാകും. ബ്ലഡ് പ്രഷർ മരുന്നുകളുടെ ഡോസ് വിട്ടുപോകുന്നത് എത്രത്തോളം അപകടകരമാണെന്നു വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.
ബ്ലഡ് പ്രഷറിനുള്ള മരുന്നുകൾ വിട്ടുപോവുന്നതിന് അനുസരിച്ച് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുന്നുവെന്നാണ് പഠനം പറയുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 91,000-ത്തിലധികം ആളുകളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചു നടത്തിയ പഠനത്തിനൊടുവിലാണ് ഈ വിലയിരുത്തലിൽ എത്തിയത്. രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ മുടക്കുന്നതിലൂടെ ഹൃദയാഘാതങ്ങൾക്കും പക്ഷാഘാതങ്ങൾക്കുമെതിരെയുള്ള പ്രതിരോധശേഷി നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു. മരുന്നുകൾ കൃത്യമായി കഴിച്ച രോഗികളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ 11% കുറഞ്ഞതായി കണ്ടപ്പോൾ, ഡോസുകൾ മുടക്കിയവരിൽ ഈ ഗുണങ്ങൾ ലഭിച്ചില്ലെന്ന് കണ്ടെത്തി.
സയൻസ് ഡെയ്ലി വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളുടെ ഡോസുകൾ എത്രത്തോളം മുടക്കുന്നോ, അത്രത്തോളം ഹൃദയാഘാതം, പക്ഷാഘാതം, മറ്റ് ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കെതിരെയുള്ള സംരക്ഷണവും കുറയുമെന്ന് ഗവേഷകർ കണ്ടെത്തി.
ഒൻപത് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള 91,339 പേരുടെ വ്യക്തിഗത വിവരങ്ങൾ വിശകലനം ചെയ്താണ് വിലയിരുത്തലിലെത്തിയത്. നൽകിയ മരുന്നിന്റെ കുറഞ്ഞത് 80% എങ്കിലും കഴിച്ചവർ, 80%-ൽ താഴെ മാത്രം കഴിച്ചവർ എന്നിങ്ങനെ രണ്ടായിതിരിച്ചാണ് പഠനം നടത്തിയത്. മരുന്ന് കൃത്യമായി കഴിച്ച വിഭാഗത്തിന്റെ രക്തസമ്മർദം നിയന്ത്രണവിധേയമാവുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയുകയും ചെയ്തപ്പോൾ ഡോസിൽ വിട്ടുവീഴ്ച്ച ചെയ്തവരിൽ ഈ ഗുണങ്ങൾ കുറയുന്നുവെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
ഡോക്ടർമാർക്ക് ഇക്കാര്യത്തിൽ വലിയ ഇടപെടൽ നടത്താനാവുമെന്ന് പഠനം പറയുന്നു. ബ്ലഡ് പ്രഷർ ചികിത്സയിൽ മരുന്ന് നിർദേശിക്കുക മാത്രമല്ല മുടങ്ങാതെ അത് കഴിക്കേണ്ടതിനേക്കുറിച്ച് അവബോധം നൽകേണ്ടതും പ്രധാനമാണ്. രക്തസമ്മർദം നിയന്ത്രണവിധേയമല്ലെന്ന് രോഗികൾ പരാതിപ്പെടുന്നുവെങ്കിൽ അവർ ഡോസിന്റെ കാര്യത്തിൽ കൃത്യത പുലർത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
അമിത രക്തസമ്മർദം, നിസ്സാരമാക്കരുത്
അമിത രക്തസമ്മർദം മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. നിശ്ശബ്ദനായ കൊലയാളി എന്നാണ് അമിത ബിപിയെ വിശേഷിപ്പിക്കുന്നതും. അമിത രക്തസമ്മർദം ഉള്ളവരിൽ ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥകൾക്കും സാധ്യത കൂടുതലാണ്. പണ്ട് പ്രായമുള്ളവരെ മാത്രം ബാധിച്ചിരുന്ന രോഗം ഇപ്പോൾ ചെറുപ്പക്കാരെയും ബാധിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഇപ്പോഴത്തെ ജീവിതരീതിയാണ്. തെറ്റായ ഭക്ഷണക്രമം, ധാരാളം ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ക്രമം തെറ്റിയുള്ള ഉറക്കം എന്നിവയും അവസ്ഥ വഷളാക്കുന്നു. ഇന്ത്യയിൽ ഏകദേശം പത്തിൽ മൂന്ന് പേർക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന രക്തസമ്മർദം വർഷങ്ങളോളം രക്തക്കുഴലുകളെയും ഹൃദയത്തെയും ബാധിക്കുന്നു. എന്നാൽ, മിക്ക ആളുകൾക്കും വിഷയം ആദ്യ ഘട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല. പ്രധാന അവയവങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകുമ്പോൾ മാത്രമാണ് ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്.
ഉയർന്ന രക്തസമ്മർദത്തിന്റെ അപകടസാധ്യതകൾ ഒഴിവാക്കാൻ 30 വയസ്സിന് ശേഷം വർഷത്തിൽ ഒരിക്കലെങ്കിലും രക്തസമ്മർദ്ദം പരിശോധിക്കണമെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. കുടുംബത്തിൽ ആർക്കെങ്കിലും രോഗമുണ്ടെങ്കിലോ അമിതവണ്ണമുണ്ടെങ്കിലോ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പതിവായുള്ള പരിശോധനകൾ നേരത്തെയുള്ള രോഗനിർണയത്തിന് സഹായകമാകും. അതേസമയം, ഉയർന്ന രക്തസമ്മർദത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ അവഗണിക്കുന്നത് ദീർഘകാല അപകടസാധ്യതകൾ വർധിപ്പിച്ചേക്കും.
അമിത രക്തസമ്മർദത്തിന്റെ ലക്ഷണങ്ങൾ
കഠിനമായ തലവേദന
രാവിലെയുണ്ടാകുന്ന കടുത്ത തലവേദന ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്. ഉയർന്ന സമ്മർദ്ദം തലച്ചോറിലെ രക്തക്കുഴലുകൾ വികസിക്കാൻ കാരണമാകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് വേദനയും അസ്വസ്ഥതയുമുണ്ടാക്കുന്നു. വ്യക്തമായ കാരണമില്ലാതെ വിട്ടുമാറാത്ത തലവേദന ഇടയ്ക്കിടെ ഉണ്ടാകുന്നെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.
നെഞ്ചുവേദന
നെഞ്ചുവേദനയോ നെഞ്ചിൽ ഭാരം അനുഭവപ്പെടുന്നതോ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. ഇത് ഗൗരവമായി കാണേണ്ടതും അടിയന്തരമായി വൈദ്യസഹായം തേടേണ്ടതുമാണ്. ഇത്തരം പ്രശ്നങ്ങൾ ഹൃദയാഘാതത്തിലേക്കോ മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കോ നയിച്ചേക്കാം.
ശ്വാസംമുട്ടൽ
ലളിതമായ കാര്യങ്ങൾ ചെയ്യുമ്പോൾ ശ്വാസംമുട്ട് അനുഭവപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തെയോ ശ്വാസകോശത്തെയോ ബാധിച്ചതിന്റെ ലക്ഷണമാകാം. ശരീരത്തിനാവശ്യമായ ഓക്സിജൻ ലഭിക്കാതെ ബുദ്ധിമുട്ടുന്നതിന്റെ സൂചനയാകാമിത്. വിഷയം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
കാഴ്ച മങ്ങുന്നത്
ഉയർന്ന രക്തസമ്മർദ്ദം തലകറക്കത്തിനും കാഴ്ച മങ്ങുന്നതിനും കാരണമാകും. തലച്ചോറിലേക്കോ കണ്ണിലേക്കോയുള്ള രക്തയോട്ടം തടസ്സപ്പെടുന്നതിനാലാകാം ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്.
മൂക്കിൽ നിന്ന് രക്തസ്രാവം
ഇടയ്ക്കിടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. മറ്റ് പരിക്കൊന്നുമില്ലാതെയും മൂക്കിൽ നിന്ന് രക്തം വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
ക്ഷീണം
സ്ഥിരമായി ക്ഷീണമോ ആശയക്കുഴപ്പമോ തോന്നുന്നെങ്കിൽ അത് രക്തസമ്മർദം മൂലമാകാം. തലച്ചോറിലേക്കുള്ള രക്തയോട്ടം മോശമാകുന്നതിന്റെ ഫലമായാണ് ഇത്തരത്തിൽ അസാധാരമായ ക്ഷീണം അനുഭവപ്പെടുന്നത്. വേഗത്തിൽ ചികിത്സിച്ചില്ലെങ്കിൽ ഇത് അപകടകരമാണ്.
നെഞ്ചിലോ കഴുത്തിലോ ചെവികളിലോ മിടിപ്പ്
നെഞ്ചിലോ കഴുത്തിലോ ചെവികളിലോ ശക്തമായ മിടിപ്പോ മുഴക്കമോ അനുഭവപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ സൂചനയാകാം. ഈ ലക്ഷണവും അവഗണിക്കരുത്.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ഉപ്പ് കുറയ്ക്കണം
ഒരുദിവസം അനുവദനീയമായ ഉപ്പ് ഒരു ടീസ്പൂൺ ആണ് (5 ഗ്രാം). ഒരു ഗ്രാം ഉപ്പിൽ 400 മി.ഗ്രാം സോഡിയമാണ് അടങ്ങിയിരിക്കുന്നത്. ഒരുദിവസം 2000 മി.ഗ്രാമിൽ കൂടുതൽ സോഡിയം ഉള്ളിലെത്തരുത്. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ മാത്രം രക്തസമ്മർദം 6 മി.മീ. കുറയ്ക്കാൻ സാധിക്കും. പലപ്പോഴും ഹൈപ്പർടെൻഷന്റെ ചികിത്സ പരാജയപ്പെടുന്നത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാത്തതുമൂലമാണ്. അച്ചാറുകൾ, ഉണക്കമീൻ, പപ്പടം, ചിപ്സ്, ചോറിലും കഞ്ഞിയിലും ഉപ്പൊഴിച്ച് കഴിക്കുക തുടങ്ങിയവ ഒഴിവാക്കണം.
പുകവലി വേണ്ട
പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ ഹൃദയമിടിപ്പും രക്തസമ്മർദവും വർധിപ്പിക്കും. രക്തധമനികളുടെ ജരാവസ്ഥയ്ക്കും രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും പുകവലി ഇടയാക്കാം. പുകവലി നിർത്തുന്നതിലൂടെ മാത്രം രക്തസമ്മർദം 10 മി.മീ. വരെ കുറയ്ക്കാൻ സാധിക്കും.
മദ്യപാനവും ഒഴിവാക്കാം
മദ്യ ഉപയോഗം കുറയ്ക്കുന്നതിലൂടെ മാത്രം 4 മി.മീ. പ്രഷർ കുറയ്ക്കാനാകും. അമിതമായ മദ്യ ഉപയോഗം ഹൃദയാരോഗ്യത്തെ ദുർബലമാക്കും.
മാനസിക പിരിമുറുക്കം കുറയ്ക്കണം
സ്ട്രെസ്സ് ഹോർമോണുകളായ കോർട്ടിസോൺ, അഡ്രിനാലിൻ തുടങ്ങിയവ ബി.പി. കൂട്ടും. ജീവിതത്തിലെ അമിത മത്സരസ്വഭാവം ഒഴിവാക്കണം.
Content Highlights: Skipping blood pressure medication increases heart attack and stroke risk, reveals Oxford study analyzing over 91,000 individuals' health data.
Published: 27 Oct 2026, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented