രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹമുളളവരുടെ ഡയറ്റില്‍ കൃത്യമായ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹംമൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ കുറയ്ക്കാന്‍ സാധിക്കും.

To advertise here,

ഗ്ലൈസെമിക് സൂചിക കുറഞ്ഞ, അന്നജം കുറഞ്ഞ, ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍  പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം.

ഗ്ലൈസെമിക് സൂചിക കൂടുതലുള്ള പ്രമേഹമുള്ളവര്‍ കഴിക്കുന്നത് നല്ലതല്ല. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ക്ക് ഗ്ലൈസെമിക് സൂചിക കൂടുതലാണ്. അതിനാല്‍  വൈറ്റ് ബ്രഡ്, പാസ്ത പോലെയുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാം.

കൃത്രിമ മധുരം അടങ്ങിയ ശീതളപാനീയങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കണം. കേക്ക്, കുക്കീസ്, പേസ്റ്റ്ട്രി തുടങ്ങി പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബേക്കറി ഭക്ഷണങ്ങളും കഴിക്കാത്തതാണ് ആരോഗ്യത്തിന് നല്ലത്.

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കാം. ഇത് കഴിക്കുന്നത് കൂടിയാല്‍  കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും ശരീരത്തില്‍ അടിയുന്നതുമൂലം ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകാനും പ്രമേഹമുണ്ടാകാനും സാധ്യത ഉണ്ട്. പ്രമേഹമുള്ളവരും ഇത് കഴിക്കുന്നത് ആരോഗ്യം നശിപ്പിക്കും.സംസ്‌കരിച്ച ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)