തിരുവനന്തപുരം: ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികളുടെ സൗജന്യചികിത്സയ്ക്കുള്ള ‘മിഠായി’ പദ്ധതി മുടങ്ങി. ഇൻസുലിനും രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കാനുള്ള സ്ട്രിപ്പുകളും കിട്ടാതായതോടെ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് മാസം 7000 രൂപയോളം കണ്ടെത്തേണ്ടിവരുകയാണ്.

To advertise here,

2018-ൽ തുടങ്ങിയ ‘മിഠായി’ പദ്ധതിയിൽ 2000-ത്തിലേറെ ഗുണഭോക്താക്കളുണ്ട്. സാമൂഹികനീതിവകുപ്പും സാമൂഹികസുരക്ഷാമിഷനും വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

കുട്ടികളിൽ ദിവസം അഞ്ചും ആറും തവണ ഗ്ലൂക്കോസ് പരിശോധിക്കേണ്ടിവരും. 50 സ്ട്രിപ്പുള്ള ഒരു പാക്കറ്റിന് വിപണിയിൽ 4000 രൂപയോളമാണ് വില.

ഗുണമേന്മയുള്ള റാപ്പിഡ് ആക്ഷൻ ഇൻസുലിനാണ് പദ്ധതിയിൽ ആദ്യം നൽകിയിരുന്നത്. പിന്നീട് പതുക്കെ പ്രവർത്തിക്കുന്ന ഇൻസുലിൻ നൽകിത്തുടങ്ങി. ഗുണമേന്മയെക്കുറിച്ച് പരാതി ഉയർന്നതോടെ പുതിയ ഇൻസുലിൻ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.

എന്താണ് ടൈപ്പ്-1 പ്രമേഹം

ശരീരത്തിന്റെ പ്രതിരോധസംവിധാനം പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണിത്. കൂടുതലും കുട്ടികളിലും കൗമാരക്കാരിലുമാണ് കണ്ടുവരുന്നത്. അമിതദാഹം, കൂടക്കൂടെ മൂത്രമൊഴിക്കൽ, ക്ഷീണം, പെട്ടെന്ന് ഭാരം കുറയൽ എന്നിവയാണ് പ്രധാന ലക്ഷണം. ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവെക്കണം.