വൈകി ഭക്ഷണം കഴിക്കുകയും വൈകി ഉറങ്ങുകയും ചെയ്യുന്നവരാണോ നിങ്ങൾ ? എങ്കിൽ മെറ്റബോളിക് സിൻഡ്രോമിനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ പറയുന്നത്. ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ, ഉയർന്ന കൊളസ്ട്രോൾ നില എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്ന അവസ്ഥയെയാണ് മെറ്റബോളിക് സിൻഡ്രോം എന്നുപറയുന്നത്.
ഐസയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. വൈകി ഭക്ഷണം കഴിക്കുകയും കിടന്നുറങ്ങുകയും ചെയ്യുന്നത് എങ്ങനെയാണ് ശരീരത്തെ ബാധിക്കുന്നതെന്നും ഗവേഷകർ പരിശോധിച്ചു. അമിതവണ്ണമുള്ളവരിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നുണ്ട്. സാധാരണ ഭക്ഷണം കഴിക്കുകയും കിടന്നുറങ്ങുകയും ചെയ്യുന്ന സമയങ്ങളിൽ നിന്ന് വ്യത്യസ്തമായി വൈകി ഭക്ഷണം കഴിക്കുകയും വൈകി ഉറങ്ങുകയും ചെയ്യുമ്പോൾ ശരീരത്തിൽ വീക്കമുണ്ടാകാനും കുടലിന്റെ ആരോഗ്യം തകരാറിലാകാനും കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. ഇവയാണ് മെറ്റബോളിക് സിൻഡ്രോമിനുമുള്ള സാധ്യത കൂട്ടുന്നത്.
പഠനത്തിന്റെ ഭാഗമായവരിൽ വൈകി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്ത 73ശതമാനം പേരുടെയും മെറ്റബോളിക് ആരോഗ്യം തകരാറിലായതായി കണ്ടെത്തി. വൈകി ഭക്ഷണം കഴിക്കുന്നതിലൂടെ അനാരോഗ്യകരമായ ഭക്ഷണം കൂടുതൽ കഴിക്കാനും അനാരോഗ്യകരമായ ഉറക്കരീതി രൂപപ്പെടാനും കാരണമാകും. ഇതും ആരോഗ്യം തകരാറിലാക്കും. എന്താണ് കഴിക്കുന്നത് എന്നതിനൊപ്പം പ്രധാനമാണ് എപ്പോഴാണ് കഴിക്കുന്നത് എന്നും വ്യക്തമാക്കുകയാണ് ഗവേഷകർ.
എന്നും വൈകി കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നവർ ആ ശീലങ്ങളിൽ മാറ്റംവരുത്തുന്നത് ഗുണംചെയ്യുമെന്നും ഗവേഷകർ പറയുന്നുണ്ട്. കിടക്കുന്നതിനു തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്ന ശീലമൊഴിവാക്കി നേരത്തേ കഴിക്കാൻ ശീലിക്കണം. ഉറക്കം വളരെ വൈകാതിരിക്കുകയും വേണം. ഇവ രണ്ടും ആരോഗ്യകരമാക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും അതുവഴി മെറ്റബോളിക് സിൻഡ്രോമിനുള്ള സാധ്യത കുറയ്ക്കാനും കഴിയുമെന്ന് ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
- വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
- ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
- വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
- ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
- ടി.വി.യോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
ആരോഗ്യകരമായ ഉറക്കത്തിനായി ചില ടിപ്സ്
- പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
- ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.
- ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.
- ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
- രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
- ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും പൊരിച്ചതും മസാല ചേർത്ത് അളവിൽ കൂടുതലും ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.
- തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
- ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.
Published: 20 Nov 2026, 02:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented