ഇടയ്ക്കിടെ ബ്രെയിൻ ഫോഗ് ഉണ്ടാകാറുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം അനന്യ പാണ്ഡെ. കോഫീ വിത് കരൺ സീസൺ സിക്സിൽ സംസാരിക്കവേയാണ് അനന്യ ഇതേക്കുറിച്ചു തുറന്നുപറഞ്ഞത്. സംഭാഷണത്തിനിടെ അബദ്ധത്തിൽ തിങ്ക്, സ്പീക്ക് എന്നീ രണ്ടുവാക്കുകൾ ചേർത്ത് സ്പിങ്ക് എന്ന് അനന്യ പറഞ്ഞിരുന്നു. തുടർന്നാണ് തനിക്കു ബ്രെയിൻഫോഗ് ഉണ്ടെന്നാണ് തോന്നുന്നതെന്ന് പറഞ്ഞത്.
നേരത്തേ നടിമാരായ അനന്യ പാണ്ഡെ, സൊനാലി ബിന്ദ്രെ, റിച്ഛ ഛദ്ദ, നടൻ ഫർദീൻ ഖാൻ തുടങ്ങിയവരും ബ്രെയിൻ ഫോഗ് ഉണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു. ഒരു ഓട്ടോഇമ്മ്യൂൺ രോഗത്തോടുള്ള പോരാട്ടത്തിനിടെ തന്നെ ഏറ്റവുമധികം അലട്ടിയിരുന്ന പ്രശ്നം ബ്രെയിൻ ഫോഗ് ആണെന്നാണ് സുസ്മിത സെൻ പറഞ്ഞത്. ചെറിയ കാര്യങ്ങൾ പോലും മനസ്സിലാക്കാനും പേരുകൾ ഓർത്തെടുക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ബ്രെയിൻ ഫോഗ് ആണെന്ന് തിരിച്ചറിഞ്ഞതെന്നും സുസ്മിത പറഞ്ഞിട്ടുണ്ട്.
കാൻസർ തെറാപ്പിക്കു ശേഷമാണ് ബ്രെയിൻ ഫോഗ് അനുഭവിച്ചതെന്നാണ് നടി സൊനാലി ബിന്ദ്രെ പറഞ്ഞത്. ക്രമേണ കാര്യങ്ങൾ മറക്കുകയും ദൈനംദിന ജീവിതത്തിലെ കാര്യങ്ങൾപോലും മറക്കുന്ന സാഹചര്യമുണ്ടായെന്നും സൊനാലി പറഞ്ഞിട്ടുണ്ട്. ചികിത്സയ്ക്കുശേഷം സിനിമയിലേക്കു തിരിച്ചുവരവെ സ്ക്രിപ്റ്റ് ഓർത്തെടുക്കാനാവുമോ എന്ന് താൻ ഭയന്നിരുന്നുവെന്നും സൊനാലി പറഞ്ഞിട്ടുണ്ട്.
പ്രസവേശഷമുള്ള ഹോർമോണൽ വ്യതിയാനങ്ങൾക്കിടെയാണ് ബ്രെയിൻ ഫോഗ് അനുഭവിച്ചതെന്നായിരുന്നു റിച്ഛ ഛദ്ദയുടെ തുറന്നുപറച്ചിൽ. മദ്യപാനാസക്തിയാണ് തന്റെ മാനസികനില തകരാറിലാക്കുകയും ബ്രെയിൻ ഫോഗിനു കാരണമാവുകയും ചെയ്തതെന്നാണ് നടൻ ഫർദീൻ ഖാൻ തുറന്നുപറഞ്ഞത്. 2020-ൽ മദ്യപാനം പൂർണ്ണമായി ഉപേക്ഷിച്ച ശേഷമാണ് ബ്രെയിൻഫോഗ് എന്ന അവസ്ഥയിൽ മാറ്റമുണ്ടായതെന്നും നടൻ പറഞ്ഞിരുന്നു.
എന്താണ് ബ്രെയിൻ ഫോഗ് ?
കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന അവസ്ഥയാണ് ബ്രെയിൻ ഫോഗ്. ഇത് നമ്മുടെ കൊഗ്നിറ്റീവ് കഴിവുകളെ തടസ്സപ്പെടുത്തും. മാനസികമായ ക്ഷീണം, ആശയക്കുഴപ്പം എന്നിവയൊക്കെയാണ് ഇതുമൂലമുണ്ടാവുക. ഇതുമാത്രമല്ല, ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ഏകാഗ്രത, ഓർമപ്രശ്നങ്ങൾ, വ്യക്തമല്ലാത്ത ചിന്തകൾ എന്നിവയ്ക്കും ബ്രെയിൻ ഫോഗ് ഇടയാക്കും.
കാരണങ്ങൾ
ബ്രെയിൻ ഫോഗിന് പല കാരണങ്ങളുണ്ട്.
ഉറക്കമില്ലായ്മ: ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ അത് മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കും. ഇത് ആ വ്യക്തിയുടെ കൊഗ്നിറ്റീവ് കഴിവുകളെ തളർത്തും. ഏകാഗ്രതയ്ക്കുള്ള കഴിവ് ഇല്ലാതാക്കും. എട്ടു മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്.
സ്ട്രെസ്സും ഉത്‌കണ്ഠയും: സ്ഥിരമായ സ്ട്രെസ്സും ഉത്‌കണ്ഠയും ഉണ്ടാകുന്നത് മാനസിക ആരോഗ്യത്തെയും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും ബാധിക്കും. ഇത് മാനസിക അപചയത്തിന് കാരണമാവുകയും അങ്ങനെ ബ്രെയിൻ ഫോഗിന് വഴിയൊരുക്കുകയും ചെയ്യുന്നു.
കൃത്യമല്ലാത്ത ഡയറ്റ്: മസ്തിഷ്ക ആരോഗ്യവും ഡയറ്റും തമ്മിൽ വലിയ ബന്ധമുണ്ട്. നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ മസ്തിഷ്കത്തിന്റെ കൃത്യമായ പ്രവർത്തനത്തിന് സഹായിക്കുന്നത്. അതിനാൽ തന്നെ ആവശ്യത്തിന് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഡയറ്റാണ് പാലിക്കേണ്ടത്. വിറ്റാമിൻ ബി12 സമ്പുഷ്ടമായ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മസ്തിഷ്ക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഹോർമോൺ മാറ്റങ്ങൾ: ചില ഹോർമോണുകളുടെ അളവ് പരിധിയിലും കൂടുന്നത് ബ്രെയിൻ ഫോഗിന് ഇടയാക്കും. ഇത് ഹ്രസ്വകാല കൊഗ്നിറ്റീവ് തകരാറുകൾക്കും ഓർമയെയും ബാധിക്കും. ഇതുപോലെ തന്നെ ഹോർമോൺ നില താഴുന്നത് മറവി പ്രശ്നങ്ങൾ വർധിപ്പിക്കും. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോൺ അളവ് കുറയുന്നത് മസ്തിഷ്ക ആരോഗ്യത്തെ ബാധിക്കും.
മരുന്നുകളുടെ ഉപയോഗം: ചില മരുന്നുകളുടെ ഉപയോഗത്തിന്റെ പാർശ്വഫലമായും ബ്രെയിൻ ഫോഗ് ഉണ്ടാകാം. മരുന്നുപയോഗിക്കുന്ന സമയത്ത് എന്തെങ്കിലും മാനസികമായ ആശയക്കുഴപ്പങ്ങൾ ഉണ്ടാവുകയാണെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് സംസാരിക്കണം.
മറ്റ് രോഗങ്ങൾ: നിലവിലുള്ള മറ്റ് രോഗങ്ങൾ മാനസികമായ തളർച്ചയ്ക്ക് കാരണമാകാം. അണുബാധ മുതൽ രക്തത്തിലെ ഗ്ലൂക്കോസ് നിലയിലെ വ്യതിയാനങ്ങൾ വരെ ഇതിന് കാരണമാകും. ഇത്തരത്തിലുള്ള രോഗാവസ്ഥകൾ ബ്രെയിൻ ഫോഗിന് ഇടയാക്കും. പ്രമേഹം, അനീമിയ, വിഷാദം, ഹൈപ്പോതൈറോയ്‌ഡിസം എന്നിവ ബ്രെയിൻ ഫോഗിനുള്ള സാധ്യത വർധിപ്പിക്കും.
ചികിത്സിച്ച് ഭേദമാക്കാനാകുമോ
ബ്രെയിൻ ഫോഗ് ഉണ്ടെന്ന് ഉറപ്പാക്കിയാൽ ചികിത്സ ആവശ്യമാണ്. ബ്രെയിൻ ഫോഗ് ഉണ്ടായത് നിലവിൽ ബാധിച്ചിരിക്കുന്ന അനീമിയ പോലെയുള്ള ഏതെങ്കിലും രോഗാവസ്ഥ മൂലമാണെങ്കിൽ അയേൺ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും അയേൺ സപ്ലിമെന്റുകൾ നൽകുകയും ചെയ്യാം. ഇത് ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് വർധിപ്പിക്കും. ഇനി മറ്റ് എന്ത് കാരണങ്ങൾ മൂലമാണ് ബ്രെയിൻ ഫോഗ് ഉണ്ടാകുന്നതെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടെത്തി കൃത്യമായ ഡയറ്റും സപ്ലിമെന്റുകളും വ്യായാമവും ജീവിതത്തിന്റെ ഭാഗമാക്കി പോസിറ്റീവ് ലൈഫ്സറ്റൈൽ സ്വീകരിക്കാൻ ശ്രമിക്കണം.
ആവശ്യത്തിന് ഉറക്കവും കൃത്യമായ ശാരീരിക വ്യായാമവും കൃത്യമായ സ്ട്രെസ്സ് മാനേജ്മെന്റും ഉണ്ടെങ്കിൽ ബ്രെയിൻ ഫോഗ് കൃത്യമായ ചികിത്സിച്ച് ഭേദമാക്കാം.
Content Highlights: Bollywood celebrities like Ananya Pandey and Sonali Bendre share their personal experiences and struggles with brain fog and its impact on their lives.
Published: 20 Nov 2026, 12:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented