
ശാരീരിക-മാനസിക തലങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എല്ലാവിധ വേദനകളും. ആർത്തവകാലത്ത് അനുഭവപ്പെടുന്ന വേദന പെൺകുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന പ്രശ്നമാണ്. ശക്തിയേറിയ വേദന കാരണം ദൈനംദിനകാര്യങ്ങൾ നിർവഹിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മാത്രമല്ല, സ്ക്കൂൾ- കോളേജുകളിലും തൊഴിലിടങ്ങളിലും പലപ്പോഴും ഈ ദിവസങ്ങളിൽ അവധി എടുക്കേണ്ടതായും വരുന്നു.
ആർത്തവകാലത്ത് പെൺകുട്ടികളിൽ ആദ്യദിവസം അടിവയറുവേദനയായിട്ടോ നടുവേദനയായിട്ടോ കാണാറുണ്ട്. ഇതിനോടനുബന്ധിച്ച് ഓക്കാനം, ഛർദ്ദി, തലവേദന, കാലുകഴപ്പ് എന്നിവയിലേതെങ്കിലുമൊക്കെ വരാം. ശാരീരികവും മാനസികവുമായ പല ഘടകങ്ങളും ഇതിനെ വളരെയേറെ സ്വാധീനിക്കാം. മുതിർന്നവരിൽ ഗർഭാശയസംബന്ധമായ പല രോഗങ്ങളുടേയും ഭാഗമായി ശക്തിയേറിയ വേദന വരാം. അഡിനോമയോസിസ്, എൻഡോമെട്രിയോസിസ്, ഗർഭാശയമുഴ, ഗർഭാശയസംബന്ധമായി വരുന്ന നീർക്കെട്ട് തുടങ്ങിയ രോഗാവസ്ഥകളിലൊക്കെ ആർത്തവകാലത്ത് ദിവസങ്ങളോളം വേദന കാണാം. ഇവരിൽ പലപ്പോഴും രക്തസ്രാവത്തിലും വ്യത്യാസം ഉണ്ടാകാറുണ്ട്.
ഇത്തരം രോഗങ്ങളിൽ ആർത്തവദിവസങ്ങളിലല്ലാതെയും ബുദ്ധിമുട്ടുകളുണ്ടാകാം. ജൻമനാ ഗർഭാശയവൈകല്യമുള്ള സ്ത്രീകളിൽ ആർത്തവസമയത്ത് വേദന കാണാറുണ്ട്.
എന്തെല്ലാം ശ്രദ്ധിക്കാം?
- ശാരീരികമാനസിക ബലം മെച്ചപ്പെടുത്തുക.
- ആർത്തവസ്രാവദിവസങ്ങളിലൊഴികെ, ശരീരബലം അനുസരിച്ച് കൃത്യമായി വ്യായാമം ചെയ്യുക. നൃത്താഭ്യാസം ചെയ്യുന്നവരാണെങ്കിൽ അത് മതിയാകും.
- മലം മൂത്രങ്ങൾ പോകാൻ തോന്നുമ്പോൾ അത് തടഞ്ഞുവയ്ക്കാതിരിക്കുക.
- നിത്യവും മലശോധന കിട്ടാത്തവർ അത് സുഗമമാക്കുന്നതിനാവശ്യമായ ആഹാരങ്ങളും, ആവശ്യമെങ്കിൽ ഔഷധവും ഉപയോഗിച്ച് ക്രമപ്പെടുത്തുക.
- വൻപയർ, കടല, പരിപ്പ്, ഗ്രീൻപീസ്, ധാരാളം എരിവടങ്ങിയ ആഹാരപദാർഥങ്ങൾ, ദഹിക്കാൻ പ്രയാസമുള്ളവ, വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ മുതലായവ പരമാവധി ഒഴിവാക്കുക.
- തീവ്രമായ വേദനയുള്ളവരിൽ രക്തപരിശോധന, അൾട്രാസൗണ്ട് സ്കാനിങ്, എം.ആർ.ഐ. തുടങ്ങിയ പരിശോധനകൾ വേണ്ടിവരാം.
ചികിത്സ
വൈദ്യനിർദേശപ്രകാരം രോഗത്തിനും വ്യക്തിയുടെ പൊതുവിലുള്ള ആരോഗ്യത്തിനും അനുസരിച്ച് ആർത്തവസ്രാവത്തിന് മുന്നോടിയായി തന്നെ ആയുർവേദ ഔഷധങ്ങൾ തുടങ്ങാവുന്നതാണ്. അതുപോലെ തന്നെ, വ്യക്ത്യധിഷ്ഠിതമായി ചെയ്യുന്ന വിരേചനം, വസ്തി, അവഗാഹം (ഔഷധങ്ങളിട്ട് ഉണ്ടാക്കിയതോ അല്ലാത്തതോ ആയ ചെറുചൂടുവെള്ളത്തിൽ ഇറങ്ങിയിരിക്കുക), ഉത്തരവസ്തി എന്നീ ചികിത്സകളും വളരെ പ്രയോജനപ്രദമാകുന്നു.
(കൂറ്റനാട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പ്രസൂതിതന്ത്ര & സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറും എച്ച്.ഒ.ഡിയുമാണ് ലേഖിക)
Content Highlights:Ayurvedic ways to control menstrual cramps, Health,Menstrual problems
Published: 07 Oct 2020, 03:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented