2019-ൽ ആ​ഗോളതലത്തിൽ ആദ്യമായി വുഹാനിൽ കോവിഡ് സ്ഥിരീകരിക്കുമ്പോൾ ലോകത്തെ പിടിച്ചുലക്കുന്ന രോ​ഗമായിരിക്കും ഇതെന്ന് ആരും കരുതിക്കാണില്ല. അഞ്ചുവർഷം പിന്നിടുമ്പോഴും കോവിഡ് സംബന്ധിച്ച ആരോ​ഗ്യപ്രശ്നങ്ങളുമായി ജീവിക്കുന്നവർ നിരവധിയാണ്. മഹാമാരിക്കാലത്ത് മരണനിരക്ക് പ്രതിരോധിച്ചതിൽ വാക്സിനുകൾക്കുള്ള പങ്ക് ചെറുതല്ല. എന്നാൽ, അതേ വാക്സിനുകൾ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകളും ഉയരാറുണ്ട്.  കോവിഷീൽഡ് വാക്സിൻ സംബന്ധിച്ച പാർശ്വഫലങ്ങളേക്കുറിച്ച് ആശങ്കപ്പെടുത്തുന്ന വാർത്ത കഴിഞ്ഞ​ദിവസം പുറത്തുവന്നിരുന്നു. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് അസ്ട്രസെനക്ക വികസിപ്പിച്ച പ്രസ്തുത വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് അസ്ട്രസെനക്ക തന്നെ സ്ഥിരീകരിച്ചത്. ജാമി സ്കോട്ട് എന്നയാളുടെ കേസാണ് ഇതിലേക്ക് നയിച്ചത്. 

To advertise here,

കേസിലേക്ക്...

യു.കെ.യിൽനിന്നുള്ള ജാമി സ്കോട്ട് എന്നയാളാണ് പരാതിക്കാരൻ. 2021 ഏപ്രിലിൽ വാക്സിൻ സ്വീകരിച്ചതിനുപിന്നാലെ തന്റെ മസ്തിഷ്കത്തിന് തകരാർ സംഭവിച്ചെന്നും രക്തം കട്ടപിടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമി പരാതിനൽകിയത്. ഇതോടെ തനിക്ക് ജോലിക്ക് പോകാൻ കഴിയാതായെന്നും മൂന്നുതവണ താൻ മരണത്തിനു മുന്നിലൂടെ കടന്നുപോയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നെന്നും ജാമിയുടെ പരാതിയിലുണ്ട്. തുടർന്നാണ് യു.കെ. ഹൈക്കോടതിക്ക് മുമ്പിലെത്തിയ പരാതിയിൽ വളരെ അപൂർവമായ കേസുകളിൽ ടി.ടി.എസ് അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്ന് കമ്പനി മറുപടി നൽകിയത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന സാഹചര്യമാണിത്. അതേസമയം, മേൽപ്പറഞ്ഞ വാക്സിനോ മറ്റേതെങ്കിലും വാക്സിനുകളോ സ്വീകരിച്ചില്ലെങ്കിൽക്കൂടിയും ടി.ടി.എസ് ഉണ്ടാകാമെന്നും കമ്പനി പറയുകയുണ്ടായി. എന്നാൽ, വാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യാനാകില്ലെന്നും അസ്ട്രസെനക്ക അറിയിച്ചിട്ടുണ്ട്.

കോവിഡിനു പിന്നാലെ തുടങ്ങിയ ചർച്ചകൾ

കോവിഡ് രോ​ഗത്തിനും വാക്സിനും ശേഷം ഹൃദ്രോ​ഗം ഉണ്ടാകുന്നുണ്ടോ എന്ന ചർച്ചകൾ 2019-20 മുതൽ ശക്തിയുക്തം തുടരുന്നുണ്ടെന്ന് പറയുകയാണ് പ്രശസ്ത ഹൃദ്രോ​ഗവി​ദ​ഗ്ധനായ ഡോ. ജോർജ് തയ്യിൽ. ഇതേകാലയളവിൽ  ഇറ്റലിയിലും വുഹാനിലും നടന്ന പഠനങ്ങളിൽ കോവിഡ് ബാധ ശ്വാസകോശസംബന്ധമായ ന്യുമോണിയ, മറ്റുരോ​ഗങ്ങൾ എന്നിവയ്ക്കുപരിയായി മയോകാർഡൈറ്റിസ്, പെരികാർഡൈറ്റിസ് എന്നീ രോ​ഗങ്ങൾക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 

placeholder
ഡോ. ജോർജ് തയ്യിൽ.

ഹൃദയത്തിന്റെ പേശികളുടെ സങ്കോചക്ഷമതയ്ക്കേൽക്കുന്ന ആഘാതമാണിത്. കോവിഡിന്റെ ആദ്യകാലങ്ങളിൽ ഇതേപ്പറ്റി നിരവധി പഠനങ്ങൾ നടന്നിരുന്നു. പ്രത്യേകിച്ച് പ്രമേഹരോ​ഗികൾ, കിഡ്നി രോ​ഗികൾ, വൃക്കരോ​ഗികൾ, അമിതരക്തസമ്മർദം ഉള്ളവർ തുടങ്ങിയവരിൽ കോവിഡ് ബാധയ്ക്കുശേഷം ഹൃദയസംബന്ധമായ രോ​ഗങ്ങൾ ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനുശേഷമാണ് പലവിധത്തിലുള്ള കോവിഡ് വാക്സിനുകൾ കണ്ടെത്തുന്നത്. ഇതുവരെ 13.5 ബില്യൺ അഥവാ 135 കോടിയിലേറെപേർക്ക് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അത്രത്തോളം പേർ ഈ രോ​ഗം ബാധിച്ചാൽ മരണപ്പെടുമെന്നും അതിൽ‌നിന്നുള്ള ഏകരക്ഷ ഈ കോവിഡ് വാക്സിനാണെന്നും കണ്ടെത്തിയിരുന്നു, ഡോ. ജോർജ് തയ്യിൽ.

കോവിഡിന്റെ ചികിത്സയ്ക്കൊപ്പം മതിയായ വിശ്രമമെടുക്കാത്തവരിൽ പലർക്കും അനന്തര ആരോ​ഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വിശ്രമം പ്രധാനമാണെന്ന് നിരന്തരം പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ ചികിത്സ കഴിഞ്ഞയുടൻ ജോലികളിലും മറ്റും പ്രവേശിച്ചത് ശരീരത്തിന്റെ ആഘാതം മാറുന്നതിന് മുമ്പ് വീണ്ടും പീഡിപ്പിച്ചതിനു തുല്യമായി. അക്കൂട്ടരിൽ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ കൂടുകയും ചെയ്തിട്ടുണ്ട്. 

അടുത്തിടെ ഐ.സി.എം.ആർ ഇന്ത്യയിലെ 47 ആശുപത്രികളെ ആധാരമാക്കി കോവിഡ് വാക്സിൻ സ്വീകരിച്ചവരെ നടത്തിയ പഠനത്തിൽ പാർശ്വഫലങ്ങൾ കാര്യമായില്ലെന്നാണ് കണ്ടെത്തിയത്. 2023 നവംബറിലാണ് കോവിഷീൽഡ് ഉൾപ്പെടെയുള്ള വാക്സിനേഷനെ കേന്ദ്രീകരിച്ച് ഐ.സി.എം.ആർ. പഠനം നടത്തിയത്. കോവിഷീൽഡുമായി ബന്ധപ്പെട്ട ​ഗുണഫലങ്ങളാണ് ഏറെയെന്നും അപൂർവമായി മാത്രമേ പാർശ്വഫലങ്ങളുണ്ടാകൂ എന്നും ഐ.സി.എം.ആർ പഠനത്തിലുണ്ട്. ജീവനും മരണത്തിനുമിടയിലുള്ള മഹാമാരിക്കാലത്ത് ജീവൻ സംരക്ഷിക്കാനുള്ള എല്ലാ മാർ​ഗങ്ങളും ആരാഞ്ഞ കൂട്ടത്തിലാണ് വാക്സിനും സ്വീകരിക്കുന്നത്. മേൽപ്പറഞ്ഞ പാർശ്വഫലങ്ങളൊന്നും ഇത്രത്തോളം ഊതിവീർപ്പിക്കേണ്ടതല്ലെന്നും വൃക്കരോ​ഗികൾ, പ്രമേഹരോ​ഗികൾ തുടങ്ങിയ അനുബന്ധ രോ​ഗികളിലാണ് പ്രശ്നങ്ങൾ പലതും വളരെ അപൂർവമായി കണ്ടെത്തിയിട്ടുള്ളതെന്നും ഡോ.ജോർജ് തയ്യിൽ പറയുന്നു.

എന്താണ് ടി.ടി.എസ് ?

ശരീരത്തിന്റെ ചിലഭാ​ഗങ്ങളിൽ രക്തം കട്ടപിടിക്കുകയും ഒപ്പം പ്ലേറ്റ്ലെറ്റുകൾ അപകടകരമായ രീതിയിൽ കുറയുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. കാലുകൾ, മസ്തിഷ്കം, ശ്വാസകോശം തുടങ്ങിയ ഭാ​ഗങ്ങളിൽ രക്തം കട്ടപിടിക്കാം. കടുത്ത തലവേദന, വയറുവേദന, കാലുകളിൽ വീക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്. 

വാക്സിനേഷൻ ജീവൻരക്ഷാമാർ​ഗങ്ങൾ

ഹൃദ്രോ​ഗികൾ, ഹൃദയധമനീ രോ​ഗങ്ങൾ ഉള്ളവർ, രക്തസംബന്ധമായ രോ​ഗങ്ങൾ ഉള്ളവർ, വൃക്കരോ​ഗികൾ തുടങ്ങിയവരിലൊക്കെ ടി.ടി.എസിനുള്ള  സാധ്യത കൂടുതലാണ്. അല്ലാതെ എല്ലാവർക്കും ഈ രോ​ഗം വരുമെന്ന് പൊതുവായി പറയുന്നത് ശരിയല്ലെന്നും ‍ഡോ.ജോർജ് തയ്യിൽ പറയുന്നു.

ജീവൻ രക്ഷാമാർ​ഗങ്ങളാണ് വാക്സിനേഷനുകളെന്നും അദ്ദേഹം പറയുന്നു. അലോപ്പതി മരുന്നുകളെല്ലാം വിപണിയിലിറക്കുന്നതിന് മുമ്പ് ​ഗുണദോഷവശങ്ങളേക്കുറിച്ച് പഠനം നടത്തും. തുടർന്ന് ചെറിയ ദോഷവശങ്ങളേക്കാൾ വലിയ ​ഗുണഫലങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയാലേ വിപണിയിലിറക്കാനുള്ള ലൈസൻസ് ലഭിക്കൂ. ഒരുപക്ഷേ, കോവിഡ് വാക്സിനുശേഷം ധൃതികൂടിപ്പോയതും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേ​ഗത കൂട്ടിയതുമൊക്കെ കാരണമായിട്ടുണ്ടാവും. വസൂരി, സ്മാൾ പോക്സ് തുടങ്ങിയ രോ​ഗങ്ങളേയെല്ലാം വാക്സിൻ കണ്ടെത്തിയതുകൊണ്ടാണ് കീഴടക്കാനായത്. വാക്സിനേഷൻ എന്നത് ഒരിക്കലും അവ​ഗണിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.