ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വാക്കുകൾ സാമൂഹിക മാധ്യമത്തിൽ വൈറലാകാറുണ്ട്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇൻസ്റ്റഗ്രാമിലെ പ്രസിദ്ധമായ ജോഡിയാണ് നമ്മൾ എന്ന് മെലോണി പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തിൽ താൻ പുകവലി നിർത്തിയതിനേക്കുറിച്ച് മെലോണി പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. ജി-7 ഉച്ചകോടിക്കിടെയാണ് മെലോണി ഇതേക്കുറിച്ച് പറഞ്ഞത്. മേയ് ഒന്നുമുതൽ താൻ പുകവലിച്ചിട്ടില്ലെന്നാണ് ജോർജിയ പറഞ്ഞത്.
മെലോണിയുടെ തുറന്നുപറച്ചിലിനു പിന്നാലെ യൂറോപ്പിനകത്തും പുറത്തുനിന്നുമുള്ള നേതാക്കൾ അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി പുകവലി നിർത്തിയത് ഇത്ര വലിയ കാര്യമാണോ എന്ന് ചിന്തിക്കുന്നവരുമുണ്ടാകും. എന്നാൽ, പുകവലി നിർത്തുന്നത് തനിക്ക് എത്രത്തോളം ദുഷ്കരമാണെന്ന് ജോർജിയ നേരത്തേ പറഞ്ഞിട്ടുണ്ട്.
പുകവലി ഉപേക്ഷിക്കുന്നത് ആരെയെങ്കിലും കൊല്ലാൻ തന്നെ പ്രേരിപ്പിക്കും എന്നാണ് തമാശയോടെ ജോർജിയ പറഞ്ഞത്. അത്രത്തോളം ആസക്തിയുണ്ടായിരുന്ന ജോർജിയ പുകവലി ഉപേക്ഷിച്ചെങ്കിൽ എന്തുകൊണ്ട് നമുക്കും ശ്രമിച്ചുകൂടാ എന്നുപറഞ്ഞാണ് സാമൂഹികമാധ്യമത്തിൽ പലരും ഇക്കാര്യം പങ്കുവെക്കുന്നത്.
പുകവലിശീലം നിർത്താൻ ചില ടിപ്സ്
നിക്കോട്ടിൻ ആസക്തി അധികമാവുമ്പോൾ ഇഷ്ടമുള്ള മറ്റെന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്.. സിനിമ കാണുകയോ പാട്ട് കേൾക്കുകയോ നടക്കാൻ പോവുകയോ തുടങ്ങി ഇഷ്ടമുള്ള എന്ത് കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുകവലിയുടെ ചിന്തയിൽനിന്ന് മനസ്സിനെ വ്യതിചലിപ്പിക്കും. ചിലപ്പോൾ വെള്ളത്തിനുവേണ്ടി ദാഹിക്കുമ്പോൾ അത് പുകവലിക്കാനുള്ള സിഗ്നലായി നാം തെറ്റിദ്ധരിച്ചേക്കാം. അതിനാൽ, അടുത്ത തവണ സിഗരറ്റ് വലിക്കാൻ തോന്നുമ്പോൾ പകരം ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കുന്നത് നല്ലതായിരിക്കും.
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശീലമാക്കിയാൽ നിക്കോട്ടിനോടുള്ള ആസക്തി കുറയുകയും പകരം ശരീരത്തിലെ എൻഡോർഫിനുകൾ നല്ലൊരു മൂഡ് സൃഷ്ടിക്കുകയും ചെയ്യും. ച്യൂയിങ് ഗമ്മോ ഷുഗർ ഫ്രീ മിഠായികളോ നുണഞ്ഞുകൊണ്ടിരിക്കുന്നത് വായയെ എപ്പോഴും പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുകയും ഇത്തരത്തിൽ പുകവലിയല്ലാതെ മറ്റെന്തെങ്കിലും സംഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തലച്ചോറിനെ സഹായിക്കുകയും ചെയ്യും.
പുകവലി നിർത്താൻ ശ്രമിക്കുന്നവർക്ക് പലതരത്തിലുള്ള ട്രിഗറുകൾ ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളിൽനിന്ന് ഒഴിവാകാൻ പരമാവധി ശ്രദ്ധ പുലർത്തണം. പുകവലിക്കുന്ന മറ്റാളുകളുടെ അടുത്ത് നിന്ന് മാറിനിൽക്കുക, സ്ഥിരമായി പുകവലിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഓരോരുത്തരുടേയും ട്രിഗറുകൾ വ്യത്യസ്തമായിരിക്കും. അത് കണ്ടെത്തി ഒഴിവാക്കാൻ ശ്രമിക്കുക. ഒപ്പം, ഒരു സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടാവുന്നതും നല്ലതാണ്. സ്വന്തം കുടുംബത്തിലുള്ളവരുമായും സുഹൃത്തുക്കളുമായുമൊക്കെ കാര്യങ്ങൾ പങ്കുവെയ്ക്കുക, അവരുടെ പിന്തുണയും സഹകരണവും ചോദിക്കുക എന്നതൊക്കെ വളരെയധികം ഉപകാരപ്രദമാണ്.
നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് മറ്റൊരു നല്ല മാർഗം. പൊതുവേ ഈ തെറാപ്പി സ്വന്തമായി ചെയ്യാമെങ്കിലും നിക്കോട്ടിന് പകരം എന്താണ് ഉപയോഗിക്കേണ്ടതെന്ന് ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ ഡോക്ടറുമായോ ഫാർമസിസ്റ്റുമായോ ബന്ധപ്പെടാവുന്നതാണ്. അടുത്തത്, ആയിരിക്കുന്ന അവസ്ഥകളിലും ചെയ്യുന്ന കാര്യങ്ങളിലും സമ്പൂർണ മനസാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക എന്നതാണ്. ഇത് മാനസിക സമ്മർദം, ഉത്കണ്ഠ എന്നിവയെ ഇല്ലാതാക്കുകയും അതുവഴി നിക്കോട്ടിൻ ആസക്തി കുറയ്ക്കുകയും ചെയ്യും.
പുകവലി ഉപേക്ഷിക്കൽ എന്നത് വളരെയധികം പ്രയത്‌നവും സമയവും ആവശ്യമായ ഒരു സംഗതിയാണ് എന്ന വസ്തുതയാണ് ആത്യന്തികമായി നാം മനസ്സിലാക്കേണ്ടത്. ഒറ്റദിവസം കൊണ്ട് അത് മാറ്റിയെടുക്കാൻ കഴിയില്ല. ഒരോ ദിവസവും നാം നേടിയ ചെറിയ പുരോഗതിയെപ്പോലും അഭിനന്ദിക്കുകയും കൂടുതൽ പുരോഗതിയ്ക്കായി സ്വയം പ്രോത്സാഹിപ്പിക്കുകയും വേണം. ഇത്തരത്തിൽ, പതിയെപ്പതിയെ, വിജയകരമായി പുകവലി പൂർണമായി ഉപേക്ഷിക്കാൻ സാധിക്കും.
Content Highlights: Giorgia Meloni successfully quit smoking since May 1st., The importance of shifting focus to hobbies and exercise to combat cravings
Published: 22 Jun 2026, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented