പരിചയമുള്ള ഒരു ഡോക്ടർ റഫർ ചെയ്ത കേസ് ആയിരുന്നു അത്. ഏതാണ്ട് ഉച്ചയായപ്പോൾ ഒരു സ്ത്രീ വളരെ ആകുലപ്പെട്ട്  എന്റെ അടുത്ത് വന്നു. മാഡം എനിക്കല്ല പ്രശ്നം,എന്റെ ഭർത്താവിനാണ്.. മാഡം  എപ്പോഴാണ് ഫ്രീ ആവുക?

To advertise here,

അദ്ദേഹത്തിന് വായിൽ ചെറിയ ബുദ്ധിമുട്ടുണ്ട്. പക്ഷേ അദ്ദേഹം ഡോക്ടറെ കാണാൻ സമ്മതിക്കുന്നില്ല. എനിക്ക് പേടിയാണ് ഡോക്ടർ… ഞാനെങ്ങനെയെങ്കിലും ഒന്നു കൊണ്ടുവന്നാൽ നാളെ മാഡം അവരെ ഒന്ന് നോക്കാമോ? കാര്യങ്ങളൊക്കെ മുന്നേ തന്നെ പറയാൻ വേണ്ടിയാണ് ഞാൻ ഇന്ന് വന്നത്. നാളെ ഞാൻ എങ്ങനെയെങ്കിലും അദ്ദേഹത്തിനെ കൊണ്ടുവരാം.

പേടിക്കേണ്ട എങ്ങനെയെങ്കിലും കൊണ്ടുവരൂ.. ബാക്കി ഞാൻ നോക്കാം.. എന്നുപറഞ്ഞ് ഒരു വിധത്തിൽ അവരെ വീട്ടിലേക്കയച്ചു. 

അടുത്ത ദിവസം രാവിലെ തന്നെ ആദ്യത്തെ പേഷ്യന്റ് ആയി ആ ഭാര്യയും ഭർത്താവും വന്നു. അപ്പോഴാണ് പിറ്റേദിവസം ദുബായിലേക്ക് പോകാൻ നിൽക്കുകയാണ് അയാൾ എന്ന് അവർ പറഞ്ഞത്. 

ഞാൻ ഫുൾ ഓ.കെ ആണ് മാഡം, ഇവൾ വെറുതെ ടെൻഷൻ ആവുന്നതാണ്. എനിക്ക് യാതൊരു കുഴപ്പവുമില്ല, അയാൾ  പറഞ്ഞു.

ഒരു വേദനയോ മുറിവോ ഒന്നും തന്നെയില്ല, പക്ഷേ നാവു പുറത്തേക്കിടുമ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ട്. പണ്ട് ഞാൻ പുകവലിക്കാറുണ്ടായിരുന്നു. ഏകദേശം നാലുവർഷം മുമ്പ് അത് മുഴുവനായും നിർത്തി. അന്ന് നാവിൽ ചെറിയൊരു വെള്ളപ്പാട് ഉണ്ടായിരുന്നു. പക്ഷേ പിന്നീട് കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. ഇവൾക്ക് അതിനുശേഷം ഭയങ്കര പേടിയാണ്. പക്ഷേ പേടിക്കേണ്ടതായി ഒന്നുമില്ല എന്ന് എനിക്ക് ഉറപ്പാണ് മാഡം. 

വളരെയധികം ആത്മവിശ്വാസത്തോട് കൂടിയാണ് അയാൾ പറഞ്ഞത്. ഞാൻ അയാളെ ശ്രദ്ധിച്ചു കേട്ടു. എക്സാമിനേഷൻ ചെയ്തു.
അൾസർ, ബ്ലീഡിങ്, വായ തുറക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഒന്നും തന്നെയില്ല. പക്ഷെ നാവിന്റെ ചലനം നല്ല പോലെ കുറവായിരുന്നു. 
പക്ഷേ അതൊരു റെഡ് ഫ്ലാഗ് തന്നെ ആയിരുന്നു.

ഇങ്ങനത്തെ സാഹചര്യങ്ങളിൽ നല്ലതാണോ മോശമാണോ എന്നെനിക്ക് പലപ്പോഴും അറിയാത്ത ഒരു ഇന്റ്യൂഷൻ പ്രവർത്തിക്കാറുണ്ട്. ഒരു വിധം എല്ലാ സമയത്തും അതു വർക്ക്‌ ആവാറുമുണ്ട്.  ടെസ്റ്റ്‌ ചെയ്യേണ്ട കാര്യമില്ല എന്ന് ആദ്യം വിചാരിച്ചാലും കൂടുതൽ പരിശോധന  വേണ്ടെന്ന് വിചാരിച്ചാലും അതൊന്നും നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ വരും. ശാസ്ത്രീയമായി ഇത് കോയിൻസഡൻസ് മാത്രമാണെന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 

ഈ കേസിലും അങ്ങനെ തന്നെ ആയി. എന്തായാലും നമുക്കൊരു  എംആർഐ എടുക്കണമെന്ന് ഞാൻ പെട്ടെന്ന് പറഞ്ഞു. അയാൾ കേട്ടയുടനെ എതിർത്തു.

അയ്യോ മാഡം എന്റെ ഫ്ലൈറ്റിന് ഇനി  24 മണിക്കൂർ പോലും ഇല്ല.  എനിക്ക് നാളെ രാവിലെ ഗൾഫിലേക്ക് പോകേണ്ടതാണ്.  ഈ ജോലി എനിക്ക് വളരെ വളരെ പ്രധാനപ്പെട്ടതാണ്.

അതുകേട്ടപ്പോൾ ഭാര്യക്കും  പേടിയായി. അവർ ദയനീയ അവസ്ഥയിൽ ചോദിച്ചു. ശരിക്കും വേണോ മാഡം. അടുത്ത ലീവിന് വരുമ്പോൾ ചെയ്താൽ മതിയാവുമോ? ഇപ്പോൾ തന്നെ ചെയ്യുന്നതാണ് നല്ലതെന്ന് എന്റെ ഉള്ളിലുള്ള  ഇന്റ്യൂഷൻ വീണ്ടും എന്നേക്കൊണ്ട്  പറയിപ്പിച്ചു.

ഭാര്യ അയാളെ നോക്കിയിട്ട് ദയനീയ അവസ്ഥയിൽ പറഞ്ഞു. ഡോക്ടർ പറഞ്ഞതുപോലെ ചെയ്യാം. നമുക്ക്  MRI എടുത്തിട്ട് നോക്കിയിട്ട് പോകാം.
അയാൾ എംആർഐ ചെയ്യാൻ ഒട്ടും തയ്യാറായിരുന്നില്ല. ഒരുപാട് കഷ്ടപ്പെട്ട് കിട്ടിയതാണ് എനിക്ക് ഈ ജോലി. എനിക്ക് എന്തായാലും നാളെ പോയേ പറ്റൂ. ഡോക്ടർ ഇവളെ ഒന്ന് സമാധാനിപ്പിച്ചാൽ മാത്രം മതി. ബാക്കി ഞാൻ നോക്കിക്കോളാം. പക്ഷേ ഭാര്യ ഒട്ടും സമ്മതിച്ചില്ല. അവർ പെട്ടെന്ന്  പറഞ്ഞു ഞങ്ങൾ MRI എടുത്തിട്ട് തിരിച്ചു വരാം. മനസ്സ് നിറയെ ടെൻഷനും കുറെ കുറ്റബോധവുമായി അവർ ടെസ്റ്റിന് പോയി.

അന്ന് വൈകുന്നേരം തന്നെ എംആർഐ റിപ്പോർട്ടുമായി അവർ വന്നു. റിപ്പോർട്ട് നോക്കിയപ്പോൾ "മാലിഗ്നന്റ് നിയോപ്ലാസം ഓഫ് ദി ടങ് " T4a
(നാവിൽ മസിലുകളിൽ കാണുന്ന കാൻസർ).

ഞാൻ എന്റെ ഇന്റ്യൂഷനിൽ വീണ്ടും വിശ്വസിച്ച് പോകുന്നു. അടുത്ത സ്റ്റെപ്പ് ബാക്കി ഇൻവെസ്റ്റിഗേഷൻസും  ബയോപ്സിയുമാണ്. ഞാനവരെ കാര്യങ്ങൾ സമാധാനത്തോടെ പറഞ്ഞു മനസ്സിലാക്കി. ജോലി പ്രധാനമാണ് എന്ന് എനിക്കറിയാം, അതുപോലെതന്നെ അല്ലെങ്കിൽ അതിലും കൂടുതൽ പ്രധാനമാണ് നമ്മളുടെ ആരോഗ്യം. ആരോഗ്യമില്ലാതെ നിങ്ങൾ എങ്ങനെയാണ് ജോലി ചെയ്യുക.

അതുകൊണ്ടുതന്നെ ബയോപ്സി എടുക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യാം. സർജന് റഫർ ചെയ്യാൻ തീരുമാനിച്ചു. അയാൾ ഒറ്റയ്ക്കിരുന്നു, യാതൊരു വികാരവും ഇല്ലാതെ  ഭാര്യയെ നോക്കി പറഞ്ഞു. എല്ലാം നീ കാരണമാണ്. നീയാണ് നിർബന്ധിച്ചത്. ഇപ്പോൾ നോക്ക് എന്റെ അവസ്ഥ.

ഭാര്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കുറ്റബോധം കൊണ്ട് മുങ്ങിപ്പോകുന്നതിനു മുൻപായി ഞാൻ അവരുടെ അടുത്ത് പോയി. അവരെ പറഞ്ഞു മനസ്സിലാക്കി.

നിങ്ങൾ ഒരിക്കലും ഭാര്യയെ കുറ്റപ്പെടുത്തരുത്. അവർ പറഞ്ഞതുകൊണ്ടാണ് നിങ്ങൾ ഇവിടെ എത്തിയിട്ടുള്ളത്. അതാണ് നിങ്ങളെ സേവ് ചെയ്യാൻ പോകുന്നത്. കുറച്ചു കാലം കൂടി വെച്ചിരുന്നെങ്കിൽ കാൻസർ ബാക്കി ശരീരത്തിലേക്ക് വ്യാപിച്ച് ഇതിലും ബുദ്ധിമുട്ടായേനെ. നമുക്ക് പെട്ടെന്ന് തന്നെ ചികിത്സ തുടങ്ങാം. 

ബയോപ്‌സിക്കും ചികിത്സയ്ക്കുമായി അവരെ ഞാൻ ഹയർ സെന്ററിലേക്ക് അയച്ചു. കീമോതെറാപ്പിയും റേഡിയോതെറാപ്പിയും ആണ് പറഞ്ഞത്.

മാസങ്ങൾക്ക് ശേഷം ഒരു ട്രോഫി കിട്ടിയ പോലെ റിപ്പോർട്ടുകളുമായി അവർ എന്നെ വീണ്ടും കാണാൻ വന്നു. ഇന്ന് ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞ് സമാധാനപരമായി ജീവിക്കുകയാണവർ.

അദ്ദേഹം ഗൾഫിലേക്ക് പോകാൻ നിൽക്കുകയാണ് അടുത്തയാഴ്ച. ഏറെ സന്തോഷത്തോടെയാണ് അവർ തിരിച്ചു പോയത്. ആറ് മാസത്തിലൊരിക്കൽ ഫോളോ അപ് ചെയ്യൽ മാത്രമേ അദ്ദേഹത്തിന് പിന്നീട് വേണ്ടി വന്നുള്ളൂ. നോർമൽ ജീവിതത്തിലേക്ക് അവർ ഒരുമിച്ച് നടന്നു കയറി.

ഭാര്യ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് അയാൾ ചെക്കപ്പിന് വന്നത്. അതാണ് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന പോയിന്റായി മാറിയത്. അവരുടെ ജീവിതം രക്ഷിച്ചത്.

ജൂലൈ 27-ന് ലോകമെങ്ങും ഹെഡ് ആൻഡ് നെക്ക് കാൻസർ ഡേ ആയി ആചരിച്ചു വരുന്നു. ജനങ്ങളിൽ ഈ കാൻസറുകളെ  കുറിച്ചുള്ള അവബോധം സൃഷ്ടിക്കലാണ് പ്രധാന ലക്ഷ്യം. ഹെഡ് ആൻഡ് നെക്ക് കാൻസർ രോഗികളുടെ എണ്ണം ഓരോ വർഷവും കൂടി കൊണ്ടിരിക്കുകയാണ്.

ഇന്ന് ലോകത്തിൽ വെച്ചുതന്നെ മൂന്നിൽ ഒരു ശതമാനം ഹെഡ് ആന്റ് നെക്ക് കാൻസർ ഉള്ളത് ഇന്ത്യയിലും അയൽ രാജ്യങ്ങളായ, പാകിസ്താൻ, ബർമ, ശ്രീലങ്ക എന്നിവിടങ്ങളിലുമാണ്. ഇന്ത്യയിലെ കാൻസർ രോഗികളുടെ മുപ്പത് ശതമാനമാണ് ഹെഡ് & നെക്ക് കാൻസർ ബാധിതർ.

വായയിലും തൊണ്ടയിലും മൂക്കിലുണ്ടാകുന്ന കാൻസർ, തൈറോയ്ഡ് കാൻസർ, ഉമിനീര് ഗ്രന്ഥിയിൽ  ഉണ്ടാകുന്ന കാൻസർ, മുഖത്തേയും തലയോട്ടിയിലേയും എല്ലുകളിൽ  ഉണ്ടാകുന്ന കാൻസർ  തുടങ്ങിയവയാണ്  ഹെഡ് ആൻഡ്  നെക്ക് കാൻസർ  എന്ന് പറയുന്നത്.

പ്രധാന കാരണങ്ങൾ

ഹെഡ് ആൻഡ്  നെക്ക്  കാൻസറിനുള്ള പ്രധാന കാരണങ്ങൾ  പുകയിലയും മദ്യവുമാണ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ആഗോളതലത്തിൽ പുകയില ഉപഭോഗത്തിൻ്റെ ഏറ്റവും ഉയർന്ന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.  മദ്യവും പുകയിലയും ഒരുമിച്ചു ഉപയോഗിക്കുമ്പോൾ കാൻസർ  കോശങ്ങളെ ഇത് ഏകദേശം ഇരട്ടിയാക്കുകയും  ചെയ്യുന്നു. ഈ പദാർത്ഥങ്ങളുടെ സംയോജിത ഉപയോഗം വായ, ശ്വാസനാളം എന്നിവയുടെ കാൻസറുകൾ  വികസിപ്പിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. പുകയില ഉപയോഗം കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ, തലയിലും കഴുത്തിലും കാൻസറുകളുടെ വ്യാപനം വളരെ കൂടുതലാണ്. കേരളത്തിലെ മുതിർന്നവരിൽ 35% പേരും ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നതായി കേരള സ്റ്റേറ്റ് ടുബാക്കോ കൺട്രോൾ സെൽ റിപ്പോർട്ട് ചെയ്യുന്നു, ഇത് ഹെഡ് ആന്റ് നെക്ക്  കാൻസർ  നിരക്ക് വർദ്ധിപ്പിക്കാൻ കാരണമാകുന്നു.

ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV)

HPV, പ്രത്യേകിച്ച് HPV-16, ഓറോഫറിൻജിയൽ ക്യാൻസറിനുള്ള ഒരു അപകട ഘടകമാണ്. ഇന്ത്യയിൽ, പുകയിലയുമായി ബന്ധപ്പെട്ട കാൻസറുകളെ അപേക്ഷിച്ച് എച്ച്പിവി സംബന്ധമായ അർബുദങ്ങൾ  കുറവാണെങ്കിലും വർധിച്ചുവരികയാണ്. HPV-യുമായി ബന്ധപ്പെട്ട തലയിലും കഴുത്തിലുമുള്ള കാൻസറുകളിൽ  ഭൂരിഭാഗവും  HPV-16, HPV-18 എന്നിവ കൊണ്ടുന്നതാകുന്നവയാണ്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഓറോഫറിൻജിയൽ കാൻസറുകളിൽ ഇന്ത്യയിലെ  എച്ച്പിവി വ്യാപനം 10-20% വരെയാണ്.

തൊഴിൽപരമായ എക്സ്പോഷറുകൾ

ചില രാസവസ്തുക്കളും പൊടികളുമായുള്ള തൊഴിൽപരമായ എക്സ്പോഷർ തലയിലും കഴുത്തിലും കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. ആസ്ബസ്റ്റോസ്, മരപ്പൊടി, ഫോർമാൽഡിഹൈഡ് തുടങ്ങിയവയുമായുള്ള സമ്പർക്കം കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.

ഭക്ഷണ ഘടകങ്ങൾ

പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണക്രമവും വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവും ഹെഡ് ആന്റ് നെക്ക്  കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (എൻഐഎൻ) റിപ്പോർട്ട് പ്രകാരം കേരളമുൾപ്പെടെ പല പ്രദേശങ്ങളിലും പഴങ്ങളുടെയും പച്ചക്കറികളുടെയും അപര്യാപ്തമായ ഉപഭോഗം കുറവാണ്.  ഇതും  ഉയർന്ന കാൻസർ സാധ്യതകൾക്ക് കാരണമാകുന്നു.

ജനിതക ഘടകങ്ങൾ

ഹെഡ് ആന്റ് നെക്ക്  കാൻസർ വരാൻ ജനിതക പ്രത്യേകതകളും കാരണമാകാറുണ്ട്. വിരളമാണെങ്കിലും ഫാൻകോണി അനീമിയ (fanconi  anemia), ലി-ഫ്രോമേനി സിൻഡ്രോം(Li -Fraumeni syndrome ) തുടങ്ങിയ ജനിതക സിൻഡ്രോമുകളുടെ ഫാമിലി ഹിസ്റ്ററിയും ഹെഡ് ആന്റ് നെക്ക് കാൻസറിന് കാരണമായി കാണുന്നുണ്ട്. ഇന്ത്യൻ പശ്ചാത്തലത്തിൽ പാരിസ്ഥിതിക, ജീവിതശൈലി ഘടകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജനിതകമായി ഹെഡ് ആന്റ് നെക്ക് കാൻസർ വരുന്നത് വളരെ കുറവാണ്.

ഓറൽ കാൻസർ 

ചുണ്ടുകൾ, നാവ്, കവിൾ  വായയുടെ അടിഭാഗം, മോണ എന്നിവയിലെ കാൻസറുകൾ  ഇതിൽ ഉൾപ്പെടുന്നു. വായിൽ സ്ഥിരമായ വ്രണങ്ങളോ മുഴകളോ ഉണ്ടാകുക, ചവയ്ക്കാനോ വിഴുങ്ങാനോ ഉള്ള ബുദ്ധിമുട്ട്, ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയാണ് പലപ്പോഴും ലക്ഷണങ്ങളായി കാണാറുള്ളത്.  പുകയിലയുടെ ഉയർന്ന തോതിലുള്ള ഉപയോഗം മൂലമാണ് വായയിലെ  കാൻസർ കൂടുതലാവുന്നത് ..

തൊണ്ടയിലെ കാൻസർ: നാസോഫാരിൻജിയൽ, ഓറോ ഫാരിൻജിയൽ, ഹൈപ്പോഫറിൻജിയൽ കാൻസർ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. തൊണ്ടവേദന, വേദന അല്ലെങ്കിൽ വിഴുങ്ങാൻ ബുദ്ധിമുട്ട്, ചെവി വേദന, മൂക്കിലെ തടസ്സം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം. നാസോഫാരിൻജിയൽ കാൻസർ താരതമ്യേന അപൂർവമാണ്, പക്ഷേ എച്ച്പിവി അണുബാധയുമായി ബന്ധപ്പെട്ടിരിക്കാം.

ശ്വാസനാളത്തിലെ കാൻസർ: ശ്വാസനാളത്തെയോ വോയ്സ് ബോക്സിനെയോ ബാധിക്കുന്നു. പരുക്കൻ ശബ്ദം അല്ലെങ്കിൽ ശബ്ദം മാറൽ, വിഴുങ്ങാനുള്ള  ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ. പുകയില, മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇത്തരത്തിലുള്ള കാൻസർ .

നാസൽ ക്യാവിറ്റിയും  പാര നാസൽ സൈനസ് കാൻസറും 

മൂക്കിലെ തടസ്സം, ഇടയ്ക്കിടെയുള്ള മൂക്കിൽ നിന്ന് രക്തസ്രാവം, മുഖത്തെ വേദന അല്ലെങ്കിൽ വീക്കം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം. ഈ അർബുദങ്ങൾ കുറവാണ്, പക്ഷേ തൊഴിൽപരമായ എക്സ്പോഷറുകളുമായി  കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.

ഉമിനീർ ഗ്രന്ഥി കാൻസർ: താടിയെല്ലിലോ വായയിലോ കഴുത്തിലോ വീക്കം അല്ലെങ്കിൽ മുഴകൾ എന്നിവയാണ് ലക്ഷണങ്ങൾ. ഇത്തരത്തിലുള്ള അർബുദം അതിൻ്റെ സൂക്ഷ്മമായ ലക്ഷണങ്ങൾ കാരണം നേരത്തേ കണ്ടുപിടിക്കാൻ പലപ്പോഴും പ്രയാസകരമാവാറുണ്ട്.

ലക്ഷണങ്ങൾ

  • ദൈനംദിന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന കാര്യങ്ങളിൽ ബുദ്ധിമുട്ട്, ഉദാഹരണത്തിന് ഭക്ഷണം കഴിക്കുമ്പോഴുള്ള വേദന, സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട്.
  • വായ്ക്കുള്ളിൽ അനുഭവപ്പെടുന്ന അസ്വസ്ഥതകളും മുറിവുകളുമാണ് ഇത്.
  • വായ്ക്കുള്ളിൽ, കഴുത്തിൽ, മുഖത്ത് വരുന്ന, ഒരിക്കലും ഭേദമാവാത്ത മുറിവുകൾ.
  • കഴുത്തിൽ, തൊണ്ടയിൽ, മുഖത്തിൽ അനുഭവപ്പെടുന്ന സ്ഥിരവേദന.
  • ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.

കാരണങ്ങൾ

  • പുകവലി: പുകവലി മസ്തിഷ്കവും കഴുത്തും ഉൾപ്പെടുന്ന കാൻസറുകൾക്ക്  പ്രധാനകാരണമാണ്. സിഗരറ്റുകളുടെയും പുകയിലയുടെയും ഉപയോഗം വില്ലനാണ്.
  • ആൽക്കഹോൾ ഉപയോഗം:  മദ്യപാനം  ഈ കാൻസറുകളുടെ  സാധ്യത വർദ്ധിപ്പിക്കുന്നു.
  • ഹ്യുമൻ പാപ്പില്ലോമാവൈറസ് (HPV): HPV വൈറസ് മൂലം ഈ ക്യാൻസർ രൂപപ്പെടാൻ സാധ്യതയുണ്ട്.
  • സൂര്യപ്രകാശം: സൂര്യപ്രകാശത്തിൽ കൂടുതലായി എക്സ്പോസ് ചെയ്യുന്നവർക്ക് ഇതിൻറെ സാധ്യത കൂടുതലാണ്.
  • വിഷാംശം  : ചില രാസവസ്തുക്കളുടെയും വസ്തുക്കളുടെയും എക്സ്പോഷർ ഇതിൻറെ കാരണമാകാം.

രോഗനിർണയം

തലയിലെയും കഴുത്തിലെയും ക്യാൻസറുകളുടെ കൃത്യമായ രോഗനിർണ്ണയത്തിൽ ശാരീരിക പരിശോധന, ഇമേജിംഗ് പഠനങ്ങൾ (സിടി സ്കാനുകൾ, എംആർഐ, പിഇടി സ്കാനുകൾ പോലുള്ളവ), ബയോപ്സി നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടുന്നു. നേരത്തെയുള്ള കണ്ടെത്തൽ നിർണായകമാണ്, ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്കായി പതിവായി  പരിശോധനകളും സ്ക്രീനിംഗുകളും ഇത് സഹായിക്കുന്നു.

ക്യാൻസർ ഡയഗ്‌നോസ് ചെയ്യുന്നതിനായി ഗോൾഡ് സ്റ്റാൻഡേർഡ് ബയോപ്സിയാണ്  ചെയ്യുക. അല്ലെങ്കിൽ FNAC( Fine Needle Aspiration Cytology) ആണ് ചെയ്യുന്നത്.  മുഴകളാണ് പരിശേധിക്കുന്നതെങ്കിൽ  അത് കുത്തിയെടുത്താണ് പരിശോധിക്കുക. ഇതിനെയാണ് FNAC എന്ന് പറയുന്നത്.

വായയിലും തൊണ്ടയിലും അൾസർ  പോലെയാണ് കാണപ്പെടുന്നതെങ്കിൽ ബയോപ്സിയാണ് സാധാരണഗതിയിൽ  എടുക്കുക. ഇത്തരത്തിൽ  പരിശോധന നടത്തിയതിന് ശേഷം കാൻസർ ആണോ അല്ലയോ എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് ചികിത്സ ആരംഭിക്കുക.

ആദ്യം തന്നെ ഏത് സ്റ്റേജ് എത്തി എന്നറിയാനായി സ്കാനിങ്  നടത്തുന്നു. തുടക്കമാണെങ്കിൽ അൾട്രാസൗണ്ട് സ്കാൻ അല്ലെങ്കിൽ  സിടി സ്കാൻ ചെയ്യും. അഡ്വാൻസ്ഡ് സ്റ്റേജ് എത്തിയിട്ടുണ്ടെങ്കിൽ പെറ്റ് സ്കാൻ വേണ്ടി വന്നേക്കും.

ചികിത്സാമാർഗങ്ങൾ

മസ്തിഷ്കവും കഴുത്തും ഉൾപ്പെടുന്ന കാൻസറുകളുടെ  ചികിത്സയിൽ  വിവിധ രീതികൾ ഉപയോഗിക്കുന്നു:

സർജറി: കാൻസറിന്റെയോ ട്യൂമറിന്റെയോ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക.

കീമോതെറാപ്പി: കീമോതെറാപ്പി മരുന്നുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുക.

റേഡിയേഷൻ: റേഡിയേഷൻ ചികിത്സാ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുക.

ടാർഗെറ്റഡ് തെറാപ്പി: ടാർഗെറ്റഡ് മരുന്നുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ  ഇല്ലാതാക്കുക.

ഇമ്യൂണോ തെറാപ്പി: ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിച്ചുകൊണ്ട് കാൻസർ കോശങ്ങളെ നീക്കം ചെയ്യുക.

 പ്രതിരോധം

  • പുകവലിക്കാതിരിക്കുക.
  • മദ്യം ഉപയോഗിക്കാതിരിക്കുക 
  • HPV വാക്സിനേഷൻ സ്വീകരിക്കുക.
  • സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചിലവഴിക്കാതിരിക്കുക.
  • ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക.
  • എല്ലാ വർഷവും കാൻസർ സ്ക്രീനിംഗ് ചെയ്യുക 
  • സ്വയം പരിശോധന ശീലമാക്കുക.