പെരുന്നാൾ കഴിഞ്ഞതിന്റെ പിറ്റേന്നായിരുന്നു ആ ഭാര്യയും ഭർത്താവും എന്റെ അടുത്ത് വന്നത്. പേര് ഷംന, 27 വയസ്സ്. അവൾ ഭർത്താവിന്റെ കൈ മുറുക്കിപ്പിടിച്ചിരിക്കുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. മുഖത്ത് നല്ല ക്ഷീണം തോന്നിക്കുന്നുണ്ട്.

To advertise here,

കയ്യിൽ വലിയ കവറും കുറച്ച് റിപ്പോർട്ടുകളും ഉണ്ട്. ഡോക്ടർ, ഒരു സെക്കൻഡ് ഒപ്പീനിയൻ എടുക്കാൻ വേണ്ടി വന്നതാണ്, ഞങ്ങൾ ശരിക്കും ഇന്ന് സർജറിക്ക് പോകേണ്ട ആളുകൾ ആയിരുന്നു.

ഞാൻ റിപ്പോർട്ടുകൾ പരിശോധിച്ചു ബാക്കി ഹിസ്റ്ററി ചോദിക്കാൻ തുടങ്ങി. എനിക്ക് ഇപ്പോൾ സർജറി വേണ്ട ഡോക്ടർ അതാണ് എന്റെ പ്രശ്നം, ഷംന വളരെ വിഷമത്തോടെ പറഞ്ഞു.

സ്തനാർബുദം വന്നതാണ്. രണ്ടാമത്തെ കുട്ടിക്ക് പാല് കൊടുക്കൽ നിർത്തിയപ്പോഴാണ് മാറിലെ ചെറിയ മുഴ ശ്രദ്ധിച്ചത്. നേരത്തേ ശ്രദ്ധിച്ചത് കൊണ്ട് തന്നെ ചികിത്സ കുറച്ചുകൂടി വേഗം ചെയ്യാൻ സാധിച്ചു. മംഗലാപുരത്തുനിന്ന് കീമോതെറാപ്പി ആയിരുന്നു ചെയ്തത്. റിപ്പോർട്ടുകൾ എല്ലാം നോർമലാണ്. ഇപ്പോൾ കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിലും അസുഖം ബാധിച്ച മാറിന്റെ ഭാഗം എടുത്തു കളയാൻ പറഞ്ഞിരുന്നു.

 പെരുന്നാൾ കഴിഞ്ഞ് ചെയ്യാമെന്ന തീരുമാനത്തിലാണ് അവർ ഹോസ്പിറ്റലിൽ നിന്ന് മടങ്ങിയത്. പെരുന്നാളിന്റെ പിറ്റേന്ന് തന്നെ സർജറിക്കുള്ള അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടായിരുന്നു. കീമോതെറാപ്പി കഴിഞ്ഞതുകൊണ്ട് തന്നെ പുതിയ ലീഷൻസ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് സ്കാനിൽ കാണുന്നുമുണ്ട്. ട്യൂമർ ബോർഡിന്റെ തീരുമാനം സർജറി ചെയ്ത് നീക്കാം എന്ന് ആയതുകൊണ്ട് തന്നെ അവർക്ക് യാതൊരുവിധ മടിയും ഉണ്ടായിരുന്നില്ല.

കാൻസറിന്റെ കാര്യങ്ങൾ അവർ വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും ചികിത്സാരീതികളും ബാക്കി കാര്യങ്ങളുമൊക്കെ ഷംനയും ഭർത്താവും കൂടി ചേർന്നാണ് തീരുമാനിച്ചിരുന്നത്. വീട്ടുകാരോട് കൂടുതൽ കാര്യങ്ങൾ പറയണ്ട എന്നുള്ളത് അവളുടെ നിർബന്ധമായിരുന്നു. അതുകൊണ്ടുതന്നെ അതവർ രണ്ടു പേരുടെയും തീരുമാനമായി. അസുഖമെല്ലാം ഏകദേശം മാറിയ ആശ്വാസത്തിൽ, ബന്ധുക്കളോട് ഇനി പറയുന്നതിൽ തെറ്റില്ല നമുക്ക് പറഞ്ഞേക്കാം എന്ന് അവർ കരുതി.

അങ്ങനെയാണ് പെരുന്നാൾ ദിനത്തിൽ അവർ ഇക്കാര്യം ബന്ധുക്കളോട് പറയുന്നത്. പെരുന്നാൾ ദിവസം ആയതുകൊണ്ട് തന്നെ എല്ലാവരും വീട്ടിൽ വന്നിരുന്നു. ആ പെരുന്നാൾ കൂട്ടായ്മയിൽ ആയിരുന്നു ഷംനയുടെ മനസ്സ് തകർന്നു പോകുന്ന രീതിയിലുള്ള സാഹചര്യങ്ങൾ ഉണ്ടായത്.

ഇത്ര ചെറുപ്പത്തിൽ സ്തനം എടുക്കാനോ? രൂപം നഷ്ടപ്പെട്ടു പോവില്ലേ? നീ ഇത്ര ചെറുതല്ലേ? ഇനിയും കുഞ്ഞിനെ പ്രസവിക്കണ്ടേ? മുലയൂട്ടണ്ടേ?

ബാക്കി എത്രയോ മാർഗ്ഗങ്ങൾ ഇല്ലേ, വേറേ ഏതേലും ചികിത്സ കൂടി നോക്കിക്കൂടെ ? എന്തിനാണ് നിങ്ങൾ മാറ് മുറിച്ചു കളയുന്നത്?

ആളുകളുടെ ഈ ചോദ്യങ്ങൾ കാരണം മാനസികമായി സർജറിക്ക് തയ്യാറായിരുന്ന ഷംനയുടെ ധൈര്യമെല്ലാം ചോർന്നുപോയി. അവളുടെ കണ്ണുകളിൽ അത്രത്തോളം വിഷമം കലർന്നിരുന്നു.

ബോർഡ് ആണ് ഇത് തീരുമാനിക്കുന്നതെന്ന് ഞാൻ മറുപടി നൽകി. സർജിക്കൽ ഓങ്കോളജി ഒപീനിയൻ ഒന്നുകൂടി എടുത്തപ്പോൾ അദ്ദേഹവും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്.

ഒരു വലിയ അസുഖത്തെ നേരത്തേ കണ്ടെത്തി പൊരുതി മുന്നോട്ടുവന്ന സ്ത്രീയാണ് ഷംന. പക്ഷേ സമൂഹത്തിന്റെ പല രീതിയിലുള്ള ഇടപെടലുകൾ ആ പാവം പെൺകുട്ടിയെ എത്ര മോശമായാണ് ബാധിച്ചത്. എപ്പോഴും ഒരു കാൻസർ അല്ലെങ്കിൽ ഒരു ചികിത്സ തീരുമാനിക്കുന്നത് ഒരു മൾട്ടി ട്യൂമർ ബോർഡ് ആണ്. ബോർഡിനകത്ത് ഒരു മെഡിക്കൽ ഓങ്കോളജിസ്റ്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, സർജിക്കൽ ഓങ്കോളജിസ്റ്റ് ഇവരൊക്കെ കാണും.

ഒരു മൾട്ടി ട്യൂമർ ബോർഡ് എന്നാൽ ഓരോ രോഗിക്കും വേണ്ട ഏറ്റവും മികച്ച ചികിത്സാരീതി നിർണ്ണയിക്കുന്ന വിദഗ്ധരുടെ പാനൽ ആണ്. ലോകാരോഗ്യ സംഘടനയും അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയും നാഷണൽ കോംപ്രിഹൻസീവ് കാൻസർ നെറ്റ്‌വർക്ക് പോലുള്ള പ്രധാന കാൻസർ സംഘടനകളും മൾട്ടി ഡിസിലറി ട്യൂമർ ബോർഡിനെ ഓങ്കോളജി പരിചരണത്തിന്റെ
ഭാഗമായി തന്നെയാണ് കാണുന്നത്.

എന്താണ് മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ്?

മെഡിക്കൽ ഓങ്കോളജിസ്റ്റുകൾ, സർജിക്കൽ ഓങ്കോളജിസ്റ്റുകൾ, റേഡിയേഷൻ പത്തോളജിസ്റ്റുകൾ, റേഡിയോളജിസ്റ്റുകൾ, പാലിയേറ്റീവ് കെയർ
സ്പെഷ്യലിസ്റ്റുകൾ എന്നിവരടങ്ങുന്ന ഒരു ബോർഡ് ആണ് മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ്.

ഇങ്ങനെ ചർച്ച ചെയ്താണ് സങ്കീർണമായ ഓരോ കാൻസർ കേസുകളിലും ഓരോ രോഗിക്കും വേണ്ട ചികിൽസയും മറ്റു കാര്യങ്ങളും തീരുമാനിക്കുന്നത്.

ലഭ്യമായ ഏറ്റവും മികച്ച ക്ലിനിക്കൽ തെളിവുകളും ഓരോ രോഗിയുടെയും സവിശേഷ സാഹചര്യങ്ങളും പ്രതിഫലിക്കുന്ന ഒരു വ്യക്തിഗതവും ഏകീകൃതവുമായ ചികിത്സാരീതി വികസിപ്പിക്കുക എന്നതാണ് മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡിന്റെ പ്രാഥമിക ലക്ഷ്യം

എം ഡി ടി അംഗങ്ങളും റോളുകളും

  • മെഡിക്കൽ ഓളജിസ്റ്റുകൾ ഇമ്യൂണോ തെറാപ്പി ടാർഗറ്റ് ഏജന്റ്സ് തുടങ്ങിയ ചികിത്സകൾക്ക് മാർ​ഗനിർദ്ദേശം നൽകുന്നു.
  • സർജിക്കൽ ഓങ്കോളജിസ്റ്റുകൾ ശസ്ത്രക്രിയ ഇടപെടലിന്റെ സാധ്യതയും വ്യാപ്തിയും വിലയിരുത്തുന്നു.
  • റേഡിയേഷനോളജിസ്റ്റുകൾ ട്യൂമറുകൾ ചുരുക്കാനോ നശിപ്പിക്കാനോ റേഡിയോതെറാപ്പി ആസൂത്രണം ചെയ്യുകയും നൽകുകയും ചെയ്യുന്നു.
  • പാത്തോളജിസ്റ്റുകൾ കാൻസർ തരവും ഗ്രേഡും നിർണയിക്കാൻ ബയോപ്സിയുടെയും ശസ്ത്രക്രിയ സ്പെസിമെന്റെയും വിശദമായ വിശകലനം നൽകുന്നു
  • റേഡിയോളജിസ്റ്റുകൾ കാൻസറിന്റെ സ്ഥാനം,ഘട്ടം, ചികിത്സയോടുള്ള പ്രതികരണം എന്നിവ നിർവചിക്കുന്നതിന് ഇമേജിങ് പഠനങ്ങൾ നടത്തുന്നു.
  • പാലിയേറ്റീവ് കെയർ സ്പെഷലിസ്റ്റുകൾ ചികിത്സയ്ക്ക് വിധേയരായ രോഗികളുടെ രോഗലക്ഷണങ്ങൾ അനുസരിച്ച് ജീവിത നിലവാരം
  • മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ആധുനിക ചികിത്സാരീതിയിൽ ഓരോ ചുവടുവെപ്പും അത്യധികം ശ്രദ്ധയോടെയാണ്. ഓരോ രോഗിയുടെയും വ്യത്യസ്ത സാഹചര്യങ്ങളും ആരോഗ്യവും അതീവ ശ്രദ്ധയോടെ പഠിച്ചാണ് ഓരോ ചികിത്സാരീതിയും തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ എത്രയും വേഗം രോഗം കണ്ട് പിടിക്കുന്നതും ഏറ്റവും വേഗത്തിൽ മികച്ച ചികിത്സ നൽകി ജീവൻ രക്ഷിക്കാനും ആധുനിക ചികിത്സയിലൂടെ സാധ്യമാകുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണാൻ മറക്കാതിരിക്കുക.

‌സ്തനാർബുദത്തെക്കുറിച്ച്

ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന രോഗങ്ങളിലൊന്നാണ് സ്തനാർബുദം. ആഗോളതലത്തിൽ തന്നെ ശ്വാസകോശാർബുദം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നതാണ് സ്തനാർബുദം. സ്തനാർബുദ രോഗികളുടെ നിരക്ക് നമ്മുടെ രാജ്യത്തേക്കാളും മൂന്നിരട്ടി കൂടുതലാണ് പല വികസിത രാജ്യങ്ങളിലും. എന്നിട്ടുപോലും നമ്മുടെ രാജ്യത്തെ മരണനിരക്ക് വികസിത രാജ്യത്തെ ക്കാളും പത്തിരട്ടിയാണ്. നേരത്തെ കണ്ടെത്താതെ പോകുന്നതാണ് ഇതിന്റെ പ്രധാന കാരണം. മാസത്തിലൊരിക്കൽ സ്വയം പരിശോധന സ്ഥിരമായി ചെയ്യുകയാണെങ്കിൽ തന്നെ ഇത് ഏതൊരു സ്ത്രീക്കും കണ്ടുപിടിക്കാവുന്നതേയുള്ളൂ. 

സ്തനാർബുദ സാധ്യത ആർക്കൊക്കെ?

  • അവിവാഹിതർ, പ്രസവിക്കാത്തവർ, 35 വയസ്സിനു ശേഷം പ്രസവിച്ചവർ, മുലയൂട്ടാത്തവർ 
  • അമിതമായി ഹോർമോൺ കഴിക്കുന്നവർ 
  • അമിതവണ്ണമുള്ളവർ, മദ്യം കഴിക്കുന്നവർ, മൃഗക്കൊഴുപ്പ് അമിതമായി കഴിക്കുന്നവർ 
  • രക്തബന്ധുക്കൾക്ക് സ്തനാർബുദമുള്ളവർ സ്തനത്തിൽ ഉണ്ടാകുന്ന മുഴ, സ്തനത്തിൽ പ്രത്യേക സ്ഥലത്തെ മാറാത്ത വേദന, സ്തന ഞെട്ടിൽ നിന്നും സ്രവം പുറത്തോട്ട് വരിക, സ്തന ഞെട്ട് ഉള്ളിലോട്ട് വലിഞ്ഞു പോവുക തൊലിപ്പുറത്ത് കട്ടി കൂടുകയും നിറവ്യത്യാസവും തോൾ ഭാഗത്തുള്ള കഴല വീക്കം എന്നിവ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം.

ഓർക്കുക: ഇവയിൽ ഏതെങ്കിലുമുണ്ടെങ്കിൽ കാൻസർ ഉണ്ടെന്ന് അർഥമാകുന്നില്ല. രോഗലക്ഷങ്ങൾ ശ്രദ്ധിച്ചാൽ ഉടനെ ഡോക്ടറെ കാണുകയും ആവശ്യമെങ്കിൽ നിർദേശങ്ങൾ അനുസരിച്ചു തുടർന്നുള്ള ടെസ്റ്റുകളും ചികിത്സകളും ചെയ്യേണ്ടതുമാണ്. 40 വയസ്സിനു കുറവുള്ള സ്ത്രീകൾ യു.എസ്.ജി.യും 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമ്മോഗ്രാം ടെസ്റ്റും ചെയ്യേണ്ടതാണ്. സ്തനാർബുദ അവബോധ ക്ലാസ്സുകളിലൂടെയും ക്യാമ്പുകളിലൂടെയും രോഗനിർണയത്തിനുള്ള കാലതാമസം കുറയ്ക്കാം. 20 വയസ്സിനു മുകളിൽ പ്രായമുളളവർ സ്വയം പരിശോധന ചെയ്യുന്നത് രോഗലക്ഷണങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനു സഹായകമാവും. മുൻകൂട്ടി നിർണയിച്ചാൽ ഏതു കാൻസറിനും രോഗവിമുക്തി സാധ്യമാണെന്ന് ഓർക്കുക 

സ്തനപരിശോധന സ്വയം ചെയ്യുന്നത് എങ്ങനെ ? 

  • അരക്കെട്ടിൽ കൈകൾ വെച്ച് കണ്ണാടിയുടെ മുന്നിൽനിന്ന് സ്തനങ്ങളിൽ വലിപ്പവ്യത്യാസം ഉണ്ടോയെന്നും നിറവ്യത്യാസമുണ്ടോ എന്നും നോക്കുക. 
  • കണ്ണാടിയുടെ മുന്നിൽനിന്ന് കൈകൾ ഉയർത്തി സ്തനത്തിലും ചർമത്തിലും നിറവ്യത്യാസം ഉണ്ടോയെന്നും രണ്ടു സ്തനങ്ങളും ഒരേ ലെവലിൽ ആണോ എന്നും നോക്കുക.
  • കിടന്നുകൊണ്ട് ഇടതു സ്തനം വലതുകരംകൊണ്ട് അമർത്തി മുഴകൾ ഉണ്ടോ എന്നു പരിശോധിക്കുക. തിരിച്ച് വലതുസ്ഥാനവും പരിശോധിക്കുക. 
  • വലതുകൈ കൊണ്ട് ഇടതുകക്ഷവും ഇടതുകൈകൊണ്ട് വലതുകക്ഷവും പരിശോധിക്കുക.
  • വിരലുകളുടെ ഉൾഭാഗംകൊണ്ട് വൃത്താകൃതിയിൽ മുഴകൾ ഉണ്ടോ എന്ന് പരിശോധിക്കണം. 
  • സ്തനഞെട്ട് അമർത്തി സ്രവം ഉണ്ടോ എന്ന് നോക്കുക. ഏതെങ്കിലും തരത്തിലുള്ള ലക്ഷണം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക. ആരംഭത്തിൽ കണ്ടെത്തിയാൽ ചികിത്സ എളുപ്പമാണെന്ന് മനസിലാക്കുക

(ഏർലി കാൻസർ ഡിറ്റെക്ഷൻ ആന്റ് കാൻസർ പ്രിവൻഷൻ സ്പെഷ്യലിസ്റ്റ് ആണ് ലേഖിക)