കാസർകോട്: യാത്രക്കാരില്ലാതെ പ്രതിസന്ധിയിലായ മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിന് വീണ്ടും സാധ്യത തെളിയുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇതുസംബന്ധിച്ച് കേന്ദ്രറെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനൽകിയതോടെയാണിത്. മുമ്പ് ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടാൻ റെയിൽവേ തീരുമാനിച്ചിരുന്നെങ്കിലും കർണാടകയിലെ ചില രാഷ്ട്രീയകേന്ദ്രങ്ങളിൽനിന്നുള്ള എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

To advertise here,

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്കുൾപ്പെടെ പ്രയോജനപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള തീർഥാടകർക്കായി ബൈന്ദൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മംഗൽപ്പാടിയിലെ എം.ആർ.പി.എല്ലിൽ ‘സ്വച്ഛതാ പക്ക്വാഡ’ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

കേരളത്തിലെ മറ്റ് വന്ദേഭാരത് സർവീസുകൾ 150 ശതമാനത്തിലേറെ ഒക്യുപെൻസിയോടെ വൻലാഭത്തിൽ ഓടുമ്പോൾ മംഗളൂരു-ഗോവ തീവണ്ടിയിൽ പകുതിയോളം സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ സർവീസ് ലാഭത്തിലാക്കാൻ മലബാറിലേക്ക് നീട്ടുകയല്ലാതെ മറ്റ് പോംവഴിയില്ലെന്നാണ് യാത്രാകൂട്ടായ്മകളും റെയിൽവേയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരും പറയുന്നത്.

മലബാറിന് പ്രയോജനം, റെയിൽവേയ്ക്ക് ലാഭം

വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നത് യാത്രക്കാർക്കും റെയിൽവേയ്ക്കും ഒരുപോലെ പ്രയോജനകരമാകും. മൂകാംബിക (ബൈന്ദൂർ), ഉഡുപ്പി, മുരുഡേശ്വർ തുടങ്ങിയ പ്രധാന തീർഥാടനകേന്ദ്രങ്ങളിലേക്ക് പോകുന്ന മലബാറിലെ യാത്രക്കാർക്ക് ഇത് അനുഗ്രഹമാകും. കേരളത്തിൽനിന്ന്‌ ഗോവയിലേക്ക് നേരിട്ട് വേഗത്തിലെത്താൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കും ഈ സർവീസ് ഗുണകരമാകും.