അലസമായ ജീവിതശൈലി മൂലം പലയാളുകളുടെയും ജീവിതത്തിൽ വില്ലനായി പ്രമേഹം കണ്ടുവരുന്നുണ്ട്. കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സ തേടുകയാണ് പ്രധാനം. പ്രീഡയബറ്റിസ് സംബന്ധിച്ച ഒരു ചോദ്യത്തിന് ഉത്തരം നൽകുകയാണ് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ ഡയബറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ.എസ്.കെ സുരേഷ് കുമാർ.
ചോദ്യം
ഞാൻ മുപ്പത്തിരണ്ടു വയസ്സുള്ള യുവാവാണ്. വർഷത്തിലൊരിക്കൽ ഷുഗർനില പരിശോധിക്കാറുണ്ട്. അങ്ങനെ പരിശോധിച്ചപ്പോഴാണ് ഷുഗർ അൽപം കൂടിയതായി കണ്ടത്. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഭക്ഷണത്തിനു മുമ്പാണ് രക്തപരിശോധന നടത്തിയത്. അപ്പോൾ 120 mg/dl എന്നാണ് കണ്ടത്.
ഡോക്ടറെ കണ്ടപ്പോൾ, ഭക്ഷണശേഷമുള്ള ഷുഗർനിലയും പരിശോധിച്ചു. അത് 154 mg/dl ആയിരുന്നു. മരുന്നുകളൊന്നും കഴിക്കാൻ തുടങ്ങിയിട്ടില്ല. എനിക്ക് അമിത ബി.പി.യോ കൊളസ്ട്രോൾ പ്രശ്നങ്ങളോ ഇല്ല. അച്ഛന് അൻപതു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ പ്രമേഹമുണ്ട്. മരുന്ന് കഴിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ഞാൻ മരുന്ന് തുടങ്ങണോ? അല്ലാതെതന്നെ ഷുഗർ നോർമലാക്കാൻ കഴിയുമോ?
നിഷാന്ത്
ഉത്തരം
പ്രമേഹമെന്ന ജീവിതശൈലീരോഗം മിന്നൽപ്പിണർപോലെ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒന്നല്ല. മറിച്ച് രോഗം സ്ഥിരീകരിക്കാൻ കഴിയുന്നതിനും അഞ്ചുമുതൽ ഏഴുവർഷങ്ങൾക്കു മുമ്പുതന്നെ പ്രമേഹം അതിന്റെ മുന്നൊരുക്കങ്ങൾ ശരീരത്തിൽ തുടങ്ങിയിരിക്കും.
ആദ്യവർഷങ്ങളിൽ ഇൻസുലിന്റെ ഉത്പാദനം വർധിപ്പിച്ച് ശരീരം അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും. അതിനാൽ, രക്തപരിശോധനയിൽ ഷുഗർനില നോർമലായിരിക്കും. എന്നാൽ, കാലക്രമേണ ഇൻസുലിൻ ഉത്പാദനം മതിയാകാതെ വരികയും ശരീരത്തിൽ ഇൻസുലിന്റെ പ്രവർത്തനക്ഷമത കുറഞ്ഞുവരുകയും ചെയ്യും. അപ്പോൾ രക്തത്തിൽ ഷുഗർനില അൽപാൽപം വർധിക്കും.
പ്രമേഹരോഹം സ്ഥിരീകരിക്കണമെങ്കിൽ വെറുംവയറ്റിൽ ഷുഗർനില 126 mg/dl- ന് മുകളിലോ ആഹാരശേഷം രണ്ടുമണിക്കൂർ കഴിയുമ്പോഴുള്ള ഷുഗർനില 200mg/dl-ന് മുകളിലോ വേണം. പ്രമേഹരോഗമില്ലാത്ത വ്യക്തിയിൽ ഷുഗർ വെറുംവയറ്റിൽ 100mg/dl-ന് താഴെയും ആഹാരശേഷം രണ്ടുമണിക്കൂറാകുമ്പോൾ 140mg/dl-താഴെയുമാണ് കാണപ്പെടുക. നോർമലിനും പ്രമേഹത്തിനും ഇടയ്ക്കുള്ള അവസ്ഥയെ(ആഹാരത്തിനു മുമ്പ് 101-125mg/dl-, ആഹാരശേഷം 141-199mg/dl-വരെ) പ്രീഡയബറ്റിസ് എന്ന് പറയുന്നു. അപ്പുറവും ഇപ്പുറവുമല്ലാതെ നിൽക്കുന്ന ഈ പ്രീഡയബറ്റിസ് എന്നാൽ ഒരു രോഗാവസ്ഥ തന്നെയാണ്.
എന്തുകൊണ്ട് രോഗാവസ്ഥ?
പ്രമേഹരോഗങ്ങളിലേക്ക് നയിക്കുന്ന ആപത്ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രീഡയബറ്റിസ്. ശ്രദ്ധിച്ചില്ലെങ്കിൽ, പ്രീഡയബറ്റിസ് ഉള്ളവരിൽ 75 ശതമാനം പേരിലും മൂന്നുമുതൽ അഞ്ചുവർഷങ്ങൾക്കുള്ളിൽ തന്നെ രോഗം സ്ഥിരീകരിക്കപ്പെടും. പ്രമേഹരോഗികളിൽ കാണപ്പെടുന്ന രോഗസങ്കീർണതകളായ റെറ്റിനോപ്പതി, ന്യൂറോപ്പതി, വൃക്കരോഗം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ പല സങ്കീർണതകളും വരാനുള്ള സാധ്യത പ്രീഡയബറ്റിസ്സുളളവരിൽ കൂടുതലാണ്.
ലക്ഷണങ്ങൾ എന്തൊക്കെ?
പ്രമേഹബാധിതരിൽ കാണുമ്പോലെയുള്ള പ്രകടമായ ലക്ഷണങ്ങളൊന്നും ഇവരിൽ കാണാറില്ല. അതുകൊണ്ട് രോഗാവസ്ഥ കണ്ടെത്തുകയെന്നത് ശ്രമകരമാണ്. എന്നാലും അമിതവണ്ണമുള്ളവർ, അടുത്ത ബന്ധുക്കൾക്ക് പ്രമേഹമുള്ളവർ, ഗർഭകാല പ്രമേഹമുണ്ടായിരുന്നവർ, പോളിസിസ്റ്റിക് ഓവറി സിൻഡ്രം ഉള്ളവർ, വ്യായാമം ചെയ്യാത്തവർ തുടങ്ങിയവർ ഇടയ്ക്കിടെ രക്തപരിശോധന നടത്തുകയും രോഗാവസ്ഥ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം.
ചികിത്സ ആവശ്യമാണോ?
പ്രീഡയബറ്റിസ് കാലതാമസം കൂടാതെ കണ്ടെത്തുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്യുകയാണെങ്കിൽ പകുതിയിലധികം പേരിലും പ്രമേഹരോഗത്തിലേക്കുള്ള പ്രയാണം തടയാനോ വൈകിപ്പിക്കാനോ കഴിയും. അനേകംലക്ഷംപേരുടെ രോഗസാധ്യത ചെറുക്കാൻ കഴിയുകയെന്നത് രോഗികൾക്കും കുടുംബത്തിനും മാത്രമല്ല, രാജ്യത്തിനു പോലും ആശ്വാസമായിരിക്കും.
ജീവിതശൈലിയിൽ വരുത്തുന്ന ഗുണകരമായ മാറ്റങ്ങളിലൂടെ ശരീരഭാരം കുറച്ചും നിത്യവ്യായാമം ശീലമാക്കിയുമാണ് ഇത് സാധ്യമാകുന്നത്. അമിത ശരീരഭാരം ഉള്ളവർ ശരീരഭാരം ഏഴ് ശതമാനമെങ്കിലും കുറയ്ക്കാൻ കഴിഞ്ഞാൽത്തന്നെ പലപ്പോഴും ഷുഗർനില സാധാരണഗതിയിലെത്തിച്ചേരും. ആ ഷുഗർനില ചിലപ്പോൾ വർഷങ്ങളോളം നിലനിർത്താനാകും. ശരീരഭാരം കുറയ്ക്കാൻ എളുപ്പവഴികളൊന്നും തന്നെയില്ല. ആഹാരം ക്രമീകരിച്ചും നിത്യവ്യായാമം ശീലമാക്കിയും മാത്രമേ ഇത് സാധ്യമാവുകയുള്ളു. ദിവസം മുപ്പതുമിനിറ്റെങ്കിലും അനുയോജ്യമായ വ്യായാമത്തിലേർപ്പെടണം.
ജീവിതശൈലിയിലെ മാറ്റങ്ങൾക്കൊപ്പം മെറ്റ്ഫോർമിൻ എന്ന മരുന്നും ഈ അവസ്ഥയിൽ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. പ്രമേഹചികിത്സയിൽ ആരംഭത്തിൽ കൊടുക്കുന്ന മരുന്നാണിത്. സാധാരണയായി ഷുഗർനില ആവശ്യത്തിലധികം കുറയ്ക്കാത്ത ഈ മരുന്ന് രോഗപ്രതിരോധത്തിനും ശരീരഭാരം അൽപം കുറയുന്നതിനും ഹൃദ്രോഗം മുതലായ രോഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു.
ഷുഗർനില സാധാരണ നിലയിലെത്തിക്കുന്നതോടൊപ്പം അമിത രക്തസമ്മർദം, കൊഴുപ്പുകളിലെ വ്യതിയാനം മുതലായവയ്ക്കും ചിലപ്പോൾ ചികിത്സ വേണ്ടിവന്നേക്കാം.
Content Highlights: prediabetes siagnosis symptoms and treatment
Published: 22 Feb 2023, 12:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented