കുട്ടികളെയും പ്രമേഹം ബാധിക്കാം, ചിലപ്പോൾ ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങളിൽ പോലും ഇത് കാണാറുണ്ട്. എന്നാൽ കുട്ടികളിലെ പ്രമേഹം മുതിർന്നവരുടേതിൽനിന്ന് വ്യത്യസ്തമാണ്, പ്രത്യേകിച്ചും അതിന്റെ കാരണങ്ങൾ. മുതിർന്നവരിൽ സാധാരണമായി ടൈപ്പ് 2 പ്രമേഹം ആണ് കണ്ടുവരുന്നത്. എന്നാൽ കുട്ടികളിൽ 90 ശതമാനവും ടൈപ്പ് വൺ പ്രമേഹം ആണ് കാണുന്നത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ പിഴവുകളാണ് ടൈപ്പ് വൺ പ്രമേഹത്തിന്റെ പ്രധാന കാരണം. ശരീരത്തിന്റെ സ്വന്തം പ്രതിരോധശേഷിതന്നെ ശരീരത്തിലെ കോശങ്ങളെ ആക്രമിക്കുന്ന അവസ്ഥയാണിത്, ഇതിനെ ഓട്ടോഇമ്മ്യൂണിറ്റി എന്ന് വിളിക്കുന്നു. 

To advertise here,

എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?

ഭക്ഷണത്തിലൂടെ ലഭിക്കുന്ന അന്നജം ദഹിച്ച് ഗ്ലൂക്കോസായി മാറിയാണ് രക്തത്തിലേക്ക് പ്രവേശിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് ഓരോ കോശങ്ങൾക്കുള്ളിലേക്കും കടന്നശേഷമാണ് ഊർജമായി മാറുന്നത്. ഇങ്ങനെ രക്തത്തിൽനിന്ന് ഗ്ലൂക്കോസ് കോശങ്ങളിലേക്ക് പ്രവേശിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ്.

ശരീരത്തിലെ ആഗ്നേയ ഗ്രന്ഥിക്ക് (Pancreas) ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഈ ഗ്രന്ഥിയിൽ മൂന്ന്‌ തരത്തിലുള്ള കോശങ്ങളുണ്ട്. ആൽഫ, ബീറ്റ, ഡെൽറ്റ. ഇതിൽ ബീറ്റാകോശങ്ങളാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ടൈപ്പ് വൺ പ്രമേഹമുള്ള കുട്ടികളിൽ, അവരുടെ ശരീരത്തിലെ പ്രതിരോധസംവിധാനംതന്നെ ഈ ബീറ്റാകോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. തത്‌ഫലമായി, ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിപ്പിക്കുന്നു. ഇങ്ങനെയാണ് ടൈപ്പ് വൺ പ്രമേഹം ഉണ്ടാകുന്നത്. ബീറ്റാകോശങ്ങൾ നശിക്കുന്നത് തടയാനോ നശിച്ചാൽ വീണ്ടെടുക്കാനോ ഉള്ള ഫലപ്രദമായ മാർഗം നിലവിലില്ല.

ടൈപ്പ് വൺ പ്രമേഹം കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ അത് പല അവയവങ്ങളെയും തകരാറിലാക്കും. എന്നാൽ കുട്ടികളിൽ പ്രമേഹം പലരും പ്രതീക്ഷിക്കാറില്ല. അതിനാൽ ടൈപ്പ് വൺ പ്രമേഹം ആദ്യമേ തിരിച്ചറിയാനും പലപ്പോഴും സാധിക്കാറില്ല. എന്തെങ്കിലും ഒരു സങ്കീർണതയുണ്ടാകുമ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുന്നത്. അമിതമായ ദാഹം, അമിതമായ തോതിൽ മൂത്രമൊഴിക്കുന്നത് എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടാകാമെങ്കിലും അത് പലപ്പോഴും ശ്രദ്ധയിൽപ്പെടാറില്ല.

വയറുവേദനയും ഛർദിയുമായി കുട്ടികൾ ആശുപത്രിയിൽ എത്തുമ്പോൾ ഗ്ലൂക്കോസ്‌നില യാദൃച്ഛികമായി പരിശോധിക്കുമ്പോഴാണ് വളരെ ഉയർന്ന ഷുഗർനില തിരിച്ചറിയുന്നത്. തുടർന്ന് ഇത് ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന അവസ്ഥയാണെന്നും ഇത് ടൈപ്പ് വൺ പ്രമേഹത്തിന്റെ സങ്കീർണതയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നിടത്താണ് ടൈപ്പ് വൺ പ്രമേഹം തിരിച്ചറിയുന്നത്.

ചികിത്സ

ജീവിതകാലം മുഴുവൻ ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുക എന്നതാണ് ടൈപ്പ് വൺ പ്രമേഹത്തിന്റെ ചികിത്സ. ഇതിന് പലതരത്തിലുള്ള ഉപകരണങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇൻസുലിൻ പമ്പുകൾ ഉപയോഗിച്ച് ആവശ്യത്തിന് ഇൻസുലിൻ ശരീരത്തിലേക്കെത്തിക്കാം.

കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിങ് ഉപകരണമാണ് മറ്റൊന്ന്. ഇതുപയോഗിച്ച് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അപ്പപ്പോഴുള്ള നില കണക്കാക്കാനാകും. ഇതിനനുസരിച്ച് ആവശ്യത്തിനുള്ള ഇൻസുലിൻ ശരീരത്തിലേക്ക് നൽകാനും സാധിക്കും. എന്നാൽ ഇതിന് വളരെ പണച്ചെലവ് വരും.

കൃത്രിമ പാൻക്രിയാസ് എന്ന പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിലുണ്ട്. ഭാവിയിൽ ഇത് വികസിപ്പിച്ച് കൂടുതൽ ആളുകൾക്ക് ലഭ്യമാകുന്ന നില വന്നേക്കാം. സ്റ്റെം സെൽ തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി എന്നിവ ഭാവിയിൽ മികച്ച ഫലം നൽകാൻ സഹായിക്കുന്നതാണ്. ഇവയിൽ നൂതനമായ ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

ഇൻസുലിൻ ചികിത്സയോടൊപ്പം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് ഭക്ഷണം. കുട്ടിയുടെ ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് പരിമിതപ്പെടുത്തി പഞ്ചസാരയുടെ അളവ് കുറയ്ക്കണം. നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങളും നൽകണം. സമീകൃത ഭക്ഷണശീലമാണ് പാലിക്കേണ്ടത്.

കുട്ടികൾ അറിയേണ്ടത്

ഈ രോഗാവസ്ഥയെക്കുറിച്ച് കുട്ടിക്ക്‌ ബോധവത്കരണം ആവശ്യമാണ്. തനിക്ക് ഇത്തരമൊരു അസുഖമുണ്ടെന്ന ബോധ്യം കുട്ടിക്ക്‌ ഉണ്ടാകണം. ടൈപ്പ് വൺ പ്രമേഹമുള്ള കുട്ടികൾക്ക് ഗ്ലൂക്കോസ്‌നിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കുട്ടിക്ക് പെട്ടെന്ന് ഉറക്കംവരുക, അമിതമായി വിയർപ്പുണ്ടാവുക, കണ്ണ് മഞ്ഞളിക്കുക എന്നിവയൊക്കെ ഷുഗർ കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. അതുപോലെ ഇൻസുലിൻ എടുക്കാതിരിക്കുകയോ അളവിലും കൂടുതൽ ഭക്ഷണം കഴിക്കുകയോ മധുരമുള്ളത് കഴിക്കുകയോ ചെയ്യുന്നത് ഷുഗർനില വളരെയധികം ഉയർത്താൻ സാധ്യതയുണ്ട്. ഇത് ഷുഗർനില കൂടുന്നതിന്റെ (ഹൈപ്പർ ഗ്ലൈസീമിയ) ലക്ഷണങ്ങളുണ്ടാക്കും.

കുട്ടിക്ക് വയറുവേദനയുണ്ടാവുക, പെട്ടെന്ന് ഛർദിക്കുക, അപസ്മാരം പോലെയുള്ള ലക്ഷണങ്ങൾ ഉണ്ടാവുക എന്നിവ ഇത്തരത്തിൽ ഷുഗർനില വല്ലാതെ ഉയരുന്നതിന്റെ (600-ന് മുകളിൽ) ലക്ഷണമാകാം. ഇക്കാര്യങ്ങൾ കുട്ടിക്കുതന്നെ മനസ്സിലാക്കാൻ സാധിച്ചാൽ തടയാൻ കുറച്ചുകൂടി എളുപ്പമാണ്. വളരെ ചെറിയ കുട്ടികളുടെ കാര്യത്തിൽ ഇക്കാര്യങ്ങൾ നടപ്പാകില്ലെങ്കിലും മുതിർന്ന കുട്ടികൾക്ക് ഇതിനെക്കുറിച്ച് അവബോധം നൽകുന്നത് കൃത്യസമയത്ത് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ അവരെ സഹായിക്കും.

മാതാപിതാക്കളുടെയോ അധ്യാപകരുടെയോ സഹപാഠിക ളുടെയോ സഹായം തേടാനും ഈ സമയത്ത് കുട്ടിക്ക് സാധിക്കും. തന്റെ അസുഖത്തെക്കുറിച്ച് മനസ്സിലാക്കാനും അക്കാര്യം ഉൾക്കൊള്ളാനും ഇത് ഉപകരിക്കും. സ്വയം ഇക്കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ലെന്നതിനാൽ ചെറിയ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ വളരെയധികം ശ്രദ്ധിക്കണം.

മാതാപിതാക്കളും അധ്യാപകരും സഹപാഠികളും അറിയേണ്ടത്

കുട്ടികളിൽനിന്ന് രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കരുത്. കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകരോടും സഹപാഠികളോടും ഈ രോഗാവസ്ഥയെക്കുറിച്ച് വിശദമായി പറയണം. എന്തെങ്കിലും കാരണവശാൽ കുട്ടി തിരിച്ചറിയാതെ പോകുന്ന ലക്ഷണങ്ങൾ മനസ്സിലാക്കാൻ അധ്യാപകർക്കും സഹപാഠികൾക്കും സാധിക്കും.

സ്കൂളിലേക്ക് പോകുമ്പോഴും പഠനസംബന്ധമായ ക്യാമ്പുകളിലേക്കോ മറ്റോ പോകുമ്പോഴും ഇൻസുലിൻ ഉൾപ്പെടെയുള്ള മരുന്നുകൾ കുട്ടിയുടെ കൈവശം കൊടുത്തുവിടണം. ഇൻസുലിൻ സ്വയം എടുക്കാനും അത് സുരക്ഷിതമായി വയ്ക്കാനും കുട്ടിയെ പരിശീലിപ്പിക്കണം. ശാരീരിക പ്രവർത്തനങ്ങൾ കൂടുതൽ ആവശ്യമായ ക്യാമ്പുകളിൽ പങ്കെടുക്കുമ്പോൾ കുട്ടിയുടെ രോഗാവസ്ഥയെക്കുറിച്ച് അധികൃതർക്ക് കൃത്യമായ വിവരം നൽകണം. ശാരീരിക അധ്വാനം ചെയ്യുമ്പോൾ ഷുഗർനില കുറഞ്ഞുപോകാൻ സാധ്യതയുണ്ട്. ആ സമയത്ത് സ്നാക്സ് എന്തെങ്കിലും (മിഠായിയോ ഗ്ലൂക്കോസ് പൊടിയോ) കഴിക്കാൻ കുട്ടിയെ പരിശീലിപ്പിക്കണം. അവ ആവശ്യാനുസരണം കൈവശം കരുതുകയും വേണം.

ടൈപ്പ് വൺ പ്രമേഹമുള്ള കുട്ടികൾക്ക് എപ്പോഴും സഹപാഠികൾ താങ്ങായി നിൽക്കണം. ഈ രോഗത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടിയുടെ ഏറ്റവും അടുത്ത ഏതാനും സഹപാഠികളെങ്കിലും അറിഞ്ഞിരിക്കണം. എന്തെങ്കിലും ആവശ്യം വന്നാൽ ഉടൻ സഹായിക്കാൻ ഇത് ഉപകരിക്കും. കുട്ടിയെ മാനസികമായി തളർത്തുന്ന തരത്തിലുള്ള പെരുമാറ്റം സഹപാഠികളിൽനിന്ന് ഉണ്ടാകാതിരിക്കാനും ഇത് സഹായിക്കും.

കുട്ടിയുടെ രോഗാവസ്ഥ മനസ്സിലാക്കി അധ്യാപകരും ഒപ്പം നിൽക്കണം. കുട്ടിയുടെ ബുദ്ധിമുട്ടുകൾ അധ്യാപകർക്ക് വേഗം മനസ്സിലാക്കാൻ സാധിക്കും. കുട്ടിക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ അവർ തയ്യാറാവണം.

ഡോക്ടറെ കാണേണ്ടത് എപ്പോൾ

ടൈപ്പ് വൺ പ്രമേഹമുള്ളവർ എല്ലാ മാസവും ഡോക്ടറെ കണ്ട് ചികിത്സ കൃത്യമാക്കണം. ഡോക്ടറുടെ നിർദേശപ്രകാരമുള്ള രക്തപരിശോധനകൾ നടത്തണം. ഷുഗർ നിയന്ത്രണത്തിൽ പാളിച്ചകൾ കണ്ടെത്തിയാൽ ഡോക്ടറെ കാണാൻ വൈകരുത്. പ്രമേഹനിയന്ത്രണത്തിലെ പാളിച്ചകൾമൂലം സങ്കീർണതകളിലേക്ക് പോകുന്നുവെന്ന് തോന്നിയാൽ ഉടൻ ഡോക്ടറെ കാണണം.

കണ്ണ്, വൃക്ക, നാഡികൾ പോലുള്ള അവയവങ്ങളെ പ്രമേഹം ബാധിക്കാൻ ഇടയുള്ളതിനാൽ രോഗങ്ങൾ ഇല്ലെങ്കിൽ പോലും ഇവയുമായി ബന്ധപ്പെട്ട വാർഷിക പരിശോധനകൾ ചെയ്യേണ്ടതുണ്ട്. ഇതുവഴി സങ്കീർണതകൾ വരാതെ പ്രതിരോധിക്കാൻ സാധിക്കും.

ഇൻസുലിൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടൈപ്പ് വൺ പ്രമേഹം നിയന്ത്രിക്കാൻ ജീവിതകാലം മുഴുവൻ ഇൻസുലിൻ എടുക്കേണ്ടത് ആവശ്യമാണ്. ദിവസത്തിൽ പലതവണ ഇൻസുലിൻ എടുക്കേണ്ടിവരും. കുട്ടികൾക്ക് ഇൻസുലിൻ പേനയാണ് നല്ലത്. വേദന കുറവായിരിക്കും. ഡോസ് കൃത്യമായി ഇഞ്ചക്ഷൻ ചെയ്യാനും ഇത് സഹായിക്കും.

ഇൻസുലിൻ പമ്പും കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിങ്ങുമൊക്കെ ചെലവേറിയതാണ്. ഇൻസുലിൻ കൃത്യമായ ഡോസിൽ കൃത്യ സമയത്തുതന്നെ എടുക്കണം. ഇതിനുള്ള പ്രായോഗിക പരിശീലനം കുട്ടിക്കും മാതാപിതാക്കൾക്കും അധ്യാപകർക്കുമൊക്കെ നൽകാവുന്നതാണ്. ഇൻസുലിൻ എടുക്കുന്നതിനൊപ്പം കൃത്യമായ അളവിൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഷുഗർനിലയിൽ മാറ്റം വരാനിടയുണ്ട്. അതിനാൽ ഇൻസുലിൻ എടുത്തശേഷം ഭക്ഷണം കഴിക്കാൻ വിട്ടുപോകരുത്. ഇതിൽ കാലതാമസം വന്നാൽ ഷുഗർനില താഴ്ന്നുപോകാൻ ഇടയുണ്ട്. ഇതുമൂലം കുട്ടിക്ക് മയക്കംവരുകയോ ബോധംപോവുകയോ വിയർക്കുകയോ ഉണ്ടാകാം.

ഇൻസുലിൻ സൂക്ഷിക്കേണ്ടത് തണുപ്പുള്ള സ്ഥലത്താണ്. റഫ്രിജറേറ്ററിന്റെ ഡോറിൽ വയ്ക്കുന്നതാണ് നല്ലത്. ഫ്രീസറിൽ വയ്ക്കരുത്. ചൂട് കൂടുതലുള്ള സ്ഥലത്ത് സൂക്ഷിച്ചാൽ അതിന്റെ ഗുണനിലവാരം കുറയും. സ്കൂളിലേക്ക് പോകുമ്പോൾ ഐസ് പാക്കിൽ വെച്ച് കൊണ്ടുപോകണം. ഇൻസുലിൻ പേന ഉപയോഗിക്കുമ്പോൾ അതിന്റെ ശുചിത്വം ഉറപ്പുവരുത്തണം.

(തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഇന്റേണൽ മെഡിസിൻ വിഭാഗം പ്രൊഫസറാണ് ലേഖിക.)

മാതൃഭൂമി ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്