
രോഗപ്രതിരോധം എങ്ങനെ മെച്ചപ്പെടുത്താനാകും എന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ശരീരത്തിലുള്ള പ്രതിരോധത്തിന്റെ പോരാളികളാണ് കുടലിലെ ബാക്ടീരിയകൾ. ഇവയെ സംബന്ധിച്ച പഠനങ്ങൾ ഇന്ന് ശാസ്ത്രലോകം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. കുടലിലെ സൂക്ഷ്മാണുക്കളുടെ വൈവിധ്യം രോഗപ്രതിരോധത്തിന് അടിത്തറ പാകുന്നതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഗുണകരമായ ഈ സൂക്ഷ്മാണുക്കളെ വളർത്തിയെടുക്കുന്നതിൽ ഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്.
ശരീരത്തിന് ഗുണകരമായ കുടലിലെ ബാക്ടീരിയകൾ അമ്മയിൽ നിന്ന് നവജാതശിശുക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. സാധാരണ സുഖപ്രസവത്തിലൂടെയുള്ള ആരോഗ്യകരമായ സൂക്ഷ്മാണുക്കളുടെ കൈമാറ്റം സിസേറിയൻ പ്രസവത്തേക്കാൾ കൂടുതലാണെന്നാണ് ശാസ്ത്രീയപഠനങ്ങൾ പറയുന്നത്. അതിനാൽ തന്നെ സാധാരണ സുഖപ്രസവരീതികൾ നവജാതശിശുവിന്റെ പ്രതിരോധശേഷി വർധിപ്പിക്കും.
Also Read
ഉയർന്ന അളവിലുള്ള ആന്റിബയോട്ടിക് മരുന്നുകൾ ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കാറുണ്ട്. വൻകുടലിൽ ഈ സൂക്ഷ്മാണുക്കൾ തീർത്ത പ്രതിരോധനിര ആന്റിബയോട്ടിക്കിന്റെ പ്രവർത്തനഫലമായി തകരാറിലാകാം. ഈ അവസ്ഥയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സൂക്ഷ്മാണുക്കളുടെ വൈവിധ്യം ഉറപ്പുവരുത്താനും സഹായിക്കുന്ന ആഹാരത്തിലെ ഘടകങ്ങളാണ് പ്രീബയോട്ടിക്കുകളും പ്രോബയോട്ടിക്കുകളും. പ്രത്യേക ഭക്ഷ്യനാരുകൾ അടങ്ങിയ ആഹാരമാണ് പ്രീബയോട്ടിക്കുകൾ. ആരോഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയതാണ് പ്രോബയോട്ടിക് ഭക്ഷണങ്ങൾ.
കുടലിന്റെ ആരോഗ്യം ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം കൂടിയാണ്. ഇത് ഉറപ്പുവരുത്താൻ പ്രീബയോട്ടിക്കുകളും പ്രോബയോട്ടിക്കുകളും സഹായിക്കുന്നു. സൂക്ഷ്മാണുക്കളുടെ വൈവിധ്യമാണ് മികച്ച ഉദരപ്രവർത്തനത്തിനും പ്രതിരോധശേഷിക്കും അടിസ്ഥാനം. ഈ വൈവിധ്യം ഉറപ്പുവരുത്തുന്നത് ആഹാരത്തിലൂടെയാണ്.
പ്രീബയോട്ടിക് ഭക്ഷണങ്ങൾ
ആഹാരത്തിലടങ്ങിയിട്ടുള്ള നാരുകൾ ചെറുകുടലിൽ ദഹിക്കുന്നില്ല. ഇവ വൻകുടലിലെ നല്ല ബാക്ടീരിയകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും വൈവിധ്യത്തിനും സഹായകമാകുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന വയറുവീക്കം, ഗ്യാസ്, വയറിളക്കം, വയറുവേദന എന്നിവ കുടലിന്റെ അനാരോഗ്യത്തിന്റെ ലക്ഷണമാണ്. നല്ല സൂക്ഷ്മാണുക്കളുടെ സാന്നിധ്യം വർധിപ്പിക്കുന്നത് ഇത്തരം ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും. നല്ല സൂക്ഷ്മാണുക്കളെ വർധിപ്പിക്കാൻ പ്രീബയോട്ടിക്കുകൾ അടങ്ങിയ ഭക്ഷണങ്ങൾ പ്രയോജനപ്പെടുത്താം.
തവിടോടുകൂടിയ ധാന്യങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, പഴവർഗങ്ങൾ എന്നിവയിൽ പ്രീബയോട്ടിക്കുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.
മുലപ്പാൽ കുടിച്ചുവളരുന്ന കുട്ടികളുടെ പ്രതിരോധശേഷി മറ്റു കുട്ടികളേക്കാൾ കൂടുതലാകുന്നത് മുലപ്പാൽ ഒരു സ്വാഭാവിക പ്രീബയോട്ടിക്കായി പ്രവർത്തിക്കുന്നതുകൊണ്ടാണ്. നവജാതശിശുവിന്റെ ആറുമാസംവരെയുള്ള നിർബന്ധിത മുലയൂട്ടലിന്റെ അടിസ്ഥാനവും ഇതാണ്.
പ്രോബയോട്ടിക് ഭക്ഷണങ്ങൾ
ആഹാരത്തിലെ ഘടകമായ പ്രോബയോട്ടിക്കുകളിലൂടെ നേരിട്ടും ഈ സൂക്ഷ്മാണുക്കളെ ശരീരത്തിലെത്തിക്കാൻ സാധിക്കും. ഉദര ആരോഗ്യം പരിപാലിക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വൻകുടലിലുണ്ടാകുന്ന കാൻസർ, ക്രോൺസ് എന്നിവയുടെ പ്രതിരോധത്തിനും പ്രോബയോട്ടിക്കുകൾ പ്രധാന പങ്ക് വഹിക്കുന്നു. തൈര്, പുളിപ്പിച്ച സോയാപാൽ എന്നിവയിൽ ധാരാളം പ്രോബയോട്ടിക്കുകളുണ്ട്.
കുടലിന്റെ ആരോഗ്യത്തിന്
- പ്രീബയോട്ടിക്കുകളും പ്രോ ബയോട്ടിക്കുകളും അടങ്ങിയ ഭക്ഷണം കഴിക്കുക
- നന്നായി ചവച്ച്, ആസ്വദിച്ച് സാവധാനം ആഹാരം കഴിക്കുന്ന ശീലമുണ്ടാക്കുക
- ചിട്ടയായ വ്യായാമവും ഉറക്കവും ഉറപ്പുവരുത്തുക
- പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക
പഴങ്കഞ്ഞി എന്ന സൂപ്പർഫുഡ്
പരമ്പരാഗതമായി കൈമാറുന്ന ആഹാരരീതികളിൽ കേരളത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വിഭവമാണ് പഴങ്കഞ്ഞി. ലാക്ടോ ബാസിലസ് എന്ന നല്ല ബാക്ടീരിയകളടങ്ങിയ ഈ സൂപ്പർ ഫുഡാണ് ഒരുകാലത്ത് കേരളീയരുടെ കുടലുകളെ സംരക്ഷിച്ചിരുന്നതെന്ന് നമുക്ക് പറയാം. രുചിയോടൊപ്പം പല ഗുണങ്ങളുമടങ്ങിയതാണ് ഈ ആഹാരം.
കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ & റിസർച്ച് സെന്റർ ന്യൂട്രീഷ്യൻ ഓങ്കോളജിസ്റ്റാണ് ലേഖിക
Content Highlights: prebiotic and probiotic food for gut health
Published: 17 Jun 2022, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented