ഷുഗർനില പെട്ടെന്ന് നന്നേ താഴേക്ക് പോകുമ്പോൾ മാത്രം ചികിത്സ തേടുന്നവരുണ്ട്. ചിലരിലാകട്ടെ അപ്പോഴേക്കും അവസ്ഥ സങ്കീർണവുമാവാം. ജീവിതരീതിയിൽ അൽപം മാറ്റങ്ങൾ വരുത്തിയാൽ ഷുഗർനില പെട്ടെന്ന് താഴേക്ക് പോകുന്നത് തടയാനാവും. ഇതേക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നൽകുകയാണ് കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റൽ ഡയബറ്റോളജി വിഭാഗം സീനിയർ കൺസൽട്ടന്റായ ഡോ. എസ്.കെ സുരേഷ് കുമാർ.

To advertise here,

ചോദ്യം

എനിക്ക് 65 വയസ്സുണ്ട്. 10 വർഷമായി പ്രമേഹത്തിന് ഗുളിക കഴിക്കുന്നു. ബി.പി നോർമലാണ്. രണ്ടുമാസത്തിനിടെ രണ്ടുതവണ പെട്ടെന്ന് ഷുഗർ കുറഞ്ഞുപോകുന്ന അവസ്ഥയുണ്ടായി. കൈകാലുകളിൽ വിറയലും തലകറക്കവുമാണ് അനുഭവപ്പെട്ടത്. ഷുഗർ പരിശോധിച്ചപ്പോൾ 70mg/dl ആണെന്നാണ് മനസ്സിലായത്. ഉടൻതവ്വെ ഡോക്ടറെകണ്ട് സാധാരണ നിലയിലേക്ക് കൊണ്ടിവരികയും ചെയ്തു. എന്നാൽ രണ്ടുതവണ ഇങ്ങനെ സംഭവിച്ചതിനാൽ ഇപ്പോൾ പുറത്തേക്ക് പോകുമ്പോഴൊക്കെ ഷുഗർ കുറഞ്ഞുപോകുമോ എന്ന ആശങ്കയാണ്. ഇങ്ങനെ സംഭവിക്കാതിരിക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? 

എം ജോർജ്

ഉത്തരം

പ്രമേഹരോഗ ചികിത്സ കൊണ്ട് ലക്ഷ്യമിടുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന നില കുറച്ച് അനുവദനീയമായ അളവിൽ എത്തിക്കുകയും അത് നിലനിർത്തുകയും ചെയ്യുക എന്നതാണ്. ഇതിലൂടെ പ്രമേഹരോഗ സങ്കീർണതകളെ തടയാനോ വൈകിക്കാനോ കഴിയും. ഇതിന് പലപ്പോഴും ഒന്നോ അതിലധികമോ ഗുളികകളോ, ചിലപ്പോൾ ഇൻസുലിനോ വേണ്ടിവരും. എന്നാൽ മ്രമേഹരോഗ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട സങ്കീർണതകളിലൊന്നാണ് ഹൈപ്പോഗ്ലൈസീമിയ.  രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യത്തിലധികം കുറഞ്ഞുപോകുന്ന അവസ്ഥയാണിത്. പ്രായമേറിയ രോഗികൾ, വൃക്കരോഗങ്ങളുള്ള പ്രമേഹബാധിതർ, ഗർഭിണികൾ, ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾ മുതലായവരിൽ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

ലക്ഷണങ്ങൾ

സാധാരണയായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് 70mg/dlന് താഴെയെത്തുമ്പോഴാണ്‌ ഷുഗർ കുറയുന്നതിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. രോഗലക്ഷണങ്ങൾ ഹൈപ്പോഗ്ലൈസീമിയയുടെ ദൈർഘ്യത്തെയും കാഠിന്യത്തെയും അനുസരിച്ചിരിക്കും. എന്നിരുന്നാലും സാധാരണഗതിയിൽ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുക, തലവേദന, വിറയൽ, വിയർപ്പ് മുതലായ ലക്ഷണങ്ങളുണ്ടാവുക, ഹൃദയമിടിപ്പ് കൂടുക, ഉത്കണ്ഠ, അസ്വസ്ഥത, വിഭ്രാന്തി, തലചുറ്റൽ, അമിത വിശപ്പ്, ഓക്കാനം, ഉറക്കക്കൂടുതൽ മുതലായ ലക്ഷണങ്ങളും അനുഭവപ്പെടാം, അടിയന്തിരമായി ഇവ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ ചിലപ്പോൾ അപകടകരമായ അവസ്ഥയിലേക്ക് പോകാം. ബോധം നഷ്ടപ്പെടുക, അപസ്മാരം, വീഴ്ച, പരിക്കുകൾ, അപകടങ്ങൾ മുതലായവ സംഭവിക്കാം. അപൂർവമായെങ്കിലും  ചിലപ്പോൾ മരണംപോലും സംഭവിക്കാം. ഇടയ്ക്കിടെ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്ന ചില രോഗികളിൽ ചിലപ്പോൾ രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ഹൈപ്പോഗ്ലൈസീമിയ അൺഅവയർവനസ്സ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. ഇത് കൂടുതൽ അപകടകരമാണ്. 

സാധാരണഗതിയിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് ആവശ്യത്തിലധികം താഴ്ന്നുപോയാൽ ഉടൻ ഇൻസുലിൻ ഉത്പാദനം കുറയുകയും ഗ്ലൂക്കഗോൺ ഉത്പാദനം വർധിക്കുകയും ചെയ്യും. ഒപ്പം അഡ്രിനൽ ഗ്രന്ഥിയിൽ നിന്ന് എപ്പിനെഫ്രിൻ എന്ന ഹോർമോണും ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോണുകളുടെ പ്രവർത്തനഫലമായി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ഒപ്പം ശരീരത്തിൽ പഞ്ചസാരയുടെ ഉത്പാദനം കൂട്ടി അളവ് സാധാരണ രീതിയിലാക്കുകയും ചെയ്യുന്നു. എന്നാൽ പ്രമേഹബാധിതരിൽ ഈ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നില്ല. ഇതാണ് രക്തത്തിലെ പഞ്ചസാര കുറയുന്നതിന് കാരണം. 

കാരണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് പലകാരണങ്ങളാലും കുറഞ്ഞുപോകാം. കഴിക്കുന്ന മരുന്നിന്റെ അളവ് കൂടിപ്പോയാലോ കുത്തിവെക്കുന്ന ഇൻസുലിന്റെ അളവ് അധികമായാലോ സ്വാഭാവികമായും പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകാൻ സാധ്യതയുണ്ട്. കൂടാതെ സമയം വൈകി ആഹാരം കഴിക്കുന്നതും സാധാരണ കഴിക്കാറുള്ള ഇടനേരത്തെ ആഹാരം വിട്ടുപോകുന്നതും കാരണങ്ങളാണ്. ഉറങ്ങുന്നതിന് മുൻപ് വലിയ ശാരീരിക അധ്വാനത്തിൽ ഏർപ്പെടുന്നതും മദ്യപിക്കുന്നതും ചിലപ്പോൾ ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണമാവാം. വൃക്കരോഗം, കരൾരോഗങ്ങൾ മുതലായ അനുബന്ധരോഗങ്ങളുള്ള പ്രമേഹബാധിതരിലും ഹൈപ്പോഗ്ലൈസീമിയ സാധ്യത കൂടുതലാണ്. പ്രമേഹ ചികിത്സയ്‌ക്കൊപ്പം കഴിക്കുന്ന ചിലമരുന്നുകളും രോഗകാരണമാകാം. 

ചികിത്സ

സാധാരണഗതിയിൽ രോഗലക്ഷണങ്ങൾ കണ്ടാലുടൻ ഒരു ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് സ്വയം രക്തപരിശോധന നടത്തി ഷുഗർ നില കുറഞ്ഞുപോയതാണോ എന്ന് വിലയിരുത്തുക. കുറവാണെങ്കിൽ കുറച്ചു മധുരപാനീയമോ ലഘുഭക്ഷണമോ കഴിച്ചാൽ ഷുഗർ സാധാരണ നിലയിലെത്തും. സ്വയം ആഹാരം കഴിക്കാൻ കഴിയാത്ത നിലയിലാണെങ്കിൽ മറ്റൊരാളുടെ സഹായം തേടണം. ബോധക്ഷയമോ മറ്റ് സങ്കീർണതകളോ ഉണ്ടെങ്കിൽ അടിയന്തര വൈദ്യസഹായം നൽകണം. 

പ്രതിരോധം

ഹൈപ്പോഗ്ലൈസീമിയ പ്രതിരോധിക്കുന്നതാണ് ഏറ്റവും നല്ല ചികിത്സ. ഇടയ്ക്കിടെ ഭക്ഷണത്തിന് മുൻപും ശേഷവും അതുപോലെ വ്യായാമത്തിന് മുൻപും ശേഷവും രക്തപരിശോധന നടത്തുക. വ്യായാമത്തിന് മുൻപ് ഷുഗർനില കുറവാണെങ്കിൽ ലഘുഭക്ഷണം കഴിച്ചതിനുശേഷം വ്യായാമത്തിൽ ഏർപ്പെടുക. കൃത്യസമയത്ത് ആഹാരം കഴിക്കുക, ആഹാരത്തിന്റെ അളവിൽ കൃത്യത പാലിക്കുക, വളരെ നേരം ശരീരത്തിൽ തങ്ങിനിൽക്കുന്ന മരുന്നുകളിൽ നിന്ന് മാറി കുറച്ചുനേരം മാത്രം പ്രവർത്തിക്കുന്ന മരുന്നുകളിലേക്ക് ചികിത്സ മാറുക. അതുപോലെ ഹൈപ്പോഗ്ലൈസീമിയ സാധ്യത കുറഞ്ഞ അനലോഗ് ഇൻസുലിനുകൾ ഉപയോഗിക്കാൻ കഴിയുമെങ്കിൽ അതിലേക്ക് മാറുക. മദ്യം ഉപേക്ഷിക്കുക. 

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്