ഭാരതത്തിന്റെ തനതായ ചികിത്സാസമ്പ്രദായമായ ആയുർവേദത്തിന് പാശ്ചാത്യ രാജ്യങ്ങളിൽ പോലും ഇന്ന് വൈദ്യശാസ്ത്രമെന്ന നിലയിൽ വിപുലമായ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി ലോകാരോഗ്യ സംഘടന ഇന്ത്യയിൽ സ്ഥാപിച്ച 'ഗ്ലോബൽ ട്രഡിഷണൽ മെഡിസിൻ സെന്റർ' ആഗോളതലത്തിൽ ആയുർവേദത്തിന് കൈവന്ന അംഗീകാരത്തിന്റെ ഉദാഹരണമാണ്.

To advertise here,

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി, 'ആയുഷ്' മന്ത്രാലയത്തിന് കീഴിൽ 'നാഷണൽ ആയുഷ് മിഷൻ' പോലുള്ള പദ്ധതികളിലൂടെ ആയുർവേദം സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ള ജനങ്ങൾക്കും ഒരുപോലെ ലഭ്യമാക്കിവരുന്നുണ്ട്. അതോടൊപ്പം, വെൽനസ് ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ രംഗത്തെ ചികിത്സാ ഗുണനിലവാരം ആഗോളതലത്തിൽ ഉറപ്പുവരുത്തുന്നതിനുമായി എൻ.എ.ബി.എച്ച്. അംഗീകാരം പോലുള്ള മാനദണ്ഡങ്ങളും സർക്കാർ നടപ്പിലാക്കുന്നുണ്ട്.

എന്നാൽ, ആയുർവേദം ആഗോളതലത്തിൽ അംഗീകരിക്കപ്പെടുമ്പോഴും, ഇതിനെക്കുറിച്ച് ചില മിഥ്യാധാരണകൾ നിലനിൽക്കുന്നുണ്ട്. ഈ ചികിത്സാ സമ്പ്രദായത്തെക്കുറിച്ചുള്ള ഇത്തരം ചില തെറ്റിദ്ധാരണകളെയും അവയ്ക്ക് പിന്നിലെ യഥാർഥ വസ്തുതകളെയും കുറിച്ച് പരിശോധിക്കാം.

തെറ്റിദ്ധാരണ: ആയുർവേദ മരുന്നുകൾക്ക് പാർശ്വഫലങ്ങളില്ല

യാഥാർഥ്യം: ആയുർവേദമരുന്നുകൾക്ക് പാർശ്വഫലങ്ങളില്ല എന്ന ധാരണ പൂർണമായും ശരിയല്ല. ആയുർവേദചികിത്സ പൂർണമായും വ്യക്തികേന്ദ്രീകൃതമാണ്. ഓരോരുത്തരുടെയും ശരീരപ്രകൃതി, വാത-പിത്ത-കഫ ദോഷങ്ങളുടെ അവസ്ഥ, അഗ്നിബലം (ദഹനശേഷി), രോഗാവസ്ഥ എന്നിവ സൂക്ഷ്മമായി വിലയിരുത്തിയാണ് മരുന്നുകൾ നിശ്ചയിക്കുന്നത്. ശരീരത്തിലെ ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥയാണ് ആരോഗ്യം എന്നതിനാൽ, അവസ്ഥ കൃത്യമായി മനസ്സിലാക്കാതെ കഴിക്കുന്ന മരുന്നുകൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യും.

ആയുർവേദത്തിലെ ഒരു ചികിത്സാഉപവിഭാഗമായ 'രസശാസ്ത്ര'ത്തിൽ ലോഹങ്ങളും ധാതുക്കളും സംസ്‌കരിച്ചുണ്ടാക്കുന്ന ഔഷധങ്ങളാണുള്ളത്. ഈ രസൗഷധങ്ങൾക്ക് കേരളത്തിന് പുറത്ത് വളരെ പ്രചാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ ഷെഡ്യൂൾ E (1) വിഭാഗത്തിൽപ്പെടുത്തിയ ഇത്തരം മരുന്നുകൾ പൂർണമായും ശാസ്ത്രീയമായ ശുദ്ധീകരണപ്രക്രിയകളിലൂടെ (ശോധന-മാരണ കർമങ്ങൾ) കൃത്യമായ അളവിൽ തയ്യാറാക്കേണ്ടതും ഒരു യോഗ്യനായ ആയുർവേദ ഡോക്ടറുടെ കർശനമായ മേൽനോട്ടത്തിലും അദ്ദേഹം നിർദേശിക്കുന്ന നിശ്ചിത കാലയളവിലും മാത്രം ഉപയോഗിക്കേണ്ടതുമാണ്. വിപണിയിൽ ച്യവനപ്രാശംപോലുള്ള ഒ.ടി.സി. (Ov--er the counter) മരുന്നുകൾ ലഭ്യമാണെങ്കിലും സ്വന്തം ദഹനശേഷി കണക്കിലെടുത്തുവേണം അതൊക്കെ സേവിക്കാൻ. അതിനാൽ, സ്വയംചികിത്സ പൂർണമായും ഒഴിവാക്കി ഒരു ആയുർവേദ ഡോക്ടറുടെ മേൽനോട്ടത്തിൽമാത്രമേ ഔഷധങ്ങൾ സേവിക്കാൻ പാടുള്ളൂ.

ആയുർവേദത്തിൽ ശാസ്ത്രീയ ഗവേഷണങ്ങൾ നടക്കുന്നില്ല

മാറുന്ന കാലത്തിനൊപ്പം അത്യാധുനിക ഗവേഷണങ്ങളിലൂടെ സ്വയം നവീകരിക്കുന്ന ചികിത്സാശാസ്ത്രമായി ആയുർവേദവും ഇന്ന് മാറിക്കഴിഞ്ഞു. ഇന്ത്യൻ ഗവൺമെന്റിന്റെ ആയുഷ് മന്ത്രാലയത്തിന് കീഴിൽ ആയുർവേദ ഗവേഷണങ്ങൾ ഏകോപിപ്പിക്കുന്നതിനായി, 1978-ൽ ന്യൂഡൽഹി ആസ്ഥാനമായി സി.സി.ആർ.എ.എസ്. (Cetnral Council for Research in Ayurv--edic Sciences) സ്ഥാപിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 30 ഓളം സി.സി.ആർ.എ.എസ്.. കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിൽ തിരുവനന്തപുരത്തുള്ള സി.സി.ആർ.എ.എസ്., തൃശ്ശൂർ ചെറുതുരുത്തിയിലെ നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ (NARIP), തൃശ്ശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ് ആയുർവേദ ആൻഡ് റിസർച്ച് (KISAR), കണ്ണൂർ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (IRIA) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. കേരളത്തിലെ ഇരുപതോളം ആയുർവേദ കോളേജുകളിൽനിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികളും ഗവേഷകരും ആയുർവേദത്തെ ഇതര ആധുനിക ശാസ്ത്രശാഖകളുമായി സമന്വയിപ്പിച്ചുകൊണ്ട്, ഒട്ടേറെ പഠനങ്ങളാണ് നടത്തിവരുന്നത്. ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധയാകർഷിക്കുന്ന ഇത്തരം ഗവേഷണ റിപ്പോർട്ടുകളും പ്രബന്ധങ്ങളും ആഗോളാംഗീകാരമുള്ള മുൻനിര ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്. ഇന്ത്യക്ക് പുറമേ ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുൾപ്പെടുന്ന 'യൂറോപ്യൻ ആയുർവേദിക് അക്കാദമി' (EAA) പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വത്തിലും ആയുർവേദത്തെ മുൻനിർത്തി ശാസ്ത്രീയമായ ഗവേഷണങ്ങൾ നടന്നുവരുന്നു.

ആയുർവേദം പൂർണമായും വെജിറ്റേറിയൻ ആണ്

ആയുർവേദം എന്നാൽ പച്ചിലമരുന്നുകളും വെജിറ്റേറിയൻ ഭക്ഷണരീതികളും മാത്രമാണ് എന്നൊരു പൊതുധാരണ സമൂഹത്തിലുണ്ട്. എന്നാൽ, വസ്തുത അതല്ല. ആയുർവേദത്തിലെ പ്രമുഖ ആചാര്യനായ കാശ്യപന്റെ മതം 'ആഹാരം മഹാഭേഷജം' എന്നാണ്. അതായത്, കൃത്യമായ ആഹാരരീതിയാണ് ഏറ്റവും മഹത്തായ ഔഷധം. ആയുർവേദഗ്രന്ഥങ്ങളിൽ ആഹാരപദാർഥങ്ങളെ പന്ത്രണ്ട് പ്രധാന വർഗങ്ങളായി തിരിച്ചതിൽ പച്ചക്കറികൾക്കും ധാന്യങ്ങൾക്കുമൊപ്പം മാംസവർഗത്തിനും (Meat category) വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.

വിവിധ തരത്തിലുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും മാംസഗുണങ്ങൾ, അവ കഴിക്കേണ്ട അളവ്, ഋതുക്കൾക്കനുസൃതമായ മാംസങ്ങൾ എന്നിവയെക്കുറിച്ച് 'ചരകസംഹിത'യിലും 'സുശ്രുതസംഹിത'യിലും വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാംസമുപയോഗിച്ച് തയ്യാറാക്കുന്ന വ്യത്യസ്ത ഔഷധസൂപ്പുകൾ, മാംസരസം തുടങ്ങിയ വിഭവങ്ങൾ രോഗശാന്തിക്കായി നിർദേശിക്കുന്നു. കൂടാതെ അജമാംസരസായനം, ധാന്വന്തരം കുഴമ്പ്, മഹാമാഷതൈലം, മഹിഷദ്രാവകം തുടങ്ങിയ സുപരിചിതമായ പല പ്രമുഖ ആയുർവേദ ഔഷധങ്ങളുടെയും നിർമാണത്തിൽ മാംസം ഒരു പ്രധാന ചേരുവയാണ്.

ആയുർവേദ ഔഷധങ്ങൾ കഴിക്കുന്നതിന് കാലപരിധിയില്ല

ആയുർവേദ ഔഷധങ്ങൾ എത്രകാലം വേണമെങ്കിലും കഴിക്കാമെന്ന ധാരണ തെറ്റാണ്. തുടർച്ചയായി ഒരേ മരുന്നുതന്നെ വളരെക്കാലം ഉപയോഗിക്കുമ്പോൾ, ശരീരത്തിന് ആ ഔഷധത്തോടുള്ള പ്രതികരണശേഷി കുറയുന്നു. ഇതിനെ ആയുർവേദത്തിൽ 'സാത്മ്യം' (Tolerance) എന്നാണ് പറയുന്നത്. അതായത്, ഒരു ഔഷധം ദീർഘകാലം തുടർച്ചയായി കഴിച്ചാൽ ശരീരം അതിനെ ഒരു സാധാരണ ആഹാരപദാർഥംപോലെ കരുതാൻതുടങ്ങുകയും മരുന്നിന്റെ രോഗശമനശേഷി ലഭിക്കാതെ വരികയും ചെയ്യും.

ആയുർവേദത്തിൽ, രോഗത്തിന്റെ അവസ്ഥയനുസരിച്ച് മരുന്ന് കഴിക്കേണ്ട കൃത്യമായ കാലയളവ് നിശ്ചയിച്ചിട്ടുണ്ട്. ഒരു നിശ്ചിത കോഴ്‌സ് പൂർത്തിയാകുമ്പോൾ ഡോക്ടറെ വീണ്ടും കണ്ട് രോഗശമനത്തിന്റെ പുരോഗതി വിലയിരുത്തണം. ഔഷധസേവയോടൊപ്പംതന്നെ പ്രധാനമാണ് ആഹാര-വിഹാരങ്ങൾ അഥവാ പഥ്യക്രമങ്ങൾ. കൃത്യമായ ഭക്ഷണരീതിയും ജീവിതചര്യയും പാലിച്ചാൽമാത്രമേ മരുന്നുകൾ ശരീരത്തിൽ ശരിയായി പ്രവർത്തിക്കുകയുള്ളൂ.

ആയുർവേദ മരുന്നുകൾ ഉദ്ദേശിച്ച ഫലം തരാൻ കാലതാമസമെടുക്കും

ആയുർവേദചികിത്സയ്ക്ക് ഫലം ലഭിക്കാൻ എപ്പോഴും കാലതാമസമുണ്ടാകും എന്നത് പരക്കെയുള്ള തെറ്റിദ്ധാരണയാണ്. പനി, വയറിളക്കം, ചുമ, ദഹനക്കേട് തുടങ്ങി, പെട്ടെന്നുണ്ടാകുന്ന (Acute) അസുഖങ്ങൾക്ക് ആയുർവേദത്തിൽ വേഗം ഫലം തരുന്ന വെട്ടുമാറൻ ഗുളിക, വില്വാദി ഗുളിക, സുദർശനം ഗുളിക തുടങ്ങിയ ഔഷധങ്ങളുണ്ട്. എന്നാൽ, വിട്ടുമാറാത്ത (Chronic) വാതസംബന്ധമായ രോഗങ്ങൾ, ത്വഗ്രോഗങ്ങൾ, അല്ലെങ്കിൽ പക്ഷാഘാതംപോലുള്ള നാഡീസംബന്ധമായ അസുഖങ്ങൾ ശരീരത്തിൽ ആഴത്തിൽ വേരോടിയിട്ടുണ്ടാകും എന്നതിനാൽ പെട്ടെന്ന് ഭേദമാക്കാനാകില്ല.

ഇത്തരം അവസ്ഥകളിൽ മാസങ്ങൾ നീണ്ടുനിൽക്കുന്ന ആഭ്യന്തര ഔഷധസേവയ്ക്കൊപ്പം പിഴിച്ചിൽ, ധാര, കിഴികൾ, വസ്തി തുടങ്ങിയ പഞ്ചകർമ ശോധന ചികിത്സകളും ആവശ്യമാണ്. പ്രമേഹംപോലുള്ള ജീവിതശൈലീരോഗങ്ങളിൽ, ഔഷധസേവയോടൊപ്പം, ഡോക്ടർ നിർദേശിക്കുന്ന പഥ്യാഹാരങ്ങളും കൃത്യമായ ജീവിതചര്യകളും (ആഹാര-വിഹാരങ്ങൾ) കർശനമായി പാലിച്ചാൽ വളരെ പെട്ടെന്നുതന്നെ രോഗശമനം സാധ്യമാകും. ആയുർവേദചികിത്സയിലൂടെ കൈവരുന്ന ഈ ഗുണപരമായ മാറ്റങ്ങൾ ആധുനിക ലാബ് പരിശോധനാ റിപ്പോർട്ടുകളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.

പഞ്ചകർമ എന്നാൽ എണ്ണതേപ്പും ഉഴിച്ചിലും മാത്രമാണ്

പഞ്ചകർമയെന്ന് കേൾക്കുമ്പോൾ, ശരീരത്തിൽ എണ്ണതേപ്പും ഉഴിച്ചിലുമൊക്കെയാണ് പലരുടെയും ചിന്തയിൽ വരുന്നത്, എന്നാൽ, ഇത് തീർത്തും തെറ്റായ ധാരണയാണ്. എണ്ണതേപ്പും ഉഴിച്ചിലുമെല്ലാം പഞ്ചകർമചികിത്സയ്ക്ക് മുന്നോടിയായി ചെയ്യേണ്ട പൂർവകർമങ്ങൾമാത്രമാണ്. ശരീരത്തിൽ അടിഞ്ഞുകൂടുന്ന ദോഷങ്ങളെയും വിഷാംശങ്ങളെയും പൂർണമായി പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കുന്ന അഞ്ച് പ്രധാന ശോധനപ്രക്രിയകളാണ് പഞ്ചകർമങ്ങൾ.

ശരീരത്തിൽ വർധിച്ചുവരുന്ന കഫദോഷത്തെ പുറന്തള്ളുന്ന 'വമനം', പിത്തദോഷാധിക്യത്തെ ശമിപ്പിക്കുന്ന 'വിരേചനം', ശിരസ്സിലെ ദോഷങ്ങളെ നീക്കംചെയ്യുന്ന 'നസ്യം', വാതദോഷങ്ങളെ ക്രമപ്പെടുത്തുന്ന 'വസ്തി' (കഷായവസ്തിയും സ്നേഹവസ്തിയും), ദൂഷിതമായ രക്തം പുറത്തുകളയുന്ന 'രക്തമോക്ഷം' എന്നിവയാണ് ആയുർവേദത്തിലെ സുപ്രധാനമായ 'പഞ്ചകർമങ്ങൾ'. ഈ പഞ്ചകർമങ്ങളോടൊപ്പം കേരളത്തിന്റെ തനതായ ചികിത്സാരീതികളായ കിഴി, പിഴിച്ചിൽ, ഞവരക്കിഴി, ശിരോധാര തുടങ്ങിയവകൂടി സമന്വയിക്കുമ്പോഴാണ് 'കേരളീയ പഞ്ചകർമം' അതിന്റെ പൂർണത കൈവരിക്കുന്നത്. മാറുന്ന ഓരോ കാലാവസ്ഥയ്ക്കുമനുസരിച്ച് ശരീരത്തിലുണ്ടാകുന്ന ദോഷവ്യതിയാനങ്ങളെ തടയാൻ കൃത്യമായ ഇടവേളകളിൽ പഞ്ചകർമങ്ങളിലൂടെ ശരീരം ശുദ്ധീകരിക്കുന്നത്, ഭാവിയിൽ വരാവുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഉത്തമമാണ്.

ആയുർവേദ മരുന്നുകളിൽ ഗുണനിലവാര പരിശോധനകൾ നടക്കുന്നില്ല

ആധുനിക ഫാർമസ്യൂട്ടിക്കൽ രംഗത്തെപ്പോലെതന്നെ ഗുണനിലവാര പരിശോധനകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായാണ് ഇന്ന് ഓരോ ആയുർവേദ ഔഷധവും നിർമിക്കുന്നത്. ഇന്ത്യൻ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് (1940) പ്രകാരം ആയുർവേദ ഔഷധ നിർമാതാക്കൾക്ക് ഏങജസർട്ടിഫിക്കേഷൻ നിർബന്ധമാണ്. കേന്ദ്രസർക്കാരിന്റെ ആയുർവേദ ഫാർമക്കോപ്പിയ കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള കർശനമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഔഷധങ്ങളുടെ ശാസ്ത്രീയപരിശോധനകൾ നടക്കുന്നത്.

ഓരോ ബാച്ച് മരുന്നുകളും വിപണിയിലെത്തുന്നതിനുമുൻപ് കെമിസ്ട്രിയും ബോട്ടണിയും പോലുള്ള ശാസ്ത്രശാഖകളിൽ ഉന്നതവിദ്യാഭ്യാസം നേടിയ വിദഗ്ധരുടെ മേൽനോട്ടത്തിൽ ആയുഷ് സർട്ടിഫൈഡ് ലാബുകളിൽ പരിശോധിക്കുന്നു. പ്രമുഖ കമ്പനികളിലെല്ലാം ക്വാളിറ്റി കൺട്രോൾ (QC), ക്വാളിറ്റി അഷ്വറൻസ് (QA) ഡിപ്പാർട്ട്‌മെന്റുകൾവഴി ഓരോ ബാച്ച് മരുന്നുകളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നു.

മിഥ്യാധാരണകളുടെയും വ്യാജ പ്രചാരണങ്ങളുടെയും മൂടുപടങ്ങൾ മാറ്റിനിർത്തി, ശാസ്ത്രീയമായ ഉൾക്കാഴ്ചയോടെ ആയുർവേദത്തെ സമീപിച്ചാൽ വരുംതലമുറയ്ക്ക് പകർന്നുനൽകാൻ കഴിയുന്ന മികച്ച ആരോഗ്യമാതൃകയായി ആയുർവേദം മാറും.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്‌