കാഞ്ഞങ്ങാട്: ഭഗവതിയുടെ തിരുനടയിൽ കാഞ്ഞങ്ങാട്ടെ വിഷ്ണുപ്രസാദ് മേൽപ്പറമ്പ് ‘ഷമീംമൻസി’ലിലെ രാജേശ്വരിയുടെ കഴുത്തിൽ താലിചാർത്തുമ്പോൾ അബ്ദുള്ളയുടെയും ഖദീജയുടെയും മിഴി നിറഞ്ഞൊഴുകി. ആനന്ദക്കണ്ണീർതുടച്ച് ഇരുവരും വധൂവരന്മാരെ അനുഗ്രഹിച്ചു. സാക്ഷ്യം വഹിച്ച് വധുവിന്റെ മറ്റ് മുസ്‌ലിം സഹോദരങ്ങളുമുണ്ടായിരുന്നു.

അബ്ദുള്ള-ഖദീജ ദമ്പതിമാരുടെ വളർത്തുമകളാണ് തഞ്ചാവൂരുകാരിയായ രാജേശ്വരി. ‘‘ഏഴോ എട്ടോ വയസ്സായപ്പോൾ വന്നതാണ്. അച്ഛനും അമ്മയും മരിച്ചശേഷം ഇവൾ നാട്ടിലേക്ക് പോയില്ല. ഇപ്പോൾ വയസ്സ് 22 കഴിഞ്ഞു’’ -അബ്ദുള്ള പറഞ്ഞു.

ചെറുപ്പത്തിലേ രാജേശ്വരിയുടെ അച്ഛനും അമ്മയും മരിച്ചു. അച്ഛൻ ശരവണൻ കാസർകോട്ടും മേൽപ്പറമ്പിലും കൂലിപ്പണിയെടുത്താണ് ജീവിച്ചത്. ഏറെക്കാലം അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും പണിയെടുത്തു. അങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടിലെത്തിയത്. മക്കൾ ഷമീമിനും നജീബിനും ഷെറീഫിനുമൊപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളർന്നു.

വിവാഹാലോചനവന്നപ്പോൾ അബ്ദുള്ളയും വീട്ടുകാരും വിഷ്ണുവിന്റെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. പുതിയകോട്ടയിലെ ബാലചന്ദ്രൻ-ജയന്തി ദമ്പതിമാരുടെ മകനാണ് വിഷ്ണു. കല്യാണം ക്ഷേത്രത്തിൽ വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായക്കാർക്കുകൂടി കയറാവുന്ന കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തിൽ നടത്താമെന്ന് തീരുമാനിച്ചു.

ഞായറാഴ്ച രാവിലെ അബ്ദുള്ളയുടെ 84-കാരിയായ മാതാവ് സഫിയുമ്മ ഉൾപ്പെടെ ബന്ധുക്കളെല്ലാം വിവാഹത്തിനെത്തി. വിഷ്ണുവിന്റെ അമ്മയുടെ സഹോദരി പൂർണിമയും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ എച്ച്.ആർ. ശ്രീധരനും ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധനും വിഷ്ണുവിന്റെ സുഹൃത്തുക്കളുമെല്ലാം ചേർന്ന് വധുവിനൊപ്പമെത്തിയവരെ നാലമ്പലത്തിലേക്ക് ആനയിച്ചു.

ശ്രീകോവിലിനുമുന്നിൽ ചടങ്ങ് തുടങ്ങുമ്പോൾ തെല്ലകലെ മാറിനിന്ന അബ്ദുള്ളയെയും സഹോദരൻ മുത്തലീബിനെയും ഭാര്യാസഹോദരൻ ബഷീർ കുന്നരിയത്തിനെയും വരന്റെ ആളുകൾ കൈപിടിച്ച് അടുപ്പിച്ചു. മതസൗഹാർദത്തിന്റെ മനോഹരമായ ആ മുഹൂർത്തത്തിൽ വിഷ്ണു രാജേശ്വരിക്കു മിന്നുകെട്ടി.

Content Highlights: Abdulla-Khadeeja's adopted child Rajeswari gets married with Vishnuprasad, kasaragod, Good News