പോഷകങ്ങളടങ്ങിയ ഭക്ഷണമാണ് സാലഡുകൾ. വിവിധ പച്ചക്കറികളും ഇലകളും പയറുവർഗങ്ങളുമെല്ലാം അടങ്ങിയ സാലഡുകൾ തയ്യാറാക്കി കഴിക്കുമ്പോൾ ഏറെ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു. രുചിയുടെ കാര്യത്തിലും സാലഡുകൾ ഒട്ടും പിന്നിലല്ല.

To advertise here,

തെക്കുകിഴക്കൻ ഏഷ്യൻ വിഭവങ്ങളുടെ ഘടകങ്ങളെ സമന്വയിപ്പിക്കുംവിധമാണ് മോഡേൺ ഏഷ്യൻ ഇൻസ്പയേഡ് സാലഡുകൾ. പുതുമയുള്ള, ക്രിസ്പായ പച്ചക്കറികളും പുളിയും മധുരവുമെല്ലാമുള്ള രുചികരമായ ഡ്രെസ്സിങ്ങും സംയോജിപ്പിച്ചുകൊണ്ടുള്ള ഫ്യൂഷൻ വിഭവമാണത്. സാധാരണ സാലഡുകളിൽനിന്ന് വ്യത്യസ്തമായി ഇത് ഘടനയിലും രുചിയിലുമെല്ലാം വേറിട്ടുനിൽക്കുന്നു.

ചക്കയടങ്ങിയ ഒരു മോഡേൺ ഏഷ്യൻ ഇൻസ്പയേഡ് സാലഡ് തയ്യാറാക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  • ചക്കച്ചുള കഷണങ്ങളാക്കിയത്-200
  • കാരറ്റ്-80 ഗ്രാം
  • ചുവന്ന ബെൽ പെപ്പർ അരിഞ്ഞത് - 60ഗ്രാം
  • മഞ്ഞ ബെൽ പെപ്പർ അരിഞ്ഞത്- 60 ഗ്രാം
  • ബ്രോക്കളി കഷണങ്ങൾ വേവിച്ചത്- 100 ഗ്രാം
  • ബേബി കോൺ വേവിച്ചത്- 60 ഗ്രാം
  • കക്കരി- 60 ഗ്രാം
  • സ്പിങ് ഒനിയൻ അരിഞ്ഞത്- 30 ഗ്രാം
  • റാഡിഷ്- 30 ഗ്രാം
  • ഫ്രഷ് മല്ലിയില-10 ഗ്രാം
  • റോസ്റ്റ് ചെയ്ത എള്ള്-10 ഗ്രാം
  • മൈക്രോഗ്രീൻസ്-10 ഗ്രാം
  • ഒലിവ് ഓയിൽ-10 ഗ്രാം
  • സോയ സോസ്-30 ഗ്രാം
  • റൈസ് വിനെഗർ-20 ഗ്രാം
  • എള്ളെണ്ണ-10 ഗ്രാം
  • വെളുത്തുള്ളി ചതച്ചത്- അഞ്ച് ഗ്രാം
  • ഇഞ്ചി ചതച്ചത്-അഞ്ച് ഗ്രാം
  • ചുവന്ന മുളക് കഷണങ്ങൾ-അല്പം
  • ഉപ്പ്-അല്പം
  • പഞ്ചസാര-അഞ്ച് ഗ്രാം

കാരറ്റ്, ചുവന്ന ബെൽ പെപ്പർ, മഞ്ഞ ബെൽ പെപ്പർ, ബ്രോക്കോളി, കക്കരി, സ്പ്രിങ് ഒനിയൻ എന്നിവ കനം കുറച്ച് അരിയുക. ഇതിലേക്ക് 20 ഗ്രാം വിനാഗിരി വെള്ളം, അഞ്ച് ഗ്രാം പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക.

ചക്കക്കഷണങ്ങൾ വേവിക്കുക. ഒരു പാൻ എടുത്ത് അല്പം ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കി സോയ സോസ്, മുളക് കഷണങ്ങൾ എന്നിവ വഴറ്റുക. ഇവയെല്ലാം ഒരു ബൗളിൽ ഇട്ട് യോജിപ്പിക്കുക. ഒരു വലിയ ബൗൾ എടുത്ത് അതിൽ പച്ചക്കറികൾ, എള്ള്, വേവിച്ച ചക്ക, മൈക്രോഗ്രീൻസ്, മല്ലിയില എന്നിവയും ബാക്കിയുള്ള ചേരുവകളുമെല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക. സാധാരണ താപനിലയിൽ എത്തുമ്പോൾ വിളമ്പാം.

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)