കണ്ണൂർ: കടലിനോട് ചേർന്നുള്ള പുഴയോരങ്ങളിൽ വിളയുന്ന കൈപ്പാട് അരിയുടെ കഞ്ഞി, ഇനി കാനഡയിൽനിന്ന് പായ്ക്കറ്റിൽ വാങ്ങിക്കുടിക്കാം. തൊട്ടുകൂട്ടാൻ അസ്സൽ നാടൻ വാഴക്കൂമ്പ് തോരനും വൻപയർ പുഴുക്കും. കൈപ്പാട് ഫാം പ്രൊഡ്യൂസർ കമ്പനിയാണ് കഞ്ഞി കയറ്റിയയ്ക്കുന്നത്. ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന (നാച്വറലി ഓർഗാനിക്) ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യക്കാരേറി വരുന്നതാണ് കൈപ്പാട് അരിക്കും ആഗോളവിപണി തുറക്കുന്നത്.

To advertise here,

ആദ്യം 300 ഗ്രാമിന്റെ 240 പാക്കറ്റ് സാമ്പിളായി അയയ്ക്കുമെന്ന് കമ്പനി സി.ഇ.ഒ. നിധിന ദാസ് പറഞ്ഞു. വിപണിയിലെ ആവശ്യകത പഠിച്ചശേഷം കൂടുതൽ തയ്യാറാക്കും. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ അപേഡ വഴി കണ്ടെത്തിയ ഏജൻസിയാണ് വിതരണക്കാർ. വിലയുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകുന്നതേയുള്ളൂ.

ഉളിക്കലിലെ ഈറ്ററി മലബാറിക്കസിൽനിന്നാണ് കഞ്ഞി പാകംചെയ്ത് പാക്കറ്റിലാക്കുന്നത്. യുദ്ധഭൂമിയിലും മറ്റും ഭക്ഷണം കൊണ്ടുപോകാൻ ആശ്രയിക്കുന്ന റിട്ടോർട്ടിങ് എന്ന ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കഞ്ഞിയും തോരനും പുഴുക്കും പാക്ക് ചെയ്യുന്നത്. ഉയർന്ന മർദത്തിലും താപനിലയിലും ചൂടാക്കി അണുവിമുക്തമാക്കും. ഒന്നരവർഷംവരെ ഇവ കേടുകൂടാതെയിരിക്കുമെന്ന് ഈറ്ററി മലബാറിക്കസ് ഉടമ ബ്രിജിത്ത് കൃഷ്ണ പറഞ്ഞു. കഞ്ഞി വാങ്ങി പാക്കറ്റ് പൊട്ടിച്ച് അപ്പോൾത്തന്നെ കുടിക്കാം. ചൂടോടെ വേണമെന്നുണ്ടെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെ ചൂടുവെള്ളത്തിൽ രണ്ടുമിനിറ്റ് തിളപ്പിച്ചെടുക്കാം.

ധാതുസമ്പുഷ്ടം
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ ഉപ്പുലവണമുള്ള നെൽക്കൃഷി മേഖലയാണ് കൈപ്പാട്. രാസ, ജൈവവളങ്ങളൊന്നുമില്ലാതെ പ്രകൃതിദത്തമായ എക്കൽമണ്ണിന്റെ ഫലഭൂയിഷ്ടതയിലാണ് കൃഷി. ഉപ്പുവെള്ളത്തിൽ വിളയുന്ന നെല്ലും മീനും ഇടകലർന്നതാണ് കൃഷിരീതി. ധാതുസമ്പുഷ്ടമാണ് കൈപ്പാട് അരി. യഥേഷ്ടം നാരുകൾ അടങ്ങിയത്. രോഗപ്രതിരോധശേഷി കൂടി കണക്കിലെടുത്ത് കൈപ്പാട് അരിക്ക്‌ ഭൗമസൂചികാപദവി കിട്ടിയിട്ടുണ്ട്.

പഠനങ്ങളൊന്നും നടന്നില്ലെങ്കിലും പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണെന്ന് അനുഭവമുള്ളതായി കാർഷിക സർവകലാശാല റിട്ട. പ്രൊഫസറും റിസർച്ച് അസോസിയേറ്റ് ഡയറക്ടറുമായ ഡോ. ടി.വനജ പറഞ്ഞു. ആഗോളവിപണയിൽനിന്നുവരെ ആവശ്യം വരുമ്പോഴും വേണ്ടത്ര ഉത്പാദനമില്ലാത്തതാണ് പ്രശ്നം. ഇക്കാര്യം സർക്കാർ ശ്രദ്ധിക്കണമെന്ന് ഡോ. വനജ പറഞ്ഞു.