കോട്ടയം: മലയാളികളുടെ ഊണുമേശയിൽ മീൻ കറിയില്ലാത്തൊരു ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ കൂടി വയ്യ. ഈ പ്രിയഭക്ഷണം സമീപകാലത്ത് കേൾക്കുന്ന ഭക്ഷ്യവിഷബാധ കേസുകളിൽ വില്ലനാകുകയാണ്. ശീതീകരണ സംവിധാനങ്ങളുടെ പോരായ്മ, വിഷാംശം എന്നിവ മനുഷ്യന്റ ആരോഗ്യത്തിന് വലിയ വെല്ലുവിളിയാകുന്നു.

To advertise here,

എവിടെയാണ് വീഴ്ച 
മീൻ പെട്ടെന്ന് കേടുസംഭവിക്കുന്ന ഒരു ആഹാരമാണ്. പിടിക്കുന്ന നിമിഷം മുതൽ ശരിയായി തണുപ്പിച്ച് സൂക്ഷിച്ചില്ലെങ്കിൽ, ഇതിൽ ബാക്ടീരിയകൾ പെരുകുകയും വിഷാംശം ഉണ്ടാകുകയും ചെയ്യുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റും റോഡ് മാർഗം മണിക്കൂറുകളോളം വാഹനങ്ങളിൽ എത്തിക്കുന്ന മീനുകൾ കേടാകാതിരിക്കാൻ ഫോർമലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി വ്യാപക പരാതികളുണ്ട്. ചിലയിനങ്ങളിൽ പ്രകൃതിദത്തമായ വിഷാംശങ്ങൾ (ചില സീസണുകളിൽ ഹിസ്റ്റാമിൻ പോലുള്ള വിഷാംശങ്ങൾ) അടങ്ങിയിരിക്കാനും സാധ്യതയുണ്ട്.

കോൾഡ് സ്റ്റോറേജുകളിൽ-18 ഡിഗ്രിയിൽ മീൻ സൂക്ഷിക്കേണ്ടതാണ്. പലപ്പോഴും ഇടയ്ക്കിടയ്ക്ക് ഫ്രീസർ തുറക്കുന്നത് തണുപ്പ് നഷ്ടപ്പെടുന്നതിനും കേടാകുന്നതിനും കാരണമാകുന്നു. മത്സ്യമാർക്കറ്റുകളിലെ വൃത്തിഹീനമായ അന്തരീക്ഷവും മലിനജലത്തിന്റെ ഉപയോഗവും മീൻ വേഗം രോഗാണുബാധിതമാക്കുന്നു.

രാസവസ്തുക്കൾ 
ഫോർമലിൻ: മൃതദേഹങ്ങൾ ചീഞ്ഞുപോകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമലിൻ പരക്കെ മീനുകളിൽ പ്രയോഗിക്കുന്നുണ്ട്. ഇത് കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകും.

അമോണിയ: ഐസ് ഉരുകുന്നത് തടയാനും മീൻ ഫ്രഷായി തോന്നിപ്പിക്കാനും അമോണിയ ചേർക്കുന്നു. ഇത് വയറിളക്കം, ഛർദ്ദി, അസിഡിറ്റി എന്നിവയിലേക്ക് പെട്ടെന്ന് നയിക്കും.

എങ്ങനെ സുരക്ഷിതരാകാം 
കണ്ണുകളും ചെകിളപ്പൂക്കളും നോക്കുക: കേടാകാത്ത മീനിന്റെ കണ്ണുകൾ തെളിഞ്ഞതും തിളക്കമുള്ളതുമായിരിക്കും. ചെകിളപ്പൂക്കൾക്ക് നല്ല ചുവപ്പ് നിറമുണ്ടായിരിക്കും. അമർത്തുമ്പോൾ കുഴിഞ്ഞുപോകാത്തവയായിരിക്കണം. 

പഴകിയ മീൻ ഒഴിവാക്കുക: ഫ്രിഡ്ജിൽ ദിവസങ്ങളോളം മീൻ വെച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക. കഴിവതും വലിയ മീനുകൾ ട്രോളിങ് സമയത്തും മീനിന് ക്ഷാമമുള്ള സമയത്തും വാങ്ങാതിരിക്കുക. 

പരിശോധനയും പ്രതിവിധിയും 
ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ സാഗർ റാണി' പോലുള്ള പദ്ധതികളിലൂടെ ശക്തമായ പരിശോധനകൾ നടത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷാ ക്ലാസുകളും വ്യാപകമായി നടത്തിവരുന്നു. പരാതിപ്പെടാനായി 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. ഡിപ്പാർട്ട്‌മെന്റ ഓഫ് ഫുഡ് സേഫ്റ്റി, കേരള ഗ്രീവൻസ് പോർട്ടലിൽ പരാതിപ്പെടാം.