ദിവസം ഒരു നേരമെങ്കിലും തേങ്ങ ചേർത്ത ഭക്ഷണം കഴിക്കുന്നവരാണ് മലയാളികൾ, (വീട്ടിൽ നിന്ന് മാറി താമസിക്കുന്നവരുടെ യാഥാർഥ്യം വേറെയാണെങ്കിലും). ചായ പ്രിയത്തിലും മലയാളികൾ പിന്നിലല്ല. ലോക നാളികേര ദിനത്തിൽ തേങ്ങകൊണ്ടൊരു ചായ പരീക്ഷണമായാലോ? 

To advertise here,

സെപ്റ്റംബര്‍ രണ്ട് ലോക നാളികേര ദിനമായി ആചരിക്കാൻ തുടങ്ങിയത് 2009 മുതല്‍ക്കാണ്. തെങ്ങുകൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കുന്ന ഏഷ്യന്‍ ആന്‍ഡ് പസഫിക് കോക്കനട്ട് കമ്യൂണിറ്റി (എ.പി.സി.സി.) രൂപീകരിച്ച ദിവസ്സമാണ് നാളികേര ദിനമായി ആചരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 18 രാജ്യങ്ങള്‍ എ.പി.സി.സി. അംഗങ്ങളാണ്. ലോക  നാളികേര ദിനത്തിൽ തേങ്ങ കൊണ്ടുണ്ടാക്കാവുന്ന ഒരു ചായ പരിചയപ്പെട്ടാലോ? 

കോക്കനട്ട് ചായ

  1.  വെള്ളം- രണ്ട് കപ്പ്
  2. കറുവാപ്പട്ട- ഒരു കഷ്ണം
  3. തക്കോലം- ഒന്ന്
  4. ഗ്രാമ്പൂ- നാലെണ്ണം
  5. ഏലക്ക- രണ്ടെണ്ണം
  6. ടീ ബാഗ്- രണ്ടെണ്ണം
  7. തേങ്ങാപ്പാല്‍- മുക്കാല്‍ കപ്പ്
  8. പഞ്ചസാര - ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് വെള്ളത്തില്‍ തക്കോലം, ഗ്രാമ്പൂ, ഏലക്ക എന്നിവയിട്ട് തിളപ്പിക്കുക. ശേഷം തീ കുറച്ച് അഞ്ച് മിനിട്ട് വെച്ച് അടുപ്പില്‍നിന്നിറക്കാം. ഇതിലേക്ക് ടീ ബാഗിട്ട് അഞ്ച് മിനിറ്റ് വെയ്ക്കുക. മറ്റൊരു സോസ്പാനില്‍ തേങ്ങാപ്പാലും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കുക. പഞ്ചസാര അലിയുമ്പോള്‍ അടുപ്പില്‍ നിന്നിറക്കാം. ചായയില്‍നിന്ന് ടീബാഗ് എടുത്തുമാറ്റി കറുവാപ്പട്ടയിടുക. അരിച്ചശേഷം കപ്പുകളിലേക്ക് പകരാം. തേങ്ങാപ്പാല്‍ നന്നായി അടിച്ച്, ചായയ്ക്ക് മുകളിലൊഴിക്കാം.