രാവിലെ തന്നെ ഒരു പഴം കഴിക്കുന്നത് ഉന്മേഷം പകരുമെന്ന് പണ്ടുള്ളവർ പറയാറുണ്ട് പൊട്ടാസ്യവും വിറ്റാമിനുകളും ധാരാളമുള്ള പഴം ഹൃദയത്തിനും ദഹനത്തിനും ഒരുപോലെ നല്ലതാണ്. ബ്രേക്ഫാസ്റ്റിൽ പഴംകൊണ്ടുള്ള റെസിപ്പികൾ ഉൾപ്പെടുത്തുന്നത് ഗുണംചെയ്യും. ഒരേ രീതിയിലുള്ള രുചി ബോറടിപ്പിക്കുന്നുവെങ്കിൽ പഴംവച്ച് വ്യത്യസ്ത റെസിപ്പികൾ തയ്യാറാക്കിനോക്കാം.

To advertise here,

ബനാന സ്മൂത്തി

പഴം, പാൽ, കുതിർത്ത ബദാം, വറുത്ത അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് സ്മൂത്ത് ആയി വരുന്നതുവരെ അടിച്ചെടുക്കുക.

ബനാന പീനട്ട് ബട്ടർ ടോസ്റ്റ്

ടോസ്റ്റ് ചെയ്ത ബ്രഡിൽ അല്പം പീനട്ട് ബട്ടർ തേച്ച് അതിനു മുകളിൽ നേർത്തതായി അരിഞ്ഞ പഴം വെക്കുക. ക്രിസ്പിയായ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.

ബനാന പാൻകേക്കുകൾ

മൈദ, പാൽ, വാനില എസൻസ് എന്നിവയ്‌ക്കൊപ്പം നന്നായി ഉടച്ച പഴം ചേർത്ത് മിശ്രിതമുണ്ടാക്കുക. ഇത് പാനിൽ ഒഴിച്ചു ചുട്ടെടുക്കാം. പഞ്ഞിപോലെയുള്ള പാൻകേക്കുകൾ റെഡി!

ബനാന അവൽ ട്വിസ്റ്റ് 

ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള  വിഭവത്തിന് കുതിർത്ത അവൽ തൈരുമായി ചേർത്ത് മുകളിൽ ഉടച്ച പഴം ചേർക്കുക. 

ബനാന ഓട്‌സ്‌

പാലിൽ വേവിച്ച ഓട്‌സിനൊപ്പം പഴം അരിഞ്ഞു ചേർക്കുക. രാവിലെ ദീർഘനേരം വിശപ്പില്ലാതെയിരിക്കാൻ ഇവ സഹായിക്കും.

ബനാന പറാത്ത

പറാത്ത ഉണ്ടാക്കാൻ മാവ് കുഴയ്ക്കുമ്പോൾ അതിൽ നന്നായി ഉടച്ച പഴവും അല്പം കുരുമുളകും ജീരകപ്പൊടിയും ചേർക്കുക. നെയ്യിലോ എണ്ണയിലോ ചുട്ടെടുക്കാവുന്ന പറാത്ത വൃത്യസ്ത രുചിയാണ്.

ചിയാ പുഡിങ് 

തലേദിവസം രാത്രി തൈരിൽ കുതിർത്ത ചിയാ വിത്തുകളിലേക്ക് രാവിലെ പഴവും നട്സും ചേർക്കുക. പ്രോട്ടീനും നാരുകളും അടങ്ങിയ മികച്ച ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ആണിത്.

ബനാന മ്യൂസ്‌ലി

തൈരിലോ പാലിലോ മ്യൂസ്‌ലി ചേർത്ത് അതിനു മുകളിൽ ഫ്രഷ് പഴം അരിഞ്ഞിടുക.

എല്ലാവർക്കും വെറുംവയറ്റിൽ വാഴപ്പഴം കഴിക്കാമോ?
എല്ലാവർക്കും വെറുംവയറ്റിൽ പഴം കഴിക്കുന്നത് നല്ലതല്ല. പഴത്തിന് അസിഡിക് സ്വഭാവമുണ്ട്, കൂടാതെ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അസിഡിറ്റി, ഐബിഎസ്, അല്ലെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങളുള്ള വ്യക്തികളിൽ, വെറുംവയറ്റിൽ പഴം കഴിക്കുന്നത് ചിലപ്പോൾ ചെറിയ വയറുവേദനയ്‌ക്കോ അസ്വസ്ഥതയ്‌ക്കോ കാരണമാകും. 

ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ, ആൽക്കലൈൻ ഭക്ഷണങ്ങളോടൊപ്പം പഴം കഴിക്കുകയോ ലഘുഭക്ഷണത്തിന് ശേഷം കഴിക്കുകയോ ചെയ്യുന്നത് നല്ലതായിരിക്കും. മിക്ക ആളുകൾക്കും പഴം പൊതുവെ സുരക്ഷിതമാണെങ്കിലും, മിതത്വം പ്രധാനമാണ്.

അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
പഴം അമിതമായി കഴിക്കുന്നത് പൊട്ടാസ്യത്തിന്റെ അളവ് വർധിപ്പിക്കാൻ ഇടയാക്കും.  പ്രമേഹമുള്ളവർ കഴിക്കുന്ന അളവ് ശ്രദ്ധിക്കണം, കാരണം പഴുത്ത പഴത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ദഹനപ്രശ്നങ്ങളുള്ളവർക്ക് താത്ക്കാലികമായ വയറുവേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം.

രാത്രി വൈകി കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയോ ദഹനം മന്ദഗതിയിലാക്കുകയോ ചെയ്യാം. വെറുംവയറ്റിൽ പഴം കഴിച്ചതിന് ശേഷം ദഹനപ്രശ്നങ്ങൾ ആവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, ഒരു പോഷകാഹാര വിദഗ്ധനെ സമീപിക്കുക.

എപ്പോൾ കഴിക്കണം
വാഴപ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്. അപ്പോൾ നിങ്ങളുടെ മെറ്റബോളിസം സജീവമായിരിക്കുകയും സ്വാഭാവിക പഞ്ചസാരയെ കാര്യക്ഷമമായി എരിച്ചുകളയുകയും ചെയ്യും. വാഴപ്പഴം അമിതമായി കഴിക്കുന്നതും രാത്രി വൈകി കഴിക്കുന്നതും ഒഴിവാക്കുക. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)