പ്രഭാതഭക്ഷണമായി തയ്യാറാക്കുന്ന ടോസ്റ്റ് മുതൽ ഉച്ചയ്ക്കും രാത്രിയുമെല്ലാം കഴിക്കുന്ന ചോറ്, റൊട്ടി എന്നിവ ഉൾപ്പെടെ പല ദൈനംദിന ഭക്ഷണങ്ങളുടെയും പ്രധാന ഘടകമാണ് കാർബോഹൈഡ്രേറ്റുകൾ. ഒരു മാസത്തേക്ക് ഇവ കഴിക്കുന്നതിന്റെ അളവ് കുറച്ചു നോക്കിയാൽ എന്തെല്ലാം മാറ്റങ്ങളാണ് ശരീരത്തിൽ സംഭവിക്കുക എന്നറിയാമോ? പരിശോധിക്കാം.

To advertise here,

ശരീരഭാരം കുറയുന്നു 
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറച്ചാൽ ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ചകളിൽ, ശരീരഭാരം കുറയുന്നതായി അനുഭവപ്പെടുന്നു. കാർബോഹൈഡ്രേറ്റുകൾ ശരീരത്തിൽ ഗ്ലൈക്കോജനായി സംഭരിക്കപ്പെടുന്നുവെന്നും ഇത് വെള്ളവുമായി ചേർന്നാണുണ്ടാവുക എന്നും കാർബോഹൈഡ്രേറ്റ് ലഭ്യത കുറയുമ്പോൾ, അവ ചുരുങ്ങുകയും അധികമുള്ള വെള്ളം പുറത്തുവിടുന്നതിനാൽ ഭാരം കുറഞ്ഞപോലെ തോന്നിച്ചേക്കാമെന്നുമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഗവേഷണങ്ങൾ വിശദീകരിക്കുന്നത്. ഇത് പലപ്പോഴും വയറു വീർക്കുന്നതും മുഖത്ത് നീരു വയ്ക്കുന്നതും കുറയ്ക്കുന്നു. ഈ ഘട്ടത്തെ കൊഴുപ്പ് കുറയുന്നതായി തെറ്റിദ്ധരിക്കരുതെന്നാണ് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നത്.

വിശപ്പ് നിയന്ത്രിക്കുന്നത് എളുപ്പമായി തോന്നാം 
കുറഞ്ഞ കാർബോഹൈഡ്രേറ്റ് കഴിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വലിയ വ്യതിയാനങ്ങൾ സംഭവിക്കാതെ സ്ഥിരമായി നിലനിൽക്കുന്നു. ഇത് പലപ്പോഴും ദിവസം സ്ഥിരമായ ഊർജത്തിന് കാരണമാകുന്നു. ഹാർവാർഡ് ഹെൽത്ത് അനുസരിച്ച്, ഇടയ്ക്കിടെയുള്ള ഇൻസുലിൻ വർധനവ് വിശപ്പ് വർധിപ്പിക്കുകയും ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പ്രോട്ടീൻ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, ആളുകൾക്ക് കൂടുതൽ നേരം വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു. ലഘുഭക്ഷണം കഴിക്കുന്നത് സ്വാഭാവികമായി കുറയുന്നു. മധുരപലഹാരങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയോടുള്ള ഇഷ്ടവും കാലക്രമേണ കുറയുന്നു.

ഊർജനിലകളിലെ മാറ്റങ്ങൾ 
കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് കഴിക്കാൻ തുടങ്ങുന്ന ആദ്യ ആഴ്ചയിൽ പലപ്പോഴും ക്ഷീണം അനുഭവപ്പെടാം. ഇതിന് കാരണം, ശരീരം അതിന്റെ പ്രധാന ഊർജ സ്രോതസ്സായി ഗ്ലൂക്കോസിന്റെ ഉപയോഗം കുറയ്ക്കുന്നതിലേക്ക് മാറുന്നതുകൊണ്ടാണ്. ആ മാറ്റം സ്ഥിരമാകുമ്പോൾ, പലരും ഊർജത്തിലെ വലിയ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ കൂടുതൽ സ്ഥിരതയാർന്ന ഊർജ്ജം അനുഭവിക്കുന്നു. ഉച്ചകഴിഞ്ഞുള്ള ക്ഷീണം സാധാരണയായി കുറയുന്നു. രാവിലെ കൂടുതൽ ഉണർവോടെ തുടങ്ങാനും ഇത് സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നതും സമീകൃത ഭക്ഷണം കഴിക്കുന്നതും ഈ ഘട്ടത്തെ എളുപ്പമാക്കുന്നു.

ദഹനം മാറിയേക്കാം 
കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നത് ദഹനത്തെ മാറ്റിയേക്കാം. ഹാർവാർഡ് പബ്ലിക് ഹെൽത്ത് വിദഗ്ധർ ഊന്നിപ്പറയുന്നത് കാർബോഹൈഡ്രേറ്റ് കുറയ്ക്കുക എന്നതുകൊണ്ട് പച്ചക്കറികൾ ഒഴിവാക്കണം എന്നല്ല അർത്ഥമാക്കുന്നത് എന്നാണ്. ഇലക്കറികൾ, പരിപ്പുകൾ, വിത്തുകൾ പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ദഹനം പലപ്പോഴും മെച്ചപ്പെടുന്നു.

രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത മെച്ചപ്പെടാം 
പ്രത്യേകിച്ച് ഇൻസുലിൻ പ്രതിരോധം ഉള്ളവരിൽ, കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ നല്ല രീതിയിൽ സ്വാധീനിക്കും. ഏകദേശം 30 ദിവസങ്ങൾക്ക് ശേഷം, പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ട ഊർജ നഷ്ടം കുറയുന്നതായി ഗവേഷണങ്ങളിൽ പറയുന്നു.

മാനസിക ശ്രദ്ധ സ്ഥിരമായതായി തോന്നാം 
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാകുമ്പോൾ, മാനസിക വ്യക്തത കൂടുതൽ സ്ഥിരമായി അനുഭവപ്പെടാം. ആളുകളിൽ പലപ്പോഴും വൈകാരികമായ ഏറ്റക്കുറച്ചിലുകൾ കുറയുന്നതായും ദിവസം മുഴുവൻ മികച്ച ശ്രദ്ധ ലഭിക്കുന്നതായും പല റിപ്പോർട്ടുകളിലും സൂചിപ്പിക്കുന്നു.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)