ഇന്ത്യന്‍ രുചികളോട് വിദേശികള്‍ക്ക് വലിയ താത്പര്യമാണുളളത്. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഇവിടുത്തെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ പരീക്ഷിക്കാനും ഇഷ്ടമാണ്.  സ്പൈസിയാണ് എന്നതുമാത്രമാണ് നമ്മുടെ ഭക്ഷണത്തെക്കുറിച്ചുള്ള ആകെയുള്ള പരാതി. കറികളോടും സ്വീറ്റ്‌സിനോടുമെല്ലാം അവര്‍ക്ക് വലിയ താത്പര്യമാണ്.

To advertise here,

ഇപ്പോഴിതാ ഇന്ത്യന്‍ വിഭവമായ മട്ടര്‍ പനീര്‍ തയ്യാറാക്കുന്ന അമേരിക്കന്‍ ഷെഫിന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശനത്തിനിടെ ബീഹാറില്‍ നിന്ന് മട്ടര്‍ പനീര്‍ കഴിച്ചതില്‍ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് എയ്‌റ്റന്‍ തിരികെ നാട്ടിലെത്തിയ ശേഷം ഇത് പരീക്ഷിക്കാന്‍ തീരുമാനിച്ചത്. 

വെജിറ്റേറിയന്‍ വിഭവങ്ങളുടെ ആരാധകര്‍ക്കിടയിലാണ് മട്ടര്‍ പനീര്‍ സൂപ്പര്‍ ഹിറ്റാണ്. ഗ്രീന്‍ പീസും പനീറും ചേര്‍ത്ത് തയ്യാറാക്കുന്ന കറിയാണിത്. ചപ്പാത്തി, റൊട്ടി, അപ്പം, ദോശ പോലുള്ള വിഭവങ്ങളിലേക്കെല്ലാം കഴിക്കാവുന്നതാണ് മട്ടര്‍ പനീര്‍. 

പൊതുവേ വിദേശികള്‍ ഇന്ത്യന്‍ വിഭവങ്ങളുണ്ടാക്കുമ്പോള്‍ അവരുടേതായ രീതിയിലേക്ക് ചേരുവകള്‍ മാറ്റാറുണ്ട്. എന്നാല്‍ എയ്റ്റന്‍ വളരെ കൃത്യമായ ഇന്ത്യന്‍ റെസിപി തന്നെയാണ് പിന്തുടര്‍ന്നിരിക്കുന്നതെന്നും എടുത്തുപറയേണ്ട കാര്യമാണ്. 

എണ്ണ ചൂടാക്കി സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയുമെല്ലാം വഴറ്റിയെടുക്കുന്നത് വീഡിയോയില്‍ കാണാം. ശേഷം ഇത് അരച്ച് പേസ്റ്റാക്കിയെടുത്ത് നെയ്യില്‍ മറ്റ് സുഗന്ധ വ്യഞ്ജനങ്ങളും ചേരുവകളും ചേര്‍ത്താണ് അദ്ദേഹം കറി തയ്യാറാക്കുന്നത്.  കണ്ടാല്‍ തന്നെ വായില്‍ കപ്പലോടും വിധത്തിലാണ് അദ്ദേഹത്തിന്റെ പാചകം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്. ഇത്രയും കൃത്യമായിട്ട് ആദ്യമായിട്ടായിരിക്കും ഒരു വിദേശി ഇതുണ്ടാക്കുന്നതെന്നുമെല്ലാം കമന്റ് വന്നിട്ടുണ്ട്.